Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കരട് മാപ്പിൽ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയി; ബഫർ സോൺ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് അപൂർണം; പ്രതിഷേധം കടുപ്പിച്ച് മലയോര കർഷകർ; ജനകീയ സമരത്തിനൊരുങ്ങി കോൺഗ്രസ്; അപാകതകൾ പരിഹരിക്കുമെന്ന് വനംമന്ത്രി

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കരട് മാപ്പിൽ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയി; ബഫർ സോൺ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് അപൂർണം; പ്രതിഷേധം കടുപ്പിച്ച് മലയോര കർഷകർ; ജനകീയ സമരത്തിനൊരുങ്ങി കോൺഗ്രസ്; അപാകതകൾ പരിഹരിക്കുമെന്ന് വനംമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനാതിർത്തിയിലെ പരിസ്ഥിതിലോല മേഖല നിർണയിക്കുന്നതിനായി സംസ്ഥാന സർക്കാർ പുറത്ത് വിട്ട കരട് മാപ്പിലെ അവ്യക്തത. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കരടിൽ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയെന്നാണ് മലയോര കർഷകർ അടക്കം പരാതിപ്പെടുന്നത്. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അനുബന്ധ വിവരങ്ങൾ കൂടി ചേർത്ത് പുതിയ പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും ഇതും പ്രായോഗികമല്ലെന്നാണ് ആക്ഷേപം.

സർക്കാർ പുറത്തുവിട്ട ബഫർ സോൺ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്നതാണെന്നാണ് ആരോപണം. സാറ്റലൈറ്റ് സർവ്വേയ്ക്ക് പകരം ഗ്രൗണ്ട് സർവ്വേ നടത്തണമെന്നാണ് ആവശ്യം. നിലവിലെ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് അപൂർണമാണെന്നും അപാകതകൾ നിറഞ്ഞതാണെന്നും കോൺഗ്രസ് ആരോപിച്ചു.

ഉപഗ്രഹ സർവ്വേ റിപ്പോർട്ടിൽ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. സർവ്വേ നമ്പറാണ് കൊടുത്തിരിക്കുന്നത്. എന്നാൽ എല്ലാ വീടുകളുടെയും സ്ഥാപനങ്ങളുടെയും സർവ്വേ നമ്പർ നൽകിയിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

പരിസ്ഥിതി ലോല മേഖലയിലെ ജനവാസം സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. പ്രദേശത്തെ വീടുകൾ, കൃഷിയിടങ്ങൾ, കെട്ടിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയെല്ലാം കരടിൽ ഉൾപ്പെടണമെന്നാണ് സുപ്രിംകോടതി നിർദ്ദേശം. എന്നാൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അപൂർണമാണ്.

കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരമാണ് പരിസ്ഥിത ലോല മേഖലയിൽ ഉൾപ്പെടുന്നത്. എന്നാൽ ഇതിന് പുറത്തുള്ള കൂത്താളി, മരുതോങ്കര വില്ലേജുകളും ചക്കിട്ടപ്പാറ ടൗണും പുതിയ കരട് പട്ടികയിലുണ്ട്. പെരിയാർ കടുവ സങ്കേതത്തിന് സമീപമുള്ള കൊല്ലമുള്ള വില്ലേജാവട്ടെ മാപ്പിൽ ഇടം പിടിച്ചിട്ടില്ല.

ശബരിമല വനത്തിന്റെ ഭാഗമായുള്ള പെരിനാട് വില്ലേജ് ഏത് പട്ടികയിൽ ഉൾപ്പെടും എന്നും വ്യക്തതയില്ല. കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ വരുന്ന സർവ്വേ നമ്പറുകളും പട്ടികയിൽ അവ്യക്തമാണ്. ഓലയും ഓടും മേഞ്ഞവീടുകൾ, മരത്തണലിലുള്ള വീടുകൾ, ചെറിയ കടകൾ എന്നിവയും ഉപഗ്രഹ ചിത്രങ്ങളിലില്ല.

പരാതികൾ ഈ മാസം 23നകം അറിയിക്കാനാണ് വനം വകുപ്പിന്റെ നിർദ്ദേശം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കർഷകർ പറയുന്നു. ബഫർ സോണിലെ ജനവാസ മേഖലകളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി പ്രദേശങ്ങളിൽ നേരിട്ട് പരിശോധന നടത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ അനുബന്ധ വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന പുതിയ പട്ടികയും അംഗീകരിക്കാനാവില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

ബഫർ സോൺ വിഷയത്തിൽ കോൺഗ്രസ് ജനകീയ സമരത്തിനൊരുങ്ങുകയാണ്. കോഴിക്കോട്ടെ മലയോര കർഷകരെ ഒപ്പം നിർത്തി സമരം ആരംഭിക്കാനാണ് കോൺഗ്രസ് തീരുമാനം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാകും കൺവെൻഷൻ ഉദ്ഘാടനം ചെയ്യുക.

കോഴിക്കോട് ജില്ലയിൽ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉൾപ്പെടെ ഏഴു പഞ്ചായത്തുകളാണ് ഉപഗ്രഹ സർവ്വേ റിപ്പോർട്ടിൽ ഉൾപ്പെടുന്നത്. എന്നാൽ ഈ പഞ്ചായത്തുകളിലെ വീടുകളുടെയോ സ്ഥാപനങ്ങളുടെയോ സർവ്വേ നമ്പറുകൾ സർവ്വേയിൽ കാണിച്ചിട്ടില്ല. പുഴകളുടെയോ റോഡുകളുടെയോ അതിരുകൾ അടയാളപ്പെടുത്തിയിട്ടില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ബഫർ സോണിൽ ഉപഗ്രഹ സർവേയിലെ അപാകതകൾ പരിഹരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഗൗരവമുള്ള പരാതികൾ വിദഗ്ധസമിതി പരിഗണിക്കും. ഭൂതല സർവേയ്ക്കായി കുടുംബശ്രീയെ ഉപയോഗപ്പെടുത്തും. ജനവാസമേഖലയെ ഒഴിവാക്കണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കും. കർഷകരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയലാഭം ഉണ്ടാക്കാൻ യു.ഡി.എഫ് ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP