Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രൊയേഷ്യൻ മധ്യനിരയെ പിച്ചിചീന്തി; പ്രതിരോധത്തെ തകർത്തുടച്ചു; മെസിക്കൊപ്പം അൽവാരസും നിറഞ്ഞപ്പോൾ ഡീ മരിയയെ കളിക്കാൻ ഇറക്കുന്നത് പോലും ചിന്തിക്കേണ്ടി വന്നില്ല; ഇത് പന്തടക്കത്തിന് അപ്പുറം ഗോളടിച്ച് നേടിയ വിജയം; സ്‌കലോണിയുടെ തന്ത്രങ്ങൾ ലൂക്കാ മോഡ്രിച്ചിനേയും പിടിച്ചു കെട്ടി; മിഡ് ഫീൽഡ് രാജാവിനെ കാഴ്ചക്കാരനാക്കി അർജന്റീനയുടെ സെമി വിജയം; ആദ്യ കളി തോറ്റു തുടങ്ങിയവർ കലാശപ്പോരിന് ഒരുങ്ങുമ്പോൾ

ക്രൊയേഷ്യൻ മധ്യനിരയെ പിച്ചിചീന്തി; പ്രതിരോധത്തെ തകർത്തുടച്ചു; മെസിക്കൊപ്പം അൽവാരസും നിറഞ്ഞപ്പോൾ ഡീ മരിയയെ കളിക്കാൻ ഇറക്കുന്നത് പോലും ചിന്തിക്കേണ്ടി വന്നില്ല; ഇത് പന്തടക്കത്തിന് അപ്പുറം ഗോളടിച്ച് നേടിയ വിജയം; സ്‌കലോണിയുടെ തന്ത്രങ്ങൾ ലൂക്കാ മോഡ്രിച്ചിനേയും പിടിച്ചു കെട്ടി; മിഡ് ഫീൽഡ് രാജാവിനെ കാഴ്ചക്കാരനാക്കി അർജന്റീനയുടെ സെമി വിജയം; ആദ്യ കളി തോറ്റു തുടങ്ങിയവർ കലാശപ്പോരിന് ഒരുങ്ങുമ്പോൾ

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി അർജന്റീന ആരാധകരുടെ കണ്ണീർ അതേ ലുസൈൽ സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടത്തിന് ഇറങ്ങാൻ പോകുകയാണ് ഇനി മെസിപ്പട. ബ്രസീലിനെ അട്ടിമറിച്ചതിന്റെ വമ്പുമായി എത്തിയ ക്രൊയേഷ്യയെ മുട്ടുകുത്തിച്ചാണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

കലാശപ്പോരിൽ ഏറ്റുമുട്ടേണ്ടത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസോ, അതോ അട്ടിമറികളിലൂടെ വിസ്മയം തീർത്ത മൊറോക്കോയോ എന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്. ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8.30ന് ആണ് ഫൈനൽ മത്സരം. മെസിയുടേയും സംഘത്തിന്റേയും തകർപ്പൻ ഫോം 36 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കുമെന്ന് അർജന്റൈൻ ജനത സ്വപ്നം കണ്ട് തുടങ്ങുകയാണ്.



ലോകകപ്പ് സെമിഫൈനലിലെ തോൽവിയറിയാതെയുള്ള പതിവ് ആവർത്തിച്ചാണ് അർജന്റീന ആറാം തവണ കലാശപ്പോരിന് യോഗ്യത നേടിയത്. സെമിഫൈനലിലെത്തിയ 1930,1978,1986, 1990, 2014, 2022 വർഷങ്ങളിൽ അർജന്റീന ലോകകപ്പിന്റെ ഫൈനലിനും യോഗ്യത നേടി. 1978ലും 1986ലും കിരീടമുയർത്തിയപ്പോൾ ബാക്കി മൂന്ന് തവണയും അർജന്റീന പരാജയം രുചിച്ചു.

ഈ ഫോമിൽ കളിക്കുന്ന അർജന്റീനയെ നേരിടാൻ ഫ്രാൻസിനായാലും മൊറോക്കയ്ക്ക് ആയാലും വിയർക്കേണ്ടി വരും. മെസിയുടെ തകർപ്പൻ ഫോമും അയാൾക്ക് വേണ്ടി ചാവേറാകാൻ നിൽക്കുന്ന ഒരു സംഘം കളിക്കാരും അപകടകാരികളുടെ സംഘമെന്ന് വീണ്ടും തെളിയിച്ചു കഴിഞ്ഞു. മെസിക്ക് പിന്തുണ നൽകാൻ എയ്ഞ്ചൽ ഡി മരിയയെ കളത്തിൽ ഇറക്കുക പോലും വേണ്ടി വന്നില്ല ഇന്ന് പരിശീലകൻ സ്‌കലോണിക്ക്. സെമിയിൽ പോരടിക്കാൻ തയ്യാറെടുപ്പോടെയാണ് ക്രൊയേഷ്യയെത്തിയത്. ഒരു ലോകകിരിടമെന്ന മോഡ്രിച്ചിന്റെ സ്വപ്നം ലുസെയ്ലിൽ തട്ടിത്തകർന്നു.



ഏകപക്ഷീയമായ മൂന്ന് ഗോളിന് ക്രൊയേഷ്യയെ തകർത്തെറിഞ്ഞാണ് മെസ്സിപ്പട ഫൈനലിലേക്ക് മുന്നേറി. മെസ്സിക്കും സംഘത്തിനും ഇത് പ്രതികാരമാണ്. ആദ്യ മത്സരത്തിലെ പരാജയത്തിൽ ക്രൂശിക്കപ്പെട്ടവനാണ് മെസ്സി. പരിഹാസങ്ങളുടെ കൂരമ്പുകളേറ്റ് അന്നാ പതിനൊന്നുപേർ തിരിഞ്ഞുനടന്നു. അതേ ലുസൈൽ സ്റ്റേഡിയത്തിൽ പോരാടി ജയിച്ച് വിശ്വകിരീടത്തിനായുള്ള അവസാനപോരിന് യോഗ്യതനേടി മെസ്സിയും സംഘവും. ഒപ്പം കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കെതിരായ തോൽവിക്കുള്ള പ്രതികാരവും.

അപരാജിത കുതിപ്പുമായാണ് അർജന്റീന ലോകകപ്പിനെത്തിയത്. പ്രായോഗികതയെ കൂട്ടുപിടിച്ച് സ്‌കലോണി അർജന്റീനിയൻ നിരയെ വാർത്തെടുത്തപ്പോൾ ലോകമാകെ അമ്പരന്നുനിന്നു. പിന്നെ എതിരാളികൾക്കൊക്കെ സ്‌കലോണിപ്പട വലിയ വെല്ലുവിളിയായി മാറി.



പക്ഷേ അത് വരെയുള്ള എല്ലാ പ്രവചനങ്ങളും ആദ്യ മത്സരത്തിൽ തന്നെ ചിന്നിച്ചിതറി. സൗദിക്കുമുന്നിൽ സ്‌കലോണിയും സംഘവും കളിമറന്നു. മധ്യനിരയിൽ കളി മെനഞ്ഞ് ഗോളടിക്കുന്ന സ്വതസിദ്ധമായ തന്റെ ശൈലി ഉപേക്ഷിക്കുന്ന സ്‌കലോണിയേയാണ് കാണാനായത്. 4-2-3-1 ശൈലിയിൽ ടീമിനെ ഇറക്കിയ സ്‌കലോണി മിഡ്ഫീൽഡർമാരെ വിദഗ്ദമായി ഉപയോഗിച്ചില്ല. മെസ്സിയുടെ നീക്കങ്ങൾക്കനുസരിച്ച് പാകപ്പെടുത്തിയ ടീമിനേയും കാണാനായില്ല.

മൈതാനത്ത് പന്ത് കിട്ടിയപ്പോഴെല്ലാം ത്രൂ ബോളുകളിലൂടെയും ഹൈ ബോളുകളിലൂടേയും മാത്രം അവസരങ്ങൾ സൃഷ്ടിച്ചു. അങ്ങനെയായിരുന്നു സ്‌കലോണി തന്ത്രങ്ങൾ ഒരുക്കിയത്. മധ്യനിരയിൽ കളിമെനയാൻ ആരും മുതിർന്നില്ല. മൂന്ന തവണ അർജന്റീന അടിച്ച ഗോളുകൾ ഓഫ്സൈഡായിരുന്നു. കാരണം സൗദി ഒരുക്കിയ ഡിഫെൻസീഫ് ലൈൻ ഭേദിച്ചുമാത്രം മുന്നേറാനാണ് അർജന്റീന ശ്രമിച്ചത്. മറ്റൊരു തന്ത്രവും അയാൾ നടപ്പാക്കിയില്ല.

തന്ത്രം പാളുമ്പോൾ മറുതന്ത്രമൊരുക്കുന്ന പ്രായോഗികതയെ വെള്ളവരയ്ക്ക് പുറത്തുതന്നെ പ്രതിഷ്ഠിച്ചു. സൗദിയുടെ കൗണ്ടർ അറ്റാക്കുകൾ തടയാൻ മറുമരുന്ന് കണ്ടുപിടിക്കാനാവാതെ അയാൾ ഉഴറി. കളിക്കാരുടെ തിരഞ്ഞെടുപ്പും മികച്ചതായിരുന്നില്ല. മാഞ്ചെസ്റ്റർ യുണൈറ്റഡ് ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനസ്, ബ്രൈറ്റന്റെ മക് അലിസ്റ്റർ എന്നിവരെ ഒഴിവാക്കി. ഇടത് വിങ്ങിൽ കളിച്ച പപ്പു ഗോമസ് മികച്ച മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. വലതു വിങ്ങിൽ മെസ്സക്ക് പകരം ഡി മരിയ മികച്ചു നിന്നു. പക്ഷേ മെസ്സിയുടെ പൊസിഷനിങ് പാളി. എല്ലാം കൊണ്ടും സ്‌കലോണിപ്പടയുടെ തന്ത്രങ്ങളെല്ലാം വിഫലമായി.



ജീവന്മരണപോരാട്ടമായിരുന്നു മെക്സിക്കോയുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മത്സരം. ഇനി തോറ്റാൽ പുറത്തേക്കാണെന്ന ബോധ്യത്തിൽ കളിക്കാരേയും നടപ്പിലാക്കേണ്ട തന്ത്രങ്ങളേയും പുതുക്കിയാണ് അർജന്റീന മൈതാനത്തിറങ്ങിയത്. ശക്തമായ പ്രതിരോധമുള്ള ടീമുകളിലൊന്നാണ് മെക്സിക്കോ. പ്രതിരോധക്കോട്ടപ്പിളർന്നാലും ഗോൾബാറിന് കീഴിൽ അത്ഭുതം കാണിക്കുന്ന ഗ്വില്ലർമോ ഓച്ചാവോ എന്ന 13-ാം നമ്പറുകാരനുമുണ്ട്. പപ്പുവിനും പാരഡസിനും പകരം ഗൈഡോ റോഡ്രിഗസും അലെക്സിസ് മാക് അലിസ്റ്ററും മധ്യനിരയിലേക്കിറങ്ങി.

ആദ്യ പകുതിയിൽ അർജന്റീന ശരാശരി നിലവാരത്തിനൊത്ത പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. വിരസമായ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടസും കളത്തിലിറങ്ങിയതോടെ കളി മാറി. മെസ്സി ആദ്യ ഗോളടിച്ചപ്പോൾ എൻസോ രണ്ടാമതും വലകുലുക്കി. അങ്ങനെയാണ് മെക്സിക്കൻ തിരമാലകൾ നിശബ്ദമാകുന്നത്. ജീവൻ തിരികെ പിടിച്ച് മെസ്സിപ്പട അടുത്ത മത്സരത്തിന് തയ്യാറെടുത്തു.

ഗ്രൂപ്പിലെ അവസാനമത്സരത്തിനിറങ്ങിയ അർജന്റീനയെ കാത്തുനിന്നത് പോളണ്ടിന്റെ ഇരട്ട പ്രതിരോധഭിത്തിയായിരുന്നു. ടീമിലെ പത്തോളം പേർ പെനാൽറ്റി ബോക്സിൽ കാവൽനിന്നു. മെസ്സിയും സംഘവും നിരന്തരം ആക്രമണങ്ങളുതിർത്തിട്ടും ആദ്യ പകുതി വലകുലുക്കാനായില്ല. മെസ്സിയുടെ പെനാൽറ്റി പോളണ്ട് ഗോൾകീപ്പർ ഷെസ്നി തട്ടിയകറ്റി. ആ പ്രതിരോധക്കോട്ട എങ്ങനെയാണ് അർജന്റീന പിളർക്കുകയെന്ന ആശങ്കകൾക്കുമുകളിൽ മാക് അലിസ്റ്റർ ആദ്യ വെടിയുതിർത്തു. പിന്നെ പോളണ്ടിന്റെ എല്ലാ പ്രതിരോധക്കോട്ടകളേയും ഉലച്ചുകൊണ്ട് മെസ്സിയും സംഘവും നിറഞ്ഞാടി. ജൂലിയൻ അൽവാരസ് രണ്ടാം ഗോളുമടിച്ച് അർജന്റീനയുടെ വിജയം ഉറപ്പാക്കി. ഒപ്പം പ്രീ ക്വാർട്ടർ ടിക്കറ്റും.



ഓസ്ട്രേലിയയുമായുള്ള പ്രീ ക്വാർട്ടർ മത്സരമെത്തുമ്പോഴേക്കും അർജന്റീനയുടെ മധ്യനിര സുശക്തമായിരുന്നു. റോഡ്രിഗോ ഡി പോളും എൻസോയും അലെക്സിസ് മാക് അലിസ്റ്ററും മധ്യനിരയിലെ സ്ഥിരസാന്നിധ്യമായി. പരിക്കേറ്റ ഡി മരിയക്കുപകരം പപ്പു ഗോമസാണിറങ്ങിയത്. പ്രതിരോധക്കോട്ടകളെല്ലാം പൊളിച്ച് മെസ്സി മായാജാലം കാട്ടിയപ്പോൾ ഓസ്ട്രേലിയക്കും പിടിച്ചുനിൽക്കാനായില്ല. അൽവാരസ് രണ്ടാം ഗോളടിച്ച് കത്തിക്കയറി. ആധിപത്യത്തോടെയാണ് അർജന്റീന സോക്കറൂസിനെതിരേ കളിച്ചതും ജയിച്ചതും.

എന്നാൽ ക്വാർട്ടറിൽ സ്‌കലോണി വീണ്ടും തന്ത്രം മാറ്റി. കരുത്തരായ ഡച്ച്പട അർജന്റീനയ്ക്ക് വലിയ വെല്ലുവിളിയുയർത്തുമെന്ന കണക്കുകൂട്ടലിൽ മൂന്ന് സെന്റർബാക്കുകളെ സ്‌കലോണി ടീമിലിറക്കി. ആക്രമണങ്ങളെ തടഞ്ഞുനിർത്താൻ ഒട്ടാമൻഡിയും റൊമേറോയും ലിസാൻഡ്രോയും ചേർന്ന് പ്രതിരോധപ്പൂട്ടിട്ടു. നെതർലൻഡ്സിന്റെ മധ്യനിരയും പ്രതിരോധവും മികച്ചതാണ്. മൈതാനത്ത് സ്‌കലോണിയും സംഘവും സ്‌കലോണിയുടെ നീക്കങ്ങളെയെല്ലാം വിഫലമാക്കി. മെസ്സിയുടെ മിന്നൽനീക്കങ്ങളും ചേർന്നപ്പോൾ രണ്ടുഗോളിന് അർജന്റീന മുന്നിട്ടുനിന്നു.

എന്നാൽ അക്യൂനയേയും റൊമേറോയേയും പിൻവലിച്ചതോടെ അർജന്റീനയുടെ പ്രതിരോധത്തിൽ നെതർലൻഡ്സും വിള്ളലുകളുണ്ടാക്കി. രണ്ട് ഗോളുകൾ തിരിച്ചടിച്ച് കളി സമനിലയിലാക്കുകയും ചെയ്തു. പിന്നീട് അർജന്റീന ഡച്ച് ഗോൾമുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ പെനാൽറ്റി ഷൂട്ടൗട്ട് തന്നെ മത്സരത്തിന്റെ വിധിയെഴുതി. എമിലിയാനോ മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായപ്പോൾ അർജന്റീന സെമിയിലേക്ക് മുന്നേറി.

സെമിയിലും ക്രൊയേഷ്യയെ പഠിച്ചാണ് സ്‌കലോണി വന്നത്. ലോകത്തിലെ തന്നെ മികച്ച മധ്യനിരയുള്ള ടീമുകളിലൊന്നാണ് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ചും ബ്രൊസോവിച്ചും കൊവാസിച്ചും ഏത് പ്രതിരോധവും പിളർക്കാൻ പോന്നവരാണ്. ക്വാർട്ടറിൽ ബ്രസീലിനെതിരേ മോഡ്രിച്ചും സംഘവും കളം അടക്കിവാഴുന്നതാണ് കണ്ടത്. അതിനാൽ മികച്ചൊരു മധ്യനിരയെ കളത്തിലിറക്കാതെ മത്സരത്തിൽ ആധ്യപത്യം പുലർത്താനാകില്ലെന്ന വിലയിരുത്തലിൽ പാരഡസിനേയും മൈതാനത്തിറക്കിക്കൊണ്ട് നാല് മധ്യനിരതാരങ്ങളുമായാണ് അർജന്റീന കളിച്ചത്.

രണ്ട് മാറ്റങ്ങളുമായി 4-4-2 ശൈലിയിലാണ് സ്‌കലോണി അർജന്റീനയെ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ പകരക്കാരനായി മാത്രമിറങ്ങിയ ഏഞ്ചൽ ഡി മരിയ സ്റ്റാർട്ടിങ് ഇലവനിലുണ്ടായിരുന്നില്ല. ലിസാർഡ്രോ മാർട്ടിനെസിന് പകരം ലിയാൻഡ്രോ പരേഡസും മാർക്കസ് അക്യുനക്ക് പകരം നിക്കോളാസ് ടാഗ്ലിഫിക്കോയും അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിലെത്തി. അതേസമയം ബ്രസീലിന് എതിരായ ക്വാർട്ടർ ഫൈനലിലെ അതേ ടീമിനെ 4-3-3 ശൈലിയിൽ ഡാലിച്ചിന്റെ ക്രൊയേഷ്യ നിലനിർത്തുകയായിരുന്നു.

ആദ്യം ക്രൊയേഷ്യയാണ് പന്തടക്കത്തിൽ ആധിപത്യം പുലർത്തിയത്. മധ്യനിരയിൽ മോഡ്രിച്ച് പതിവ് പ്രകടനം തുടർന്നതോടെ അർജന്റീന പ്രതിരോധത്തിലായി. പ്രതിരോധത്തിൽ അൽപ്പം വലിഞ്ഞാണ് മെസ്സിപ്പട കളിച്ചത്. എന്നാൽ പതിയെ പതിയെ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് അർജന്റീന കളം നിറഞ്ഞു. 34-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസ്സി ആദ്യ ഗോളടിച്ചു. മിനിറ്റുകൾക്കകം മികച്ചൊരു സോളോ ഗോളിലൂടെ അൽവാരസും. അതോടെ ക്രൊയേഷ്യയുടെ പിടിവിട്ടു. പിന്നെ അർജന്റീന കളിയുടെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്നു.

രണ്ടാം പകുതിയിൽ പാരഡസിന് പകരം ലിസാൻഡ്രോ മാർട്ടിനസിനെ കളത്തിലിറക്കി സ്‌കലോണി പ്രതിരോധം ശക്തിപ്പെടുത്തിയതോടെ ക്രൊയേഷ്യ കീഴടങ്ങി. പക്ഷേ അർജന്റീന അവസാനിപ്പിച്ചില്ല. മെസ്സിയും. 2018-ലോകകപ്പിലെ ഒരു കടം വീട്ടാനുണ്ടായിരുന്നു അവർക്ക്. മെസ്സി വലതുവിങ്ങിലൂടെ നിറഞ്ഞാടി. ക്രൊയേഷ്യൻ പ്രതിരോധതാരങ്ങളെയെല്ലാം വെട്ടിച്ച് ബോക്സിലേക്ക് പന്ത് നീട്ടി. അനായാസം വലകുലുക്കി അൽവാരസ് മത്സരത്തിലെ രണ്ടാം ഗോളും നേടിയതോടെ ആൽബിസെലസ്റ്റൻ തിരമാലകൾ ആർത്തലച്ചെത്തി.



ബോർന സോസ, മാരിയോ പസാലിച്ച് എന്നിവർക്കു പകരം നിക്കോളാ വ്‌ലാസിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവരെ കളത്തിലെത്തിച്ച് അവസാന നിമിഷവും ക്രൊയേഷ്യ പൊരുതി. മിനിറ്റുകൾക്കുള്ളിൽ ബ്രോസോവിച്ചിനു പകരം പെട്‌കോവിച്ചുമെത്തി. മത്സരം ഒരു മണിക്കൂർ പിന്നിട്ടതിനു പിന്നാലെ പരേഡസിനു പകരം ലിസാൻഡ്രോ മാർട്ടിനസിനെ അർജന്റീന പരിശീലകനും കളത്തിലിറക്കി. ആദ്യപകുതിയിലേതിനു സമാനമായി രണ്ടാം പകുതിയിലും തുടക്കത്തിൽ ആധിപത്യം പുലർത്തിയത് ക്രൊയേഷ്യ തന്നെ. പക്ഷേ ഗോളടിച്ചത് അർജന്റീനയും.

സൂപ്പർതാരം ലയണൽ മെസ്സിയുടെ തകർപ്പൻ സോളോ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോളിന്റെ പിറവി. ഗോളടിച്ചതോടെ കളം പിടിച്ച അർജന്റീന താരങ്ങൾ പിന്നീട് ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ ക്രൊയേഷ്യയെ പൂട്ടി. മത്സരം 80 മിനിറ്റ് പിന്നിട്ടതോടെ ക്രൊയേഷ്യ പരിശീലകൻ ലൂക്കാ മോഡ്രിച്ചിനെ തിരിച്ചുവിളിച്ചു. അപ്പോൾത്തന്നെ കളിയുടെ വിധി ഏതാണ്ട് വ്യക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP