Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അശോകിനെ പുകച്ചു പുറത്താക്കിയ ശേഷം വൈദ്യുതിബോർഡിൽ എല്ലാ പഴയപടി; ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത വകയിലെ 6.75 ലക്ഷവും ഗോവിന്ദ! വൈദ്യുതി ഭവനിൽ മടങ്ങിയെത്തി സിപിഎം സംഘടനാ നേതാവ്; എം ജി സുരേഷ്‌കുമാർ തിരിച്ചെത്തിയതിന് പിന്നാലെ സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ അട്ടിമറിക്കാൻ നീക്കവുമായി ഇടതു സംഘടന

അശോകിനെ പുകച്ചു പുറത്താക്കിയ ശേഷം വൈദ്യുതിബോർഡിൽ എല്ലാ പഴയപടി; ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത വകയിലെ 6.75 ലക്ഷവും ഗോവിന്ദ! വൈദ്യുതി ഭവനിൽ മടങ്ങിയെത്തി സിപിഎം സംഘടനാ നേതാവ്; എം ജി സുരേഷ്‌കുമാർ തിരിച്ചെത്തിയതിന് പിന്നാലെ സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ അട്ടിമറിക്കാൻ നീക്കവുമായി ഇടതു സംഘടന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ഇബിയെ നന്നാക്കാൻ തുനിഞ്ഞ ബി അശോകിനെ പുകച്ചു പുറത്താക്കിയ ഇടതു സംഘടനാ നേതാക്കൾ ഇപ്പോൾ കെഎസ്ഇബിയെ കുത്തുപാള എടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സമരം ചെയ്തതിനു നടപടി നേരിട്ട, സിപിഎം. അനുകൂലസംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാർ വൈദ്യുതിഭവനിൽ തിരിച്ചെത്തി അധികാരം പ്രയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പെരിന്തൽമണ്ണയിലേക്കായിരുന്നു അദ്ദേഹത്തെ സ്ഥലമാറ്റിയിരുന്നത്. കെ.എസ്.ഇ.ബി.യുടെ ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് സുരേഷിനെതിരേ മുൻ ചെയർമാൻ ഡോ. ബി. അശോക് നൽകിയ കുറ്റപത്രവും റദ്ദാക്കി. ട്രാൻസ്മിഷൻ സൗത്ത് വിഭാഗത്തിൽ എക്സിക്യുട്ടീവ് എൻജിനിയറായാണ് നിയമിച്ചത്.

ഒരുവർഷമായി സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടിരുന്ന ജനറൽ സെക്രട്ടറി ബി. ഹരികുമാറിനെ എക്സിക്യുട്ടീവ് എൻജിനിയറായി സ്ഥാനക്കയറ്റം നൽകി സ്വദേശമായ പത്തനംതിട്ടയിലും നിയമിച്ചു. മൂവാറ്റുപുഴയിൽനിന്ന് പാലക്കാട്ടേക്കായിരുന്നു നേരത്തേ മാറ്റിയിരുന്നത്. അശോക് ചെയർമാനായിരുന്നപ്പോൾ ബോർഡിൽ സുരക്ഷാസേനയെ നിയോഗിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ച് സംഘടന നടത്തിയ സമരം വിവാദമായിരുന്നു. ബോർഡ്‌റൂമിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് ഇരുവരെയും നേതാവായ ജാസ്മിൻ ബാനുവിനെയും സസ്‌പെൻഡ് ചെയ്തിരുന്നത്. സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി.

സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി ഇവരെ തിരികെ തിരുവനന്തപുരത്ത് നിയമിക്കാനും ധാരണയായിരുന്നു. ജാസ്മിനെ തിരുവനന്തപുരം കാട്ടാക്കടയിലേക്ക് സ്ഥലംമാറ്റി. സുരേഷ് കുമാറിനെ വൈദ്യുതിഭവനിൽത്തന്നെ നിയമിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. മന്ത്രി കെ. കൃഷ്ണൻകുട്ടിയും അശോകും എതിർത്തു. സിപിഎമ്മിൽനിന്ന് സമ്മർദമുണ്ടായപ്പോൾ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥലംമാറ്റാമെന്ന നിലപാടെടുത്തു. എം.എം. മണി വൈദ്യുതിമന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കെ.എസ്.ഇ.ബി. യുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് 6.75 ലക്ഷം പിഴയും ചുമത്തിയിരുന്നു. വിവാദങ്ങൾക്കൊടുവിൽ അശോക് ചെയർമാൻസ്ഥാനത്തുനിന്ന് തെറിച്ചു.

മന്ത്രിയുടെ ആവശ്യത്തിന് ഔദ്യോഗികമായി വിട്ടുനൽകിയ വാഹനം മന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ ഉപയോഗിച്ചതെന്ന് സുരേഷിന്റെ വിശദീകരണം അശോക് അംഗീകരിച്ചിരുന്നില്ല. 6.75 ലക്ഷം രൂപ സുരേഷിന്റെ ശമ്പളത്തിൽനിന്ന് പിടിക്കാനും തീരുമാനിച്ചു. എന്നാൽ, ഈ വിശദീകരണം പുനഃപരിശോധിച്ച് പുതിയചെയർമാൻ രാജൻ ഖോബ്രഗഡെയാണ് നവംബറിൽ ഇതുസംബന്ധിച്ച നടപടികൾ അവസാനിപ്പിച്ചത്. സുരേഷ്‌കുമാർ തിരച്ചെത്തിയതിന് പിന്നാലെയാണ് സ്മാട്ട് മീറ്റർ സ്ഥാപിക്കുന്നതിനെതിരെ യൂണിയനുകൾ ഉടക്കുമായി രംഗത്തുവന്നിരിക്കുന്നത്.

കെ.എസ്.ഇ.ബിയുടെ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതിക്കെതിരെ ഇടതു തൊഴിലാളി യൂണിയനുകൾ തുടക്കം മുതൽ പ്രതിഷേധത്തിലാണ്. എന്നാൽ, പുതിയ രീതി സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുമെന്നാണ് സിപിഎം തൊഴിലാളി സംഘടനകളുടെ നിലപാട്. അതുകൊണ്ട് തന്നെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ മുന്നോട്ടു പോകാനും കെഎസ്ഇബിക്ക് സാധിച്ചിട്ടില്ല. തൊഴിലാളികളുടെ ഉടക്കു കൊണ്ട തന്നെ ബോർഡ് വലിയ പ്രഹരം ഏൽക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. അതേസമയം സ്മാർട്ട് മീറ്റർ നടപ്പിലാക്കാത്തതിൽ സർക്കാരിന് സിഎജിയുടെ വിമർശ അടക്കം നേരിടേണ്ടി വന്നിട്ടുണ്ട.

വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇത് നടപ്പിലാക്കിയപ്പോൾ കൃത്യമായ പ്രവർത്തന പദ്ധതിയുടെ അഭാവം കാരണം സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പ് വരുത്താൻ സംസ്ഥാനത്തിനായില്ലെന്ന് സിഎജി കണ്ടെത്തി. കെ.എസ്.ഇ.ബിയുടെ വരുമാനം വർധിപ്പിക്കാൻ പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കണമെന്നും ശിപാർശയുണ്ട്.

കേന്ദ്ര സർക്കാരുമായി 2017ൽ കേരളം ഉദയ് ധാരണാ പത്രം ഒപ്പിട്ടു. 2019 ഡിസംബർ 31 നകം 200 മീറ്ററിന് മുകളിൽ വൈദ്യുതി ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് കെഎസ്ഇബി സ്മാർട്ട് മീറ്റർ സ്ഥാപിക്കണമെന്നാതായിരുന്നു കരാർ. പദ്ധതിക്കായി ടെൻഡറിൽ പങ്കെടുത്ത എക ലേലക്കാരൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കെ.എസ്.ഇ.ബി വീണ്ടും ടെൻഡർ വിളിക്കാൻ തീരുമാനിച്ചു. പീന്നീട് കരാർ സമയപരിധി നീട്ടി നൽകിയിട്ടും കെഎസ്ഇബി ടെൻഡർ നടപടി ആരംഭിച്ചില്ലെന്ന് സിഎജി കണ്ടെത്തി.

2021 ഡിസംബർ വരെ 22 സംസ്ഥാനങ്ങൾ-കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 34.25 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു. ഇതിലൂടെ വരുമാനത്തിൽ 20ശതമാനം വർധനവും ബില്ലിങ് കാര്യക്ഷമതയിൽ 21 ശതമാനം വർധനവും വിതരണ നഷ്ടത്തിൽ 11 മുതൽ 36 ശതമാനം വരെ കുറവിനും കാരണമായി. കേരള സർക്കാർ വസ്തുതകൾ സ്ഥിരീകരിച്ചെങ്കിലും സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭാവി പദ്ധതികൾ ഉള്ളതായി വ്യക്തമാക്കിയില്ല. പദ്ധതി വഴി ലഭിക്കുമായിരുന്ന നേട്ടങ്ങളെല്ലാം കെ.എസ്.ഇ.ബി നഷ്ടപ്പെടുത്തിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP