Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു പുരുഷൻ നാല് സ്ത്രീകളെ വിവാഹം ചെയ്താൽ അത് പ്രകൃതിവിരുദ്ധം; വിദ്യാസമ്പന്നരും പുരോഗമന വാദികളുമൊന്നും നാല് വിവാഹം കഴിക്കുന്നില്ല; ഏകീകൃത സിവിൽകോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല; അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയെന്ന് നിതിൻ ഗഡ്ഗരി; രാജ്യസഭയിലെ സ്വകാര്യ ബിൽ കോൺഗ്രസ് മനസ്സറിയാനുള്ള നീക്കം; ഏകീകൃത സിവിൽ കോഡ് ഉടനെത്തും

ഒരു പുരുഷൻ നാല് സ്ത്രീകളെ വിവാഹം ചെയ്താൽ അത് പ്രകൃതിവിരുദ്ധം; വിദ്യാസമ്പന്നരും പുരോഗമന വാദികളുമൊന്നും നാല് വിവാഹം കഴിക്കുന്നില്ല; ഏകീകൃത സിവിൽകോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല; അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയെന്ന് നിതിൻ ഗഡ്ഗരി; രാജ്യസഭയിലെ സ്വകാര്യ ബിൽ കോൺഗ്രസ് മനസ്സറിയാനുള്ള നീക്കം; ഏകീകൃത സിവിൽ കോഡ് ഉടനെത്തും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിൽ കേരളാ ഹൈക്കോടതിയും അനുകൂല നിലപാട് എടുക്കുമ്പോൾ കേന്ദ്ര സർക്കാർ തുടർ നടപടി വേഗത്തിലാക്കും. ഉത്തരേന്ത്യയിൽ കൂടുതൽ ആഴത്തിൽ വേരുറപ്പിക്കാനാണ് ഇത്. ഒരാൾക്ക് നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ഒരു മാധ്യമ പരിപാടിക്കിടെ ഏകീകൃത സിവിൽകോഡ് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ പരാമർശം. ഏകീകൃത സിവിൽകോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും വിദ്യാസമ്പന്നരും പുരോഗമനവാദികളും നാല് വിവാഹം കഴിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഈ വാദമാകും വരും ദിവസങ്ങളിൽ കേന്ദ്രം ചർച്ചയാക്കുക.

മുസ്ലിം പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരുള്ളതിനെ പാർട്ടി എതിർക്കുന്നുവെന്നുള്ള അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രിയും പരസ്യമായി വിമർശിച്ചത്. ഏകീകൃത സിവിൽ കോഡിലെ ചർച്ചകൾ ഗുജറാത്തിലെ തെരഞ്ഞെടുപ്പിലും ബിജെപി ഉയർത്തിയിരുന്നു. ഹിമാചലിലും ചർച്ചയാക്കി. തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് ആശങ്കയുണ്ട്. ഇതിനൊപ്പം തീവ്ര ഹിന്ദു നിലപാടുകളാണ് ആംആദമിയും ചർച്ചയാക്കുന്നത്. അതിനാൽ പരിവാറുകാരെ ചേർത്ത് നിർത്താൻ ഉടൻ ഏകീകൃത സിവിൽ കോഡ് എത്തും. ഇതു തന്നെയാണ് ഗഡ്ഗരിയും നൽകുന്ന സൂചന.

'രണ്ട് സിവിൽ കോഡുകളുള്ള ഏതെങ്കിലും മുസ്ലിം രാഷ്ട്രത്തെ നിങ്ങൾക്കറിയാമോ? ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ അത് സ്വാഭാവികമാണ്. എന്നാൽ ഒരു പുരുഷൻ നാല് സ്ത്രീകളെ വിവാഹം ചെയ്താൽ അത് പ്രകൃതിവിരുദ്ധമാണ്. വിദ്യാസമ്പന്നരും പുരോഗമനവാദികളുമൊന്നും നാല് വിവാഹം കഴിക്കുന്നില്ല. ഏകീകൃത സിവിൽകോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്' - ഗഡ്കരി പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ രാഷ്ട്രീയമായി നോക്കിക്കാണരുതെന്നും ഈ നിയമം രാജ്യത്തെ പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവിൽകോഡ് സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോൾ എതിർപ്പുന്നയിക്കാതെ വിട്ടുനിന്ന് കോൺഗ്രസും ചർച്ചകൾപ്പ് പുതിയ തലം നൽകി. പ്രമുഖ അഭിഭാഷകനിരയുള്ള കോൺഗ്രസിന്റെ ഒറ്റയംഗംപോലും ബില്ലവതരിപ്പിച്ചപ്പോൾ സഭയിൽ ഉണ്ടായിരുന്നില്ല. ബിൽ അവതരണ നോട്ടീസ് വോട്ടിനിട്ടപ്പോഴാകട്ടെ 31 കോൺഗ്രസ് അംഗങ്ങളിൽ സഭയിൽ എത്തിയത് വെറും മൂന്നുപേർ. 28 പേരും ബില്ലിനെ പരോക്ഷമായി പിന്തുണച്ച് വിട്ടുനിന്നു. അതായത് ബില്ലിനെ എതിർക്കില്ലെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. ഇത് മനസ്സിലാക്കാൻ കൂടി വേണ്ടിയാണ് രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതും. ഇനി താമസിയാതെ തന്നെ മോദി സർക്കാർ ഔദ്യോഗികമായി ബിൽ അവതരിപ്പിക്കുമെന്നാഅ സൂചന.

രാജ്യസഭയിൽ ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടെ രാജസ്ഥാനിൽനിന്നുള്ള ബിജെപി അംഗം കിരോദി ലാൽ മീണയാണ് ഏകീകൃത പൗരനിയമത്തിനായി ദേശീയസമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത്. ബില്ലവതരണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അംഗങ്ങൾ ചട്ടം 67 പ്രകാരം നൽകിയ നോട്ടീസ് 23നെതിരെ 63 വോട്ടിന് സഭ തള്ളി. രാജ്യത്തെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ബില്ലിനെതിരായ കോൺഗ്രസിന്റെ തണുപ്പൻ പ്രതികരണം യുഡിഎഫ് ഘടകക്ഷിയായ മുസ്ലിംലീഗിനെ ചൊടിപ്പിച്ചു. സംഘപരിവാർ അജൻഡ ഒന്നൊന്നായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് ബില്ലവതരണത്തെ എതിർത്ത് സിപിഎം പറഞ്ഞു.

ഏക സിവിൽകോഡ് ബിൽ ബിജെപി അംഗം രാജ്യസഭയിലവതരിപ്പിച്ചപ്പോൾ എതിർക്കാൻ നിൽക്കാതെ സംഘടിതമായി വിട്ടുനിന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണ്. ബില്ലവതരണ ഘട്ടത്തിൽ സഭയിൽ കോൺഗ്രസ് അംഗങ്ങൾ ആരുമുണ്ടായില്ല. എഐസിസി പ്രസിഡന്റ് കൂടിയായ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കളാരും ബില്ലിനെ എതിർക്കാൻ എത്തിയില്ല. വെള്ളിയാഴ്ച ഉച്ചവരെ മുതിർന്ന നേതാക്കളടക്കം സഭയിൽ സജീവമായിരുന്നിട്ടും ബിൽ അവതരിപ്പിക്കുമ്പോൾ കൂട്ടത്തോടെ വിട്ടുനിൽക്കുകയായിരുന്നു.

ബില്ലുകളുടെ പട്ടികയിൽ ഒന്നാമതായതുവഴി, ബില്ലിനെ മോദി സർക്കാർ എത്ര പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്നും വ്യക്തമാകുന്നു. ബില്ലവതരണ വേളയിലാകട്ടെ ബിജെപി അംഗങ്ങളെല്ലാം കൃത്യമായി ഹാജരാകുകയും ചെയ്തു. ബില്ലവതരണത്തെ ഇടതുപക്ഷവും മറ്റും എതിർത്തപ്പോൾ സഭാനേതാവ് കൂടിയായ കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് സർക്കാരിനായി പ്രതിരോധിക്കാൻ രംഗത്തുവന്നത്. സംഘപരിവാറിന്റെ പ്രധാന അജൻഡകളിലൊന്നായ ഏക സിവിൽ കോഡ് സ്വകാര്യബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ രാഷ്ട്രീയമായ എതിർപ്പുയർത്തിയത് ഇടതുപക്ഷ പാർട്ടികളും മുസ്ലിംലീഗും എൻസിപിയും എസ്‌പിയുമടക്കം ചുരുക്കം പാർട്ടികൾമാത്രം.

ശരി അത്ത് പോലുള്ള മതാധിഷ്ഠിത വ്യക്തി നിയമങ്ങൾക്ക് പകരം രാജ്യത്താകെ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഏകീകൃത നിയമസംഹിത നടപ്പാക്കാനുള്ള ബി. ജെ. പിയുടെ ദീർഘകാല ശ്രമത്തിന്റെ ഭാഗമായാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്.മുൻപ് നിരവധി സെഷനുകളിൽ സ്വകാര്യ ബിൽ അവതരണം പ്രതിപക്ഷം തടഞ്ഞിരുന്നു. ആ ബിൽ മനഃപൂർവ്വമാണ് ബിജെപി വീണ്ടും കൊണ്ടുവരുന്നതെന്ന് മുസ്‌ളീം ലീഗ് എംപി അബ്ദുൾ വഹാബ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP