Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകകപ്പ് ക്വാർട്ടറിൽ ഏറ്റവും കൂടുതൽ തവണ തോറ്റ ഇംഗ്ലണ്ട്; നിലവിലെ ജേതാക്കളെ തോൽപ്പിക്കാൻ കഴിയില്ലെന്നതും ചരിത്രം; കണ്ണീരണിഞ്ഞ് മടങ്ങിയ ഹാരി കെയ്‌നും സംഘത്തിനും ആശ്വാസത്തിന്റെ വാക്കുകളുമായി ബക്കാം

ലോകകപ്പ് ക്വാർട്ടറിൽ ഏറ്റവും കൂടുതൽ തവണ തോറ്റ ഇംഗ്ലണ്ട്; നിലവിലെ ജേതാക്കളെ തോൽപ്പിക്കാൻ കഴിയില്ലെന്നതും ചരിത്രം; കണ്ണീരണിഞ്ഞ് മടങ്ങിയ ഹാരി കെയ്‌നും സംഘത്തിനും ആശ്വാസത്തിന്റെ വാക്കുകളുമായി ബക്കാം

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പ് ക്വാർട്ടറിൽ ഏറ്റവും കൂടുതൽ തവണ തോൽക്കുന്ന ടീമായി മാറുകയാണ് ഇംഗ്ലണ്ട്. ഏഴാം തവണയാണ് ഇംഗ്ലണ്ട് അവസാന എട്ടിൽ വീണത്. 1954, 1962, 1970, 1986, 2002, 2006 ലോകകപ്പുകളിലാണ് ഇതിന് മുൻപ് ഇംഗ്ലണ്ട് ക്വാർട്ടറിൽ പുറത്തായത്. ലോകകപ്പിൽ നിലവിലെ ജേതാക്കളെ തോൽപ്പിക്കാൻ കഴിയില്ലെന്ന ചരിത്രം തിരുത്താനും ഹാരി കെയ്‌നും സംഘത്തിനും കഴിഞ്ഞില്ല. 1954ൽ ചാമ്പ്യന്മാരായ യുറുഗ്വേയോടും 1962ൽ ബ്രസീലിനോടും ക്വാർട്ടറിൽ ഇംഗ്ലണ്ട് തോറ്റിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോൾ ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഫ്രാൻസിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകൾ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ പെനാൽറ്റിയിലൂടെ നായകൻ ഹാരി കെയ്ൻ സ്വന്തമാക്കി. ഒരു ഗോളിന് പിന്നിൽ നിന്നപ്പോൾ ലഭിച്ച മറ്റൊരു പെനാൽറ്റി ഹാരി കെയ്‌ന് ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇതോടെ ത്രീ ലയൺസിന് നാട്ടിലേക്ക് മടക്ക ടിക്കറ്റായി.

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗ്ലാമർ മത്സരങ്ങളിലൊന്നിനാണ് ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചത്. ഗ്ലാമർ മത്സരം കാണാൻ ലോകഫുട്‌ബോളിലെ ഒരു കാലഘട്ടത്തിലെ ഏറ്റവും ഗ്ലാമർ താരങ്ങളിലൊരായിരുന്ന ഡേവിഡ് ബെക്കാമും എത്തിയിരുന്നു. കളിക്കിടെ ഇടയ്ക്കിടയ്ക്ക് ബെക്കാമിന് നേരെ ക്യാമറ കണ്ണുകൾ പായുന്നുണ്ടായിരുന്നു.

ഫ്രാൻസിനോട് പൊരുതി വീണ ഇംഗ്ലിഷ് നിര കണ്ണീരണിഞ്ഞ് മടങ്ങിയപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലിഷ് നായകൻ. ഇംഗ്ലണ്ടിന്റെ തോൽവിയിലും കണ്ണീരിലും ആശ്വാസ വാക്കുകളുമായാണ് ബെക്കാം എത്തിയത്. ഇംഗ്ലിഷ് ടീമിന്റെ പോരാട്ട മികവിനെ വാഴ്‌ത്തിയ ബെക്കാം, ഈ ടീം തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയും പങ്കുവച്ചു.

ഇംഗ്ലിഷ് ടീം ലോകകപ്പിൽ മോശമാക്കിയില്ലെന്ന് പറഞ്ഞ ബെക്കാം, പരിശീലകൻ ഗാരത് സൗത്ത് ഗേറ്റിനെയും നായകൻ ഹാരി കെയിനെയും അഭിനന്ദിക്കാനും മറന്നില്ല. എല്ലാ ആരാധകർക്കും ഈ ടീമിനെക്കുറിച്ച് അഭിമാനിക്കാമെന്നും ബെക്കാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹരി കെയ്ൻ യഥാർത്ഥ നായകനാണെന്നും അടുത്ത ലോകകപ്പിൽ ഈ ടീമിൽ നിന്ന് വലിയ മുന്നേറ്റം പ്രതീക്ഷിക്കാമെന്നും മുൻ നായകൻ കുറിച്ചു.

ഖത്തർ ലോകകപ്പിൽ സെമിഫൈനൽ ചിത്രം ഇന്ന് പുലർച്ചയോടെ തെളിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമിയിൽ മുൻ ലോക ചാമ്പ്യന്മാരായ അർജന്റീന കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഫ്രാൻസ് ആദ്യമായി സെമി കളിക്കുന്ന മൊറോക്കോയെ നേരിടും.

കഴിഞ്ഞ ലോകകപ്പിൽ 4 സെമിഫൈനലിസ്റ്റുകളും യൂറോപ്പിൽ നിന്നായിരുന്നെങ്കിൽ ഇക്കുറി 2 യൂറോപ്യൻ ടീമുകളും ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി ഓരോ ടീമും ആണ് അവസാന നാലിലെത്തിയത്. ഡിസംബർ 18 ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP