Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിജിന്റെ ചോരയ്ക്കും വിലയുണ്ട്; പ്രവാസി യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുകെ ലോക കേരള സഭ; യുകെയിലെ മലയാളികളുടെ ശബ്ദത്തിന് ഒരുമയുടെ സ്വരം; പരാതികൾ കേന്ദ്ര-കേരള സർക്കാരുകൾക്ക്; ഹൈ കമ്മീഷനും നാഷണൽ ക്രൈം ഏജൻസിക്കും പരാതി നൽകും; ബ്രിട്ടണിൽ നൂറോളം മലയാളി ഏജൻസികൾ നിരീക്ഷണത്തിലേക്ക്

വിജിന്റെ ചോരയ്ക്കും വിലയുണ്ട്; പ്രവാസി യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുകെ ലോക കേരള സഭ; യുകെയിലെ മലയാളികളുടെ ശബ്ദത്തിന് ഒരുമയുടെ സ്വരം; പരാതികൾ കേന്ദ്ര-കേരള സർക്കാരുകൾക്ക്; ഹൈ കമ്മീഷനും നാഷണൽ ക്രൈം ഏജൻസിക്കും പരാതി നൽകും; ബ്രിട്ടണിൽ നൂറോളം മലയാളി ഏജൻസികൾ നിരീക്ഷണത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സംഭവിക്കാൻ പാടില്ലാത്ത സംഭവമാണ് ഇക്കഴിഞ്ഞ രണ്ടാം തിയതി വൈകുന്നേരത്തോടെ യുകെ മലയാളികളെ തേടിയെത്തിയത്. സ്വപ്നങ്ങൾ നെയ്തെടുത്തു വന്ന ഒരു മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ലിവർപൂളിന് സമീപം ബിർകെൻഹെഡിൽ കണ്ടെത്തിയിരിക്കുന്നു. തുടർന്ന് മരണത്തെ ചുറ്റിപ്പറ്റി ഏറെ കാര്യങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പ്രബലമായതും അലോസരപ്പെടുത്തുന്നതും മരിച്ച വിജിന് ബാഹ്യസമ്മർദ്ദം നേരിടേണ്ടി വന്നു എന്ന സൂചനയാണ്. ഇതിൽ പ്രധാനം ലക്ഷക്കണക്കിന് രൂപ ഏജന്റുമാർക്ക് നൽകി മലയാളികൾ കണ്ടെത്തുന്ന കെയറർ ജോലി ഒരു പൗണ്ട് പോലും മുടക്കാതെ ലഭിച്ചത് തന്നിൽ നിന്നും കൈവിട്ടു പോകുന്നത് സൃഷ്ടിച്ച മാനസിക സമ്മർദ്ദമാണ് വിജിനെ മരണം വരെ എത്തിച്ചത് എന്ന സുഹൃത്തുക്കളുടെയും മറ്റും മൊഴികളാണ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കും വിധം ഇപ്പോഴും എത്തികൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ പതിവ് പോലെ യുകെയിലെ മലയാളി സംഘടനകളും പൊതു സമൂഹവും ഏറെക്കുറെ നിശബ്ദമായി നിന്നപ്പോൾ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ഉയർത്തിയ ശബ്ദം ഇപ്പോൾ അതീവ ഗൗരവത്തോടെ യുകെ ലോക കേരള സഭയും ഏറ്റെടുക്കുകയാണ്. മരണം സംബന്ധിച്ച ദുരൂഹത അന്വേഷിക്കേണ്ടത് ആണെന്നും ഇനിയും ഒരു വിജിൻ യുകെ മലയാളി സമൂഹത്തിൽ സൃഷ്ടിക്കപ്പെടാൻ പാടില്ലെന്നുമാണ് ലോക കേരള സഭ സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന. ഇക്കാര്യത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെ ഇടപെടൽ കൂടിയാണ് ലോക കേരള സഭ ആവശ്യപ്പെടുന്നത്. ഇത് ഔദ്യോഗികമായി കേരള, കേന്ദ്ര സർക്കാരുകളെ അറിയിക്കുന്നതോടെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന്റെ ഇടപെടൽ സാധ്യമാക്കുന്ന നടപടികളിലേക്കാണ് എത്തിച്ചേരുക. അതുവഴി ബ്രിട്ടീഷ് ഏജൻസികൾക്കും വിജിന്റെ മരണം വന്ന വഴി തേടിപ്പോകേണ്ടി വരും.

ഇതാദ്യമായാണ് ലോക കേരള സഭ യുകെ മലയാളി സമൂഹത്തിലെ ഒരു പൊതു പ്രശനം ഉയർത്തി രംഗത്ത് എത്തുന്നത് എന്നതും ഗൗരവം അർഹിക്കുന്നു. അതിനിടെ ലോക കേരള സഭ ശബ്ദം ഉയർത്തുമ്പോഴും യുക്മയും മറ്റു പ്രബല മലയാളി കൂട്ടായ്മകളും ഒരു യുവാവിന്റെ ജീവൻ കണ്മുന്നിൽ അസാധാരണ സാഹചര്യത്തിൽ നഷ്ടമായതിനു മുന്നിൽ കണ്ണടയ്ക്കുന്നത് കടുത്ത ഭാഷയിൽ വിമർശിക്കപ്പെടേണ്ടതുണ്ട് എന്നും പൊതുസമൂഹം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ വക്തികൾ എന്ന നിലയിൽ പത്തോളം പേരെങ്കിലും വിജിന്റെ മരണം സൃഷ്ടിച്ച സാഹചര്യം സംബന്ധിച്ചു വിശദമായി ബ്രിട്ടനിലെ വിവിധ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് നൽകിയതായാണ് സൂചന.

ഇക്കൂട്ടത്തിൽ ജോലിക്കു കയ്യിൽ പണം നൽകുന്ന ഏർപ്പാട് സ്വീകരിക്കുന്ന നഴ്‌സിങ് ഏജൻസികൾ മോഡേൺ സ്‌ളേവറി ആക്ടിന്റെ പരസ്യമായ ലംഘനമാണ് നടത്തുന്നത് എന്നും പരാതി ഉയർന്നു കഴിഞ്ഞു. സമാനമായ സംഭവത്തിൽ കഴിഞ്ഞ ഡിസംബറിൽ നോർത്ത് വെയ്ൽസിൽ നഴ്‌സിങ് ഏജൻസി നടത്തിയ നാല് മലയാളികളെ മോഡേൺ സ്ലെവാരി ആക്ട് പ്രകാരം ജിഎൽഎഎ എന്ന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത കേസിൽ ഇപ്പോഴും നടപടികൾ തുടരുകയാണ്. ഇതിനിടയിൽ സ്റ്റോക് ഓൺ ട്രെന്റ് കേന്ദ്രീകരിച്ചു ബിസിനസ് നടത്തിയ അര ഡസനോളം നഴ്‌സിങ് ഏജൻസികളെ സംബന്ധിച്ചും ഹോം ഓഫിൽ പരാതി എത്തിയിരുന്നു. തുടർന്ന് തുടർച്ചയായ റെയ്ഡുകളാണ് ബോർഡർ ഫോഴ്സ് സ്റ്റോക് ഓൺ ട്രെന്റിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ അതേ സാഹചര്യം ലിവർപൂളിലെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതൽ ലിവർപൂളിൽ മലയാളി ഉടമസ്ഥതയിൽ ഉള്ള നാല് കെയർ ഏജൻസികളിൽ അധികൃതർ റെയ്ഡ് നടത്തിക്കഴിഞ്ഞു. വിജിന്റെ മരണത്തിനു തൊട്ടു മുൻപ് നടന്ന ഒരു റെയ്ഡിൽ ഏജൻസിയിൽ നിന്നും വലിയ തുകയുടെ പണം അന്വേഷണ ഏജൻസി പിടിച്ചെടുത്തതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇതോടെ കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മുറക്ക് കെയർ ഏജൻസി ബിസിനസുകൾ നാഷണൽ ക്രൈം ഏജൻസി - എൻ സി എ - യുടെ കൂടി ശ്രദ്ധയിലേക്ക് എത്താനുള്ള വഴി ഒരുങ്ങുകയാണ്. ഇതോടെ യുകെയിൽ പലയിടത്തായി സബ് ബ്രോക്കർമാരെ വരെ നിയമിച്ചു നടത്തുന്ന നൂറോളം മലയാളി നഴ്‌സിങ്, കെയർ ഏജൻസികളുടെ പ്രവർത്തനം നിരീക്ഷണ വിധേയമാകും എന്ന സൂചനയാണ് ലഭിക്കുന്നത്. മറുനാടൻ നൽകിയ വാർത്തകളെ അടിസ്ഥാനമാക്കിയും വാർത്തകളുടെ പൊതു സ്വഭാവം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തുമാണ് പലരും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

ചിലയിടത്തെങ്കിലും ഏജൻസി നടത്തിപ്പുകാർ പ്രാദേശികമായി മലയാളി സമൂഹത്തിൽ ഇടപെടുന്നവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെ സൃഷ്ടിക്കപ്പെടുന്നതും പരാതികളുടെ എണ്ണം കൂട്ടാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ വെയ്ൽസിൽ നിന്നും ഭീഷണി നേരിട്ട മലയാളി യുവാവ് തന്റെയും ഭാര്യയുടെയും ജീവൻ അപകടത്തിൽ ആണെന്ന് വരെ വ്യക്തമാക്കിയാണ് അന്വേഷണ ഏജൻസിക്കു പരാതി നൽകിയിരിക്കുന്നത്. ഇതിനകം വിവാദത്തിലായ ഏജൻസിക്കാരുടെ സബ് ഏജന്റ് ആയി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഭീഷണി മുഴക്കിയതെന്നു് വിവരം ലഭിച്ചു.

കഴിഞ്ഞ ദിവസം അടുത്തിടെ ആരംഭിച്ച നഴ്‌സിങ് ഏജൻസി അനേകം വിദ്യാർത്ഥി വിസക്കാരെ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകിയില്ലെന്ന പരാതിയിൽ സൗത്താംപ്ടണിൽ നിന്നും നഴ്‌സിങ് ഏജൻസിക്കെതിരെ അന്വേഷണ ഏജൻസിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതെല്ലം വ്യക്തമാക്കുന്നത് നഴ്‌സിങ് ഏജൻസി നടത്തിപ്പുകാർ ഇരിക്കുന്ന കൊമ്പ് മുറിക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്ന് തന്നെയാണ്. പണം പരിധിയിൽ കവിഞ്ഞു കയ്യിൽ എത്തിയതിന്റെയും ബിസിനസ് നടത്തിപ്പ് സംബന്ധിച്ച് പ്രാഥമിക യോഗ്യത പോലും ഇല്ലാത്തവർ രംഗത്ത് വന്നതുമൊക്കെ ചേർത്താണ് പൊതു സമൂഹത്തിന്റെ നിരീക്ഷണ കണ്ണിൽ ഇവരുടെ പ്രവർത്തനം ചോദ്യം ചെയ്യാൻ കാരണമായി മാറിയത്.

മകന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കുടുംബം ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന് നൽകിയ പരാതിയിൽ വിജിൻ നേരിട്ട സമ്മർദ്ദവും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അതിനിടെ വിജിന്റെ മരണം സംബന്ധിച്ച് വിശദ അന്വേഷണം നടത്തുന്ന മെഴ്‌സിസൈഡ് പൊലീസ് നടപടികൾ പൂർത്തിയാക്കി മാത്രമേ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. വിരാൾ മലയാളി കമ്മ്യുണിറ്റി നേതാക്കളായ ആന്റണി പ്രാക്കുളം, ജോഷി ജോസഫ് എന്നിവരടക്കം പ്രദേശത്തെ ഒട്ടേറെ മലയാളികളാണ് വിജിന് വേണ്ടി അന്ന് മുതൽ രംഗത്തുള്ളത്. മകന്റെ മരണം ഇപ്പോഴും അമ്മയടക്കം ഉള്ളവർ അറിഞ്ഞിട്ടില്ല എന്ന വേദനിപ്പിക്കുന്ന വിവരവും വിജിന്റെ നാടായ കൊട്ടാരക്കരയിൽ നിന്നും എത്തുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP