Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കയുടെയും യൂറോപ്യൻ യൂണിയനുകളുടെയും സമ്മർദ്ദം മുഖവിലക്കെടുക്കാതെ ഇന്ത്യ; അനുകൂല നിലപാടിന് നന്ദി അറിയിക്കാൻ ഇന്ത്യക്ക് നൽകുന്ന എണ്ണയുടെ വില വീണ്ടും കുറച്ച് റഷ്യ; 35 ഡോളറിന് റഷ്യൻ എണ്ണയെത്തിയേക്കും; കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ എത്തുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാരും

അമേരിക്കയുടെയും യൂറോപ്യൻ യൂണിയനുകളുടെയും സമ്മർദ്ദം മുഖവിലക്കെടുക്കാതെ ഇന്ത്യ; അനുകൂല നിലപാടിന് നന്ദി അറിയിക്കാൻ ഇന്ത്യക്ക് നൽകുന്ന എണ്ണയുടെ വില വീണ്ടും കുറച്ച് റഷ്യ; 35 ഡോളറിന് റഷ്യൻ എണ്ണയെത്തിയേക്കും; കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ എത്തുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാരും

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളുടെ വിലക്ക് വകവെക്കാതെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുകയാണ് ഇന്ത്യ. ഈ നിലപാടിന് നന്ദി അറിയിക്കാൻ റഷ്യ ക്രൂഡ് ഓയിലിന് വീണ്ടും വിലകുറയ്ക്കുന്നു. പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ നിയന്ത്രണം ശക്തമാക്കിയതോടെ ഇന്ത്യക്ക് നൽകുന്ന എണ്ണയുടെ നിരക്ക് വീണ്ടും കുറക്കാണാണ് റഷ്യൻ നീക്കം. 60 ഡോളറിനും താഴെയാണ് നിലവിൽ റഷ്യ ഇന്ത്യക്ക് എണ്ണ വിൽക്കുന്നത്. യുറോപ്പ് അടക്കമുള്ള വിപണികളിൽ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എണ്ണവില വൻതോതിൽ കുറക്കാൻ റഷ്യ നിർബന്ധിതമായത്.

നേരത്തെ ജി7 രാജ്യങ്ങൾ റഷ്യക്ക് നൽകുന്ന എണ്ണക്ക് വിലപരിധി നിശ്ചയിച്ചിരുന്നു. ബാരലിന് 60 ഡോളറെന്ന പരിധിയാണ് രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് നിശ്ചയിച്ചത്. ഇതിലൂടെ യുക്രയ്ൻ യുദ്ധത്തിന് കൂടുതൽ പണം റഷ്യക്ക് ലഭിക്കുന്നത് തടയാമെന്നാണ് കണക്കുകൂട്ടൽ. ഇതിന് പുറമേ റഷ്യയുടെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിർമ്മാതാക്കളുടെ സമ്മർദ്ദം കൂടുതൽ വർധിക്കുകയാണ്. റഷ്യൻ എണ്ണയുടെ നീക്കത്തിനായി ശൈത്യകാലത്തിന് അനുയോജ്യമായ കപ്പലുകൾ ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. നിവിൽ ചരക്കു കൂലി കൂട്ടാതെ 32 മുതൽ 35 ഡോളറിനാണ് റഷ്യ ഇന്ത്യക്ക് എണ്ണ വിൽക്കുന്നതെന്നാണ് സൂചന.

റഷ്യൻ എണ്ണയുടെ വിലപരിധി നിശ്ചയിക്കാനുള്ള ജി-7 രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും തീരുമാനത്തിൽനിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ സ്വാഗതംചെയ്ത് റഷ്യ നേരത്തെ രംഗത്തുവന്നിരുന്നു. ഒപ്പം, ഇൻഷുറൻസ് സേവനങ്ങൾക്കും ടാങ്കർ ചാർട്ടറിങ്ങിനും യൂറോപ്യൻ യൂണിയനിലെ വിലക്ക് മറികടക്കാൻ വലിയശേഷിയുള്ള കപ്പലുകൾ വാടകയ്‌ക്കെടുക്കുന്നതിനും നിർമ്മിക്കുന്നതിനും ഇന്ത്യയെ സഹായിക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

കുറഞ്ഞനിരക്കിലുള്ള എണ്ണ വാങ്ങുന്നത് തുടരാൻ ഇത് അനിവാര്യമാണ്. റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് റഷ്യയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി പവൻ കപൂറുമായി നടത്തി കൂടിക്കാഴ്‌ച്ചയിൽ വാഗ്ദാനം ചെയ്തിരുന്നു. ഡിസംബർ അഞ്ചിനാണ് ഇറക്കുമതിചെയ്യുന്ന റഷ്യൻ എണ്ണയ്ക്ക് ജി-7 രാജ്യങ്ങൾ വീപ്പയ്ക്ക് പരമാവധി 60 ഡോളർ എന്നരീതിയിൽ വിലപരിധി നിശ്ചയിച്ചത്. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഊർജപ്രതിസന്ധിക്കിടെ വ്യാപാരക്കരാർപ്രകാരം സുഹൃദ് ബന്ധമുള്ള രാജ്യങ്ങൾക്ക് ഊർജവിതരണം ഉറപ്പാക്കുമെന്നും റഷ്യ വ്യക്തമാക്കി. യുക്രൈൻ അധിനിവേശമാരംഭിച്ചതിനുശേഷമാണ് റഷ്യൻ എണ്ണ വാങ്ങുന്നതിൽനിന്ന് വിവിധരാജ്യങ്ങൾ പിന്നാക്കംപോയത്.

ഇപ്പോഴത്തെ അവസ്ഥയിൽ നവംബറിലും ഇറാഖിന് പകരം ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി ഉയർന്ന് റഷ്യ. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി തുടർച്ചയായ അഞ്ചാം മാസവും ഉയർന്നു. നവംബറിൽ പ്രതിദിനം 9,08,000 ബാരൽ (ബിപിഡി) ആണ് ഇറക്കുമതി. ഒക്ടോബറിനെ അപേക്ഷിച്ച് ഇറക്കുമതി 4 ശതമാനം വർധിച്ചു. നവംബറിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ 4 ദശലക്ഷം ബിപിഡിയുടെ 23 ശതമാനവും റഷ്യൻ എണ്ണയാണ്.

അതേസമയം, നവംബറിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇറക്കുമതി ഒക്ടോബറിൽ നിന്ന് 11 ശതമാനം കുറഞ്ഞു. റഷ്യയുടെ പിന്തുണയുള്ള ഇന്ത്യൻ റിഫൈനർ നയാര എനർജി, അറ്റകുറ്റപ്പണിക്കായി 4,00,000 ബിപിഡി റിഫൈനറി അടച്ചുപൂട്ടിയതിനാൽ വാങ്ങലുകൾ കുറച്ചതിനെ തുടർന്നാണിത്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങൾ ബഹിഷ്‌കരണം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്. ചൈനയ്ക്ക് ശേഷം റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ.

റഷ്യൻ എണ്ണയുടെ ഉയർന്ന വാങ്ങലുകൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇന്ത്യൻ ഇറക്കുമതിയെ പിന്നോട്ട് വലിച്ചു. കഴിഞ്ഞ മാസം, ഇറാഖിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ളത് 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കും കൂപ്പുകുത്തി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ, ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാർ ഇറാഖ് ആയിരുന്നു.

അതേസമയം റഷ്യയിൽ നിന്നുതന്നെ എണ്ണ ഇറക്കുമതി ചെയ്യണമെന്ന് കേന്ദ്രം എണ്ണക്കമ്പനികളോട് നിർദ്ദേശിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ നിലപാട് അറിയിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള മികച്ച ഇടപാട് നടത്തുക എന്നത് വിവേകപൂർണ്ണമായ നയമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പ്രവൃത്തികൾക്ക് ഇന്ത്യയിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ ചുമതലയാണ്. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടില്ല. ലഭ്യമായ ഏറ്റവും മികച്ച സാധ്യത ഉപയോഗപ്പെടുത്തി ഇന്ധനം വാങ്ങാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നത്. വിപണിയെ ആശ്രയിച്ചായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവുമായി മാത്രമല്ല എണ്ണ വ്യാപാരമെന്നും ഒന്നിലേറെ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്നും എണ്ണ എത്തുമ്പോഴും വിലക്കുറവന് അനുഭവിക്കാൻ ഇന്ത്യക്കാർക്ക് യോഗമില്ലാത്ത അവസ്ഥയാണ്. ഉയർന്ന നികുതി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതിനാൽ പെട്രോൾ, ഡീസൽ വിലകൾ രാജ്യത്ത് ഉയർന്ന നിരക്കിൽ തന്നെ തുടരുകയാണ്. വില കുറയ്ക്കാനുള്ള യാതൊരു നടപടികളും സർക്കാറും സ്വീകരിക്കുന്നില്ല താനും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP