Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊറോക്കോ കൊടുങ്കാറ്റിൽ മുങ്ങിത്താണ് പറങ്കിക്കപ്പൽ; രണ്ടാം പകുതിയിൽ കപ്പിത്താനായി ഇറങ്ങിയിട്ടും കരകയറ്റാനാകാതെ റൊണാൾഡോ; അഞ്ചാം ലോകകപ്പിൽ കണ്ണീരണിഞ്ഞ് സിആർ7; നോക്കൗട്ടിൽ ഗോളില്ല; ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമായി മടക്കം

മൊറോക്കോ കൊടുങ്കാറ്റിൽ മുങ്ങിത്താണ് പറങ്കിക്കപ്പൽ; രണ്ടാം പകുതിയിൽ കപ്പിത്താനായി ഇറങ്ങിയിട്ടും കരകയറ്റാനാകാതെ റൊണാൾഡോ; അഞ്ചാം ലോകകപ്പിൽ കണ്ണീരണിഞ്ഞ് സിആർ7; നോക്കൗട്ടിൽ ഗോളില്ല; ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമായി മടക്കം

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിൽ അട്ടിമറികളുടെ ആവേശവുമായി ആഞ്ഞുവീശിയ മൊറോക്കോ കൊടുങ്കാറ്റിൽ പറങ്കിക്കപ്പൽ ക്വാർട്ടറിൽ മുങ്ങിത്താഴുമ്പോൾ വിരാമമാവുന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സിആർ7ന്റെ ഐതിഹാസികമായ ലോകകപ്പ് കരിയറിനാണ്. പൊട്ടിക്കരഞ്ഞുകൊണ്ട് കളംവിട്ട റൊണാൾഡോയെ കണ്ട് ആരാധകരൊന്നടങ്കം വിങ്ങിപ്പൊട്ടുകയാണ്.

മൊറോക്കോയ്ക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് പോർച്ചുഗീസ് നായകൻ റൊണാൾഡോ രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയത്. ഗ്രൗണ്ടിലെത്തിയപ്പോൾത്തൊട്ട് ഗോളടിക്കാനായി കിണഞ്ഞുശ്രമിച്ച റൊണാൾഡോയ്ക്ക് പക്ഷേ ലക്ഷ്യം കാണാനായില്ല. പലതവണ മൊറോക്കോ ഗോൾപോസ്റ്റിൽ അപകടം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.



ഒടുവിൽ നിശ്ചിത സമയമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തിൽ മൊറോക്കോ സെമി ഫൈനൽ ബെർത്തുറപ്പിച്ചു. അവസാന ചിരി മൊറോക്കോയ്ക്ക് സ്വന്തം. മത്സരം അവസാനിച്ച ശേഷം അത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു റൊണാൾഡോ.

അഞ്ച് ലോകകപ്പുകൾ.... 20 വർഷത്തോളം പറങ്കി പടയുമായി ലോകം ചുറ്റിയ റൊണാൾഡോ എന്ന കപ്പിത്താനെ ക്വാർട്ടറിലെ നിർണായക പോരാട്ടത്തിൽ രണ്ടാം പകുതിയിലാണ് പരിശീലകൻ കളത്തിൽ ഇറക്കിയത്. എന്നിട്ടും അവസാന നിമിഷം വരെ വീറോടെ പൊരുതി...



ദേശീയ ടീമിനെ സെമി കടത്താനാകാതെ, നോക്കൗട്ടിൽ ഗോൾ നേടാനാകാതെ, അവസാന ലോകകപ്പിൽ കണ്ണീരോടെ മടക്കം. എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളിൽ ബഞ്ചിലിരുന്ന് ആരാധകരെ പോലും നൊമ്പരപ്പെടുത്തി.

മത്സരശേഷം ഡ്രസ്സിങ് റൂമിലേക്ക് നടന്നുകയറുമ്പോൾ അയാൾ സങ്കടത്തിന്റെ അണക്കെട്ട് തുറന്നുവിട്ടു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. റൊണാൾഡോ പൊട്ടിക്കരഞ്ഞു. താരം കരയുന്നതിന്റെ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് ലോകമെങ്ങും പരന്നപ്പോൾ കടുത്ത റൊണാൾഡോ വിമർശകരുടെ നെഞ്ചകം പോലും ഒന്നുപിടഞ്ഞുകാണും. നാല് വർഷങ്ങൾക്ക് ശേഷം 2026-ൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുക എന്നത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അസാധ്യമായി. നിലവിൽ 37 വയസ്സുണ്ട് സൂപ്പർ താരത്തിന്. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് മത്സരവും കഴിഞ്ഞ് ലോകകിരീടത്തിൽ മുത്തമിടാനാവാതെ തിരിഞ്ഞുനടക്കുകയാണ് സിആർ സെവൻ.



ആദ്യപകുതിയിൽ 42-ാം മിനുറ്റിൽ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ രണ്ടാംപകുതിയിൽ ഇറക്കിയിട്ടും മടക്ക ഗോൾ നേടാൻ പോർച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി ഇതോടെ മൊറോക്കോ.

ക്വാർട്ടറിൽ മൊറോക്കോയുടെ ഒറ്റ ഗോളിൽ പോർച്ചുഗൽ പുറത്താവുമ്പോൾ ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കരിയറിനാണ് വിരാമമായത്. വേഗവും താളവും കുറഞ്ഞ മുപ്പത്തിയേഴുകാരനായ റൊണാൾഡോയ്ക്ക് അടുത്തൊരു ലോകകപ്പ് സ്വപ്നം കാണാൻ പോലും കഴിയില്ല.

ഖത്തറിലെ ക്വാർട്ടറിൽ മൊറോക്കോയ്ക്കെതിരെ 51-ാം മിനുറ്റിൽ പകരക്കാനായി റോണോ കളത്തിലെത്തി. പക്ഷേ ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടാനായിട്ടില്ല എന്ന ചരിത്രം തിരുത്താൻ റോണോയ്ക്കായില്ല. അഞ്ച് ബാലൻ ഡി ഓർ നേടിയ, ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ ഷോക്കേസിൽ ലോകകപ്പ് കിരീടമെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.



എന്നാൽ അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ റെക്കോഡ് സ്വന്തമാക്കി റൊണാൾഡോ. ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിക്കുന്ന പുരുഷതാരം എന്ന റെക്കോഡാണ് റൊണാൾഡോ സ്വന്തമാക്കിയത്.ഇന്ന് കളിക്കാനിറങ്ങിയതോടെ റൊണാൾഡോ കുവൈറ്റിന്റെ ബദർ അൽ മുത്തവയുടെ റെക്കോഡിനൊപ്പമെത്തി.

196 മത്സരങ്ങളാണ് റൊണാൾഡോയുടെ അക്കൗണ്ടിലുള്ളത്. ബദറും ഇത്രയും മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കുപ്പായത്തിൽ ഒരു തവണ കൂടി കളിച്ചാൽ റൊണാൾഡോയ്ക്ക് റെക്കോഡ് സ്വന്തം പേരിലാക്കാം. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോളടിച്ചതിന്റെ റെക്കോഡ് റൊണാൾഡോയുടെ പേരിലാണ്. 118 ഗോളുകളാണ് താരം രാജ്യത്തിനായി അടിച്ചുകൂട്ടിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബഞ്ചിലിരുത്തി ഇറങ്ങിയ പോർച്ചുഗൽ ആദ്യപകുതിയിൽ തീർത്തും നിറംമങ്ങി. കഴിഞ്ഞ കളിയിലെ ഹാട്രിക് വീരൻ ഗോൺസാലോ റാമോസ് 45 മിനുറ്റുകളിൽ നിഴൽ മാത്രമായി. കിക്കോഫായി അഞ്ചാം മിനുറ്റിൽ മത്സരത്തിലെ ആദ്യ ഫ്രീകിക്കിൽ ഫെലിക്സിന്റെ ഹെഡർ ബോനോ തട്ടിത്തെറിപ്പിച്ചു.



പിന്നാലെ മോറോക്കോയുടെ ഹെഡർ ബാറിന് തൊട്ട് മുകളിലൂടെ പാഞ്ഞു. തൊട്ടുപിന്നാലെ ഇരു ടീമുകളും ഇടയ്ക്ക് പാഞ്ഞെത്തിയെങ്കിലും ഗോളിലേക്ക് വഴിമാറിയില്ല. 26-ാം മിനുറ്റിൽ സിയെച്ചിന്റെ ഹെഡർ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 30-ാം മിനുറ്റിൽ ഫെലിക്സിന്റെ ഉഗ്രൻ ഷോട്ട് ഡിഫ്‌ളക്ഷനായി പുറത്തേക്ക് തെറിച്ചു.

ഇതിന് ശേഷം 42-ാം മിനുറ്റിലായിരുന്നു യഹിയയുടെ ക്രോസിൽ ഉയർന്നുചാടി തലവെച്ച് നെസീരിയുടെ ഗോൾ. സാക്ഷാൽ സിആർ7നെ ഓർമ്മിപ്പിച്ച ജംപിലൂടെയായിരുന്നു നെസീരി വല ചലിപ്പിച്ചത്. പോർച്ചുഗീസ് ഗോളി ഡിയാഗോ കോസ്റ്റയുടെ അബദ്ധത്തിൽ നിന്ന് കൂടിയായിരുന്നു ഈ ഗോൾ. ഇതിന് പിന്നാലെ ബ്രൂണോയുടെ ഷോട്ട് ബാറിൽ തട്ടി തെറിച്ചതോടെ മൊറോക്കോയ്ക്ക് 1-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയിൽ ഇരു ടീമുകളും കൂടുതൽ ആക്രമിച്ച് കളിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഫ്രീകിക്കിലൂടെ രണ്ടാം ഗോൾ നേടാൻ മൊറോക്കോയ്ക്ക് ലഭിച്ച അവസരം പാഴായി. 51-ാം മിനുറ്റിൽ നെവസിനെ വലിച്ച് റൊണാൾഡോയെ ഇറക്കി. മൈതാനത്തെത്തി ആദ്യ മിനുറ്റിൽ തന്നെ റോണോയുടെ ക്രോസ് എത്തി. 64-ാം മിനുറ്റിൽ ബ്രൂണോ സമനിലക്കായുള്ള സുവർണാവസരം തുലച്ചു.

82-ാം മിനുറ്റിൽ റോണോയുടെ പാസിൽ ഫെലിക്സിന്റെ മഴവിൽ ഷോട്ട് ബോനോ നിഷ്പ്രഭമാക്കി. എട്ട് മിനുറ്റ് ഇഞ്ചുറിടൈമിന്റെ തുടക്കത്തിൽ റൊണാൾഡോയുടെ ഓൺ ടാർഗറ്റ് ഷോട്ട് ബോനോ തടഞ്ഞത് പോർച്ചുഗീസ് പ്രതീക്ഷകൾ തകർത്തു. പിന്നാലെ മൊറോക്കോയുടെ ചെദീരയ്ക്ക് ചുവക്ക് കാർഡ് കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP