Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഖത്തറിൽ മൊറോക്കോ വസന്തം!; പറങ്കിക്കപ്പൽ മുക്കി ആഫ്രിക്കൻ വമ്പന്മാർ സെമിയിൽ; യൂസഫ് എൻ നെസിരിയുടെ ആദ്യ പകുതിയിലെ ഹെഡർ ഗോളിൽ മിന്നുംജയം; സെമി ബർത്ത് ഉറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി വാലിദ് റഗ്‌റാഗിയുടെ സംഘം; റൊണാൾഡോയ്ക്കും സംഘത്തിനും കണ്ണീരോടെ മടക്കം

ഖത്തറിൽ മൊറോക്കോ വസന്തം!; പറങ്കിക്കപ്പൽ മുക്കി ആഫ്രിക്കൻ വമ്പന്മാർ സെമിയിൽ;  യൂസഫ് എൻ നെസിരിയുടെ ആദ്യ പകുതിയിലെ ഹെഡർ ഗോളിൽ മിന്നുംജയം; സെമി ബർത്ത് ഉറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി വാലിദ് റഗ്‌റാഗിയുടെ സംഘം; റൊണാൾഡോയ്ക്കും സംഘത്തിനും കണ്ണീരോടെ മടക്കം

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയോടെ ആഫ്രിക്കൻ കരുത്തന്മാരായ മൊറോക്കോ സെമിയിൽ. എതിരില്ലാത്ത ഒരു ഗോളിന് റൊണാൾഡോയേയും സംഘത്തിനെയും മറികടന്ന് മൊറോക്കോ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന നേട്ടം സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ മൊറോക്കോയുടെ ആദ്യ സെമി പ്രവേശനമാണിത്. 1966നു ശേഷം ആദ്യ ലോകകപ്പ് സെമി സ്വപ്നം കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൂട്ടർക്കും കണ്ണീരോടെ ഖത്തറിൽനിന്ന് മടക്കം. ഡിസംബർ 14നു നടക്കുന്ന രണ്ടാം സെമിയിൽ, ഫ്രാൻസ് ഇംഗ്ലണ്ട് ക്വാർട്ടർ വിജയികളാണ് മൊറോക്കോയുടെ എതിരാളികൾ.

ആദ്യ പകുതിയിൽ നേടിയ ഗോളിൽ പോർച്ചുഗലിനെ ക്വാർട്ടർ പോരാട്ടത്തിൽ കീഴടക്കിയാണ് മൊറോക്കോ സെമി ബർത്ത് ഉറപ്പിച്ചത്. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ 42ാം മിനിറ്റിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. യഹിയ എൽ ഇദ്രിസിയുടെ പാസിൽ നിന്നായിരുന്നു നെസിറിയുടെ തകർപ്പൻ ഹെഡർ ഗോൾ.



മത്സരത്തിൽ പോർച്ചുഗൽ ആധിപത്യം പുലർത്തുന്നതിനിടെ, ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് മൊറോക്കോ ലീഡെടുത്തത്. മത്സരത്തിൽ ചില സുവർണാവസരങ്ങൾ പാഴാക്കിയ യൂസഫ് എൻ നെസിറി തന്നെ മൊറോക്കോയ്ക്കായി ലക്ഷ്യം കണ്ടു. ഇടതുവിങ്ങിൽനിന്ന് യഹിയ എൽ ഇദ്രിസി ഉയർത്തി നൽകിയ ക്രോസിന് തലവച്ചാണ് നെസിറി മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. ഇദ്രിസിയുടെ ക്രോസിന് കണക്കാക്കി മുന്നോട്ടുകയറിവന്ന ഗോൾകീപ്പർ ഡീഗോ കോസ്റ്റയെ മറികടന്ന് ഉയർന്നുചാടിയ നെസിറിയുടെ ഹെഡർ ഒന്നു നിലത്തുകുത്തി വലയിൽ കയറി.

ഇതിനു തൊട്ടുപിന്നാലെ വലതുവിങ്ങിൽനിന്ന് ബ്രൂണോ ഫെർണാണ്ടസ് തൊടുത്ത തകർപ്പൻ ഷോട്ട് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനുവിനെ മറികടന്നെങ്കിലും ക്രോസ് ബാറിൽത്തട്ടി തെറിച്ചത് പോർച്ചുഗലിന് നിരാശയായി. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തെയും കാനഡയേയും മറികടന്ന് പ്രീ ക്വാർട്ടറിൽ സ്പെയ്നിനെയും തകർത്തുവിട്ട മൊറോക്കോ ഒടുവിൽ പോർച്ചുഗീസ് വീര്യത്തെയും തകർത്ത് സെമിയിലേക്ക്.



പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ വ്യക്തമായ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ മികച്ച അവസരങ്ങളിലേറെയും ലഭിച്ചതു മൊറോക്കോയ്ക്കാണ്. അവസരങ്ങളിലേറെയും പാഴാക്കിയത് ഗോൾ നേടിയ യൂസഫ് എൻ നെസിറി തന്നെ. ഏഴാം മിനിറ്റിൽത്തന്നെ ഹക്കിം സിയെച്ചിന്റെ കോർണർ കിക്കിന് തലവച്ച് ഗോൾ നേടാൻ ലഭിച്ച അവസരം എൻ നെസിറി പാഴാക്കി. പിന്നീട് 26ാം മിനിറ്റിൽ സിയെച്ചിന്റെ തന്നെ ഫ്രീകിക്കിന് തലവയ്ക്കാൻ ലഭിച്ച സുവർണാവസരവും ക്രോസ് ബാറിനു മുകളിലൂടെയാണ് നെസിറി പായിച്ചത്.

മറുവശത്ത് പോർച്ചുഗലിന് ലഭിച്ച അവസരങ്ങളിലേറെയും പാഴാക്കിയത് ജാവോ ഫെലിക്‌സായിരുന്നു. അഞ്ചാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ക്രോസിൽ ഫെലിക്‌സിന്റെ ഡൈവിങ് ഹെഡർ മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനു കുത്തിയകറ്റി. രണ്ടാം പകുതിയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളത്തിൽ ഇറക്കിയെങ്കിലും പോർച്ചുഗലിന് ഗോൾ മടക്കാനായില്ല.



ഇരു ടീമും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞ മത്സരത്തിൽ പോർച്ചുഗീസ് അക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച മൊറോക്കോ പ്രതിരോധവും ഗോൾകീപ്പർ യാസ്സിൻ ബോനോയുടെ പ്രകടനവുമാണ് അവരെ സെമിയിലെത്തിച്ചത്. ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വാലിദ് ചെദിര ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും പോർച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ മൊറോക്കോയ്ക്കായി.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗലിന് ആദ്യ അവസരം ലഭിച്ചതാണ്. ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീ കിക്കിൽ നിന്നുള്ള ജാവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഹെഡർ പക്ഷേ മൊറോക്കൻ ഗോളി യാസ്സിൻ ബോനോ അവിശ്വസനീയമായി തട്ടിയകറ്റി.



പിന്നാലെ ഏഴാം മിനിറ്റിൽ മൊറോക്കോയ്ക്കും ഒരു അവസരം ലഭിച്ചു. ഹക്കീം സിയെച്ചെടുത്ത കോർണറിൽ നിന്ന് സ്‌കോർ ചെയ്യാനുള്ള അവസരം യൂസഫ് എൻ നെസിരി നഷ്ടപ്പെടുത്തി. താരത്തിന്റെ ഹെഡർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ 26-ാം മിനിറ്റിലും എൻ നെസിരി മികച്ചൊരു അവസരം നഷ്ടപ്പെടുത്തി. ഇത്തവണ സിയെച്ചിന്റെ ഫ്രീ കിക്കിൽ നിന്നുള്ള നെസിരിയുടെ ഹെഡർ ക്രോസ്ബാറിന് മുകളിലൂടെ പോകുകയായിരുന്നു.

31-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ഒരു ഹാഫ് വോളി ജവാദ് എൽ യാമിക് തടഞ്ഞു. ഒടുവിൽ 42-ാം മിനിറ്റിൽ നേരത്തെ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് പ്രായശ്ചിത്തമെന്ന പോലെ യഹ്യയുടെ ക്രോസ് പോർച്ചുഗൽ ബോക്സിൽ ഉയർന്നുചാടി നെസിരി വലയിലെത്തിക്കുകയായിരുന്നു. 45-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങുകയും ചെയ്തത് പോർച്ചുഗലിന് തിരിച്ചടിയായി.

ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായി അപകടം മണത്തതോടെ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകും മുൻപേ പോർച്ചുഗൽ പരിശീലകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ കാൻസലോ എന്നിവരെ കളത്തിലിറക്കി. റൂബൻ നെവാസ്, റാഫേൽ ഗുറെയ്‌റോ എന്നിവർക്കു പകരമായിരുന്നു ഇത്. മൊറോക്കോ നിരയിൽ പരുക്കേറ്റ റൊമെയ്ൻ സയ്‌സിനു പകരം അഷ്‌റഫ് ദാരിയെത്തി. പിന്നീട് സെലിം അമല്ലയെ പിൻവലിച്ച് വാലിദ് ഷെദിരയേയും യൂസഫ് എൻ നെസിറിയെ പിൻവലിച്ച് ബദിർ ബെനോനിനെയും കളത്തിലിറക്കി.

രണ്ടാം പകുതിയിൽ പോർച്ചുഗൽ മികച്ചൊരു മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും 49-ാം മിനിറ്റിൽ മൊറോക്കോ രണ്ടാം ഗോളിന് തൊട്ടടുത്തെത്തി. സിയെച്ചിന്റെ ഫ്രീ കിക്ക് എൽ യാമിക് കണക്ട് ചെയ്തെങ്കിലും പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയുടെ കൃത്യസമയത്തെ ഇടപെടൽ രക്ഷയായി. തുടർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ, റാഫേൽ ലിയോ, റിക്കാർഡോ ഹോർട്ട എന്നിവരെ കളത്തിലിറക്കിയിട്ടും ഒരു ഗോൾ തിരിച്ചടിക്കാൻ പോർച്ചുഗലിന് സാധിച്ചില്ല.

മത്സരം 70ാം മിനിറ്റിലേക്ക് അടുക്കവെ ഗോൺസാലോ റാമോസിനു പകരം റാഫേൽ ലിയോയും ഒട്ടാവിയോയ്ക്കു പകരം വിട്ടീഞ്ഞയും കളത്തിലെത്തി. മാറ്റങ്ങളുടെ ബലത്തിൽ പരമാവധി പൊരുതി നോക്കിയെങ്കിലും, മൊറോക്കോയുടെ മുറുക്കമാർന്ന പ്രതിരോധം പിളർത്താനാകാതെ പോർച്ചുഗൽ തോറ്റു മടങ്ങി.

83-ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്ന് ജോവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഒരു ബുള്ളറ്റ് ഷോട്ട് ബോനോ തട്ടിയകറ്റി. പിന്നാലെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ റൊണാൾഡോയുടെ ഗോളെന്നുറച്ച ഷോട്ടും ബോനോ രക്ഷപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP