Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കണ്ണൂരുകാരായിട്ടും പോരല്ലാതെ നേട്ടമൊന്നുമില്ല; വലിയ വിമാനങ്ങൾ ഇറങ്ങാൻ പാകത്തിൽ സൗകര്യങ്ങൾ എല്ലാമുണ്ടായിട്ടും പകുതി പോലും ഉപയോഗിക്കുന്നില്ല; നിത്യചെലവുകൾ കഴിച്ച് വായ്പ തിരിച്ചടയ്ക്കുക വെല്ലുവിളി; കണ്ണൂർ വിമാനത്താവളത്തിന് നാളെ മധുരമില്ലാത്ത നാലാം പിറന്നാൾ

മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കണ്ണൂരുകാരായിട്ടും പോരല്ലാതെ നേട്ടമൊന്നുമില്ല; വലിയ വിമാനങ്ങൾ ഇറങ്ങാൻ പാകത്തിൽ സൗകര്യങ്ങൾ എല്ലാമുണ്ടായിട്ടും പകുതി പോലും ഉപയോഗിക്കുന്നില്ല; നിത്യചെലവുകൾ കഴിച്ച് വായ്പ തിരിച്ചടയ്ക്കുക വെല്ലുവിളി; കണ്ണൂർ വിമാനത്താവളത്തിന് നാളെ മധുരമില്ലാത്ത നാലാം പിറന്നാൾ

അനീഷ് കുമാർ

കണ്ണൂർ: വടക്കെ മലബാറിലെ വികസന മുന്നേറ്റത്തിന് സാധ്യത വർധിപ്പിച്ച കണ്ണൂർ രാജ്യാന്തരവിമാനത്താവളം പ്രവർത്തനം ആരംഭിച്ച നാളെക്ക് നാലുവർഷം പൂർത്തിയാകുമ്പോൾ കടന്നു പോകുന്നത് മധുരമില്ലാത്ത മറ്റൊരു പിറന്നാൾ കൂടിയാണ്. സംസ്ഥാനം ഭരിക്കുന്ന സി.പി. എമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോരാണ്് വിമാനത്താളത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് കീറാമുട്ടിയായി മാറുന്നത്. സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്രവിദേശകാര്യസഹമന്ത്രിയും കണ്ണൂരുകാരായിട്ടും കണ്ണൂരിന്റെ സ്വപ്നപദ്ധതിയായ രാജ്യാന്തര വിമാനത്താവളത്തിന് നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

രണ്ടുവർഷത്തെ കോവിഡ് പ്രതിസന്ധി, പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതാണ് കണ്ണൂർ വിമാനത്താവളത്തിന് ഏറെ തിരിച്ചടിയായത്. ഡിസംബർ ഒൻപതിന് വിമാനത്താവളത്തിന്റെ വാർഷിക ദിനത്തിൽ വലിയ ആഘോഷങ്ങളൊന്നും നടത്താതെ അന്നേ ദിവസം രാവിലെ പതിനൊന്നിന് പാസഞ്ചർ ടെർമിനൽ ബിൽഡിങിൽ വെച്ചു കേക്ക് മുറിച്ചാണ് ലളിതമായുള്ള അഘോഷം നടത്തുക. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോടെയാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ചത്.

സൗകര്യങ്ങളെല്ലാമുണ്ട്, പറഞ്ഞിട്ടെന്ത് കാര്യം!

വലിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന നീളമേറിയ റൺവേയും ഏപ്രണും വിശാലമായ ടെർമിനൽ കെട്ടിടവും കണ്ണൂരിലുണ്ട്. എന്നാൽ വിമാന സർവീസുകളും യാത്രക്കാരും കുറവായതിനാൽ സൗകര്യങ്ങളുടെ പകുതി പോലും ഉപയോഗിക്കേണ്ടി വരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഓരോ മാസവും മുക്കാൽകോടി രൂപയോളം രൂപ വിമാനത്താവളത്തിന് പ്രവർത്തനത്തിന് ചെലവുണ്ട്. കസ്റ്റംസ്, സി. ഐ. എസ്. എഫ് എന്നിവരുടെ ശമ്പളത്തിനുള്ള തുക മുൻകൂറായി കേന്ദ്രത്തിന് അടയ്ക്കുകയും വേണം. എങ്കിലും രണ്ടുവർഷം കൊണ്ടുതന്നെ കടബാധ്യത മാറ്റി നിർത്തിയാൽ പ്രവർത്തനലാഭം എന്ന നിലയിലേക്ക് കിയാലിന് എത്താൻ കഴിഞ്ഞിരുന്നു.

വിമാനത്താവള നിർമ്മാണത്തിനായി 888 കോടിയോളം രൂപയാണ് വിവിധ ബാങ്കുകളുടെ കൺസോർഷ്യം വായ്പ അനുവദിച്ചത്. നിശ്ചിത കാലപരിധിക്കുള്ളിൽ ഇതു തിരിച്ചടയ്ക്കണം. ലോക്ഡൗൺ കാലത്ത് സർവീസുകൾ മുടങ്ങിയതോടെ കഴിഞ്ഞ വർഷം തുക അടയ്ക്കാൻ സാധിക്കാതെ വന്നു. ചർച്ചകൾ നടത്തിയതിനെ തുടർന്ന് വായ്പ അടയ്ക്കുന്നതിന് രണ്ടുവർഷത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ജനുവരിയോടെ മൊറോട്ടോറിയത്തിന്റെ കാലാവധി അവസാനിക്കും. നിലവിൽ മാസം നാലുമുതൽ അഞ്ചുകോടിരൂപ മാത്രം വരുമാനമുള്ള വിമാനത്താവളത്തിന് നിത്യചെലവുകൾ കഴിച്ചു വായ്പ തിരിച്ചടയ്ക്കുകയെന്നത് ഏറെ വെല്ലുവിളിയാണ്.

ആദ്യവർഷം റെക്കോഡ് യാത്രക്കാർ

നാലുവർഷത്തിനിടെ കണ്ണൂർ വിമാനത്താവളം വഴി 30 ലക്ഷം പേരാണ്. ആദ്യ പത്തുമാസത്തിനിടെയിൽ പത്തുലക്ഷമെന്ന നേട്ടം കൈവരിച്ച സംസ്ഥാനത്തെ ഏക വിമാനത്താവളമാണ് കണ്ണൂർ. എന്നാൽ ലോക്ഡൗണിന് ശേഷം ചിലമാസങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ആദ്യ പത്തുവിമാനത്താവളങ്ങളുടെ പട്ടികയിൽ കണ്ണൂർ ഇടം നേടിയിരുന്നു. ഹജ്ജ് പുറപ്പെടൽ കേന്ദ്രമെന്ന നിലയിലും കണ്ണൂരിനെ അധികൃതർ പരിഗണിച്ചിട്ടില്ല. കണ്ണൂരിലെത്തിയ വിദേശകാര്യസഹമന്ത്രി വി.കെ സിങ് കണ്ണൂരിന്റെ സാധ്യതകൾ എടുത്തുപറഞ്ഞിരുന്നുവെങ്കിലും കേന്ദ്രസർക്കാർ അനുകൂലമായി യാതൊന്നും ഇതുവരെ ചെയ്തിട്ടില്ല. കാർഗോ സർവീസ് തുടങ്ങിയ സാഹചര്യത്തിൽ ചരക്കുവിമാനങ്ങളെ കണ്ണൂരിലെത്തിക്കാനുള്ള നീക്കവും കിയാൽ നടത്തുന്നുണ്ട്. മലബാർ മേഖലയുടെ വ്യവസായ വളർച്ചയ്ക്ക് കണ്ണൂർ വിമാനത്താവളത്തിലൂടെയുള്ള കയറ്റുമതി ഏറെ നിർണായകമാണ്. കഴിഞ്ഞ മാസം 370 ടൺ ചരക്കാണ് കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കയറ്റി അയച്ചത്. ആഭ്യന്തര ചരക്കുനീക്കം ഏഴുടൺ മാത്രമാണുള്ളത്.

റോഡ് നവീകരണം പാളിയത് വിനയായി

ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തിയും എങ്ങുമെത്തിയിട്ടില്ല. വിമാനത്താവളത്തിൽ നിർമ്മിക്കുന്ന കിയാൽ ഓഫീസ് കെട്ടിടത്തിന്റെയും ആഭ്യന്തര കാർഗോ കെട്ടിടത്തിന്റെയും നിർമ്മാണം പുരോഗമിച്ചുവരികയാണ്. ഡിസംബർ ഒൻപതിന് നാലാംപിറന്നാൾ ആഘോഷിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ പറയാനുള്ളത് അവഗണനയുടെ കഥകൾ മാത്രം. വിദേശവിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കിയാലും സംസ്ഥാന സർക്കാരും പല തവണ കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് മുൻപിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. വലിയവിമാനങ്ങൾക്ക് സുരക്ഷിതമായി കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിലേക്ക് ഇറങ്ങാൻ കഴിയുമെന്ന് കോവിഡ് കാലത്ത് തെളിഞ്ഞതാണ്.

കുവൈറ്റ് എയർവേയ്സ്, എമിറേറ്റ്സ് കമ്പിനികളുടെ വിമാനങ്ങളാണ് അന്ന് കണ്ണൂരിലിറങ്ങിയത്. നീളമേറിയ റൺവേയും അനുബന്ധ സംവിധാനങ്ങളും പരിഗണിച്ചാൽ വിദേശവിമാനകമ്പിനികൾക്ക് കണ്ണൂരിലിറങ്ങാൻ സർവവിധ സൗകര്യങ്ങളുമുണ്ട്. എയർ ഏഷ്യൻ ആസിയാൻ രാജ്യങ്ങളിലേക്ക് നടത്തുന്ന സർവീസുകൾക്കും കണ്ണൂരിനെ പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമാണ്. നിലവിൽ ഗൾഫുരാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്നും വിദേശവിമാന സർവീസ് നടത്തുന്നത്.

ഭൗതിക സാഹചര്യവികസനം വട്ടപൂജ്യം

വിമാനത്താവളത്തോടു ചേർന്ന് ബിസിനസ് ക്്ളാസ് ഹോട്ടൽ, കൺവെൻഷൻ സെന്റർ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം എന്നിവയുടെ നിർമ്മാണത്തിന് കിയാൽ താൽപര്യപത്രം ക്ഷണിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു.
1996-ൽ അന്നത്തെ കേന്ദ്രവ്യോമയാന മന്ത്രിയായിരുന്ന സി. എം ഇബ്രാഹിമാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. പിന്നീട് ഭൂമി ഏറ്റെടുക്കുന്നതിനായി നോഡൽ ഏജൻസിയായ കിൻഫ്രയെ ഏൽപ്പിച്ചു.

ഒന്നാംഘട്ടത്തിൽ 200 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. പിന്നീട് കുറച്ച് കാലം ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിലായി. പിന്നീട് മാറിവന്ന സർക്കാരിന്റെ പ്രധാനവികസനപദ്ധതിയായി കണ്ണൂർ വിമാനത്താവളം ഉയർത്തി കാട്ടിയതോടെ പ്രവൃത്തിക്ക് വേഗത വർധിച്ചു. നീണ്ട 22 വർഷത്തെ കാത്തിരിപ്പിനു വിരാമമായി 2018- ഡിസംബർ ഒൻപതിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ വിമാനമുയർന്നു. 3050 മീറ്റർ റൺവേയാണ് നിലവിലുള്ളത്. ഇതു നാലായിരം മീറ്ററാക്കുന്നതോടെ ജംബോവിമാനങ്ങൾ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറുകയും ചെയ്യും. ഓരോ മാസവും മൂന്നര കോടി രൂപയാണ് കണ്ണൂർ വിമാനത്താവളത്തിന് നടത്തിപ്പിനായി വേണ്ടത്. വിമാനത്താവള നിർമ്മാണത്തിനായി 888-കോടിരൂപ വിവിധബാങ്കുകൾ കൺസോർഷ്യമായി വായ്പ നൽകിയിട്ടുണ്ട്. അടുത്ത ജനുവരിയോടെ ഈ വായ്പ തിരിച്ചടക്കേണ്ടതും കിയാലിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP