Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്ത് കലാപത്തിലൂടെ ലഭിച്ചത് പരുക്കൻ പരിവേഷം; മുസ്ലിം വിരോധിയായ നേതാവെന്ന് വിമർശനങ്ങൾ; ഒരു പകരക്കാരന്റെ റോളിൽ മുഖ്യമന്ത്രിയായ മോദി ചരിത്രം തിരുത്തി; മതംവെച്ച് ജാതിയെ വെട്ടി; വികസനത്തിലൂടെ നാമോ ബ്രാൻഡ്; ക്ഷേത്രം പൊളിച്ചുവരെ റോഡുണ്ടാക്കി; ഇനി ഒരേ ഒരു ഇന്ത്യ ഒരൊറ്റ നേതാവ്! ഗുജറാത്തിലെ ഹിന്ദുത്വ പരീക്ഷണങ്ങളുടെ കഥ

ഗുജറാത്ത് കലാപത്തിലൂടെ ലഭിച്ചത് പരുക്കൻ പരിവേഷം; മുസ്ലിം വിരോധിയായ നേതാവെന്ന് വിമർശനങ്ങൾ; ഒരു പകരക്കാരന്റെ റോളിൽ മുഖ്യമന്ത്രിയായ മോദി ചരിത്രം തിരുത്തി; മതംവെച്ച് ജാതിയെ വെട്ടി; വികസനത്തിലൂടെ നാമോ ബ്രാൻഡ്; ക്ഷേത്രം പൊളിച്ചുവരെ റോഡുണ്ടാക്കി; ഇനി ഒരേ ഒരു ഇന്ത്യ ഒരൊറ്റ നേതാവ്!  ഗുജറാത്തിലെ ഹിന്ദുത്വ പരീക്ഷണങ്ങളുടെ കഥ

എം റിജു

''നാലായിരം ആളുകളെ മോദി ഒറ്റയ്ക്ക് കൊന്നിട്ടുണ്ട് എന്നാണ് പറയുന്നത്. ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് മോദി ഇത്രയും വലിയ ആവേശമായതിന്റെ ഒരു കാരണമതാണ്. നമ്മുടെ പുരാണങ്ങളിൽ ശ്രീകൃഷ്ണൻ ഒരുപാട് ആളുകളെ കൊന്നിട്ടുണ്ട്. ശ്രീരാമൻ ഒരുപാട് ആളുകളെ കൊന്നിട്ടുണ്ട്. അങ്ങനെ ഇത്രയും ആളുകളെ കൊന്നവരെയാണ് അവതാര പുരുഷന്മാർ എന്ന് പറയുന്നത്. മോദി ഒറ്റയ്ക്ക് നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കിൽ മോദി അവതാര പുരുഷനാണ്''. -ആർഎസ്എസ് നേതാവും, ശബരിമല സമരത്തിലെ പ്രേക്ഷോഭകനുമായ വത്സൻ തില്ലങ്കേരിയുടെ 2018ലെ ഒരു വൈറൽ വീഡിയോയിലെ വാക്കുകൾ ആണിത്. തന്റെ ഉള്ളിലിരിപ്പ് അറിയാതെ പറഞ്ഞുപോയി എന്നതാണ് വത്സൻ തിലങ്കേരി കാണിച്ച അബദ്ധം. 2002ലെ ഗുജറാത്ത് കലാപത്തിനുശേഷം ഒരു ശരാശരി ഗുജറാത്തിയുടെ മനസ്സിലും, എന്തിന് കേരളത്തിലെ പരിവാറുകൾക്കിടയിൽപോലും, നരേന്ദ്ര മോദിയെ പ്രിയങ്കരനാക്കിയത് അടിച്ചാൽ തിരിച്ചടിക്കുന്ന നേതാവ് എന്ന പ്രതിഛായയാണ്. എതിരാളികളിൽ നരകാസുരന്റെ ഇമേജും! തെഹൽക്കയുടെ ഒളിക്യാമറാ ഓപ്പറേഷനിൽ കലാപം നടത്തിയ പലരും മോദി ദുഷ്ട നിഗ്രഹം നടത്തുന്ന അവതാരമാണെന്ന് അഭിമാനത്തോടെ പറയുകയാണ്.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് നിരവധി പഠനങ്ങൾ ലോകമെമ്പാടും നടന്നിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്്. ഹിന്ദുത്വത്തിന്റെ കൃത്യമായ പരീക്ഷണ ശാലയായിരുന്നു ഗുജറാത്ത്. സാധാരണ ഒരുവർഗീയ കലാപം ഉണ്ടായാൽ എന്താണ് സംഭവിക്കുക. ഭരിക്കുന്ന പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കും. എന്നാൽ ഗുജറാത്തിലെ അവസ്ഥ അതായിരുന്നില്ല. ആ കലാപം വലിത തോതിൽ സാമുദായിക ധ്രുവീകരണത്തിന് വഴിവെച്ചു. അതുവരെ കോൺഗ്രസിന് വോട്ട്ചെത്ത നല്ലൊരു ശതമാനം ഹിന്ദുക്കളും വഴിമാറി ബിജെപിയിലെത്തി. ജാതിയെ വെട്ടി മത ബോധം മുന്നിലെത്തി. അടിച്ചാൽ, തിരിച്ചടിക്കാൻ കഴിയുന്ന, മസ്‌ക്കുലിൻ പൊൽീഷനായി മോദി അവരുടെ മനസ്സിൽ മാറി. മാധ്യമ പ്രവർത്തകനായ കരൺ ഥാപ്പർ മോദിയെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നു. '' ഇപ്പോൾ പ്രധാനമന്ത്രിയാപ്പോൾ, സർജിക്കൽ സ്ട്രൈക്കിലൂടെയും മറ്റും പാക്കിസ്ഥാനെ അടിക്കുന്ന അവതാരമായി മോദി മാറുന്നു. ഈ മസ്‌ക്കുലിൻ നാഷ്ണലിസമാണ് ഇപ്പോൾ ഇന്ത്യയാകെ വികസിക്കുന്നത്. ശരിക്കും അത് ഗുജറാത്തിൽനിന്ന് പഠിച്ചതാണ്''- ഥാപ്പർ ചൂണ്ടിക്കാട്ടുന്നു.

പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ രാമചന്ദ്രഗുഹ ഇങ്ങനെ നിരീക്ഷിക്കുന്നു. '' നരേന്ദ്ര മോദി രണ്ടാം തവണ ഗുജറാത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത്, വികസനത്തിന്റെ പേരിലോ, അഴിമതി രാഹിത്യത്തിന്റെ പേരിലോ ആയിരുന്നില്ല. മുസ്ലീങ്ങളെ അടിച്ചൊടുക്കിയ നേതാവ് എന്ന ഇമേജിലാണ്. ഗുജറാത്ത് കലാപസമയത്ത് ഹിന്ദുക്കൾക്ക് തിരിച്ചടിക്കാനായി അദ്ദേഹം രണ്ടുദിവസം പൊലീസിനെ നിഷ്‌ക്രിയമാക്കി നിർത്തി. അതാണ് മോദിയുടെ രാഷ്ട്രീയ വളർച്ചക്ക് ഇന്ധനമായത്''.

ഇപ്പോഴും നോക്കുക, ഗുജറാത്ത് മുഖ്യമന്ത്രിയുടെ പേരുപോലും പലർക്കും അറിയില്ല. തുടർച്ചായായി 7ാം തവണയും ബിജെപി വിജയിച്ച്, തുടർ ഭരണത്തിൽ റെക്കോർഡിട്ടിരിക്കയാണ്. ബംഗാളിലെ സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ടുകാലത്തെ ഭരണത്തുടർച്ചാ റെക്കോർഡ് പഴങ്കഥയാക്കി നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ, അധികാരത്തിൽ ഏറുമ്പോൾ ഒരേ ഒരു ബ്രാൻഡ് മാത്രമേ, ബിജെപിക്ക് മുന്നിലുള്ളു. നരേന്ദ്ര ദാമോദർദാസ് മോദി എന്ന നമോ ബ്രാൻഡ്. പക്ഷേ ഈ ബ്രാൻഡിങ്ങിലേക്ക് ബിജെപിയും, അതിന് പിറകിൽ പ്രവർത്തിച്ച ആർഎസ്എസും എത്തിയത് ഒരു സുപ്രഭാതത്തില്ല. ഒരുകാലത്ത് കോൺഗ്രസ് കോട്ടയായിരുന്നു ഗുജറാത്തിനെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കി ആർഎസ്എസ് മാറ്റിയത് ഘട്ടം ഘട്ടമായിട്ടാണ്.


തുടക്കത്തിൽ കോൺഗ്രസിന്റെ കോട്ട

ഏറ്റവും വിചിത്രം, കോൺഗ്രസിന്റെ ഇന്ത്യയിലെ ഏറ്റവും ഉറച്ച കോട്ടയെന്ന് വിളിക്കാവുന്ന സംസ്ഥാനം ആയിരുന്നു ഗുജറാത്ത് എന്നതാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെ ജന്മദേശം അങ്ങനെ അല്ലായിരുന്നെങ്കിലേ അത്ഭുദമുള്ളൂ.

ബോംബെ സംസ്ഥാനം വിഭജിച്ച് ഗുജറാത്ത് രൂപീകരിച്ചപ്പോൾ ഒന്നര പതിറ്റാണ്ട് കാലം കോൺഗ്രസിന്റെ അപ്രമാധിപത്യത്തെ ചോദ്യം ചെയ്യാൻ ഒരു ശക്തിക്കും കഴിഞ്ഞിരുന്നില്ല. കോൺഗ്രസിന് ഇടക്കിടെ ചില തിരിച്ചടികൾ നേരിട്ടു വെങ്കിലും 1995 ന് ശേഷമാണ് ഹിന്ദുത്വയുടെ പരീക്ഷണശാല എന്ന വിശേഷണത്തിലേക്ക് ഗുജറാത്ത് മാറിയത്. 1960 ൽ 132 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 112 സീറ്റുകൾ നേടിയ കോൺഗ്രസ് മഹാത്മാഗാന്ധിയുടെ സ്വകാര്യ ഫിസിഷ്യൻ ജീവരാജ് നാരായൺ മേത്തയെ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാക്കി. അദ്ദേഹത്തിന്റെ പിൻഗാമിയായി 1963 ഫെബ്രുവരി 25ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ബൽവന്ത് റായ് മേത്ത 1965 ൽ വിമാന അപകടത്തിൽ കൊല്ലപ്പെടുന്നതിന് ശേഷം പാർട്ടിയിൽ ഉണ്ടായ ആഭ്യന്തര കലഹങ്ങൾ കോൺഗ്രസ് പാർട്ടിക്ക് വെല്ലുവിളിയായി.

പക്ഷേ കോൺഗ്രസിന് ആദ്യമായി അധികാരം നഷ്ടപ്പെടുന്നത് അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്. എന്നാൽ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 1985 ൽ 149 സീറ്റ് നേടി അധികാരത്തിലേക്ക് സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തി. ഈ റെക്കോർഡ് ഇപ്പോഴാണ് തകർക്കപ്പെട്ടതത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം വീണ്ടും അധികാരം കോൺഗ്രസിന് നഷ്ടപ്പെട്ടു. 1990 ൽ ഒരു മൂന്നാം കക്ഷിയുടെ കടന്നുവരവ് ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ചു. അന്ന് 70 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ജനതാദളുമായി ചേർന്ന് 67 സീറ്റുകൾ നേടിയ ബിജെപി അധികാരം പങ്കിട്ടു. നോക്കണം ആദ്യമായി ബിജെപി അധികാരത്തിൽ ഏറിയത്, സോഷ്യലിസ്റ്റുകൾ എന്ന് ്പറയുന്ന ഇടതുപക്ഷത്തോട് ചേർന്നിരിക്കുന്ന ജനതാദളിന്റെ സഹായത്തോടെയാണെന്ന് മറക്കരുത്. അന്ന് എടുത്ത അന്ധമായ കോൺഗ്രസ് വിരോധത്തിന് ഇന്ന് ഇടതുപക്ഷവും ജനതാദളുമൊക്കെ വലിയ വിലകൊടുക്കുന്നു.

90ൽ ജനതാദളിന്റെ ചിന്മയ് ഭായ് പട്ടേൽ മുഖ്യമന്ത്രിയും ബിജെപിയുടെ കേശുഭായ് പട്ടേൽ ഉപമുഖ്യമന്ത്രിയുമായി. എന്നാൽ ആ സഖ്യത്തിന് അധികം ആയുസുണ്ടായിരിന്നില്ല. അതേ വർഷം ഒക്ടോബറിൽ സഖ്യം പിരിഞ്ഞെങ്കിലും കോൺഗ്രസിന്റെ പിന്തുണയോടെ ജനതാദൾ അധികാരം നിലനിർത്തി. 1994 ൽ ചിന്മയ് ഭായ് മരിച്ചപ്പോൾ കോൺഗ്രസിലെ ഛബീൽദാസ് മേത്ത മുഖ്യമന്ത്രിയായി. എന്നാൽ 1995 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് 182ൽ 121 സീറ്റും നേടി ബിജെപി ഒറ്റക്ക് അധികാരത്തിലേക്ക് നടന്നു കയറി. പിന്നീട് സീറ്റുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലികൾ ഉണ്ടായെങ്കിലും അധികാരം ബിജെപിക്ക് നഷ്ടപെട്ടില്ല. കേശുഭായി പട്ടേൽ ഗുജറാത്തിന്റെ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഒത്തുതീർപ്പ് മുഖ്യമന്ത്രിയായി മോദി

2001 ൽ ബിജെപി നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കന്നത്, ഇന്ന് പലരും കരുത്തുന്നതുപോലെ മികവ് കൊണ്ട് ഒന്നുമല്ല. അഴിമതിയും ഗ്രൂപ്പിസത്തിലും കഴിവുകേടിലും മടുത്ത ബിജെപി കേന്ദ്ര നേതൃത്വം ഒരു ഒത്തുതീർപ്പ് മുഖ്യമന്ത്രി എന്ന നിലയിലാണ് മോദിയെ നിയമിക്കുന്നത്. ശരിക്കും ഒരു സബ്റ്റിയറ്റി്യൂട്ടിന്റെ റോൾ. പക്ഷേ അയാൾ ചരിത്രം തിരുത്തി.

ആർഎസ്എസ് പ്രചാരക് ആയിരുന്നുവെന്നല്ലാതെ മോദിക്ക് ഭരണ പരിചയം ഉണ്ടായിരുന്നില്ല. 1985 ൽ ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ ആർഎസ്എസാണു മോദിയോട് ആവശ്യപ്പെട്ടത്. 1988 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു. 1995 ൽ ഗുജറാത്തിൽ ബിജെപിയുടെ മുന്നറ്റേത്തിന് പിന്നിൽ മോദിയുടെ കൂടി തന്ത്രങ്ങൾ ഉണ്ടായിരുന്നു. 2001 ൽ കേശുഭായ് പട്ടേലിന്റെ മന്ത്രിസഭക്കു നേരെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ ആരോപണങ്ങൾ ശക്തമായി ഉയർന്നു വന്നു. ഗുജറാത്തിലുണ്ടായ ഭൂകമ്പകെടുതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും ധാരാളം വിമർശനങ്ങൾ ഉയർന്നു. സർക്കാറിന് ഒരു കാര്യവും ഫലപ്രദമായി ചെയ്യാൻ കഴിഞ്ഞില്ല. അന്ന് നടത്തിയ ചില ഇടപെടലുകളും മോദിയെ ശ്രദ്ധേയനാക്കി. ഇതിന് പിന്നാലെയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റത്. ആ സാഹചര്യത്തിൽ ഗുജറാത്തിൽ പകരം ഒരു നേതാവിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചിന്തിക്കാൻ തുടങ്ങി.

നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെങ്കിലും, പട്ടേലിനെ പുറത്താക്കി താരതമ്യേന പരിചയം കുറവുള്ള മോദിയെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന അദ്വാനിക്ക് താൽപര്യമില്ലായിരുന്നു. പട്ടേൽ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയാവാനുള്ള പാർട്ടിയുടെ നിർദ്ദേശം മോദി തള്ളിക്കളഞ്ഞു. ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഭാഗികമായി ഏറ്റെടുക്കുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു മോദി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ഇതിൽ നേതൃത്വവും വഴങ്ങി. തുടർന്ന് 2001 ഒക്ടോബർ 7 ന് മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു, ഡിസംബർ 2002 ൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്.

ഗോധ്രയും ഗുജറാത്ത് കലാപവും

സത്യത്തിൽ ഗോധ്ര സംഭവവും ഗുജറാത്ത് കലാപവും ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് കാണുന്ന മോദി തന്നെ ഉണ്ടാവില്ലായിരുന്നുവെന്ന് വിലയിരുത്തലുകൾ ഉണ്ട്. സബർമതി എക്സ്പ്രസ്സ് 2002 ഫെബ്രുവരി 27-ാം തീയതി രാവിലെ എട്ടര മണിക്ക് ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ അക്രമണത്തിരയായി. ബോഗികൾക്ക് തീപ്പിടിച്ച് 50ഓളം പേർ വെന്തുമരിച്ചു. മുസ്ലിം തീവ്രവാദികളാണ് ഈ കൊലപാതകത്തിനു പിന്നിൽ എന്ന കിംവദന്തി പരന്നു. തുടർന്നുണ്ടായ കലാപത്തിൽ ആയിരക്കണക്കിനു മുസ്ലിംങ്ങൾ കൊല്ലപ്പെട്ടു. ഈ കലാപത്തിൽ ഹിന്ദുക്കൾക്ക് പകരം വീട്ടാൻ രണ്ടുദിവസം അനുവദിച്ചതാണ്, സത്യത്തിൽ മോദിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഐക്കൺ ആക്കിയത് എന്നാണ് വിമർശകർ പറയുന്നത്. കോൺഗ്രസ് എം പി ഇസ്ഹാൻ ജാഫ്രി സഹായത്തിനായി വിളിച്ചപ്പോൾ മോദി ശകാരിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ പറഞ്ഞിരുന്നു.

പക്ഷേ മോദിയെ അനുകൂലിക്കുന്നവർ ഇക്കാര്യം തള്ളിക്കളയുകയാണ്. കലാപം തടയാൻ മോദി സർക്കാർ ആത്മാർഥമായി ശ്രമിച്ചു എന്ന് അവർ പറയുന്നു. പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പ്രശ്നക്കാരെ കണ്ടാലുടൻ വെടിവെക്കാനും ഉത്തരവു നൽകി. കൂടുതൽ ഗുരുതരമാവാതിരിക്കാൻ കേന്ദ്ര സേനയെ അയക്കണമെന്നും അഭ്യർത്ഥിച്ചു. പക്ഷേ മനുഷ്യാവകാശ കമ്മീഷനുകളും, പ്രതിപക്ഷ പാർട്ടികളും, മാധ്യമങ്ങളും എല്ലാം ഗുജറാത്ത് സർക്കാരിന്റെ നിഷ്‌ക്രിയതയെ രൂക്ഷമായി വിമർശിച്ചു. ഗോധ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഹമ്മദാബാദിലേക്കു കൊണ്ടു വരുവാനുള്ള മോദിയുടെ തീരുമാനം ഏറെ വിമർശനത്തിനിടയാക്കി.

അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് പോലും മോദിക്ക് എതിരായിരുന്നു. കലാപത്തിൽ അതീവ ഖിന്നായിരുന്നു വാജ്പേയ്്. ഒരുവേള ബിജെപി മോദിയെ മാറ്റും എന്നുവരെ റിപ്പോർട്ടുകൾ വന്നു. പക്ഷേ മോദിക്ക് ആർഎസ്എസിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ആർഎസ്എസിന് കൃത്യമായി അറിയാമായിരുന്നു തങ്ങൾ ലക്ഷ്യമിട്ട സോഷ്യൽ എഞ്ചിനീയറിങ്ങ് തന്നെയാണ് ഇവിടെ സംഭവിക്കുന്നതെന്ന്.

കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികൾ പോലും മോദിയുടെ രാജി ആവശ്യപ്പെട്ടു. മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പാർലിമെന്റ് തന്നെ സ്തംഭിപ്പിച്ചു. 2002 ഏപ്രിലിൽ മോദി പാർട്ടി നേതൃത്വത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെങ്കിലും, നേതൃത്വം ആ രാജിക്കത്ത് തള്ളിക്കളഞ്ഞു. 2002 ജൂലൈ 19 ന് മോദി സർക്കാർ ഒരു അടിയന്തര യോഗം കൂടി, തന്റെ രാജി ഗുജറാത്ത് ഗവർണർക്കു സമർപ്പിക്കുകയും, ഉടനടി തിരഞ്ഞെടുപ്പു നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ഏവരും ഞെട്ടി. 182 ൽ 127 സീറ്റുകൾ നേടി ബിജെപി ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്തി! കൃത്യമായ ഹിന്ദു ധ്രുവീകരണം. ഹിന്ദുത്വ പരീക്ഷണത്തിന്റെ വിജയം. മറ്റെല്ലാ പ്രശ്നങ്ങളെയും അവഗണിച്ചുകൊണ്ടുള്ള മത വികാരം. അത് ജാതിയെയും നിഷ്പ്രഭമാക്കുന്നു.

ക്ഷേത്രം പൊളിച്ചുവരെ വികസനം

പിന്നീട് 13 വർഷക്കാലം മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി. രണ്ടാമുഴത്തിൽ മോദി ഏറെ ശ്രദ്ധിച്ചത് വികസനത്തിന് ആയിരുന്നു. ഗുജറാത്തിനെ വികസനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിൽ മോദിക്ക് വിശ്വ ഹിന്ദു പരിഷത്, ഭാരതീയ കിസാൻ സംഘ തുടങ്ങിയ സംഘപരിവാറിന്റെ സംഘടനകളെവരെ പിണക്കേണ്ടി വന്നു. ഗോർദ്ധാൻ സദാഫിയയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുക വഴി തന്റെ സുഹൃത്തായ പ്രവീൺ തൊഗാഡിയയുമായി മോദി അകന്നു. ഗാന്ധിനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 200 ഓളം ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുക്കുക വഴി വിശ്വഹിന്ദു പരിഷത്തുമായും അകലേണ്ടിവന്നു.

2002-2007 കാലഘട്ടത്തിൽ ഗുജറാത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് മോദി ശ്രമിച്ചത്. ഗുജറാത്തിൽ അഴിമതി കുത്തനെ കുറഞ്ഞുവെന്നും, ഓരോ ചെറിയ കാര്യങ്ങളിലും മോദിയുടെ ശ്രദ്ധ പതിയുന്നുണ്ടെന്ന് മാധ്യമപ്രവർത്തകർ വരെ അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനും, നിക്ഷേപകരെ ആകർഷിക്കുവാനുമായി, വൈബ്രന്റ് ഗുജറാത്ത് എന്നൊരു നിക്ഷേപകസംഗമം തന്നെ മോദിയുടെ നേതൃത്വത്തിൽ നടന്നു.

പക്ഷേ അപ്പോഴും ഗുജറാത്ത് കലാപത്തിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. മുസ്ലിം സമുദായത്തോടുള്ള മോദിയുടെ സമീപനം ഏറെ വിമർശനങ്ങൾക്കിട വരുത്തി. സംസ്ഥാനത്തെ പൗരന്മാരെ രണ്ടായി കാണരുതെന്ന് പ്രധാനമന്ത്രി വാജ്പേയ് മോദിയോട് ആവശ്യപ്പെട്ടിരുന്നു. 2004 ലെ പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്കേറ്റ പരാജയത്തിന്, വാജ്പേയി മോദിയെയാണ് കുറ്റപ്പെടുത്തിയത്. ഗുജറാത്ത് കലാപത്തിനുശേഷം ഉടൻ തന്നെ മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യാഞ്ഞത് പാർട്ടി ചെയ്ത ഗുരുതരമായ തെറ്റാണെന്നും വാജ്പേയി ആരോപിക്കുകയുണ്ടായി. അടുത്ത തെരഞ്ഞടുപ്പിലും മോദി അധികാരം നിലനിർത്തി.

ഈ കാലങ്ങളിൽ കേന്ദ്ര മന്ത്രിസഭയെ വിമർശിക്കുവാൻ മോദി ശ്രമിച്ചുകൊണ്ടിരുന്നു. 2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെത്തുടർന്ന്, തീവ്രവാദം തടയുന്നതിനുള്ള നിയമം നടപ്പിലാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന് മോദി നിരന്തരമായി ആവശ്യപ്പെട്ടു. 2001 ൽ നടന്ന പാർലിമെന്റാക്രമണത്തിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ ഉടനടി വധശിക്ഷക്കു വിധേയനാക്കണമെന്ന് മോദി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പരയെത്തുടർന്ന് 1600 കിലോമീറ്ററോളം വരുന്ന ഗുജറാത്തിന്റെ കടൽതീരത്തെ സുരക്ഷ ശക്തമാക്കുന്നതിനായി മോദി ഉന്നതതലയോഗം വിളിച്ചുകൂട്ടുകയും, ഇതിന്റെ ഫലമായി കേന്ദ്രത്തിൽ നിന്നും 30 ഓളം വരുന്ന നിരീക്ഷണ ബോട്ടുകൾ ഗുജറാത്തിന്റെ സുരക്ഷക്കായി ലഭിക്കുകയും ചെയ്തു.

ഗുജറാത്തിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റാനാണ് മോദി തന്റെ മൂന്നാമൂഴത്തിൽ ശ്രമിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഊന്നൽ. ഗുജറാത്തിലെ ഓരോ ഗ്രാമത്തിലുംവൈദ്യുതി എത്തിച്ചു. കൃഷി ആവശ്യത്തിനുവേണ്ടി പ്രത്യേകമായി വൈദ്യുതി വിതരണം ഏർപ്പെടുത്തി. 2001-2007 കാലഘട്ടത്തിൽ ഗുജറാത്തിലെ കാർഷിക വളർച്ച 9.6 ശതമാനമായിരുന്നു. മോദിയുടെ ഭരണകാലമായ 2001-2010 ൽ ഗുജറാത്തിലെ കാർഷിക വളർച്ച 10.97 ശതമാനവുമായിരുന്നു. അങ്ങനെ വികസനകുതിപ്പ് ഉണ്ടായതോടെ, പതുക്കെ ഒരു ബ്രാൻഡ് മോദിയുണ്ടാവാൻ തുടങ്ങി. അഴിമതിരഹിതനായ രാജ്യവികസനത്തിനായി കഠിനമായി അധ്വാനിക്കുന്ന മനുഷ്യൻ എന്ന ഇമേജ് ചെറുപ്പക്കാരെ സ്വാധീനിച്ചു. അത് മോദിക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള തട്ടൊരുക്കം കൂടിയായി.


ബ്രാൻഡ് മോദിയുണ്ടാവുന്നു

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ മറ്റു സംസ്ഥാനങ്ങളോടൊപ്പം എത്തിച്ചതിൽ സുപ്രധാന പങ്കു വഹിച്ച നേതാവാണ് മോദി. 12,220 പേർ മരിക്കുകയും, പതിനായിരങ്ങൾ ഭവന രഹിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുകയും, ബാധിത പ്രദേശത്തെ 80 ശതാമനം ഭക്ഷണ സാധനങ്ങളും ജല സ്രോതസ്സുകളും ഉപയോഗശൂന്യമായി പോകയും, ചെയ്ത സാഹചര്യമായിരുന്നു അത്. മോദിയുടെ ഭരണത്തിൽ ദുരന്ത മേൽനോട്ടത്തിനും, പുനരധിവാസം, അപകട സാധ്യത നിർമ്മാർജ്ജനം എന്നിവ നന്നായി നടന്നു. ഇതിന്റെ പേരിൽ സംയുക്ത രാഷ്ട്രങ്ങളുടെ സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ് 2003ൽ ഗുജറാത്തിന് ലഭിച്ചിരുന്നു.

ഇങ്ങനെ വികസന നായകൻ എന്ന നിലയൊണ് ഒരു ബ്രാൻഡ് മോദിയെ സൃഷ്ടിച്ചത്. ഗുജറാത്ത് എന്നാൽ മഹാത്മാഗാന്ധിയുടെ സംസ്ഥാനം എന്നത് വിട്ട് മോദിയുടെ നാടായി. കൃത്യമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുൾ പറുത്തെടുക്കാനും അദ്ദേഹം മറന്നില്ല. രാമക്ഷേത്ര കാമ്പയിനും, ഇപ്പോൾ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രമൊക്കെ ഉദാഹരണം. സർജിക്കൽ സ്ട്രൈക്കിലുടെയും മറ്റും, മസ്‌ക്കുലിൻ നാഷ്ണാലിറ്റി എന്ന സാധനം സാധാരണക്കാരനിലേക്ക് ബിജെപി എത്തിച്ചത് മോദിയിലൂടെയാണ്.

2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി അധികാരത്തിൽ എത്തിയതോടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ബിജെപിക്ക് അകത്തുനിന്നുതന്നെ മുറവിളി ഉയർന്നു. പിന്നീടുള്ളതെല്ലാം ചരിത്രം. ഗുജറാത്തിലെ അതേ ടെക്ക്നിക്ക് തന്നെയാണ് മോദി ദേശീയ രാഷ്ട്രീയത്തിലും പയറ്റിയത്. വികസനം, കഠിനാധ്വാനം, ദേശീയത അങ്ങനെ പോകുന്ന നമോ ടിപ്പ്സ്. ഇപ്പോൾ മുസ്ലീങ്ങൾക്ക് പകരം പാക്കിസ്ഥാൻ ആയെന്ന് മാത്രം!

ഒരേ ഒരു ഇന്ത്യ ഒരൊറ്റ നേതാവ്'

ഒരേ ഒരു വ്യക്തിയിലേക്ക് ഒരു സംസ്ഥാനം ചുരുങ്ങുക. ഇപ്പോൾ ഗുജറാത്തിൽ അതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ജനം വോട്ടുചെയ്യുന്നത് മോദിക്ക് വേണ്ടിയാണ്. ഇതേ രീതിയിൽ ഇന്ത്യയിലും മണ്ണൊരുക്കാനാണ് സംഘപരിവാറിന്റെ ശ്രമം.
ഗുജറാത്ത് രാഷ്ട്രീയത്തിൽ നിന്നും നരേന്ദ്ര മോദി മാറി നിൽക്കുന്ന കാലയളവിൽ 2017ൽ മാത്രമാണ് കോൺഗ്രസിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞത്. അന്ന് ആകെയുള്ള 182 സീറ്റുകളിൽ 70 സീറ്റുകളിൽ നിർണ്ണായക സാധ്വീനമുള്ള പട്ടേൽ സമുദായത്തിന്റെ പിന്തുണയുള്ള ഹർദീക് പട്ടേലിന്റെ കോൺഗ്രസിലേക്കുള്ള കടന്നു വരവും ഒപ്പം ഭരണവിരുദ്ധ വികാരവുമാണ് അതിനു കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. 99 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് 77 സീറ്റുകൾ നേടാനായി. 1990നും ശേഷം കോൺഗ്രസ് പുറത്തെടുത്ത ഏറ്റവും നല്ല പ്രകടനമായിരുന്നു അത്.

ഇക്കുറി, മോർബി തൂക്കുപാലം ദുരന്തവും വിലക്കയറ്റവും ഒപ്പം ശക്തമായ ഭരണവിരുദ്ധ വികാരവും ബിജെപിക്ക് വെല്ലുവിളിയാകും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടിയിരുന്നത്. 1985 നെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മറ്റൊരു മൂന്നാം കക്ഷിയുടെ സാന്നിധ്യവും ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായി. പക്ഷേ ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി. ബിജെപിക്ക് ചരിത്ര വിജയം. ആപ്പ് പലയിടത്തും കോൺഗ്രസിന്റെ വോട്ടുകൾ കവർന്നു. വ്യക്തമായ നേതൃത്വം പോലുമില്ലാത്ത കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി.

ഇതേമോഡൽ തന്നെയായിരുക്കും ഇനി ദേശീയ തലത്തിൽ ബിജെപി ആവർത്തിക്കാൻ ശ്രമിക്കുക. 'ഒരേ ഒരു ഇന്ത്യ ഒരൊറ്റ നേതാവ്' എന്ന രഹസ്യ മുദ്രാവാക്യം. തെരഞ്ഞെുടുപ്പ് ഫലം വിലയിരിത്തുക്കൊണ്ട് പ്രശ്സ്ത മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർ ദേശായി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''367ാം വകുപ്പ് റദ്ദാക്കിയതുപോലെ, ഏക സിവിൽ കോഡ് അടക്കമുള്ള കാര്യങ്ങൾ ഈ ഘട്ടത്തിൽ തന്നെ ബിജെപി നടപ്പാക്കാൻ ഇടയുണ്ട്. ഗുജറാത്തിലെ ഈ മൃഗീയ ഭൂരിപക്ഷം ഞെട്ടിക്കുന്നതാണ്. ഒരു മാതിരി നല്ല രീതിയിൽ ഭരിച്ചിരുന്ന ഡൽഹിയിലെ ഷീലാദീക്ഷിതിന്റെ കോൺഗ്രസ് സർക്കാറിനെ വീഴ്‌ത്തിയത് ഉള്ളിയുടെ വിലക്കയറ്റം ആയിരുന്നു. അതുപോലുള്ള ഭരണവിരുദ്ധ വികാരം ഒന്നും ഏശാത്ത രീതിയിൽ ഗുജറാത്ത് മാറിപ്പോയിരിക്കുന്നു. ഭാവിയിൽ ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാവുന്നതിന്റെ ഒരു സൂചനകൂടിയാണിത്.''

കണക്കിലെ കളികൾ ആശ്വാസം

പക്ഷേ ഇതു ശരിയല്ലെന്ന മറുവാദവും ഉയരുന്നുണ്ട്. ഇത്രയേറ പണം ഒഴുക്കിയിട്ടും ആകെ വോട്ടർമാരുടെ 30ശതമാനത്തിന് താഴെ വോട്ടുമാത്രമാണ് ബിജെപിക്ക് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 60ശതമാനം പേർ വോട്ട് ചെയ്തിടത്ത് ഇത്തവണ 55 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്. കോൺഗ്രസ് തെരഞ്ഞെടുപ്പിനെ എഴുതിത്ത്ത്ത്ത്തള്ളുകയും, ആം ആദ്മിയടക്കം കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും, വോട്ടിങ് ശതമാനം ഇടിഞ്ഞത് ശക്തമായ പ്രതിഷേധത്തിന്റെ സൂചന തന്നെയാണെന്ന് വിലയിരുത്തുന്നവർ ഉണ്ട്. പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനമാണ് ബിജെപിക്ക് കിട്ടിയത്. ഇത് ആകെ വോട്ടിന്റെ 29 ശതമാനമേയുള്ളൂ. പക്ഷേ കോൺഗ്രസിനും ആപ്പിനും കൂടി 22 ശതമാനം വോട്ടും കിട്ടി. ഈ കണക്ക് നോക്കുമ്പോൾ ഗുജാറാത്തിൽ ഇപ്പോഴും പ്രതീക്ഷക്ക് വകയുണ്ടെന്നാണ് പലരും പറയുന്നത്. പ്രതിപക്ഷം ശക്തമാവുകായാണെങ്കിൽ ഈ പ്രചാരണം തകർക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ തന്നെ ഹിന്ദുക്കളെ മൊത്തമായി ഹിന്ദുത്വശക്തികൾ കൊണ്ടുപോകുമെന്നതും അതിരു കവിഞ്ഞ വിലയിരുത്തലാണ്. 95 ശതമാനം ഹിന്ദുക്കളുള്ള ഹിമാചൽ പ്രദേശിൽ ബിജെപിക്ക് വൻതോൽവിയാണ് നേരിട്ടത്. 89 ശതമാനം ഹിന്ദുക്കളുള്ള രാജസ്ഥാനിൽ ബിജെപി ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നു. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആല ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' സ്വച്ഛ്ഭാരത്, ഉജ്വൽ ഗ്യാസ് യോജന, ജൽജീവൻ യോജന, ആയുഷ്മാൻ ഭാരത് തുടങ്ങിയ മാനുഷിക പദ്ധതികളിലൂടെയാണ് പ്രധാനമന്ത്രി മോദി ഇന്ത്യയിലെ സാധാരണക്കാരുടെ ഹൃദയം കവർന്നത്. അഴിമതിരഹിതമായ ഒരു കേന്ദ്രമന്ത്രിസഭയെ നയിക്കുന്ന, ഉറച്ച തീരുമാനമെടുക്കാൻ ശേഷിയുള്ള, ജനതയോട് നേരിട്ട് സംവേദിക്കാൻ കഴിയുന്ന ഭരണാധികാരിയെ ജനം സ്നേഹിക്കും ആരാധിക്കും.

മോദിഫാൻസിന്റെ വോട്ടിലാണ് ബിജെപി ഏഴാം തവണയും ഗുജറാത്തിൽ അധികാരത്തിലേറുന്നത്.ബിജെപി ഭരണത്തിൽ ഗുജറാത്ത്, കമ്മ്യൂണിസ്റ്റ് ബംഗാളിന്റെ ദുരവസ്ഥയിലെത്തിയില്ല എന്നതും ശ്രദ്ധേയമായ ഒരു വസ്തുതയാണ്. തൊഴിൽ തേടി ഒരു ഗുജറാത്തിയും കേരളത്തിലേക്ക് തീവണ്ടി കയറുന്നില്ല. വ്യവസായ സംരംഭങ്ങളുടെ മെഗാപദ്ധതികളുടെ ഒക്കെ സ്വന്തം സംസ്ഥാനമാണെങ്കിലും ഗുജറാത്ത്, കേരളം പോലെ സമ്പൂർണ്ണ നഗരവത്ക്കരണത്തിന് വിധേയമായിട്ടില്ല. അതുകൊണ്ടാണ് മറ്റ് ഇന്ത്യൻ ഗ്രാമങ്ങളെ പോലെ റൂറൽ ഗുജറാത്ത് ഫ്യൂഡൽ വേഷവിധാനങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്.

വർഗീയ ചുഴലിക്കാറ്റിൽ ഒരുതവണ അധികാരം പിടിക്കാനായേക്കും. എന്നാൽ ഭരണം നിലനിർത്തണമെങ്കിൽ ഗവേണൻസ് നന്നാവണം, സർവീസ് ഡെലിവറി മെച്ചപ്പെടണം. പാശ്ചാത്യ വികസിത രാജ്യങ്ങളിൽ പോലും തെരഞ്ഞെടുപ്പ് കാലത്ത് ശക്തമായ ഭരണവിരുദ്ധ വികാരം രൂപപ്പെടാറുണ്ട്. ആ തീക്കാറ്റിനെ അതിജീവിക്കാൻ കാര്യക്ഷമമായ ഭരണയന്ത്രം ഉണ്ടെങ്കിൽ മാത്രമേ കഴിയുകയുള്ളൂ.''- സജീവ് ചുണ്ടിക്കാട്ടുന്നു.

എന്തായാലും ഗുജറാത്ത് ഫലത്തെക്കുറിച്ചുള്ള ചർച്ചകളും ആശങ്കകളും ഇനിയും കുറേക്കാലം ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ അവിശ്വാസികളും ഭൗതികവാദികളുമായ മാവോയിസ്റ്റുകളാണ് വിജയിച്ചത്. 95 ശതാമാനം ഹിന്ദുക്കളുള്ള ഹിമാചലിൽ ബിജെപി തോറ്റു. 98 ശതമാനം ഹിന്ദുക്കളുള്ള രാജസ്ഥാനിൽ ബിജെപി പ്രതിപക്ഷത്താണ്. പക്ഷേ നാം പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിലേക്ക് വരാം. ഇവിടെ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ട നാൾ മുതൽ അത് മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയാണ്! വൺസൈഡ് നവോത്ഥാനവാദികൾ ആയ നമ്മുടെ ഇടതുപക്ഷം ചിന്തിക്കേണ്ട ഒരു സോഷ്യൽ എഞ്ചിനീയറിങ്ങാണ് ഇതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP