Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവനക്കാർ ഏഴു മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പു വരുത്തും; സെക്രട്ടറിയേറ്റിലെ അക്‌സസ് കൺട്രോൾ സംവിധാനം വിജയിച്ചാൽ എല്ലാ ഓഫീസിലും അതുമെത്തും; സർക്കാർ ഓഫീസുകളിൽ അടുത്ത മാസം മുതൽ പഞ്ചിങ്; രാവിലെ പഞ്ച് ചെയ്ത് പുറത്തുപോയി തിരികെ വന്ന് വൈകീട്ട് ഔട്ട് പഞ്ച് ചെയ്യാൻ ഇനി സെക്രട്ടറിയേറ്റിൽ കഴിയില്ല; ഇത് വിപ്ലവകരമായ മാറ്റം

ജീവനക്കാർ ഏഴു മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പു വരുത്തും; സെക്രട്ടറിയേറ്റിലെ അക്‌സസ് കൺട്രോൾ സംവിധാനം വിജയിച്ചാൽ എല്ലാ ഓഫീസിലും അതുമെത്തും; സർക്കാർ ഓഫീസുകളിൽ അടുത്ത മാസം മുതൽ പഞ്ചിങ്; രാവിലെ പഞ്ച് ചെയ്ത് പുറത്തുപോയി തിരികെ വന്ന് വൈകീട്ട് ഔട്ട് പഞ്ച് ചെയ്യാൻ ഇനി സെക്രട്ടറിയേറ്റിൽ കഴിയില്ല; ഇത് വിപ്ലവകരമായ മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ പഞ്ചിങ് സംവിധാനം കർശനമാക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അന്ത്യശാസനം നടപ്പായാൽ അത് വിപ്ലവമാകും. സർക്കാർ ഓഫീസുകളിലെ ഉഴപ്പന്മാർക്കുള്ള ഉഗ്രൻ പണി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും അടുത്ത മാർച്ച് 31നു മുൻപ് ജീവനക്കാർക്കു ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുമെനനാണ് പ്രഖ്യാപനം. ഇത് അട്ടിമറിക്കാൻ സർവ്വീസ് സംഘടനകൾ ശ്രമിച്ചിരുന്നു. എന്നാൽ ചീഫ് സെക്രട്ടറിയുടെ ഇടപെടൽ ഇതിനെ പൊളിക്കുകയാണ്. ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. സർക്കാർ, അർധ സർക്കാർ, സ്വയം ഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ബയോമെട്രിക് പഞ്ചിങ് നിലവിൽ വരും.

കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പു മേധാവികളുടെ ഓഫിസുകൾ എന്നിവിടങ്ങളിൽ ജനുവരി 1ന് മുൻപ് ഈ സംവിധാനം നടപ്പാക്കി ഹാജർ നില ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ ഉത്തരവിൽ പറയുന്നു. ജോലിസമയത്തു ജീവനക്കാർ മുങ്ങുന്നതു തടയാൻ സ്പാർക്കുമായി ബന്ധിപ്പിച്ചു ഹാജർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തണമെന്നു പല തവണ നിർദേശിച്ചിട്ടും സർവീസ് സംഘടനകളുടെ ഇടപെടൽ മൂലം നടപ്പായില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സെക്രട്ടേറിയറ്റിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പദ്ധതി നടപ്പാക്കാൻ കൂടുതൽ താൽപ്പര്യം കാട്ടുന്നത്.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെയും സന്ദർശകരുടെയും നീക്കം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജനുവരി 1 മുതൽ അക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കും. ഡിജിറ്റൽ വാതിലുകളിൽ കാർഡ് സ്വൈപ് ചെയ്താൽ മാത്രം ഓഫിസിൽ കയറാനും ഇറങ്ങാനും കഴിയുന്ന സംവിധാനമാണിത്. ഓരോ വകുപ്പിലെയും പഞ്ചിങ് സംവിധാനം നിരീക്ഷിക്കാൻ ആ വകുപ്പിലെ അഡീഷനൽ സെക്രട്ടറിയെയോ ജോയിന്റ് സെക്രട്ടറിയെയോ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലും കളക്ടറേറ്റിലെ വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിങ് നിർബന്ധമാക്കും. സെക്രട്ടറിയേറ്റിലെ അക്‌സസ് സംവിധാനവും എല്ലാ സർക്കാർ ഓഫീസിലും വരും.

മുൻപും ബയോമെട്രിക് പഞ്ചിങ് കർശനമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ജോലി ചെയ്യാതെ ഓഫീസ് സമയത്ത് കറങ്ങി നടക്കുന്നത് തടയുക, ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയവയാണ് പഞ്ചിങ് കർശനമായി നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. 2018 ജനുവരി ഒന്ന് മുതൽ ബയോമെട്രിക് പഞ്ചിങ് സെക്രട്ടേറിയറ്റിൽ നിലവിലുണ്ട്. 2018 നവംബർ 1 മുതൽ മുഴുവൻ സർക്കാർ ഓഫീസിലേക്കും ഇതു വ്യാപിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഇത് സംഘടനകൾ അട്ടിമറിച്ചു. ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് കർശന നിർദ്ദേശം.

ഒരുകാരണവശാലും ഇനി സമയം നീട്ടിനൽകില്ലെന്നാണ് കലക്ടർമാർക്കും വകുപ്പ് മേധാവികൾക്കുമുള്ള ഉത്തരവ്. രാജ്ഭവൻ, ഹൈക്കോടതി, പിഎസ്‌സി വിവരാവകാശ കമ്മീഷൻ ഓഫീസ്, സർവകലാശാലകൾ തുടങ്ങി എല്ലാ ഓഫീസുകൾക്കും ഉത്തരവ് ബാധകമാണ്. സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ മുങ്ങൽ തടയാനാണ് ആക്സസ് കൺട്രോൾ സംവിധാനം നടപ്പിലാക്കുന്നത്. രാവിലെ പഞ്ച് ചെയ്ത് ഓഫീസിൽ നിന്നും പുറത്തുപോയി തിരികെ വന്ന് വൈകീട്ട് ഔട്ട് പഞ്ച് ചെയ്യാൻ കഴിയുന്ന സംവിധാനം ഒഴിവാക്കാനാണിത്. പഞ്ചിങ് കാർഡുമായി ഓഫീസിന് പുറത്തേക്ക് പോകുന്ന സമയമടക്കം അക്സസ് കാർഡ് ഉപയോഗിച്ച് തിരിച്ചറിയാനാകും.

ജീവനക്കാർ ഏഴു മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ആക്‌സസ് കൺട്രോൾ സിസ്റ്റം വഴി ആയിരിക്കും ജീവനക്കാരെ നിരീക്ഷിക്കുക. എന്നാൽ ഇതിനെതിരെ സിപിഎം അനുകൂല സംഘടനകൾ അടക്കം രംഗത്തെത്തിയിരുന്നു. ഈ സംവിധാനം നടപ്പിലാകുന്നതോടെ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാൽ അന്നത്തെ ദിവസം അവധിയായി കണക്കാകും.

സെക്രട്ടറിയേറ്റ് ജീവനക്കാരോട് നിഷ്‌കർഷിച്ചിട്ടുള്ളത് ഏഴുമണിക്കൂർ ജോലി ചെയ്യണമെന്നാണ്. എന്നാൽ നിലവിൽ ജോലികൾ പൂർണമായും നിർവഹിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഈ ഏഴ് മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മറ്റു ആവശ്യങ്ങൾക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കിൽ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാൽ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായിക്കിട്ടൂ. ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സംവിധാനമാണ് ഇത് എന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP