Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മെസ്സിക്ക് ഒരു വിവരവുമില്ല; കുട്ടികൾ ഉണ്ടായതിനുശേഷം ആ പെണ്ണിനെ കല്യാണം കഴിച്ചവനാണ്; ക്രിസ്റ്റിയാനോ റൊണാൾഡോക്കും വിവരമില്ല; പല സ്ത്രീകളിലായി കുട്ടികൾ ഉണ്ട്; മണ്ടന്മാർക്ക് മാത്രമുള്ള കളിയാണ് ഫുട്ബോൾ; ഇത് യൂറോപ്പ് ചതിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്': റഹ്മത്തുള്ള ഖാസിമിയുടെ ഒരു പ്രസംഗം കൂടി വിവാദത്തിൽ; ജ്യൂസ് മൗലവി വീണ്ടും എയറിൽ!

'മെസ്സിക്ക് ഒരു വിവരവുമില്ല; കുട്ടികൾ ഉണ്ടായതിനുശേഷം ആ പെണ്ണിനെ കല്യാണം കഴിച്ചവനാണ്; ക്രിസ്റ്റിയാനോ റൊണാൾഡോക്കും വിവരമില്ല; പല സ്ത്രീകളിലായി കുട്ടികൾ ഉണ്ട്; മണ്ടന്മാർക്ക് മാത്രമുള്ള കളിയാണ് ഫുട്ബോൾ; ഇത് യൂറോപ്പ് ചതിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്': റഹ്മത്തുള്ള ഖാസിമിയുടെ ഒരു പ്രസംഗം കൂടി വിവാദത്തിൽ; ജ്യൂസ് മൗലവി വീണ്ടും എയറിൽ!

എം റിജു

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ജ്യൂസ് മൗലവി എന്നാണ് അറിയപ്പെടുന്നതെങ്കിലും, ഒരുപാട് അനുയായികൾ ഉള്ള, ഒറ്റ പ്രസംഗത്തിന് പതിനായിരങ്ങൾ പ്രതിഫലം വാങ്ങുന്ന ഇസ്ലാമിക പണ്ഡിതനാണ് റഹ്മത്തുള്ള ഖാസിമി മൂത്തേടം. കഴിഞ്ഞ ദിവസങ്ങളിലായി ബ്രസീലിന്റെ സൂപ്പർതാരം നെയ്മറെ വ്യഭിചാരിയെന്നും, കളിയൻ എന്നും അധിക്ഷേപിച്ചുകൊണ്ടുള്ള ഖാസിമിയുടെ പ്രസംഗത്തിനെതിരെ ഫുട്ബോൾ ഫാൻസ് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ മെസ്സിയെയും, ക്രിസ്റ്റിയാനോ റൊണാൾഡോയെയൂമൊക്കെ രൂക്ഷമായി അധിക്ഷേപിക്കുന്ന ഖാസിമിയുടെ പ്രസംഗ ശകലങ്ങൾ വൈറൽ ആവുകയാണ്.

ദാറുൽ ഖുർആൻ ഇസ്ലാമിക്ക് അക്കാദമിക്ക് വേണ്ടി, ഫുട്ബോളിന്റെ കൊളോണിയലസം, ലിബറലിസം, കച്ചവടം എന്ന വിഷയത്തിൽ സംസാരിക്കയായിരുന്നു റഹ്മത്തുള്ള ഖാസിമി മൂത്തേടം. കഴിഞ്ഞ വർഷം നടത്തിയ നീണ്ട പ്രഭാഷണത്തിന്റെ വിവിധ ക്ലിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

'ഫുട്ബോൾ മണ്ടന്മാരുടെ കളി'

റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്:

'ആരാ ഫുട്ബോൾ പഠിപ്പിച്ചത്, യൂറോപ്പ്. എന്തിന്, മനുഷ്യനെ നശിപ്പിക്കാൻ, മനുഷ്യനെ മണ്ടന്മാർ ആക്കാൻ. മണ്ടന്മാർക്ക് മാത്രമുള്ള കളിയാണ് ഫുട്ബോൾ. ഇത് മണ്ടന്മാരുടെ കളിയാണ്. പഠിക്കണം നാം. ഇത് മണ്ടന്മാരുടെ കളിയാണ്. ഇപ്പോൾ എല്ലാവരും ഫുട്ബോളിലേക്ക് പോവുകയാണ്. യൂറോപ്പിന്റെ കളിയാണ് ഫുട്ബോൾ. യൂറോപ്പ് ചതിക്കാൻ അല്ലാതെ ഇന്നുവരെ ഒരു സാധനവും പുറത്ത് എടുത്തിട്ടില്ല. യൂറോപ്പ് ചതിക്കും എന്ന് വേദവ്യാസൻ എഴുതിവെച്ചിട്ടുണ്ട്. മൂവായിരത്തി ചില്ലാനം കൊല്ലങ്ങൾക്ക് മുമ്പ്. അള്ളാന്റെ പരീക്ഷണം അങ്ങനെയാണ്. കാലഘട്ടത്തിന്റെ ഒഴുക്കിലേക്ക് ചേരാനാണ് പറയുന്നത്്. എങ്ങനെയാണ് അത് കഴിയുക. പ്രത്യേകിച്ച് യൂറോപ്പിൽനിന്ന് വന്ന ഒഴുക്കിലേക്ക് എങ്ങനെയാണ് ഒരു വിശ്വാസി ചേരുക. ഫുട്ബോൾ എന്നാൽ അത് യൂറോപ്പിന്റെ കളിയാണ്. യൂറോപ്പ് ലോകത്തെ ചതിച്ചതാണ്്. എഡി 16ാം നൂറ്റാണ്ട്വരെ ഒരു വെളിച്ചവും ഇല്ലാതെ നിലനിന്ന ലോകത്തിലെ ഒരേ ഒരു ജനത യൂറോപ്യന്മാർ മാത്രമാണ്. ഒരു വെളിച്ചവും അവർക്ക് ഉണ്ടായിരുന്നില്ല. ഒന്നും ഉണ്ടായിരുന്നില്ല. യൂറോപ്പിന് മനുഷ്യത്വം അറിയില്ലായിരുന്നു. യൂറോപ്പിന് ധർമ്മം അറിയില്ലായിരുന്നു. ''- ഖാസിമി പറയുന്നു.

മറ്റൊരു വീഡിയോ ക്ലിപ്പിൽ ഇദ്ദേഹം, മെസ്സിയെയും, ക്രിസ്റ്റിയാനോ റൊണാൾഡോയെയും രൂക്ഷമായി പരിഹസിക്കയാണ്. 'ക്രിസ്റ്റിയാനോ റൊണാൾഡോ ഡോസ് സാന്റ് അവേറോ എന്നതാണ് ഇയാളുടെ പൂർണ്ണ നാമം. ഏഴുവയസ്സുമുതൽ കളി തുടങ്ങി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല. ഒരു വിവരവുമില്ല. വിവരം എന്ന് പറയുന്ന സാധനമേ ഇല്ല. അദ്ദേഹത്തിന് പല സ്ത്രീകളിലായി കുട്ടികൾ ഉണ്ട്. ഈ വിഷയത്തിൽ വിവരമുണ്ട്. ഇനി നമുക്ക് ലയണൽ ആന്ദ്രേസ് മെസ്സിയെപ്പറ്റി പറയാം. അടിസ്ഥാന വിദ്യാഭ്യാസമില്ല. ഒരു വിവരവും ഇല്ല. കുട്ടികൾ ഉണ്ടായതിനുശേഷം 2017ൽ ആയാൾ ആ പെണ്ണിനെ കല്യാണം കഴിച്ചു. ''- ഖാസിമി പറയുന്നു.

'നെയ്മർ വെറും പെണ്ണ് പിടയൻ'

ഈ ലോകകപ്പ് തുടങ്ങിയശേഷം ഇത് എത്രയോ തവണയാണ്, ഇസ്ലാമിക പണ്ഡിതർ ഫുട്ബോൾ താരങ്ങൾക്കെതിരെ രംഗത്ത് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. തുട കാണിച്ചുകൊണ്ടുള്ള ഫുട്ബോൾ കളി അനിസ്ലാമികം ആണെന്നും ഇത്തരക്കാരുടെ കട്ടൗട്ട് വെക്കുന്നവർക്ക് നരകത്തിൽ ശിക്ഷ കിട്ടുമെന്നുമായിരുന്നു, മുജാഹിദ് പണ്ഡിതൻ റഫീഖ് സലഫി പറഞ്ഞിരുന്നത്. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ആകട്ടെ, അമിതമായ ഫുട്ബോൾ ഭ്രാന്ത് നിയന്ത്രിക്കണമെന്നും യുവാക്കൾ നിസ്‌ക്കാരം അടക്കമുള്ള കാര്യങ്ങളിൽനിന്ന് വിട്ട് നിൽക്കരുത് എന്നും പറഞ്ഞിരുന്നു. അതുപോലെ പോർച്ചുഗൽ അടക്കമുള്ള അധിനിവേശരാജ്യങ്ങളുടെ പതാക സ്ഥാപിക്കുന്നതിനെതിരെയും നാസർ ഫൈസി കൂടത്തായി രംഗത്ത് എത്തിയിരുന്നു. ഇതിന്റെ കൂടെയാണ് ഇപ്പോൾ റഹ്്മത്തുള്ള ഖാസിമിയുടെ അധിക്ഷേപവും ഉണ്ടായിരിക്കുന്നത്.

നേരത്തെ നെയ്മറിനെ അധിക്ഷേപിച്ച് ഖാസിമി എയറിൽ ആയിരുന്നു. ആ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 'ആരാണ് നെയ്മർ, നെയ്മർ ദസിൽവാസ് സാന്റോസ് ജൂനിയർ, എന്നാണ് അയാളുടെ മുഴുവനും പേര്. 1992 ഫെബ്രുവരി അഞ്ചിന് ബ്രസീലിലെ മോദിഡാസ്‌ക്രൂഡെസിൽ ജനിച്ചു. 1999ൽ കളി ആരംഭിച്ചു, 7ാം വയസ്സിൽ. അടിസ്ഥാന വിദ്യാഭ്യാസമില്ല. കള്ളുകുടിക്കാനറിയാം, നെയ്മറിന്. ഇവർ മുഴുവനും പച്ച കുത്തിയവർ ആണ്. വലത്തെ ചുമലുമുതൽ, താഴെവരെ ഒരു പെണ്ണിന്റെ മുടി അഴിച്ചിട്ട രൂപം പച്ച കുത്തിയിരിക്കയാണ്. ഇവർ മൊത്തം പച്ചകുത്തിയവർ ആണ്. പച്ചകുത്തുന്നുവർക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും. ഇതൊന്നും ഇവർക്ക് ബാധകമല്ല. അടിസ്ഥാന വിവരംപോലും ഇവർക്കില്ല. 30 വയസ്സ്. 18 സ്ത്രീകൾ ഭാര്യമാരായിട്ടുണ്ട്. എക്സ് ഗേൾ ഫ്രണ്ടസ്. ഒരു പെണ്ണിൽ കുട്ടി ജനിച്ചിട്ടുമുണ്ട്. പതിനെട്ട് ഭാര്യമാർ ഇപ്പോഴുണ്ട്, 2021ലെ കണക്കാണിത്. പിന്നീട് എത്രയാണെന്ന് അറിയില്ല. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ സണ്ണിൽ 2021 എപ്രിൽ 10ന് വന്ന റിപ്പോർട്ട് ആണിത്. എന്താ റിപ്പോർട്ട്. പ്ലേബോയ്, പ്ലേബോയ്... പ്ലേബോയ് എന്ന പ്രയോഗം തന്നെ, ഒരു പെണ്ണിന്റെ ശരീരത്തിൽനിന്ന് അടുത്ത പെണ്ണിലേക്ക് ചാടുന്ന യുവാക്കൾക്ക്, ഇംഗ്ലീഷുകാർ വിളിക്കുന്ന പേരാണ്. കളിയൻ... കളിയൻ. പ്ലേബോയിയും ഒരു പെണ്ണിൽനിന്ന് മറ്റൊരു പെണ്ണിലേക്ക് ചാടി നടക്കുന്നവനും, പിസ്ജി ക്ലബിന്റെ സ്റ്റാറുമായ നെയ്മറിന്റെ ഗേൾഫ്രണ്ടുമാരുടെ മാലയാണ് ഇവർ കൊടുത്തിരിക്കുന്നത്. മാല എന്ന് നമ്മൾ പറയുന്നത് ഒരുപാട് എണ്ണത്തിനാണ്. ''- ഇങ്ങനെയാണ് റഹ്മത്തുള്ള ഖാസിമി നെയ്മറിനെ ആക്ഷേപിക്കുന്നത്.

നേരത്തെ ജ്യൂസ് കണ്ടുപിടിച്ചത് യഹൂദന്മാർ ആണെന്നും, അതിനാൽ അത് കുടിക്കരുതെന്നും റഹ്മത്തുള്ള ഖാസിമി പറഞ്ഞത് വൻ വിവാദമായിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിന് ജ്യൂസ് മൗലവി എന്ന് പേരുവന്നത്. ഖസാക്കിന്റെ ഇതിഹാസവും, രണ്ടാമൂഴവുമൊക്കെ അശ്ളീല പുസ്തങ്ങൾ ആണെന്നും ഇതൊന്നും വായിക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസംഗവും വൻ വിവാദമായിരുന്നു. ഖസാക്കിലെ രവി സ്ത്രീകളെ വ്യഭിചരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവൻ ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതുപോലെ തന്നെ കോണി സ്വർഗത്തിലേക്കുള്ള വഴിയാണെന്നും, സത്രീകൾ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് അനിസ്ലാമികമാണെന്നും പറഞ്ഞത് അദ്ദേഹത്തിന് തിരുത്തേണ്ടി വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP