Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഠിക്കുമ്പോൾ ബാഗിലുണ്ടായിരുന്നത് മൂലധനം; ഒറ്റ ജീപ്പിലൂടെ കേരളാ കോൺഗ്രസിന്റെ അമരത്ത് എത്തിയ തന്ത്രശാലി; ഇരട്ടപ്പദവി ഉയർത്തി ഗുരുവിനെ വെട്ടിയ ശിഷ്യൻ; ബാർ കോഴയിൽ അടിതെറ്റുന്നത് കെഎം മാണിയെന്ന രാഷ്ട്രീയ ചാണക്യന്

പഠിക്കുമ്പോൾ ബാഗിലുണ്ടായിരുന്നത് മൂലധനം; ഒറ്റ ജീപ്പിലൂടെ കേരളാ കോൺഗ്രസിന്റെ അമരത്ത് എത്തിയ തന്ത്രശാലി; ഇരട്ടപ്പദവി ഉയർത്തി ഗുരുവിനെ വെട്ടിയ ശിഷ്യൻ; ബാർ കോഴയിൽ അടിതെറ്റുന്നത് കെഎം മാണിയെന്ന രാഷ്ട്രീയ ചാണക്യന്

മറുനാടൻ മലയാളി ബ്യൂറോ

ഠനകാലത്ത് കാർൽ മാക്‌സിന്റെ മൂലധനമായിരുന്നു കൂട്ട്. പഠനം കഴിഞ്ഞതോടെ കോൺഗ്രസുകാരനായി. കേരളാ കോൺഗ്രസിന്റെ ഉദയം മാണിയെ എംഎൽഎ പദവിയിലുമെത്തിച്ചു. ഇതോടെ മാണിയെന്ന പാലാക്കരൂടെ മാണിക്യത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നു. 50 കൊല്ലമാണ് പാലയുടെ ജനപ്രതിനിധിയായി മാണി തിളങ്ങിയത്. ഇതിനിടെയിൽ ബാർ കോഴ വിവാദത്തിൽ അല്ലാതെ ഒരിക്കൽ പോലും രാഷ്ട്രീയ ജീവിതത്തിൽ താഴേക്ക് പോക്ക് മാണിക്കുണ്ടായില്ല. അധികാര സ്ഥാനങ്ങളിലേക്കുള്ള യാത്രയിൽ അജയ്യനായിരുന്നു മാണി. കോൺഗ്രസിന്റെ കോട്ടയം ഡിസിസി സെക്രട്ടറിയിൽ നിന്ന് കേരളാ കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള യാത്ര സംഭവ ബഹുലവുമാണ്. ഇതിനിടെയിൽ ഒരിക്കലും തളർന്ന മുഖത്തോടെ മാണിയെ ആരു കണ്ടില്ല.

തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിലായിരുന്നു കെ.എം.മാണിയുടെ ബിരുദപഠനം. താമസം ഹോസ്റ്റലിൽ. ഹോസ്റ്റലിൽ ഒരിക്കൽ ഒരു വിദ്യാർത്ഥിയുടെ പണം മോഷണം പോയി. പിന്നീടും പോയി. ക്രിസ്ത്യൻ മാനേജ്‌മെന്റ് നടത്തിയിരുന്ന കോളേജിലെ പുരോഹിതനായ പാലാക്കാരൻ കെ.എം.മാണിയുടെ പെട്ടിയിൽ ഒരു തടിയൻ പുസ്തകം, കാറൽമാക്‌സിന്റെ ''മൂലധനം''. യാഥാസ്ഥിതികനായ കത്തോലിക്കാ പുരോഹിതന് സഹിച്ചില്ലി. മാനേജ്‌മെന്റ് രംഗത്തെത്തി. മാണിയെ കൈയോടെ കോളേജിൽനിന്ന് പുറത്താക്കി.
അന്നു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ യു.വി.ചാക്കോയാണ് മാണിയെ രക്ഷിച്ചത്. മാണിയെകൂട്ടി അദ്ദേഹം എറണാകുളം സേക്രഡ് ഹാർട്ട് കോളേജിലെത്തി അവിടെ പ്രവേശനം വാങ്ങിക്കൊടുത്തു. അങ്ങനെ മാണി പഠനം പൂർത്തിയാക്കി.

വി്ദ്യാർത്ഥിയായിരിക്കെ കാറൽ മാക്‌സിനെ നെഞ്ചിലേറ്റിയ മാണി പഠനത്തിന് ശേഷം അടുത്തത് ഗാന്ധിയൻ ആദരർശത്തിലേക്കാണ്. അങ്ങനെ കോൺഗ്രസിന്റെ പ്രവർത്തകനായി. ഡിസിസി സെക്രട്ടറി പദത്തിലുമെത്തി. ഇതിനിടെയിൽ ബിരുദമെടുത്ത ശേഷം നിയമം പഠിച്ച് വക്കിലുമായിരുന്നു. കോൺഗ്രസ്സിന്റെ കരുത്താനായ നേതാവ് പി.ടി.ചാക്കോയുടെ നിര്യാണത്തെ തുടർന്ന് പാർട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞവരൊക്കെ കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ യോഗംചേർന്ന് കേരള കോൺഗ്രസ്സ് രൂപീകരിക്കുമ്പോൾ കെ.എം.മാണി കോട്ടയത്തെ കോൺ
ഗ്രസ് നേതാക്കളിൽ പ്രമുഖൻ. 1964 ഒക്ടോബർ എട്ടിനായിരുന്നു കേരള കോൺഗ്രസ്സിന് ജന്മംനൽകിയ ആ സമ്മേളനം. കെ.എം.ജോർജ്ജ്, വയലാ ഇടിക്കുള, മാത്തച്ചൻ കുരുവിനാക്കുന്നേൽ, ഇ.ജോൺ ജേക്കബ്ബ്, ആർ ബാലകൃഷ്ണപിള്ള, ടി.കൃഷ്ണൻ, എം.എം.ജോസഫ്, സി.എ.മാത്യു, ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവർ ആ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഈ യോഗത്തിന്റെ മുൻ നിരയിൽ ഇല്ലാതിരുന്ന മാണി പിന്നീട് കേരളാ കോൺഗ്രസിന്റെ എല്ലാമെല്ലാമായി.

കെ.എം.ജോർജ്ജ് ചെയർമാനായി കേരളാ കോൺഗ്രസ്സ് രൂപംകൊണ്ടു. മാത്തച്ചൻ കുരുവിനാക്കുന്നേൽ ജനറൽ സെക്രട്ടറിയുമായി. ധനാഠ്യനായിരുന്നു മാത്തച്ചൻ കുരുവിനാക്കുന്നേൽ. കോട്ടയത്ത് പാർട്ടി ഓഫീസിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഓഫീസിലുണ്ടായിരുന്ന ജീപ്പിന്റെ നിയന്ത്രണം ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്കായിരുന്നു. ഇതെല്ലാം ശ്രദ്ധിച്ച് മാണിയും പാലായിൽ സജീവമായിരുന്നു. 1965 മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ പാലാ മണ്ഡലത്തിലേക്ക് ഒരു സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസിന് വേണം. എല്ലാവരുടേയും മനസ്സ് മാണിയിലെത്തി. കേരള കോൺഗ്രസ്സ് നേതാവ് മോഹൻ കുളത്തുങ്കൽ മാണിയെ ചെന്നുകണ്ടു. കുറേ ആലോചിച്ച ശേഷം മാണി സമ്മതിച്ചു. പക്ഷേ, തിരഞ്ഞെടുപ്പിന് ചെലവാക്കാൻ കൈയിൽ പണമില്ല. അതുകൊടുക്കാമെന്ന് കുളത്തിങ്കൽ ഏറ്റു. 35,000 രൂപ അദ്ദേഹം മാണിയെ ഏൽപ്പിച്ചു. പാലായിൽ കെ.എം.മാണി സ്ഥാനാർത്ഥിയായി.

1965 മാർച്ച് 4ന് നടന്ന തിരഞ്ഞെടുപ്പിൽ 26 സീറ്റ് കിട്ടിയ കേരള കോൺഗ്രസ്സ് കേരളരാഷ്ട്രീയത്തിലേക്ക് ഉറച്ച കാൽവെയ്‌പ്പോടെ കടന്നു വരികയായിരുന്നു. അന്ന് കോൺഗ്രസ്സിന് കിട്ടിയത് 40 സീറ്റ്. സിപിഎമ്മിന് 36 സീറ്റും. ആർക്കും ഭൂരിപക്ഷമില്ലിതിരുന്നതിനാൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. എംഎൽഎ ആയതോടെ മാണി രാഷ്ട്രീയ നീക്കങ്ങളും സജീവമാക്കി. കെ എം ജോർജിന്റെ വിശ്വസ്തനായി. ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്കാണ് ജീപ്പിന്മേലുള്ള അവകാശം. മാണി പാർട്ടി ചെയർമാൻ കെ.എം.ജോർജ്ജിന് മുൻപിൽ ഒരു നിർദ്ദേശം വച്ചു തന്നെ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയാൽ കേരളം മുഴുവൻ സഞ്ചരിച്ച് പാർട്ടി കെട്ടിപ്പെടുക്കാം. ജോർജ്ജ് ഇക്കാര്യം മാത്തച്ചൻ കുരുവിനാക്കുന്നേലുമായി സംസാരിച്ചു. സ്ഥാപക ജനറൽ സെക്രട്ടറി ആർ.ബാലകൃഷ്ണപിള്ളയുമായും സംസാരിച്ചു. എന്നാൽ ഈ നിർദ്ദേശം ഇരുവരും സ്വീകരിച്ചില്ല.

മാണിയെ ആ ചുമതല ഏൽപ്പിച്ചാൽ കെ.എം.ജോർജ്ജ് ദുഃഖിക്കേണ്ടി വരുമെന്ന് ഇരുവരും മുന്നറിയിപ്പ് നൽകി. അവസാനം ജോർജ്ജ് കെ.എം.മാണിയുടെ ആവശ്യത്തിന് വഴങ്ങി. 1971ലും 1972ലും കേരള കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായി കെ.എം.മാണി. ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി. ഇതോടെ കേരള കോൺഗ്രസ്സ് രാഷ്ട്രീയം മാണിയുടെ കൈയിലെത്തി. പ്രധാനമന്ത്രി ഇന്ദിരഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസ്സ് വിരുദ്ധ ചേരിയിലായിരുന്നു കേരള കോൺഗ്രസ്സ്. കേരളത്തിലെ പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലായി. കെ.എം.ജോർജ്ജിനെയും ആർ.ബാലകൃഷ്ണ പിള്ളയേയും പൊലീസ് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. 1975 ജൂലായിലായിരുന്നു അത്. കെ.എം.മാണി ഒളിവിൽ പോയി. അന്നത്തെ അച്ച്യുതമേനോൻ സർക്കാരിൽ ചേരാൻ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം കേരള കോൺഗ്രസ്സിനെ ക്ഷണിച്ചു.

ഡിസംബറിൽ ജോർജ്ജിനെയും ബാലകൃഷ്ണപിള്ളയേയും മോചിപ്പിച്ച് ഡൽഹിയിലെത്തിച്ചു. 'തിരികെ ജയിലിലേക്കു പോകണോ, അതോ മന്ത്രിയാകണോ' എന്നതായിരുന്നു ഡൽഹിയിൽ കോൺഗ്രസ്സ് നേതാക്കൾ ജോർജ്ജിനോടും പിള്ളയോടും ചോദിച്ചത്. ജോർജ്ജും അന്ന് ലോകസഭാംഗമായ ബാലകൃഷ്ണപിള്ളയും മന്ത്രിസഭയിൽ ചേരുക എന്ന തീരുമാനമെടുത്ത് ഇന്ദിരാഗാന്ധിയുടെ ആശിർവാദത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങി. 1975 ഡിസംബർ 25ാം തിയ്യതി കോട്ടയത്ത് ചില കത്തോലിക്ക പുരോഹിതന്മാർ യോഗം ചേർന്നു. കേരള കോൺഗ്രസ്സ് പാർട്ടിചെയർമാനും പാർലമെന്ററി പാർട്ടി നേതാവും ഒരാളായിരിക്കാൻ പാടില്ല എന്ന സിദ്ധാന്തം അപ്പോഴേക്കും കെ.എം.മാണി മുന്നോട്ട് വച്ചിരുന്നു. മാണിയുടെ സിദ്ധാന്ത്‌ത്തെ പുരോഹിതരും അംഗീകരിച്ചതോടെ കാര്യങ്ങൾ മാണിക്ക് അനുകൂലമായി.

ജോർജ്ജ് പാർട്ടി ചെയർമാൻസ്ഥാനം ഒഴിഞ്ഞാൽ കെ.എം.മാണി പാർട്ടി ചെയർമാനാകും. പാർട്ടി അദ്ദേഹത്തിന്റെ കൈയിലാകും. ജോർജ്ജ് ചെയർമാൻസ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ മാണി മന്ത്രിയാവും. ഡിസംബർ 26ന് കെ.എം.മാണി സത്യപ്രതിജ്ഞചെയ്ത് മന്ത്രിയായി. ഒപ്പം ബാലകൃഷ്ണപിള്ളയും. അധികം താമസിയാതെ പിള്ള മന്ത്രിസ്ഥാനം രാജിവച്ചു. ആ സ്ഥാനത്ത് കെ.എം.ജോർജ്ജ് മന്ത്രിയായി; 1976 ജൂൺ 26ന്. 1976 ഡിസംബർ 11ന് കെ.എം.ജോർജ്ജ് മരണമടഞ്ഞു. തന്നെ പിന്നിൽനിന്ന് കെ.എം.മാണി കുത്തിവീഴ്‌ത്തിയതിൽ മനംനൊന്ത് ഹൃദയംപൊട്ടിയാണ് ജോർജ്ജ് മരിച്ചതെന്ന് അന്ന് തന്നെ ബാലകൃഷ്ണപിള്ള പരസ്യമായി ആരോപിച്ചു. പക്ഷേ ഇതൊന്നും കേരളാ കോൺഗ്രസിലെ മാണിയുടെ സ്വാധീനത്തെ കുറച്ചില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയിൽ കെ.എം.മാണി ആഭ്യന്തര മന്ത്രിയായി. ഇതിനോടകം മാണി കേരള കോൺഗ്രസ്സിന്റെ ചെയർമാനുമായി.

അടിയന്തരാവസ്ഥകാലത്തെ രാജൻ കേസിന്റെ പേരിൽ കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. അപ്പോഴും മാണി തന്നെ ആഭ്യന്തരമന്ത്രി. പാലായിലെ തിരഞ്ഞെടുപ്പുകേസിനെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു; 1977 ഡിസംബർ 21ന്. പകരം പി.ജെ.ജോസഫ് ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവച്ച് സ്ഥാനമൊഴിഞ്ഞപ്പോൾ സപ്തംബർ 16ന് മാണി വീണ്ടും മന്ത്രിയായി. പക്ഷേ പാർട്ടി ചെയർമാൻ സ്ഥാനം വേണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. ഇതോടെ പിളരും തോറും വളരുമെന്ന രാഷ്ട്രീയ സിദ്ധന്തത്തിന്റെ കാലമായി അതിന്റെ പേരിൽ മാണിയും ജോസഫും അകന്നു. ഈ അകൽച്ചയാണ് പിൽക്കാലത്ത് കേരള കോൺഗ്രസ്സിനുണ്ടായ എല്ലാ പിളർപ്പുകൾക്കും തുടക്കം കുറിച്ചത്. ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരം വന്നപ്പോൾ മാണി പി.ജി. സെബാസ്റ്റ്യനെയാണ് പിന്തുണച്ചത്. കടുത്ത മത്സരത്തിൽ പി.ജെ.ജോസഫ് പരാജയപ്പെട്ടു.

1980ൽ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സിലെ ആന്റണി പക്ഷം ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോൾ കെ.എം.മാണിയുടെയും പി.ജെ.ജോസഫിന്റെയും നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സും ഒപ്പം കൂടി. 1980ൽ ഇ.കെ.നായനാർ സർക്കാരിൽ കെ.എം.മാണിയും അംഗമായി. പക്ഷേ 1982ൽ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞട്ടിച്ച് കെ.എം.മാണി രാജിവച്ച് യു.ഡി.എഫിലേക്ക് മടങ്ങി.
ധനകാര്യമായിരുന്നു കെ.എം.മാണിക്ക് എപ്പോഴും ഇഷ്ടപ്പെട്ട വകുപ്പ്. ധനകാര്യത്തിലൂന്നി പുതിയ സിദ്ധാന്തങ്ങൾ കൊണ്ടുവരാനും അദ്ദേഹം തയ്യാറായി. 1986-87ൽ മിച്ച ബജറ്റാണ് അന്ന് അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചത്. അതിൽ വാദപ്രതിവാദങ്ങൾ ഏറെ നടന്നു. കഴിഞ്ഞ തവണ കെ.എം.മാണി നിയമസഭയിൽ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ 13ാമത് ബജറ്റായിരുന്നു. ബാർ കോഴകേസിൽ സമരം ചെയ്യുകയായിരുന്ന പ്രതിപക്ഷം നിയമസഭയിൽ കടുത്ത പ്രതിഷേധവുമായി ഇറങ്ങിയതോടെ ബജറ്റവതരണം തന്നെ അലങ്കോലപ്പെട്ടു. പേരിനുമാത്രമായി റിക്കോർഡ് ബജറ്റ് അവതരണം.

1989ൽ പി.ജെ.ജോസഫും കൂട്ടരും ഇടതുമുന്നണിയിലേക്ക് ചേക്കേറി. പിന്നീട് പി.ജെ.ജോസഫ് ഇടതുപക്ഷത്തിന് പ്രിയപ്പെട്ട കേരള കോൺഗ്രസ്സുകാരനായി. അദ്ദേഹത്തിന്റെ ഇടതുവശത്ത് പി.സി.ജോർജ്ജും വലതുവശത്ത് ഡോ.കെ.സി.ജോസഫും നിലയുറപ്പിച്ചു. 2003ൽ വി എസ്.അച്യുതാനന്ദന്റെ മതികെട്ടാൻ മലകയറ്റത്തെത്തുടർന്ന് ജോർജ്ജ് പി.ജെ.ജോസഫിൽ നിന്ന് അകന്നു.
പിന്നെ ജോർജ്ജ് യു.ഡി.എഫിലേക്ക് നീങ്ങിയതും പിന്നാലെ ജോസഫ് ഗ്രൂപ്പ് ഇടത് മുന്നണി വിട്ടതും മാണി ഗ്രൂപ്പിൽ ലയിച്ചതും പി.സി.ജോർജ്ജ് പാർട്ടിയുടെ ഏക വൈസ് ചെയർമാനായതും പാർട്ടിയിലും മുന്നണിയിലും ജോർജ്ജ് പൊല്ലാപ്പുകൾ ഉണ്ടാക്കിയതും മെല്ലാം ചരിത്രം. ഇവിടെയൊക്കെ മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ സമർത്ഥമായി കരുനീക്കങ്ങൾ കാണാം. ഇതൊക്കം ബാർ കോഴയിൽ വിലപോയില്ല. സ്വന്തം പാളയത്തിലെ പഴയ ശത്രു ജോസഫിന്റെ ഒറ്റപ്പെടുത്തലും ആദ്യമായി മാണിയെ തളർത്തി.

കേരളാ കോൺഗ്രസിന്റെ സുവർണജൂബിലി ആഘോഷത്തോടെയാണു കെ.എം. മാണിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കു കേരളം കാതോർത്തത്. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽ.ഡി.എഫുമായി ചേർന്നു പി.സി. ജോർജ് ചരടുവലിച്ചു. ഇതിനിടെയാണ് ബാർ ഉടമകളുടെ സംഘടനയുടെ വർക്കിങ് പ്രസിഡന്റ് ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നത്. ബാർകോഴയിൽ മാണി കുടുങ്ങിയതോടെ കോൺഗ്രസ് സന്തോഷിച്ചു. മുന്നണി വിടാൻ കാരണങ്ങളന്വേഷിച്ചു പലതവണ കോൺഗ്രസുമായി മാണി ഉടക്കിയിരുന്നു. ഇതിനെല്ലാം നേതൃത്വം നൽകിയിരുന്നത് ഇപ്പോൾ ഇടതുമുന്നണിയുമായി അടുപ്പം സ്ഥാപിച്ച പി.സി. ജോർജായിരുന്നു. ബാർകോഴയെച്ചൊല്ലി പി.സി. ജോർജുമായി ഉടക്കിയ മാണി അദ്ദേഹത്തിനെതിരേ നടപടിയെടുത്തു. പാർട്ടിയിൽ വെറും എംഎ‍ൽഎയായി തുടരുന്ന ജോർജിനെ ഒടുവിൽ കൂറുമാറ്റത്തിലും കുടുക്കി അയോഗ്യനാക്കുന്നിടത്തു വരെ കാര്യങ്ങളെത്തി. അതിന്റെ തുടർച്ചയാണ് മാണിയുടെ രാജിയും.

അൻപത് വർഷം കേരള രാഷ്ട്രീയം കൈവെള്ളയിലിട്ട് അമ്മാനമാടിയ ആൾ. രാഷ്ട്രീയ കേരളത്തിന്റെ അതികായൻ. കൂർമ്മബുദ്ധി. നിയമവിശാരദൻ. രാഷ്ട്രീയ തന്ത്രശാലി. യു. ഡി. എഫ് രാഷ്ട്രീയത്തിെന്റ ഗതിവിഗതികൾ എല്ലാക്കാലത്തും നിയന്ത്രിച്ച് വരുതിക്ക് നിർത്തിയ കെ. എം മാണിയുടെ പതനം രാഷ്ട്രീയ കേരളത്തിന് അത്ഭുതമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP