Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകകപ്പിലെ 4 മത്സരങ്ങളിൽ ഒരു കളിയിൽ ഗോളും അസിസ്റ്റും എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരം; ക്രൊയേഷ്യൻ മിഡ്ഫീൽഡിനെ തകർത്ത തന്ത്രം വിജയത്തിലെത്തി; മെസിയെ പൂട്ടാൻ ഒന്നിലേറെ താരങ്ങളെ നിയോഗിച്ചതും തോൽവിയായി; അൽവാരസിന്റെ ഗോൾ ക്രൊയേഷ്യയെ തകർത്തു; രണ്ടാം പകുതിയിൽ മെസ്സി മാജിക്ക്; അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്തി വിജയം; അർജന്റീന കപ്പടിക്കുമോ?

ലോകകപ്പിലെ 4 മത്സരങ്ങളിൽ ഒരു കളിയിൽ ഗോളും അസിസ്റ്റും എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരം; ക്രൊയേഷ്യൻ മിഡ്ഫീൽഡിനെ തകർത്ത തന്ത്രം വിജയത്തിലെത്തി; മെസിയെ പൂട്ടാൻ ഒന്നിലേറെ താരങ്ങളെ നിയോഗിച്ചതും തോൽവിയായി; അൽവാരസിന്റെ ഗോൾ ക്രൊയേഷ്യയെ തകർത്തു; രണ്ടാം പകുതിയിൽ മെസ്സി മാജിക്ക്; അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്തി വിജയം; അർജന്റീന കപ്പടിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ദോഹ: ലോകകപ്പ് സെമിഫൈനലിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയ്ക്കെതിരേ ഗോളടിച്ചതോടെ സൂപ്പർ താരം ലയണൽ മെസ്സി പുതുചരിത്രം കുറിച്ചു. ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റെക്കോർഡാണ് മെസ്സി കരസ്ഥമാക്കിയത്. 34-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് മെസ്സി ഗോൾ നേടിയത്. ലോകകപ്പിലെ മെസ്സിയുടെ 11-ാം ഗോളായിരുന്നു അത്. ലോകകപ്പിൽ അർജന്റീനയ്ക്കായി ബാറ്റിസ്റ്റ്യൂട്ട പത്ത് ഗോളുകളാണ് നേടിയത്. ഇതിനൊപ്പം ആ ഗോളിൽ അർജന്റീനാ ആറാം ലോകകപ്പ് ഫൈനൽ ഉറപ്പിച്ചു. മെസി രണ്ടാമത്തേതും. രണ്ടു തവണ കിരീടം ഉയർത്തിയിട്ടുള്ള അർജന്റീന ദോഹയിൽ അതിമനോഹര ഫുട്‌ബോളാണ് കാഴ്ച വയ്ക്കുന്നത്. ആദ്യ കളിയിൽ സൗദിയോട് തോറ്റതെല്ലാം ഇനി പഴങ്കഥ.

മെസ്സി മാജിക്കിനൊപ്പം ജൂലിയൻ അൽവാരസ് എന്ന അത്ഭുതം കൂടി ചേർന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്ക് അർജന്റീനയ്ക്ക് മുന്നിലെ തടസ്സങ്ങളെല്ലാം നിഷ്പ്രഭം. ക്രൊയേഷ്യയ്‌ക്കെതിരെ മത്സരത്തിനിറങ്ങിയതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ലോഥർ മത്ത്യാസിന്റെ റെക്കോർഡിനൊപ്പവും മെസ്സിയെത്തി. ഇരുവരും ലോകകപ്പിൽ 25 മത്സരങ്ങളാണ് കളിച്ചത്. മിറോസ്ലാവ് ക്ലോസെ 24 മത്സരങ്ങളും പൗളോ മാൾഡീനി 23 മത്സരങ്ങളുമാണ് കളിച്ചത്. അതേ സമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 22 ലോകകപ്പ് മത്സരങ്ങൾ കളിച്ചു. ലോകകപ്പിൽ ഏറ്റവും കൂടുതൽ മിനിറ്റുകൾ കളിച്ചതിന്റെ റെക്കോർഡ് പൗളോ മാൾഡീനിയുടെ പേരിലാണ്. 2217 മിനിറ്റാണ് മാൾഡീനി കളിച്ചത്. ക്രൊയേഷ്യയുമായുള്ള സെമിഫൈനലിന് മുമ്പ് വരെ മെസ്സി 2104 മിനിറ്റാണ് ലോകകപ്പിൽ കളിച്ചത്. ഫൈനലിൽ മൊറോക്കോയോ ഫ്രാൻസോ ആയിരിക്കും മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ.

നാലു കൊല്ലം മുൻപത്തെ മാനക്കേടിന് അതേ നാണയത്തിൽ തിരിച്ചടിച്ച്, ക്രൊയേഷ്യയെ അക്ഷരാർഥത്തിൽ മുക്കിക്കളഞ്ഞാണ് അർജന്റീന എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ലോകകിരീടത്തിന്റെ കലാശ പോരിന് എത്തുന്നത്. അൽവാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോൾ മടക്കമില്ലാത്ത മൂന്ന് ഗോളിനായി അർജന്റീനയുടെ ജയം. മുപ്പത്തിനാലാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് മെസ്സിയാണ് ഗോൾ വേട്ട തുടങ്ങിയത്. മുപ്പത്തിയൊൻപതാം മിനിറ്റിൽ ആൽവരസ് ലീഡ് ഇരട്ടിയാക്കി. അറുപത്തിയൊൻപതാം മിനിറ്റിൽ മെസ്സിയുടെ ഒരു മാജിക്കൽ പാസിൽ നിന്ന് ആൽവരസ് തന്നെ വിജയം ഉറപ്പിച്ച് ഒരിക്കൽക്കൂടി വല കുലുക്കി. കപ്പടിക്കാനുള്ള കരുത്ത് ടിമിനുണ്ടെന്ന് അർജന്റീന തെളിയിക്കുകയാണ്. ഫൈനലിൽ മൊറോക്കോയോ ഫ്രാൻസോ. രണ്ടായാലും ക്രൊയേഷ്യയ്‌ക്കെതിരായ കളി പുറത്തെടുത്താൽ മെസിക്ക് കിരീടം ഉറപ്പ്.

കൊവാച്ചിച്ചും ബ്രോസോവിച്ചും ലൂക്ക മോഡ്രിച്ചും പെരിസിച്ചുമെല്ലാം നിറഞ്ഞ് കളിച്ചതോടെ അർജന്റീനിയൻ താരങ്ങൾക്ക് കളിയുടെ തുടക്കത്തിൽ കാഴ്ചക്കാരുടെ റോളായിരുന്നു. എന്നാൽ 32-ാം മിനിറ്റിലെ ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം തടയാനുള്ള ലിവാകോവിച്ചിന്റെ ശ്രമം ഒരു പെനാൽറ്റിയിൽ കലാശിച്ചതോടെ ക്രൊയേഷ്യയുടെ പിടി അയഞ്ഞു. . ക്രൊയേഷ്യൻ മിഡ്ഫീൽഡിനെ തകർത്ത അർജന്റീനയുടെ തന്ത്രമാണ് ഇന്നത്തെ മത്സരത്തിൽ വിജയം കണ്ടത്. ലയണൽ മെസ്സിയെ പൂട്ടാൻ ഒന്നിലേറെ താരങ്ങളെ നിയോഗിച്ച ക്രൊയേഷ്യൻ തന്ത്രം പാളിയത് അൽവാരസും പരേഡസും എൻസോ ഫെർണാണ്ടസും മക്കലിസ്റ്ററും മുതലെടുത്തു. ആദ്യ ഗോൾ വീണ് അഞ്ച് മിനിറ്റിനുള്ളിൽ അൽവാരസിലൂടെ അർജന്റീന വീണ്ടും ലീഡെടുത്തതോടെ ക്രൊയേഷ്യ തളർന്നു.

2018ലെ തോൽവിക്കുള്ള തിരിച്ചടി

2018 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ അന്നത്തെ അർജന്റീന ടീമിന്റെ എല്ലാ പോരായ്മകളും തുറന്നുകാണിച്ചാണ് ക്രൊയേഷ്യ ജയിച്ച് കയറിയത്. എതിരില്ലാത്ത മൂന്ന് ഗോളിന് അന്ന് റഷ്യയിൽ വഴങ്ങിയ തോൽവിയുടെ നാണക്കേട് അതേ സ്‌കോറിൽ തന്നെ കഴുകി കളഞ്ഞിരിക്കുകയാണ് മെസിയും സംഘവും. നാല് വർഷങ്ങൾക്ക് മുൻപുള്ള തോൽവിയുടെ കണക്ക് തീർക്കാൻ അർജന്റീന തിരഞ്ഞെടുത്ത വേദിയാകട്ടെ ലോകകപ്പിന്റെ സെമിഫൈനൽ മത്സരവും. ആന്റേ റബിച്ച് (53ാം മിനിറ്റ്), ലൂക്കാ മോഡ്രിച്ച് (80ാം മിനിറ്റ്), ഇവാൻ റാക്കിറ്റിച്ച് (90+ 1) മിനിറ്റ് എന്നിവരായിരുന്നു അന്ന് ക്രൊയേഷ്യയുടെ സ്‌കോറർമാർ. അന്നത്തെ ആ തോൽവി ലോകകപ്പിൽ നിന്ന് തന്നെ അർജന്റീനയ്ക്ക് പുറത്തേക്ക് വഴി കാണിക്കുമായിരുന്നു. എന്നാൽ നിർണായക മത്സരത്തിൽ നൈജീരിയയെ വീഴ്‌ത്തിയാണ് മെസിയും സംഘവും ആയുസ്സ് നീട്ടിയെടുത്തത്. അന്ന് പക്ഷേ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ അർജന്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. ക്രൊയേഷ്യയാണ് കൂടുതൽ പന്തടക്കം കാണിച്ചത്. കൂടുതൽ സമയം പന്തു കൈവശം വച്ചതും അവർ തന്നെ. പന്തുമായി മുന്നേറിയ ജൂലിയൻ അൽവാരസിനെ ഗോൾകീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തു. പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാർഡ് നൽകുകയും അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്തത് സൂപ്പർ താരം ലയണൽ മെസ്സിയാണ്. 34-ാം മിനിറ്റിൽ കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. ഈ ഗോളോടെ മെസ്സി അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പിൽ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്.

തൊട്ടു പിന്നാലെ ജൂലിയൻ അൽവാരസാണ് ആൽബിസെലസ്റ്റുകൾക്കായി വലകുലുക്കിയത്. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. 39-ാം മിനിറ്റിലാണ് അൽവാരസിന്റെ സോളോ ഗോൾ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അൽവാരസ് പ്രതിരോധതാരങ്ങളെയെല്ലാം കബിളിപ്പിച്ച് ഒടുവിൽ ഗോൾകീപ്പർ ലിവാകോവിച്ചിനെയും മറികടന്ന് വലകുലുക്കി. 69-ാം മിനിറ്റിൽ അർജന്റീന വീണ്ടും ലീഡുയർത്തി. ഇത്തവണയും അൽവാരസ് തന്നെയാണ് വലകുലുക്കിയത്. വലതുവിങ്ങിലൂടെ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മെസ്സി നൽകിയ അളന്നുമുറിച്ച പാസ് അൽവാരസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. മെസ്സിയുടെ ലോകോത്തരമായ അസിസ്റ്റ് ആരാധകരെ അമ്പരപ്പിച്ചു. ഇതോടെ അർജന്റീന വിജയമുറപ്പിച്ചു.

75-ാം മിനിറ്റിൽ ഇരട്ടഗോളുമായി തിളങ്ങിയ അൽവാരസിന് പകരം സൂപ്പർ താരം പൗലോ ഡിബാല ഗ്രൗണ്ടിലെത്തി. ഈ ലോകകപ്പിൽ ഡിബാലയ്ക്ക് ആദ്യമായാണ് കളിക്കാൻ അവസരം ലഭിച്ചത്. അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്താനാണ് അർജന്റീന ശ്രമിച്ചത്.

കണക്കുകളിലും മെസി

അവസാന ലോകകപ്പിൽ കിരീടവുമായി മടങ്ങാൻ മെസ്സിക്കു മുന്നിലുള്ളത് ഇനി ഒരേയൊരു മത്സരം. അർജന്റീനയ്ക്കായി 2 ഗോൾ നേടുകയും ടീമിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ പെനൽറ്റിക്ക് കാരണമാകുകയും ചെയ്ത ജൂലിയൻ അൽവാരസാണ് ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിലെ മിന്നും താരം. അപ്പോഴും മെസി മാജിക്കാണ് ചർച്ചകളിൽ

ഒരു കളിയിൽ തന്നെ ഗോളും അസിസ്റ്റും എന്ന കണക്കിൽ ലോകകപ്പിലെ 4 മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ലയണൽ മെസ്സി. 2006ൽ സെർബിയയ്‌ക്കെതിരെയും ഈ ലോകകപ്പിൽ മെക്‌സിക്കോ, നെതർലൻഡ്‌സ്, ക്രൊയേഷ്യ എന്നീ ടീമുകൾക്കെതിരെയും മെസ്സി ഗോളും അസിസ്റ്റും നേടി. ന്മഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നേടിയ താരം എന്ന ബ്രസീലിയൻ മുൻ താരം റൊണാൾഡോയുടെ റെക്കോർഡിനൊപ്പം ലയണൽ മെസ്സി. 13 മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ ഇരുവരും നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP