Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും വിവിധ ഫീസ് ഇനത്തിലും കുറവ് വരുത്തി വെട്ടിപ്പ്; ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് ഗൂഗിൾ പേ വഴി; കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ കൂടുതൽ തുക; 54 സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ 'ഓപ്പറേഷൻ പഞ്ചി കിരൺ' കണ്ടെത്തിയത് വൻ ക്രമക്കേടുകൾ

സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും വിവിധ ഫീസ് ഇനത്തിലും കുറവ് വരുത്തി വെട്ടിപ്പ്; ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് ഗൂഗിൾ പേ വഴി; കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ കൂടുതൽ തുക; 54 സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ 'ഓപ്പറേഷൻ പഞ്ചി കിരൺ' കണ്ടെത്തിയത് വൻ ക്രമക്കേടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓപ്പറേഷൻ പഞ്ചി കിരണിന്റെ ഭാഗമായി സംസ്ഥാനത്തെ 54 സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ഓഫീസിലെ ഫയലുകളിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരം എഴുത്തുകാർ ഗൂഗിൾ പേ വഴിയാണ് പണം അയച്ചുകൊടുക്കുന്നതെന്ന് കണ്ടെത്തി.

വിവിധ രജിസ്‌ട്രേഷനുകൾക്കായി എത്തുന്ന പൊതുജനങ്ങളിൽ നിന്നും ആധാരം എഴുത്തുകാർ മുഖേന ഓഫീസ് സമയം അവസാനിക്കാറാകുമ്പോൾ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം 15ന് വിജിലൻസ് 76 സബ് രജിസ്ട്രാർ ഓഫീസുകളിൽ പരിശോധന നടത്തി ഒന്നരലക്ഷത്തോളം രൂപ പിടിച്ചെടുതിരുന്നു.

ആധാരം എഴുത്തുകാർ മുദ്രപത്രത്തിന്റെ വിലയും എഴുത്ത് കൂലിക്കും പുറമേ ഉദ്യോഗസ്ഥർക്ക് വേണ്ടി കൈക്കൂലിയും കൂടി വാങ്ങിച്ച് ഓഫീസ് പ്രവർത്തനസമയം കഴിയാറാകുമ്പോൾ ഓഫീസിൽ എത്തിക്കുന്നതായും, മറ്റ് ചിലർ ഗൂഗിൾ പേ വഴിയും മറ്റും ഉദ്യോഗസ്ഥർക്ക് നൽകുന്നതായും നേരത്തെ വിവരം ലഭിച്ചിരുന്നു.

കക്ഷികൾക്ക് വസ്തുവിന്റെ വില കുറച്ച് കാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും വിവിധ ഫീസ് ഇനത്തിലും കുറവ് വരുത്തി നൽകുന്നതായി കണ്ടെത്തിയിരുന്നു. ഈ ഇളവിന്റെ ഒരു വിഹിതമാണ് ആധാരം എഴുത്തുകാർ മുഖേന സബ് രജിസ്ട്രാർ ഓഫീസുകളിലെ ജീവനക്കാർ കൈക്കൂലിയായി വാങ്ങിവരുന്നതായി രഹസ്യവിവരം ലഭിച്ചതോടെയാണ് പരിശോധന നടത്തിയത്.

വിജിലൻസ് ''ഓപ്പറേഷൻ പഞ്ചികിരൺ 2'' എന്ന പേരിൽ ഒരേ സമയം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 54 സബ് രജിസ്ട്രാർ ഓഫീസുകളിൽ വീണ്ടും മിന്നൽ പരിശോധന നടത്തിയത്. എറണാകുളം ജില്ലയിൽ എട്ടും തിരുവനന്തപുരം ജില്ലയിൽ ആറും കോട്ടയം, കോഴിക്കോട്, ജില്ലകളിൽ അഞ്ച് വീതവും, കൊല്ലം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ നാല് വീതവും, ഇടുക്കി, പാലക്കാട്, തൃശൂർ, വയനാട്, എന്നീ ജില്ലകളിൽ മൂന്ന് വീതവും, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രണ്ട് വീതവും സബ് രജിസ്ട്രാർ ഓഫീസുകളിലാണ് മിന്നൽ പരിശോധന നടത്തിയത്.

മിന്നൽ പരിശോധനയിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിൽ ഓഫീസ് കഴിയാറായ സമയം എത്തിയ ആധാരം എഴുത്താഫീസ് സ്റ്റാഫിന്റെ പക്കൽ നിന്നും 47,250 രൂപയും, കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിൽ ഉണ്ടായിരുന്ന രണ്ട് ആധാരം എഴുത്തുകാരുടെ കൈവശത്തുനിന്നും 18,000 രൂപയും, കോഴിക്കോട് ജില്ലയിലെ, കക്കോടി സബ് രജിസ്ട്രാർ ഓഫീസിൽ ഏജന്റിന്റെ പക്കൽ നിന്നും 16,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലെ സ്റ്റാഫുകളുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 17,040 രൂപയും, കോഴിക്കോട് ജില്ലയിലെ ചേവായൂർ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും കണക്കിൽ പെടാത്ത 6,200 രൂപയും, കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും കണക്കിൽപെടാത്ത 11,00 രൂപയും, കോഴിക്കോട് ജില്ലയിലെ ചാലപ്പുറം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും 15,00 രൂപയും, മലപ്പുറം ജില്ലയിലെ, എടക്കര സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും 1,870 രൂപയും, തിരുവനന്തപുരം ജില്ലയിലെ പൂവാർ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും 1,150 രൂപയും, പാലക്കാട് ജില്ലയിലെ, ഒലവക്കോട് സബ് രജിസ്ട്രാർ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽപെടാത്ത 400 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

മലപ്പുറം ജില്ലയിലെ, ഇടപ്പാൾ സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 700 രൂപയും മലപ്പുറം ജില്ലയിലെ തിരൂർ സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 500 രൂപയും, എറണാകുളം ജില്ലയിലെ, ആലുവ സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 2800 രൂപയും, തൃശ്ശൂർ ജില്ലയിലെ കുന്നംകുളം സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 2,220 രൂപയും, പത്തനംതിട്ട ജില്ലയിലെ പന്തളം സബ്രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 1,300 രൂപയും, പത്തനംതിട്ട ജില്ലയിലെ അടൂർ സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 5,150 രൂപയും വിജിലൻസ് പിടിച്ചെടുത്തു..

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അറ്റൻഡറുടെ അക്കൗണ്ടിലെ ഏതാനും ആഴ്ചകളിലെ ബാങ്ക് ഇടപാടുകൾ വിജിലൻസ് പരിശോധിച്ചപ്പോൾ ഏകദേശം 15,000 രൂപയോളവും, സീനിയർ ക്ലർക്കിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ 10,000 രൂപയോളവും നെയ്യാറ്റിൻകരയിലെ വിവിധ ആധാരമെഴുത്തുകാരുടെ അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ ആയി ലഭിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി.

കോട്ടയം ജില്ലയിലെ വൈക്കം സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾ പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഒരു ഫയലിൽ ഫീസായി സർക്കാരിലേക്ക് അടക്കേണ്ട 6,296 രൂപക്ക് പകരം വെറും 610 രൂപ മാത്രം ഈടാക്കിയതായും വിജിലൻസ് കണ്ടെത്തി.

ചില സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ ഓരോ ദിവസവും ജോലിയിൽ പ്രവേശിക്കുമ്പോൾ കൈവശമുള്ള തുക എഴുതേണ്ട പേഴ്‌സണൽ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ യഥാർത്ഥത്തിൽ കൈവശമുള്ള തുകയും, അന്നേദിവസം കൈക്കൂലി ലഭിക്കാൻ സാധ്യതയുള്ള തുകയും കൂട്ടിച്ചേർത്ത് കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ എഴുതുന്നതായും വിജിലൻസ് കണ്ടെത്തി.

ഇപ്രകാരം തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ സബ് രജിസ്ര്ടാർ 6,500 രൂപ രേഖപ്പെടുത്തിയിരിക്കുന്നതായും, എന്നാൽ അദ്ദേഹത്തിന്റെ പക്കൽ 1,500 രൂപ മാത്രം ഉണ്ടായിരുന്നതായും, കോട്ടയം ജില്ലയിലെ പുതുപ്പള്ളി സബ് രജിസ്ര്ടാർ ഓഫീസിലെ ഒരു ഓഫീസ് അറ്റൻഡർ സ്ഥിരമായി 7,000 രൂപ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയതായി കണ്ടെത്തി.

മിന്നൽ പരിശോധനയിൽ ആധാരം രജിസ്റ്റർ ചെയ്ത് ഏഴുദിവസത്തിനുള്ളിൽ കക്ഷികൾക്ക് നേരിട്ട് നൽകുന്നതിന് പകരം ഒട്ടുമിക്ക സബ് രജിസ്ട്രാർ ഓഫീസുകളിലും കക്ഷികളുടെ സമ്മതപത്രം പോലുമില്ലാതെ, ഏജന്റുമാർ തന്നെ രജിസ്റ്റർ ചെയ്ത ആധാരങ്ങളും, വിവിധ സർട്ടിഫിക്കറ്റുകളും വാങ്ങിക്കൊണ്ട് പോകുന്നതായും, ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി സാക്ഷികളായി സ്ഥിരമായി ആധാരമെഴുത്താഫിസുകളിലെ ഒരേ സ്‌റാഫുകൾ സ്ഥിരം സാക്ഷികളാകുന്നതായും വിജിലൻസ് കണ്ടെത്തി. ആധാരത്തോടൊപ്പം ആധാരമെഴുത്തുകാർ കക്ഷികളിൽ നിന്നും വാങ്ങുന്ന ഫീസ് രസീതുകൾ ആധാരത്തോടൊപ്പം ഹാജരാക്കണമെന്ന നിബന്ധന പല സബ് രജിസ്ട്രാർ ഓഫീസുകളിലും സബ് രജിസ്ട്രാർമാർ പാലിക്കുന്നില്ലായെന്നും വിജിലൻസ് കണ്ടെത്തി.

മിന്നൽ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ സബ് രജിസ്ട്രാർ ഓഫീസുകളിൽ സർക്കാരിന് ലഭിക്കേണ്ട ഫീസിനത്തിലും മറ്റും സബ് രജിസ്ട്രാർമാർ കൂടുതൽ ഇളവുകൾ അനുവധിച്ചിട്ടുണ്ടെങ്ങിൽ അവയെപ്പറ്റിയും, ഗൂഗിൾ പേ ആയിട്ടും മറ്റ് ഓൺലൈൻ മുഖേനയും ഏജന്റ്മാർ ഉധ്യോഗസ്ഥർക്ക് കൈക്കൂലി കൈമാറിയിട്ടുണ്ടോ എന്നും, വരും ദിവസങ്ങളിൽ വിശദമായി പരിശോധന നടത്തുന്നതാണെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP