Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉപരോധ വ്യവസ്ഥകളിൽ മാനുഷിക ഇളവ്: യുഎൻ സുരക്ഷാ കൗൺസിലിൽ യുഎസും അയർലൻഡും അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് 14 അംഗങ്ങൾ; വിട്ടുനിന്ന് ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് ശശി തരൂർ

ഉപരോധ വ്യവസ്ഥകളിൽ മാനുഷിക ഇളവ്: യുഎൻ സുരക്ഷാ കൗൺസിലിൽ യുഎസും അയർലൻഡും അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് 14 അംഗങ്ങൾ; വിട്ടുനിന്ന് ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപരോധ വ്യവസ്ഥകളിലും മാനുഷിക ഇളവ് നൽകാൻ യുഎസും അയർലൻഡും അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷനായ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യുഎൻ പ്രമേയത്തിൽ ഇന്ത്യ എടുത്ത നിലപാടിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ശശി തരൂർ പ്രശംസിച്ചു.

കരിമ്പട്ടികയിൽ പെടുന്ന തീവ്രവാദ ഗ്രൂപ്പുകൾ ആളുകളെ സംഘടനയിൽ ചേർക്കാനും, അയൽരാജ്യങ്ങളിൽ നിന്നുള്ളപ്പടെ ആളുകളെ റിക്രൂട്ട് ചെയ്യാനും, തീവ്രവാദത്തിന് പണം ഉണ്ടാക്കാനും ഇത്തരം ഇളവുകൾ പ്രയോജനപ്പെടുത്തും എന്നതായിരുന്നു ഈ പ്രമേയത്തിൽ ഇന്ത്യൻ നിലപാട്. കൗൺസിലിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ, നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷനായ ഇന്ത്യ വിട്ടുനിൽക്കുകയായിരുന്നു. യുഎൻ പ്രമേയത്തിൽ ഇന്ത്യയുടെ വിശദീകരണത്തോട് പ്രതികരിച്ച തരൂർ, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തിൽ താൻ പൂർണ്ണമായും യോജിക്കുന്നുവെന്ന് പറഞ്ഞു.

വോട്ടെടുപ്പിന്റെ വിശദീകരണം നൽകിക്കൊണ്ട്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇന്ത്യൻ ഭാഗം വിശദീകരിച്ചത് ഇങ്ങനെയാണ്. ''ഭീകര ഗ്രൂപ്പുകൾ അത്തരം മാനുഷികമായ ഇളവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും 1267 ഉപരോധ സമിതിയെ അടക്കം കളിയാക്കുന്ന അവസ്ഥയുണ്ടാക്കും. ഇത്തരത്തിൽ ഭരണകൂടങ്ങളെ ഇളിഭ്യരാക്കുന്ന സംഭവങ്ങളിൽ നിന്നാണ് ഇന്ത്യ ആശങ്ക ഉയർത്തുന്നത്.''- ഇന്ത്യൻ പ്രതിനിധി പറഞ്ഞു.

പാക്കിസ്ഥാനെയും അതിന്റെ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെയും പരോക്ഷമായി ഇന്ത്യൻ പ്രതിനിധി പരാമർശിച്ചു. ''ഇന്ത്യയുടെ അയൽപക്കത്ത് ഈ കൗൺസിൽ ലിസ്റ്റ് ചെയ്തവ ഉൾപ്പെടെ നിരവധി തീവ്രവാദ ഗ്രൂപ്പുകൾ മനുഷ്യത്വപരമായ സംഘടനകളായും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളായും വീണ്ടും അവതരിച്ചിട്ടുണ്ട്. ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്.' - ഇന്ത്യൻ സ്ഥിരം പ്രതിനിധി രുചിര കാംബോജ് യുഎൻ സുരക്ഷ കൗൺസിലിൽ പറഞ്ഞു.

ജമാഅത്ത്-ഉദ്-ദവ സ്വയം ചാരിറ്റി സംഘടന എന്നാണ് പറയുന്നത്, എന്നാൽ ലഷ്‌കർ-ഇ-തൊയ്ബയുടെ സഖ്യകക്ഷിയാണ് ഇതെന്ന് എല്ലാവർക്കും അറിയാം. ഭീകര സംഘടനകളായ ജെയുഡിയും ലഷ്‌കറും നടത്തുന്ന ചാരിറ്റി സംഘടനയായ ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ (എഫ്ഐഎഫ്), മറ്റൊരു ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ (ജെഎം) പിന്തുണയുള്ള അൽ റഹ്‌മത്ത് ട്രസ്റ്റും പാക്കിസ്ഥാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

'ഈ തീവ്രവാദ സംഘടനകൾ ഫണ്ട് സ്വരൂപിക്കാനും പോരാളികളെ റിക്രൂട്ട് ചെയ്യാനും മാനുഷിക ചാരിറ്റി പ്രവർത്തനത്തിന്റെ മറ ഉപയോഗിക്കുന്നു' രുചിര കാംബോജ് യുഎൻ സുരക്ഷ കൗൺസിലിൽ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം തീവ്രവാദികളുടെ താവളങ്ങളായി സാർവത്രികമായി അംഗീകരിക്കുന്ന പ്രദേശങ്ങളിൽ ചില സർക്കാറുകൾ തന്നെ അവർക്ക് കുട പിടിക്കുന്നു. നിരോധിത സ്ഥാപനങ്ങൾ മാനുഷിക സഹായം നൽകുമ്പോൾ ജാഗ്രത പാലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു.

''കൂടുതൽ പ്രധാനമായി, അത്തരം ഇളവുകൾ നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ ഇടത്തിൽ തീവ്രവാദ സംഘങ്ങൾക്ക് എളുപ്പം കടന്നുവരാൻ വഴിയൊരുക്കരുത്. ഈ പ്രമേയം നടപ്പിലാക്കുന്നതിൽ കൃത്യമായ ജാഗ്രത ആവശ്യമാണ്' രുചിര കാംബോജ് യുഎൻ സുരക്ഷ കൗൺസിലിൽ പറഞ്ഞു.

പ്രമേയത്തിന് പിന്നിലെ മാനുഷിക ആശങ്കകൾ മനസ്സിലാക്കുമ്പോൾ തന്നെ, അത് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ച ഇന്ത്യയുടെ കാരണങ്ങളിൽ ഞാൻ പൂർണ്ണമായി യോജിക്കുന്നു' തരൂർ ട്വീറ്റിൽ പറഞ്ഞു. ' രുചിര കാംബോജിന്റെ വാക്കുകളെ സാധൂകരിക്കുന്ന തെളിവുകൾക്കായി നമ്മൾ അതിർത്തിക്കപ്പുറത്തേക്ക് നോക്കേണ്ടതില്ല. വെൽഡൺ'' -ട്വീറ്റിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അടക്കം ടാഗ് ചെയ്ത് തരൂർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP