Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചിന്നവരുടെ സിനിമാ തിരക്കുകൾ ഒഴിഞ്ഞു; അനുയായികളും അണികളും ഏറെ നാളായി കാത്തിരുന്ന തീരുമാനമെടുത്ത് എം കെ സ്റ്റാലിൻ; കുടുംബ രാഷ്ട്രീയം എന്ന വിമർശനപ്പേടി മാറ്റി വച്ച് മകൻ ഉദയ്‌നിധി സ്റ്റാലിനെ മന്ത്രിസഭയിലേക്ക് ആനയിക്കുന്നു; സത്യപ്രതിജ്ഞ ബുധനാഴ്ച നടന്നേക്കും

ചിന്നവരുടെ സിനിമാ തിരക്കുകൾ ഒഴിഞ്ഞു; അനുയായികളും അണികളും ഏറെ നാളായി കാത്തിരുന്ന തീരുമാനമെടുത്ത് എം കെ സ്റ്റാലിൻ; കുടുംബ രാഷ്ട്രീയം എന്ന വിമർശനപ്പേടി മാറ്റി വച്ച് മകൻ ഉദയ്‌നിധി സ്റ്റാലിനെ മന്ത്രിസഭയിലേക്ക് ആനയിക്കുന്നു; സത്യപ്രതിജ്ഞ ബുധനാഴ്ച നടന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നടനും, രാഷ്ട്രീയക്കാരനും, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയ്‌നിധി സ്റ്റാലിനും മന്ത്രിയാകും. ചിന്നവർ ഉദയനിധി എന്ന് വിളിപ്പേരുള്ള ഉദയ്‌നിധി കഴിഞ്ഞ കുറെ വർഷങ്ങളായി ഡിഎംകെ യുവജന വിഭാഗം നേതാവാണ്. ഡിഎംകയിലെ വരുംകാല നേതാക്കളിൽ ഒരാൾ. ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു വിവരം. പൊതുജന ക്ഷേമകാര്യ വകുപ്പോ, കായിക, യുവജനകാര്യ വകുപ്പോ ഉദയനിധിക്കു ലഭിക്കുമെന്നാണു പുറത്തുവരുന്ന വിവരം.മറ്റു ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്.

നേരത്തെ മന്ത്രിമാർ മുതൽ ജില്ലാ സെക്രട്ടറിമാർ വരെയുള്ളവർ ഉദയ്‌നിധിയെ മന്ത്രിസഭയിൽ എടുക്കാനുള്ള തീരുമാനത്തെ പിന്തുണച്ചിരുന്നു. എന്നാൽ, മകന് മന്ത്രിപദം കൊടുത്താൽ, കുടുംബ രാഷ്ട്രീയം എന്ന വിമർശനത്തിന് ശക്തി കൂടുമെന്ന ഭയം സ്റ്റാലിന് ഉണ്ടായിരുന്നു. 2019 മുതൽ ഡി.എം.കെയുടെ യൂത്ത്‌വിങ് സെക്രട്ടറിയാണ് ഉദയനിധി. സ്റ്റാലിനും 1982 മുതൽ 2017 വരെ ഈ പദവി വഹിച്ചിരുന്നു. 2021ലാണ് ആദ്യമായി ഉദയനിധി എംഎ‍ൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതിനു മുമ്പ് പാർട്ടിയുടെ മുഖ്യ പ്രചാരകനായിരുന്നു. എംഎ‍ൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്റെ മണ്ഡലമായ ചെപ്പോക്കിൽ റോബോട്ടിക് സീവേജ് ക്ലീനറെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാട്ടിൽ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിക്കുന്നത്.

രാഷ്ട്രീയത്തിനു പുറമെ സിനിമയിലും കഴിവുതെളിയിച്ചിട്ടുണ്ട് ഉദയ്‌നിധി. എം. രാജേഷ് സംവിധാനം ചെയ്ത ഒരു കാൽ ഒരു കണ്ണാടിയാണ് അഭിനയിച്ച പ്രധാന സിനിമ. കുരുവി, ആദവൻ, വണക്കം ചെന്നൈ എന്നീ സിനിമകളുടെ നിർമ്മാതാവാണ്

കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്ക് തിരുവെള്ളിക്കേണിയിൽ നിന്ന് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് ഉദയനിധി ജയിച്ചുകയറിയത്. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്ന പൊതുജന ക്ഷേമകാര്യ വകുപ്പ്, നിലവിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് കൈകാര്യം ചെയ്യുന്നത്. സർക്കാരിന്റെ പ്രധാന പദ്ധതികളെല്ലാം ഈ വകുപ്പിനു കീഴിലാണ്. ഈ വകുപ്പോ, യുവജനകാര്യ, കായിക വകുപ്പോ ഉദയനിധിക്ക് നൽകിയേക്കും. മന്ത്രി കെ.ആർ. പെരിയകറുപ്പൻ കൈകാര്യം ചെയ്യുന്ന ഗ്രാമീണ വികസനം ഉദയനിധിക്ക് കൈമാറിയാൽ മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടി വരും

ചെന്നൈ നഗരത്തിൽ മാൻഡോസ് ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലയിൽ ഞായറാഴ്ച ഉദയനിധി സന്ദർശനം നടത്തിയിരുന്നു. ഈ സമയത്ത് മാധ്യമപ്രവർത്തകർ മന്ത്രിസഭയിലേക്കെത്തുമോയെന്നു ചോദിച്ചപ്പോൾ ആരു പറഞ്ഞെന്നായിരുന്നു ഉദയനിധിയുടെ മറുചോദ്യം. ആവർത്തിച്ചു ചോദിച്ചപ്പോൾ എല്ലാകാര്യങ്ങളും മുഖ്യമന്ത്രി തീരുമാനിക്കുമെന്നു പറഞ്ഞൊഴിഞ്ഞു. കോവിഡാനന്തര കാലത്തും പ്രളയ കാലത്തും മണ്ഡലത്തിൽ ഉദയനിധി നടത്തിയ പ്രവർത്തനങ്ങൾ പരക്കെ കയ്യടി നേടിയിരുന്നു. ഇതിനിടയ്ക്കു പാർട്ടി യുവജനകാര്യ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

ഉദയ്‌നിധിയെ സ്റ്റാലിനോ പുതിയ തീരുമാനം ശരിവച്ചിട്ടില്ല. എന്നാൽ, പാർട്ടിയുടെ ഉന്നാധികാര സമിതി തീരുമാനം എടുത്തുകഴിഞ്ഞു. ഉദയ്‌നിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഏറെ നാളായി അടുത്ത അനുയായികളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, സിനിമാ രംഗത്തെ ചില ബാധ്യതകൾ നിറവേറ്റാൻ ഉള്ളതുകൊണ്ട് ഉദയ്‌നിധി സ്വയം ഇത് വച്ചുതാമസിപ്പിക്കുക ആയിരുന്നെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP