Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റവന്യൂ ഉദ്യോഗസ്ഥനെ പട്ടികജാതി കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഏമാൻ; നടപ്പന്തൽ നിയന്ത്രണം കെ റെയിൽ സമരക്കാരിയെ വലിച്ചിഴച്ച് സർക്കാരിനെ വെട്ടിലാക്കിയ വിദ്വാനും; പരാതിക്ക് പരിഹാസവുമായി എഡിജിപിയും; വീഡിയോ കാട്ടി പൊട്ടിത്തെറിച്ച് അനന്തഗോപൻ; അവലോകന യോഗം വെറും വഴിപാട്; ദുരിതം ശബരിമല ഭക്തർക്ക് മാത്രം

റവന്യൂ ഉദ്യോഗസ്ഥനെ പട്ടികജാതി കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഏമാൻ; നടപ്പന്തൽ നിയന്ത്രണം കെ റെയിൽ സമരക്കാരിയെ വലിച്ചിഴച്ച് സർക്കാരിനെ വെട്ടിലാക്കിയ വിദ്വാനും; പരാതിക്ക് പരിഹാസവുമായി എഡിജിപിയും; വീഡിയോ കാട്ടി പൊട്ടിത്തെറിച്ച് അനന്തഗോപൻ; അവലോകന യോഗം വെറും വഴിപാട്; ദുരിതം ശബരിമല ഭക്തർക്ക് മാത്രം

സായ് കിരൺ

പമ്പ: ശബരിമല അവലോകന യോഗത്തിൽ തീർത്ഥാടന കേന്ദ്രം തുടങ്ങുന്ന ളാഹയിൽ നിന്ന് പമ്പയിലേക്ക് മൂന്ന് മന്ത്രിമാരും പൊലീസ് മേധാവിയും എഡിജിപിയും എത്തിയത് വെറും ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത്. ഭക്തരുടെ വാഹനങ്ങൾ മണിക്കൂറുകൾ എടുത്താണ് നിലയ്ക്കലിൽ എത്തുന്നത്. അവലോകന യോഗത്തിന് പൂർണ്ണ സജ്ജരായിരുന്നു ഗതാഗതം നിയന്ത്രിക്കുന്ന സേന. അതുകൊണ്ട് തന്നെ പത്തനംതിട്ട മുതൽ പമ്പവരെ തടസ്സമൊന്നുമില്ല. വാഹന ഗതാഗത കുരുക്കിൽ ഭക്തർ വലയുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കുന്നവരാണ് ഇങ്ങനെ മന്ത്രിമാരേയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരേയും സല്യൂട്ട് അടിച്ച് തിരക്കില്ല പാതയിലൂടെ കയറ്റി വിട്ടത്.

ഇങ്ങനെ യോഗത്തിനെത്തിയവരോട് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പരാതിയുടെ കെട്ടഴിച്ചു. മിനിറ്റിൽ 90 പേരെങ്കിലും പതിനെട്ടാംപടി കയറിയതാണെന്നും ഇപ്പോൾ അതിന്റെ പകുതി പോലും ഭക്തർ കയറുന്നില്ലെന്നും തുറന്നടിച്ചു. ഇതോടെ എഡിജിപിയുടെ നിയന്ത്രണം പോയി. പതിനെട്ടാംപടിയുടെ നിയന്ത്രണം ദേവസ്വം ബോർഡ് ഏറ്റെടുത്തു കൊള്ളാനായിരുന്നു നിർദ്ദേശം. ഇതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപാൻ ക്ഷുഭിതനായി. നടപന്തലിലും പതിനെട്ടാം പടിയിലും പൊലീസ് എന്താണ് ചെയ്യുന്നതെന്നും ഭക്തർ അനുഭവിക്കുന്ന ദുരിതവും വീഡിയോയിലൂടെ ദേവസ്വം പ്രസിഡന്റ് കാട്ടിക്കൊടുത്തു. പതിനെട്ടാം പടിക്ക് മുകളിൽ സോപാനത്തും നടപന്തലും ഒഴിഞ്ഞു കിടക്കുന്നതും വീഡിയോയിലൂടെ വിശദീകരിച്ചു. പതിനെട്ടാംപിടി കയറ്റി വിടുന്നതിലെ പോരായ്മയാണ് ഭക്തരെ വലയ്ക്കുന്നതെന്നും വിശദീകരിച്ചു. അങ്ങനെ എഡിജിപിക്ക് കണക്കിന് മറുപടിയും നൽകി ദേവസ്വം ബോർഡ് പ്രസിഡന്റ്. ദേവസ്വം, റവന്യു, തദ്ദേശ ഭരണമന്ത്രിമാരുടെ സാന്നിധ്യത്തിലാണ് പൊലീസിനു നേർക്കു വിമർശനവും മറുപടിയും ഉയർന്നത്.

ഭക്തർക്ക് സംവിധാനം ഒരുക്കാൻ എത്തുന്ന മുതിർന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് പോലും സന്നിധാനത്ത് രക്ഷയില്ലെന്ന അവസ്ഥയിലാണ് പൊലീസ്. പട്ടികജാതി - പട്ടിക വർഗ്ഗ കേസിൽ കുടുക്കുമെന്ന് മുതിർന്ന റവന്യൂ റവന്യൂ ഉദ്യോഗസ്ഥനോട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആക്രോശിച്ചുവത്രേ. ഭക്തരുടെ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പൊലീസുകാരന്റെ ഭീഷണി ഇടപെടൽ. ഈ പൊലീസുകാരൻ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളാണ്. അതുകൊണ്ട് തന്നെ റവന്യൂ ഉദ്യോഗസ്ഥൻ ഭയന്നു പിന്മാറി. ഭക്തരോട് വളരെ മോശമായാണ് പൊലീസ് പെരുമാറുന്നതെന്ന പരാതി സജീവമാണ്. നടപ്പന്തലിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ കെറെയിൽ സമര കാലത്ത് യുവതിയെ വലിച്ചിഴച്ച് കൊണ്ടു പോയി വിവാദത്തിലായ വ്യക്തിയാണ്. ഇവരോട് നിർദ്ദേശങ്ങൾ നൽകാൻ പോലും സന്നിധാനത്തെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഭയമാണെന്നതാണ് വസ്തുത. ഭരണവുമായി അത്രയും സ്വാധീനത്തിലാണ് ഇവരെല്ലാം.

ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് പ്രതിസന്ധികൾ അറിയിച്ചത്. പുതിയ സന്നിധാനം സ്പെഷ്യൽ ഓഫീസറായ സുദർശനൻ വന്ന ശേഷമാണ് സാഹചര്യങ്ങൾ അൽപ്പമെങ്കിലും മാറിയത്. അപ്പോഴും അട്ടിമറി പ്രവർത്തനം സജീവമാണ്. ഇതാണ് വീഡിയോ സഹിതം ദേവസ്വം ബോർഡ് പ്രസിഡന്റ് മുമ്പോട്ട് വച്ചത്. മുതിർന്ന സിപിഎം നേതാവാണ് അനന്തഗോപാൻ. എന്നിട്ടും എഡിജിപി പരിഹാസത്തോടെയാണ് ശബരിമലയിലെ പ്രശ്നങ്ങളിൽ പ്രതികരിച്ചത്. പൊലീസ് മേധാവി അനിൽകാന്തിന്റെ ഭാഗത്ത് നിന്ന് അത്തരം സമീപനം ഉണ്ടായതുമില്ല. അതുകൊണ്ട് മാത്രമാണ് പ്രശ്നം വഷളാകാതെ പോയത്. അതിനിടെ ശബരിമലയിലെ വിഷയങ്ങൾ മുഖ്യമന്ത്രിക്ക് മുമ്പിൽ വീണ്ടും അവതരിപ്പിക്കാനാണ് തീരുമാനം.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ, പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കിൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു കൊള്ളാനുള്ള എഡിജിപി എംആർ അജിത്കുമാറിന്റെ പരാമർശവും ശ്രദ്ധയിൽ പെടുത്തും. പരിചയക്കുറവുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന ദേവസ്വം ബോർഡിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി എഡിജിപി പിന്നീട് രംഗത്ത് വന്നു. യോഗത്തിൽ കെഎസ്ആർടിസിയെ രൂക്ഷമായ ഭാഷയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിമർശിച്ചു. കെഎസ്ആർടിസി അധിക ചാർജ് വാങ്ങുമ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു.

സീറ്റ് കപ്പാസിറ്റിയിൽ കൂടുതൽ തീർത്ഥാടകരെ ബസിൽ കൊണ്ടുപോകരുത്. സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങൾ ശബരിമലയിൽ സർവീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ വർഷവും പുതിയ ബസുകൾ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകൾ കിട്ടിയിട്ടില്ലെന്നും കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. അങ്ങനെ ശബരിമല അലോകനയോഗത്തിൽ പരസ്പരം പഴിചാരുകയായിരുന്നു വകുപ്പുകൾ. പൊലീസിനെതിരെയാണ് കൂടുതൽ വിമർശനങ്ങൾ ഉയർന്നത്. സന്നിധാനത്തും പമ്പയിലും പൊലീസ് ഏർപ്പെടുത്തുന്നത് അനാവശ്യ നിയന്ത്രണങ്ങളെന്ന് ദേവസ്വം ബോർഡ് കുറ്റപ്പെടുത്തി.

വാഹനങ്ങൾ തടയുന്നതിനെ തുടർന്ന് തീർത്ഥാടകർക്കു വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടെന്നും പരാതിയുയർന്നു. കുട്ടികൾ പ്രായമായവർ, രോഗബാധിതർ എന്നിവർക്ക് പ്രത്യേക ക്യൂ പൊലീസ് ഒരുക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ വ്യക്തമായ തീരുമാനം ഒന്നും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് അവലോകന യോഗം ചേർന്നത്. അത് വഴിപാട് പോലെയുമായി. പാർക്കിങ് കരാറുകാർക്കെതിരെ പരാതിയുമായി പത്തനംതിട്ട കളക്ടറും രംഗത്തെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ട മുതൽ നിലയ്ക്കൽ വരെ എട്ടുമണിക്കൂർ വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ടിരുന്നു. കുടിവെള്ളവും ഭക്ഷണവുമില്ലാതെ തീർത്ഥാടകർ വലഞ്ഞു. ഇതരസംസ്ഥാനത്തു നിന്ന് വരുന്നവരുടെ യാത്ര മുടങ്ങിയ സാഹചര്യവും ഉണ്ടായി.

സർക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ തീർത്ഥാടകരാണ് ഇത്തവണ ശബരിമലയിൽ എത്തിയതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തും. പാർക്കിങ് സൗകര്യം കണ്ടെത്താൻ വനംവകുപ്പിന്റെ സഹായം തേടും. കെ എസ് ആർ ടി സി ബസുകൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടുമെന്നും അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP