Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓരോ അയ്യപ്പ ഭക്തനെ പോലെ താനും അന്നാളുകളിൽ മനസ്സുരുകി കരഞ്ഞു; അന്ന് സർക്കാർ തൊട്ടതു ഷോക്കടിക്കുന്ന ഇലക്ട്രിക് പ്ലഗിൽ'; യുകെയിൽ അയ്യപ്പ പൂജയ്ക്ക് എത്തിയ സ്വാമി ഉപാസകൻ വീരമണിക്കൊപ്പം ഭക്തി ഗാനാലാപനത്തിന് എത്തിയത് ആയിരങ്ങൾ

ഓരോ അയ്യപ്പ ഭക്തനെ പോലെ താനും അന്നാളുകളിൽ മനസ്സുരുകി കരഞ്ഞു; അന്ന് സർക്കാർ തൊട്ടതു ഷോക്കടിക്കുന്ന ഇലക്ട്രിക് പ്ലഗിൽ'; യുകെയിൽ അയ്യപ്പ പൂജയ്ക്ക് എത്തിയ സ്വാമി ഉപാസകൻ വീരമണിക്കൊപ്പം ഭക്തി ഗാനാലാപനത്തിന് എത്തിയത് ആയിരങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ''ഓരോ അയ്യപ്പ ഭക്തനെ പോലെ താനും ആ നാളുകളിൽ മനസ്സുരുകി കരഞ്ഞിരുന്നു. ശബരിമല അയ്യപ്പ സ്വാമി എന്ന മൂർത്തിയുടെ ആത്മഭാവം അറിയാത്തവരാണ് വിവാദം സൃഷ്ടിച്ചത്. ശബരിമല അയ്യപ്പന്റെ മൂർത്തി ഭാവം എന്തെന്നറിഞ്ഞാൽ ഈ തർക്കത്തിനൊന്നും ആരും നിൽക്കില്ല. ഓരോ ക്ഷേത്രത്തിനും ഓരോ മൂർത്തിക്കും ഓരോ ഭാവമുണ്ട്. അത് ആ ക്ഷേത്രത്തിന്റേത് മാത്രമാണ്. മറ്റു ക്ഷേത്രങ്ങളിൽ വ്യത്യസ്തമായിരിക്കും. സയൻസും ലോജിക്കും യുക്തിയുമല്ല വിശ്വാസത്തിൽ പ്രധാനം.

ഇന്നും സയൻസിനും ലോജിക്കിനും ഒക്കെ കാരണം കണ്ടെത്താനാകാത്ത എത്രയോ കാര്യങ്ങൾ വിശ്വാസമുമായി ബന്ധപ്പെട്ടു കിടക്കുന്നു. ശബരിമലയിൽ ആഴിയിൽ ഭക്തർ നിക്ഷേപിക്കുന്ന നെയ്‌ത്തേങ്ങകൾ സൃഷ്ടിക്കുന്ന അഗ്നിനാളം എത്രയോ ഉയരത്തിലാണ് ആളിക്കത്തുന്നത്. തൊട്ടടുത്ത് നിൽക്കുന്ന ആൽമരത്തിലെ ഒരിളം തളിര് പോലും വാടുന്നില്ലല്ലോ, കൊഴിയുന്നില്ലല്ലോ. എന്താണ് അതിന്റെ യുക്തി? എന്താണ് അതിന്റെ സയൻസ്?''

''ഇത്തരത്തിൽ നിസാരമായി നമ്മൾ മനുഷ്യർക്ക് കണ്ടെത്താനാകത്ത അനേകം കാര്യങ്ങളുണ്ട് ഭൂമിയിൽ. അതിനൊക്കെ ആധുനികതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഒക്കെ പേര് പറഞ്ഞു തല വച്ച് കൊടുക്കാൻ നമ്മൾ ആരാണ്. പഴയതെല്ലാം മാറ്റണം എന്ന് ഒരാൾ വിശ്വസിക്കുന്നതിന്റെ ബദലായി പഴയതു ഒക്കെ അതെ വിധം നിലനിൽക്കണം എന്ന് ചിന്തിക്കാൻ മറ്റൊരാൾക്കും അവകാശം ഉള്ളതല്ലേ ഭൂമി? വിപ്ലവം ഉയർത്തേണ്ടത് വിശ്വാസ ഭൂമിയിലല്ല മറിച്ചു അത് ആവശ്യപെടുന്നിടത്താണ്. അവിടെയൊന്നും ഇവരെയാരെയും കാണാനുമില്ല എന്നതാണ് സത്യം.'' ശബരിമലയെ വിവാദമാക്കിയ കോടതി ഉത്തരവും അതിനോട് കേരള സർക്കാർ അന്നെടുത്ത നിലപാടും സംബന്ധിച്ച ഒരു ചോദ്യത്തിനാണ് അയ്യപ്പ ഭക്തിയുടെ ഉപാസകനായി അറിയപ്പെടുന്ന സാക്ഷാൽ പള്ളിക്കെട്ട് വീരമണി ഇത്തരത്തിൽ പ്രതികരിച്ചത്.

യുകെയിൽ ഹരിവരാസനം 100 എന്ന വാർഷിക ചടങ്ങിന്റെ പ്രചാരണ ഭാഗമായി എത്തിയ വീരമണിയും ശബരിമല മുൻ മേൽശാന്തി കോസല വിഷ്ണു വാസുദേവൻ നമ്പൂതിരി, ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ, തെലുങ്ക് പിന്നണി ഗായകനും ഭക്തി ഗാന രംഗത് പ്രസിദ്ധനുമായ അഭിഷേക് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുകെയിലെ ആഘോഷങ്ങൾ സംബന്ധിച്ച കൂടിയാലോചനകൾക്കായി എത്തിയത്. 

ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയോ എന്ന് ചോദിച്ചപ്പോൾ ഒരുദാഹരണത്തിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. ''ഷോക്കടിക്കുന്ന ഇലക്ട്രിക് പ്ലഗിൽ ആരെങ്കിലും തൊടാൻ തയ്യാറാകുമോ? തൊട്ടാൽ അതിന്റെ അനുഭവവും കയ്യോടെ ലഭിക്കുമെന്നതല്ലേ വാസ്തവം? '' എന്നദ്ദേഹം പറഞ്ഞവസാനിപ്പിക്കുക ആയിരുന്നു. പള്ളിക്കെട്ട് എന്ന ഗാനത്തിന് ലോകമെങ്ങും ആരാധകർ ഉണ്ടായതു തങ്ങളുടെ കുടുംബത്തിലെ വംശ പരമ്പരക്ക് തന്നെ ലഭിച്ച ദൈവിക പുണ്യം ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു നാടൻ പാട്ടിന്റെ ഈണത്തിൽ ക്രമപ്പെടുത്തിയതുകൊണ്ടാകും ആ ഗാനം മറ്റെവിടെയും കേൾക്കാത്ത വിധത്തിൽ പ്രസിദ്ധി നേടിയതും കാലങ്ങളെ അതിജീവിച്ചു നിലനിൽക്കുന്നതും. മാത്രമല്ല പല്ലവിയും അനുപല്ലവിയും ഒന്നു തന്നെ ആണെന്നതും പള്ളിക്കെട്ട് എന്ന ഏറ്റവും പ്രസിദ്ധമായ അയ്യപ്പ ഗാനത്തിന്റെ പ്രത്യേകതയാണ്.

വീരമണി പാടിയ അമ്പതു വർഷം പഴക്കമുള്ള ഒട്ടുമിക്ക അയ്യപ്പ ഭക്തിഗങ്ങളും ഇന്നും ഭക്തർക്ക് അയ്യപ്പ ദർശനം ലഭിച്ചതിനു സമാനമായ അനുഭവമാണ് മനസുകളിൽ എത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹാരോ അയ്യപ്പ ക്ഷേത്രം, ബിർമിങ്ഹാം ബാലാജി ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന അയ്യപ്പ പൂജയിൽ ആയിരക്കണക്കിന് ഭക്തരോടൊപ്പം ഭക്തിഗാനാലാപനം നടത്തിയാണ് വീരമണി ചടങ്ങുകളെ അനശ്വരമാക്കിയത്.

മലയാളം, തമിഴ്, തെലുങ്ക് ഗാനങ്ങൾ ആലപിച്ചാണ് അദ്ദേഹം അയ്യപ്പ പൂജകളിലെ നിറസാന്നിധ്യം ആയത്. ഭക്തരിൽ പലരും ജീവിതത്തിൽ ഒരിക്കൽ മാത്രം സാധിക്കുന്ന ഒരു ധന്യ നിമിഷത്തിനു സാക്ഷികളായ അനുഭവമാണ് പങ്കുവച്ചതും. പൂജകൾക്ക് ശബരിമല മുൻ മേൽശാന്തി കോസല വിഷ്ണു വാസുദേവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു പടിപൂജയ്ക്കും അർച്ചനയ്ക്കും നേതൃത്വം നൽകി. യുകെയിൽ ആദ്യമായി എത്തിയ വീരമണി ഹരിവരാസനം ചൊല്ലിയാണ് രണ്ടിടത്തും ചടങ്ങുകൾ അവസാനിപ്പിച്ചത്.

അതിനിടെ ഹരിവരാസനം 100 വർഷം പൂർത്തിയാക്കിയത് ഒരു വർഷം നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെയാണ്. ശബരിമല അയ്യപ്പ സേവാ സംഗം - സാസ്, ആഘോഷിക്കുന്നതെന്നു ജനറൽ സെക്രട്ടറി ഈറോഡ് രാജനും വ്യക്തമാക്കി. യുകെ അടക്കം അയ്യപ്പ ഭക്തർ ഉള്ള എല്ലാ രാജ്യത്തും 2024 ജനുവരി 17നു ശബരിമലയിലെ ദീപാരാധന സമയം നോക്കി ഹരിവരാസനം ചൊല്ലുന്നതാകും പ്രധാന ചടങ്ങ്.

ഓരോ രാജ്യത്തെയും സമയ ക്രമം അനുസരിച്ചു പ്രാദേശികമായി സമയമാറ്റം ഉണ്ടാകുമെങ്കിലും ഇന്ത്യൻ സമയം അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തും ഹരിവരാസനം ശതാബ്ദി ചടങ്ങുകൾ ക്രമീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭക്തരെ ഉൾപ്പെടുത്തി കോ ഓഡിനേഷൻ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. കേരളത്തിൽ കൊല്ലത്തെ ആശ്രാമം മൈതാനിയിൽ ശബരിമല ക്ഷേത്ര മാതൃകയിൽ തയ്യാറാക്കുന്ന തുറന്ന വേദിയിൽ പ്രധാനമന്ത്രി മോദിയാകും ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുക.

ഇന്ത്യയിലെ വിവിധ ഹൈന്ദവ സന്യാസ ശ്രേഷ്ഠരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖരും ഒക്കെ ചടങ്ങിലെ വിശിഷ്ട അതിഥികൾ ആകും. കലാ സാംസ്‌കാരിക രംഗത്തെ രാജ്യം അറിയപ്പെടുന്ന വ്യക്തികളെയും വേദിയിൽ എത്തിക്കുന്നതോടെ കേരളം കാണുന്ന ഏറ്റവും വലിയ ഹൈന്ദവ സമ്മേളനമായി മാറാൻ തയ്യാറെടുക്കുകയാണ് ഒരു വർഷം അകലെ നിൽക്കുന്ന ഹരിവരാസനം ശതാബ്ദി ആഘോഷ ക്രമീകരണം.

യുകെയിലും ഒരു വർഷം നീളുന്ന വിവിധ ചടങ്ങുകൾ സംഘടിപ്പിക്കാൻ മലയാളി ഭക്തരുടെ സംഗമ വേദിയായ പ്രാദേശിക ഹിന്ദു സമാജങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അത്തരം ചടങ്ങുകളിൽ ഒരുമയോടെ എല്ലാ അയ്യപ്പ ഭക്തരുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമവും പ്രവർത്തകരിൽ നിന്നും ഉണ്ടാകണമെന്നും കൂടി അഭ്യർത്ഥിച്ചാണ് അദ്ദേഹം വാക്കുകൾ ഉപസംഹരിച്ചത്. അയ്യപ്പ പൂജക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ക്രമീകരണങ്ങൾ വിശദമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP