Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൊറോക്കോയുടെ കോച്ചും കളിക്കാരിൽ പലരും ജനിച്ചത് ഫ്രാൻസിൽ; കാൽപന്തു തട്ടിപഠിച്ചതും ഫ്രഞ്ച് ക്ലബ്ബുകളിൽ; പഴയ ഫ്രഞ്ചു കോളനിയെന്ന നിലയിൽ മൊറോക്കോയുമായി ഇപ്പോഴും അഭേദ്യ ബന്ധം; ഫ്രഞ്ച് കുടിയേറ്റ ജനതയിലെ 18.4 ശതമാനം മൊറോക്കൻ വംശജരും; സെമിയിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുമ്പോൾ ഫ്രഞ്ച് പൊലീസിന് തലവേദന ഒഴിയില്ല

മൊറോക്കോയുടെ കോച്ചും കളിക്കാരിൽ പലരും ജനിച്ചത് ഫ്രാൻസിൽ; കാൽപന്തു തട്ടിപഠിച്ചതും ഫ്രഞ്ച് ക്ലബ്ബുകളിൽ; പഴയ ഫ്രഞ്ചു കോളനിയെന്ന നിലയിൽ മൊറോക്കോയുമായി ഇപ്പോഴും അഭേദ്യ ബന്ധം; ഫ്രഞ്ച് കുടിയേറ്റ ജനതയിലെ 18.4 ശതമാനം മൊറോക്കൻ വംശജരും; സെമിയിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുമ്പോൾ ഫ്രഞ്ച് പൊലീസിന് തലവേദന ഒഴിയില്ല

സ്പോർട്സ് ഡെസ്ക്

പാരിസ്: ആഫ്രിക്കൻ രാജ്യമെങ്കിലും ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു മൊറോക്കോ. രണ്ട് മഹാസമുദ്രങ്ങൾ അതിരിടുന്ന വടക്കൻ ആഫ്രിക്കൻ രാജ്യം ലോകകപ്പിന്റെ സെമി ഫൈനലിൽ ഫ്രാൻസിനെ നേരിടുകയാണ്. ഇതോടെ ഇരു സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരം കാൽപന്തു കളിയെ ചൂടുപിടിപ്പിക്കും. പരസ്പ്പരം നന്നായി അറിയുന്ന കളിക്കാർ തമ്മിലാണ് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി ഇന്ന് ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ സെമിപ്പോരിൽ പ്രവചനം അസാധ്യം.

കാരണം യൂറോപ്പിലെ വമ്പന്മാരായ ബൽജിയവും സ്പെയ്നും പോർച്ചുഗലും ആഫ്രിക്കൻ ശൗര്യത്തിനുമുന്നിൽ തോറ്റുപോയവരാണ്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ബുധൻ രാത്രി 12.30നാണ് കളി. ഫ്രഞ്ചുകാരിൽനിന്ന് 1956ൽ സ്വാതന്ത്ര്യം നേടിയ മൊറോക്കോയുടെ ചരിത്രമെഴുതുന്നവർ ഖത്തർ ലോകകപ്പ് മറക്കാനിടയില്ല. കിക്കോഫിനുമുമ്പ് ഒരു പ്രവചന പുസ്തകത്തിലും മൊറോക്കോയുടെ പേരില്ലായിരുന്നു. ഒറ്റ മിന്നലിൽ മറയുന്ന ആഫ്രിക്കൻ പ്രതിഭാസമെന്ന പരിഹാസമായിരുന്നു കൈമുതൽ. പക്ഷേ, സംഘടിത പ്രതിരോധവും ആസൂത്രിത പ്രത്യാക്രമണവും സമന്വയിപ്പിച്ച് മൊറോക്കോ വീരഗാഥയെഴുതി. ലോകകപ്പിന്റെ 92 വർഷചരിത്രത്തിൽ ആദ്യമായി സെമിയിലെത്തിയ ആഫ്രിക്കൻ ടീമായി.

കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു ആഫ്രിക്കൻ ടീം ലോകകപ്പ് നേടുമെന്നായിരുന്നു പെലെയുടെ പ്രവചനം. പുതിയ നൂറ്റാണ്ടിലെങ്കിലും ആ അത്ഭുതം സാധ്യമാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഫ്രാൻസാകട്ടെ കിരീടം നിലനിർത്താൻ ഒരുങ്ങുന്നു. ബ്രസീലിനും (1958, 1962) ഇറ്റലിക്കും (1934, 1938) മാത്രമാണ് തുടരെ രണ്ട് കിരീടം നേടാനായത്. മൊറോക്കോയുടെ പ്രതിരോധവും ഫ്രാൻസിന്റെ കിടയറ്റ മുന്നേറ്റനിരയും തമ്മിലുള്ള പൊരിഞ്ഞപോരായിരിക്കും കളിയുടെ സവിശേഷത. അതുകൊണ്ട് തന്നെ എംബാപ്പെക്കും കൂട്ടർക്കും മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്.

അതേസമയം സെമിഫൈനലിന് അപ്പുറത്തേക്ക് കടക്കുന്ന രാഷ്ട്രീയ മാനങ്ങളും ഇന്നത്തെ കളിക്കുണ്ട്. ആരു ഫൈനലിലേക്കു കടന്നാലും,  ഫ്രഞ്ച് പൊലീസിനെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാവായിരിക്കും. കാരണം ഫ്രാൻസ് സെമിയിൽ കടന്നതിലും വലിയ ആഘോഷങ്ങളാണ്, മൊറോക്കോ സെമിഫൈനലിലേക്ക് മാർച്ചു ചെയ്തതിൽ ഫ്രാൻസിൽ നടന്നത്. പാരിസിലും മർസെയിലും നടന്ന മൊറോക്കൻ ആഘോഷങ്ങൾ, ഫ്രാൻസിന്റെ സെമിപ്രവേശനത്തിലും മുകളിലായിരുന്നു. പോർച്ചുഗലിന് മേൽ മൊറോക്കോ നേടിയ വിജയ രാവിൽ, പാരിസിൽ നടന്ന പ്രകടനത്തിന് എത്തിയത് ഇരുപതിനായിരത്തോളം പേരാണ്. അന്ന് പാരിസിൽ മാത്രം 108 പേരാണ് അറസ്റ്റിലായത്.

മൊറോക്കോയുടെ കളിക്കാരിൽ പലരും ജനിച്ചത് ഫ്രാൻസിലാണ്. മൊറോക്കൻ ടീമിന്റെ കോച്ച് വാലിദ് റെഗ്രാഗുയി ജനിച്ചതും, ക്ലബ്ബ് ഫുട്‌ബോൾ കളിച്ചതും ഫ്രാൻസിലാണ്. ഇരു രാജ്യങ്ങളുടെയും പൗരത്വവും അദ്ദേഹത്തിനുണ്ട്. മൊറോക്കൻ ടീമിലെ റൊമാൻ സായിസും സൊഫിയാനെ ബൗഫലും ജനിച്ചതും വളർന്നതും ഫ്രാൻസിലാണ്. മൊറോക്കൻ ടീമിലെ കളിക്കാരിൽ നല്ലൊരു ഭാഗം ഫ്രഞ്ചു ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്നവരോ, കളിച്ചിട്ടുള്ളവരോ ആണ്. ഫ്രാൻസിലെ കുടിയേറ്റ ജനതയിലെ 18.4 ശതമാനം മൊറോക്കൻ വംശജരാണ്. യൂറോപ്പ്യൻ യൂണിയനു പുറത്തു നിന്നുള്ള ഫ്രാൻസിലെ ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ സമൂഹം വരുന്നത് മൊറോക്കോയിൽ നിന്നും.

മൊറോക്കോയുടെയും അയൽ രാജ്യമായ അൾജീരിയയുടെയും ചരിത്രം ഫ്രഞ്ചു കൊളോണിയലിസത്തിന്റെയും ചരിത്രമാണ്. ഫ്രഞ്ച് അധിനിവേശകാലത്തു അൾജീരിയൻ സുൽത്താൻ മൊറോക്കോയുടെ സ്വാതന്ത്ര്യ നീക്കങ്ങളെ തുണച്ച പാരമ്പര്യം ഫ്രാൻസിലെ ആഫ്രിക്കൻ അറബ് വംശജർ ഫ്രഞ്ചു മണ്ണിൽ തുടരുന്നുമുണ്ട്. 37 മില്യനാണ് മൊറോക്കോയുടെ ജനസംഖ്യയെങ്കിൽ, മറ്റൊരു അഞ്ചു ലക്ഷം മില്യൻ മൊറോക്കൻ വംശജർ രാജ്യത്തിനുപുറത്തേക്ക് കുടിയേറിയിട്ടുണ്ട്. മൊറോക്കൻ കുടിയേറ്റത്തിന്റെ പ്രഥമ പരിഗണന എന്നും ഫ്രാൻസിനാണ്.

ഫ്രാൻസിന്റെ ദേശിയ ഫുട്ബോൾ ടീമിന് വേണ്ടി ഫ്രഞ്ചു കോളനികളിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയവരുടെ പിൻതലമുറക്കാർ കാലാകാലങ്ങളായി കളത്തിലിറങ്ങിയിട്ടുണ്ട്. അവരിൽ ആഫ്രിക്കൻ വംശജരുണ്ട്, അവരിലെ തന്നെ അറബ് വംശജരുമുണ്ട്. സിനദിൽ സിദാനും, കരിം ബെൻസെമയും ഉദാഹരണം. 1.7 കോടി ജനങ്ങളാണ് ഫ്രാൻസ് - ഇംഗ്ലണ്ട് കോർട്ടർ ഫൈനൽ മത്സരം ടിവിയിൽ കണ്ടതെങ്കിൽ, ഫ്രാൻസ് - മൊറോക്കോ സെമിഫൈനൽ ഫ്രാൻസിൽ തത്സമയം കാണാനിരിക്കുന്നത് ഇതിന്റെ പലമടങ്ങായിരിക്കുമെന്നാണ് കണക്കാക്കുന്നത്. സ്പെയിനിൽ ജനിച്ചു മാതൃരാജ്യമായ മൊറോക്കോയ്ക്ക് വേണ്ടി കളിക്കുന്ന അഹ്റഫ് ഹക്കിമി, പാരീസ് സെയിന്റ് ജെർമനിൽ ഫ്രാൻസിന്റെ സൂപ്പർസ്റ്റാർ കിലിയാൻ എംബാപ്പയുടെ സഹകളിക്കാരൻ മാത്രമല്ല, നല്ല സുഹൃത്തുകൂടിയാണ്. അതുകൊണ്ട് തന്നെ ഇക്കുറി മത്സരം തീപാറുമെന്ന് ഉറപ്പാണ്.

ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയതുകൊണ്ട് സംതൃപ്തരാവുന്നില്ലെന്നും കൂടുതൽ മുന്നേറാൻ ആഗ്രഹിക്കുന്നുവെന്നും മൊറോക്കൻ പരിശീലകൻ വലീദ് റെഗ്‌റാഗ്വി വ്യക്തമാക്കി കഴിഞ്ഞു. 'സെമി ഫൈനലിലെത്തുന്നതിൽ ഞങ്ങൾ സന്തോഷമുണ്ട്. ചിലർ അത് മതിയെന്ന് കാണുന്നുണ്ടെങ്കിൽ ഞാൻ സമ്മതിക്കില്ല' - ഫ്രാൻസിനെതിരായ സെമി ഫൈനലിന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ റെഗ്‌റാഗ്വി പറഞ്ഞു. 'നിങ്ങൾ സെമിയിലെത്തുകയും എന്നിട്ട് നിങ്ങൾക്ക് വിശക്കുന്നില്ലെങ്കിൽ അതിൽ പ്രശ്‌നമുണ്ട്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ ബ്രസീൽ ഇതിനകം പുറത്തായി. ഞങ്ങൾ അതിമോഹമുള്ള ടീമാണ്. ഞങ്ങൾക്ക് വിശക്കുന്നുണ്ട്. പക്ഷേ അത് മതിയാകുമോ എന്ന് എനിക്കറിയില്ല' - മൊറോക്കൻ പരിശീലകൻ വ്യക്തമാക്കി. ലോകകപ്പിന്റെ അവസാന നാലിൽ ഇടം നേടുന്ന ആദ്യ ആഫ്രിക്കൻ, അറബ് ടീമാണ് മൊറോക്കോ.

ആഫ്രിക്ക ലോകത്തിന്റെ നെറുകയിലെത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ മുന്നേറുന്നതിന് ഞങ്ങൾ ശക്തരായിരിക്കണം. ഞങ്ങൾ ഫേവറിറ്റുകളല്ല. എന്നാൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒരുപക്ഷേ അത് എന്നിൽ ഭ്രാന്ത് ഉണ്ടാക്കാം. കുറച്ച് ഭ്രാന്തൊക്കെ നല്ലതാണ്. ഞങ്ങൾ ക്ഷീണിതരാണെന്ന് എല്ലാവരും കരുതുന്നുണ്ടാകും. അത് അവസാന ഗെയിമാണെന്നും എല്ലാവരും പറയുന്നുണ്ടാകും. എന്നാൽ, ഞാൻ പറയുന്നു, ഞങ്ങൾക്ക് കൂടുതൽ വിശക്കുന്നുണ്ട്. കൂടുതൽ ആഗ്രഹിക്കുന്നു.

ബെൽജിയത്തെ പരാജയപ്പെടുത്തി ഗ്രൂപ്പിൽ നിന്നും ഒന്നാമതായെത്തിയ മൊറോക്കോ, നോക്കൗട്ട് റൗണ്ടിൽ സ്‌പെയിനിനെയും പോർച്ചുഗലിനെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയതെന്ന് ഫ്രഞ്ച് കോച്ച് ദെഷാംപ്‌സിനെ ഓർമ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. 'ഏറ്റവും ദുഷ്‌കരമായ വഴികൾ താണ്ടിയാണ് സെമിയിലെത്തിയിരിക്കുന്നത്. ഓരോ റൗണ്ടിലും ഞങ്ങൾ പുറത്താകുമെന്ന് ജനങ്ങൾ കരുതിയിരുന്നു. എന്നാൽ ഞങ്ങൾ ഇവിടെത്തന്നെയുണ്ട്. അവസാന ശ്വാസം വരെ പോരാടാൻ ഞങ്ങളിറങ്ങുകയാണ്' -അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധത്തിലെ പ്രധാനിയായ റൊമെയ്ൻ സെയ്‌സ് ഉൾപ്പെടെ മൊറോക്കോ ടീമിൽ പരിക്ക് സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്നും എന്നാൽ അവരുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്നും റെഗ്‌റാഗി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP