Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആർക്കും ഭരണത്തുടർച്ച നൽകാത്ത ഹിമാചലിന്റെ സംസ്‌കാരവും സംസ്ഥാനത്ത് പഴയ പെൻഷൻ പദ്ധതി തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപനവും പാർട്ടിക്ക് തുണയായി; സ്ത്രീ വോട്ടർമാരെ അടുപ്പിച്ച് നിർത്തിയ 'ഇന്ദിരാ പ്രഭാവം'; വീണ്ടും ചർച്ചകൾ പ്രിയങ്കയിലേക്ക്; ചലനമായത് മാറ്റത്തിന് ഒരു വോട്ട് എന്ന പരിവർത്തൻ പ്രതിജ്ഞ; കോൺഗ്രസ് പ്രതീക്ഷകളിൽ പ്രിയങ്കയും നിറയുമ്പോൾ

ആർക്കും ഭരണത്തുടർച്ച നൽകാത്ത ഹിമാചലിന്റെ സംസ്‌കാരവും സംസ്ഥാനത്ത് പഴയ പെൻഷൻ പദ്ധതി തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപനവും പാർട്ടിക്ക് തുണയായി; സ്ത്രീ വോട്ടർമാരെ അടുപ്പിച്ച് നിർത്തിയ 'ഇന്ദിരാ പ്രഭാവം'; വീണ്ടും ചർച്ചകൾ പ്രിയങ്കയിലേക്ക്; ചലനമായത് മാറ്റത്തിന് ഒരു വോട്ട് എന്ന പരിവർത്തൻ പ്രതിജ്ഞ; കോൺഗ്രസ് പ്രതീക്ഷകളിൽ പ്രിയങ്കയും നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിൽ വീണ്ടും പ്രിയങ്കാ ചർച്ച. വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായ തിരിച്ചടികൾ നേരിട്ട കോൺഗ്രസിന് ഹിമാചൽ പ്രദേശിലെ വിജയം ആശ്വാസമാകുമ്പോൾ നിർണ്ണായകമായത് പ്രിയങ്കാ ഗാന്ധിയുടെ പ്രചരണമാണ്. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതു കൊണ്ട് രാഹുൽ ഗാന്ധി പ്രചരണത്തിന് എത്തിയില്ല. ഇതിനിടൊണ് ഉത്തരവാദിത്തം പ്രിയങ്ക ഏറ്റെടുത്തത്.

ആർക്കും ഭരണത്തുടർച്ച നൽകാത്ത ഹിമാചലിന്റെ സംസ്‌കാരവും സംസ്ഥാനത്ത് പഴയ പെൻഷൻ പദ്ധതി (ഒ.പി.എസ്.) തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപനവും പാർട്ടിക്ക് തുണയായി. സംസ്ഥാനത്തെ 68 സീറ്റുകളിൽ 40 മണ്ഡലങ്ങളും പിടിക്കാനായത് പാർട്ടിയെ നയിച്ച പ്രിയങ്കാഗാന്ധിക്കും സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്ങിനും ആശ്വാസത്തിന് വകനൽകുന്നു. പ്രിയങ്കയാണ് ജനകീയ പ്രശ്‌നങ്ങൾ ഹിമാചലിൽ ചർച്ചയാക്കിയത്. തനിക്ക് ഹിമാചലിൽ രണ്ടാം വീടുണ്ടെന്ന കാര്യം പോലും പ്രചരണത്തിൽ നിറച്ചാണ് പ്രിയങ്ക ഹിമാചലിനെ ബിജെപിയോട് അടുപ്പിച്ചത്.

യു.പിയിൽ തിരഞ്ഞെടുപ്പ് നയിച്ച് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ മോശം പ്രതിച്ഛായയിൽ നിന്ന് മുക്തയാകാനും പ്രിയങ്കയ്ക്കായി. സഹോദരൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലും മാതാവ് സോണിയ വിശ്രമത്തിലുമായപ്പോൾ ഹിമാചലിൽ പടനയിച്ചത് പ്രിയങ്കയായിരുന്നു. തിരഞ്ഞെടുപ്പ് റാലികളിലും ഗൃഹസന്ദർശനങ്ങളിലും വരെ പ്രിയങ്ക പ്രവർത്തകരോടൊപ്പം നിന്നു. മാറ്റത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി പരിവർത്തൻ പ്രതിജ്ഞ എന്ന പേരിൽ പ്രിയങ്ക നടത്തിയ യാത്ര ഹിമാചലിൽ കോൺഗ്രസിന് അനുകൂല വികാരം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

കടുത്ത പോരാട്ടമാണ് ഹിമാചലിൽ സംഭവിച്ചത്. 43.9 ശതമാനം വോട്ടാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് 43 ശതമാനം വോട്ടും. ഈ ചെറിയ വ്യത്യാസത്തിലേക്ക് കാര്യങ്ങളെത്തിച്ചത് പ്രിയങ്കയുടെ താര പ്രചരണമാണ്. ജാഥകളിലും റാലികളിലും പ്രിയങ്ക ആളിനെ എത്തിച്ചു. മോദിയെ കടന്നാക്രമിക്കാതെ പ്രാദേശിക വിഷയത്തിൽ പ്രിയങ്ക പ്രചരണം എത്തിച്ചു. അങ്ങനെ മോദി പ്രഭാവത്തെ അപ്രത്യക്ഷമാക്കി. ഈ തന്ത്രമാണ് ഹിമാചലിൽ ജയിച്ചത്. ഇന്ദിരാ ഗാന്ധിയെ ഓർമ്മിപ്പിക്കും വിധം കൊച്ചുമകൾ ജനഹൃദയത്തിലേക്ക് ആഴ്ന്നു കയറി.

കോൺഗ്രസിലെ അതികായരില്ലാതെയാണ് ഇക്കുറി പാർട്ടി അങ്കത്തിനിറങ്ങിയത്. മണ്ഡി മേഖലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളെ നേരിട്ട് കൈയിലൊതുക്കാൻ ശേഷിയുണ്ടായിരുന്ന, മുൻ കേന്ദ്രമന്ത്രികൂടിയായിരുന്ന പണ്ഡിറ്റ് സുഖ്‌റാം ഈ വർഷമാണ് മരിച്ചത്. ആറ്ുതവണ മുഖ്യമന്ത്രിയും സംസ്ഥാനത്തുടനീളം സ്വാധീനവുമുണ്ടായിരുന്ന വീരഭദ്രസിങ്ങും കഴിഞ്ഞവർഷം വിടവാങ്ങി. ഉപതിരഞ്ഞെടുപ്പിൽ ലോക്സഭയിലെത്തിയ അദ്ദേഹത്തിന്റെ ഭാര്യയും പാർട്ടി സംസ്ഥാന അധ്യക്ഷയുമായ പ്രതിഭാ സിങ്ങാണ് പാർട്ടിയെ നയിച്ചത്.

പ്രിയങ്കാഗാന്ധിയാണ് ഹിമാചലിൽ തമ്പടിച്ച് പ്രചാരണത്തിന് നേതൃത്വം നൽകിയത്. സംസ്ഥാനത്തെ നീറുന്ന വിഷയമായ ഒ.പി.എസിനെത്തന്നെ മുറുകെപ്പിടിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം ഫലംകണ്ടു. മിക്ക കുടുംബങ്ങളിലും സർക്കാർ ജീവനക്കാരുള്ള ഹിമാചലിൽ പുതിയ പെൻഷൻ പദ്ധതിക്കെതിരായ വികാരം ശക്തമായിരുന്നു. അധികാരമേറ്റാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഒ.പി.എസ്. തിരിച്ചുകൊണ്ടുവരുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനം ഏറ്റു.

ഒ.പി.എസിന് പുറമേ പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി, കരാർജോലിക്കാരെ സ്ഥിരപ്പെടുത്തൽ, സ്ത്രീകൾക്ക് മാസം 1500 രൂപ തുടങ്ങിയ വാഗ്ദാനങ്ങളും വോട്ടായി മാറി. ചുരുങ്ങിയത് എട്ടുമണ്ഡലങ്ങളിലെങ്കിലും ബിജെപി. വിമതർ പിടിച്ച വോട്ട് കോൺഗ്രസിന്റെ വിജയത്തിൽ നിർണായകമായി. എന്തുതന്നെയായാലും ഹിമാചലിലെ വിജയം ദേശീയരാഷ്ട്രീയത്തിൽ പതറിനിന്ന കോൺഗ്രസിന് കിട്ടിയ പിടിവള്ളിയാണെന്നതിൽ തർക്കമില്ല. ഇതിന് സാഹചര്യമൊരുക്കിയത് പ്രിയങ്കയുടെ സാന്നിധ്യമാണ്.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരായ പ്രചരണം, ഭരണകക്ഷിയായ ബിജെപിയിലെ അധികാര തർക്കവും പടലപിണക്കങ്ങളും തുടങ്ങിയ ഘടകങ്ങളാണ് കോൺഗ്രസിന് വിജയക്കുതിപ്പേകിയത്. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയെന്ന വാഗ്ദാനമാണ് ലക്ഷ്മി യോജനയിലൂടെ പ്രിയങ്ക പ്രഖ്യാപിച്ചത്. ഒരു ലക്ഷം സർക്കാർ ജോലിക്ക് പുറമെ യുവാക്കൾക്ക് 5 ലക്ഷം തൊഴിൽ, മണ്ഡലങ്ങൾ തോറും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, സഞ്ചരിക്കുന്ന ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളും തുണയായി.

ഹിമാചലിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ പ്രിയങ്ക ?ഗാന്ധിയാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഹിമാചലിൽ പ്രിയങ്ക മുന്നിൽ തന്നെ ഉണ്ടായിരുന്നു, ഹിമാചലിലെ നിരവധി റാലികൾക്ക് നേതൃത്വം നൽകിയായിരുന്നു പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഹിമാചലിൽ പ്രിയങ്കാ ഗാന്ധി മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP