Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറ്റിംങ്ങ് സീറ്റിൽ നാലാമതായി; മത്സരിച്ച ബാക്കി 10 സീറ്റിലും കെട്ടിവെച്ച കാശ് പോയി; പലയിടത്തും മത്സരം നോട്ടയുമായി; പഴയ ശക്തികേന്ദ്രമായ ഷിംലയിൽ കിട്ടിയത് ആകെ 1,400വോട്ട്; മുഖ്യമന്ത്രി ജയറാം താക്കൂറിനെതിരെ മത്സരിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും 818 വോട്ട്; സിപിഎം വോട്ട് പോയത് കോൺഗ്രസിലേക്ക്; ഹിമാചലിൽ കണ്ണിൽ ഇരുട്ടുകയറി ഇടതുപക്ഷം

സിറ്റിംങ്ങ് സീറ്റിൽ നാലാമതായി; മത്സരിച്ച ബാക്കി 10 സീറ്റിലും കെട്ടിവെച്ച കാശ് പോയി; പലയിടത്തും മത്സരം നോട്ടയുമായി; പഴയ ശക്തികേന്ദ്രമായ ഷിംലയിൽ കിട്ടിയത് ആകെ 1,400വോട്ട്; മുഖ്യമന്ത്രി  ജയറാം താക്കൂറിനെതിരെ മത്സരിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും 818 വോട്ട്; സിപിഎം വോട്ട് പോയത് കോൺഗ്രസിലേക്ക്; ഹിമാചലിൽ കണ്ണിൽ ഇരുട്ടുകയറി ഇടതുപക്ഷം

എം റിജു

ബംഗാളിലെയും ത്രിപുരയിലെ അതിദയനീയമായ തോൽവിക്കുശേഷം സിപിഎം ഉത്തരേന്ത്യയിൽ ആകെ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു സംസ്ഥാനമായിരുന്നു ഹിമാചൽ പ്രദേശ്. കഴിഞ്ഞ തവണ ഷിംല ജില്ലയിലെ തിയോഗിൽ സിപിഎം സ്ഥാനാർത്ഥിയും, കർഷക നേതാവുമായ രാകേഷ് സിംഗ വിജയിച്ചതാണ് പാർട്ടിക്ക് വലിയ ആവേശം പകർന്നത്. അതിന്റെ ഫലമായി ഇത്തവണ 11 സീറ്റിലാണ് ഇവിടെ സിപിഎം മത്സരിച്ചത്. വൃന്ദകാരാട്ട് അടക്കമുള്ള നേതാക്കൾ, കേരളാ മോഡൽ ബദൽ കൊണ്ടുവരും എന്ന് പറഞ്ഞാണ് ഹിമാചലിൽ കാമ്പയിൻ നടത്തിയത്. എന്ന് ഫലം വന്നപ്പോൾ സിപിഎം നേതാക്കളുടെ കണ്ണിൽ ഇരുട്ടുകയറുന്ന അവസ്ഥയാണ് ഉണ്ടായത്. ആകെയുള്ള സിറ്റിങ്ങ് സീറ്റിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാത്രമല്ല മത്സരിച്ച ബാക്കി 10 സീറ്റുകളിൽ ഒരിടത്തുപോലും കെട്ടിവെച്ച കാശ് കിട്ടിയില്ല. സിപിഐക്കും സമാനമായ അവസ്ഥയാണ് ഉണ്ടായത്. പലയിടത്തും ഇടതുസ്ഥാനാർത്ഥികളുടെ മത്സരം നോട്ടയുമായിട്ടായിരുന്നു.

തിയോഗിൽ കോൺഗ്രസ് വിമത ശക്തമായി വോട്ട് പിടിച്ചിട്ടുകൂടി കോൺഗ്രസിലെ കുൽദീപ്സിങ്് റാത്തോർ വിജയിച്ചു. റാത്തോറിന്് 18,709 വോട്ടുകൾ കിട്ടിയപ്പോൾ, തൊട്ടടുത്ത എതിരാളിയായ ബിജെപിയിലെ അജയ് ശ്യാമിന് 13,809 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. സ്വതന്ത്രസ്ഥാനാർത്ഥയായി മത്സരിച്ച കോൺഗ്രസ് വിമത ഇന്ദുവർമ്മ, 13,635 വോട്ടുനേടി മൂന്നാംസ്ഥാനത്താണ്. സിപിഎം സ്ഥാനാർത്ഥി രകേഷ് സിംഗക്ക്, വെറും 12,003 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ ഇദ്ദേഹത്തിന് ഇരുപത്തിനാലായിരത്തോളം വോട്ടുകൾ കിട്ടിയിരുന്നു. സിപിഎമ്മിന്റെ ഒരുപാട് വോട്ടുകൾ ഒലിച്ചുപോയി എന്ന് വ്യക്തം. ഇന്ദുവർമ്മ, വിജയ് പാൽ എന്നീ രണ്ട് കരുത്തരായ സ്വതന്ത്രസ്ഥാനാർത്ഥികൾ രംഗത്ത് എത്തിയതോടെ ഇവിടെ ശരിക്കും ചതുഷ്‌ക്കോണ മത്സരമാണ് നടത്തത്. വിജയ്പാൽ 4500 ഓളം വോട്ടുകൾ നേടിയിട്ടുണ്ട്. മൂന്നുതവണ ഇവിടെ എംഎൽഎ മുൻ ബിജെപി നേതാവിന്റെ വിധവയാണ് ഇന്ദു. ഇവർ കഴിഞ്ഞവർഷം ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. എന്നാൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ ഇവർ വിമത സ്ഥാനാർത്ഥിയായി. കഴിഞ്ഞതവണ സിപിഎം സ്ഥാനാർത്ഥി സിംഗ ജയിച്ചത് കോൺഗ്രസിലെ ഗ്രൂപ്പിസം മൂലം ഒരു വിഭാഗം വോട്ട് മറിച്ചതുകൊണ്ടാണെന്ന ആരോപണം ഈ തെരഞ്ഞെടുപ്പ് വിജയം ശരിവെക്കയാണ്.

പത്തിടത്തും കെട്ടിവെച്ച കാശുപോയി

തിയോഗിന് പുറമെ ജുബ്ബവൽ-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, മാണ്ഡിയിലെ സെരാജ്, ഷിംല, ഹാമിർപുർ, കസുംപാട്ടി, അന്നി, സെർജ, പച്ച്ചാഡ്, എന്നീ സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ഇവിടെയല്ലാം കെട്ടിവെച്ച കാശ് നഷ്ടമായി. ആകെ പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് കിട്ടിയാൽ മാത്രമാണ് കെട്ടിവെച്ച കാശ് കിട്ടുക. പഴയ ശക്തികേന്ദ്രമായ ഷിംല അർബനിൽ വെറും 1,400 വോട്ടുമാത്രമാണ് സിപിഎം സ്ഥാനാർത്ഥി ടിക്കീന്ദൻ സിങ് പൻവാറിന് കിട്ടിയത്. കഴിഞ്ഞതവണ ഇവിടെ സിപിഎം 3,047 വോട്ടുകൾ നേടിയിരുന്നു. കൊച്ചു മണ്ഡലമായ ഇവിടെ ആകെ 30,000 വോട്ട് മാത്രമാണ് പോൾ ചെയ്തത്.

ബിജെപിയുടെ മുഖ്യമന്ത്രി ജയറാം താക്കുർ മത്സരിച്ച സെർജയിൽ ആകെ 818 വോട്ടാണ് സിപിഎം നേതാവ് മഹേന്ദർ റാണ നേടിയത്. 80,000ത്തിലേറെ വോട്ടുകൾ പോൾ ചെയ്തപ്പോഴാണ് ഈ അവസ്ഥ. ജയറാം താക്കുർ 52,000 വോട്ട് നേടി ഒന്നാമത് എത്തിയപ്പോൾ, തൊട്ടടുത്ത എതിരാളി കോൺഗ്രസിലെ ചേത് റാമിന 15,000ത്തോളം വോട്ടുകളാണ് നേടാനായത്. അന്നി മണ്ഡലത്തിൽ ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ച ദേവകി നന്ദ 3,574 വോട്ടുകൾ മാത്രമാണ് നേടിയത്. 67,000 വോട്ടുകൾ പോൾ ചെയ്തപ്പോഴാണിത്. കഴിഞ്ഞതവണ 4,704 വോട്ട് ഇവിടെ സിപിഎം സ്ഥാനാർത്ഥി നേടിയിരുന്നു. ഹാമിർപുരിൽ പാർട്ടി സ്ഥാനാർത്ഥി കാശ്മീർ സിങ് താക്കൂറിന് വെറും 627 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞതവണ പാർട്ടി ഈ മണ്ഡലത്തിൽ 2,398 വോട്ടുകൾ നേടിയിരുന്നു. കസുംപാട്ടിയിൽ സിപിഎം വേട്ട് 2,670 ആയി കൂറഞ്ഞു. കഴിഞ്ഞ തവണ 4,698 വോട്ട് പാർട്ടി നേടിയ മണ്ഡലമാണിത്. സിപിഎമ്മിന്റെ വോട്ട് കുറഞ്ഞത് ഫലത്തിൽ കോൺഗ്രസിന്റെ നേട്ടമായിരിക്കയാണ്.

പച്ച്ചാഡ് മണ്ഡലത്തിൽ സിപിഎം മത്സരം നോട്ടുയുമായിട്ടായിരുന്നു. ഇവിടെ 466 വോട്ട് നോട്ടക്ക് കിട്ടിയപ്പോൾ പാർട്ടി സ്ഥാനാർത്ഥിക്ക് കിട്ടിയത് 543 വോട്ടാണ്. 61,000 വോട്ട് പോൾ ചെയ്ത മണ്ഡലമാണ് ഇത്. ജുബ്ബവൽ,-കോത്ഖൈയിൽ 60,000ത്തിലേറെ വോട്ടുകൾ പോൾ ചെയ്തപ്പോൾ അരിവാൾചുറ്റികയിൽ വീണത് വെറും 1,256 എണ്ണമാണ്. കുളുവിൽ ഹോതം സിങ് എന്ന സിപിഎം നേതാവിന് പോൾ ചെയ്ത 71,000 വോട്ടുകളിൽ, നേടാനായത് വെറും 1,093 മാത്രമാണ്. പക്ഷേ ഈ പൊതു ട്രെൻഡിന് ഭിന്നമായി ഒരു മണ്ഡലമുണ്ട്. അതാണ് ജോഗീന്ദർ നഗർ നഗർ. അവിടെ സിപിഎം സ്ഥാനാർത്ഥി കുശാൽ ഭരദ്വാജ് നിലമെച്ചെപ്പെടുത്തി. കഴിഞ്ഞതവണത്തെ 2,864 വോട്ട് അദ്ദേഹം 3,137 ആക്കി ഉയർത്തി. പക്ഷേ എഴുപതിനായിരം വോട്ട് പോൾ ചെയ്ത ഇവിടെ കെട്ടിവെച്ച കാശ് കിട്ടാൻ 4,200 വോട്ട് വേണം. അതിനാൽ അവിടെയും സിപിഎമ്മിന് നാണക്കേട് ഒഴിവാക്കാൻ കഴിഞ്ഞില്ല. സമാനമായ അവസ്ഥയാണ് സിപിഐക്കും. ശ്രീ നൈന ദേവ്ജി മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിക്ക് വെറും 627 വോട്ടാണ് കിട്ടിയത്. ഇവിടെ 62,000 വോട്ടുകളാണ് പോൾ ചെയ്തത്.

സിപിഎം വോട്ട് പോയത് കോൺഗ്രസിലേക്ക്

ഹിമാചലിൽ പ്രചാരത്തിന് എത്തിയ വൃന്ദാകാരാട്ടും സീതാറാം യെച്ചൂരിയും അടക്കമുള്ള നേതാക്കൾ കേരളാ മോഡൽ ബദൽ സർക്കാർ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം നടത്തിയത്. വൃന്ദാകാരാട്ട് മാതൃഭൂമി ന്യൂസ് അടക്കമുള്ള മാധ്യമങ്ങളോട് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ഫലം വന്നപ്പോൾ ഇത് മാൻഡ്രേക്കിന്റെ കളിയാണെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ ട്രോളുന്നത്.

ഷിംല മുനിസിപ്പൽ കോർപറേഷനിൽ 2012 ൽ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങൾ സിപിഎം നേടിയിരുന്നു. അതിനിടെ ഇവിടെ സിംഗ ജയിച്ചതും പാർട്ടിക്ക് ആവേശമായി. ഇക്കുറി 1സിപിഎം. മത്സരിച്ച 11 മണ്ഡലങ്ങളിൽ എട്ടും ഷിംല ജില്ലയിലാണ്. ഇരുപത്തിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കഴിഞ്ഞ തവണ സിപിഎമ്മിനു ഹിമാചൽപ്രദേശിൽ ഒരു എംഎൽഎയെ കിട്ടിയത്. അതുകൊണ്ടുതന്നെ തിയോഗ് മണ്ഡലത്തിൽ രാകേഷ് സിംഗയുടെ വിജയം പാർട്ടി ശരിക്കും ആഘോഷിച്ചിരുന്നു. ഇതിനുമുമ്പ് ഇവിടെ നിന്ന് സിപിഎം ജയിച്ച 1993ലും സ്ഥാനാർത്ഥി രാകേഷ് സിംഗ ആയിരുന്നു. അന്നു 159 വോട്ടായിരുന്നു ഭൂരിപക്ഷമെങ്കിൽ കഴിഞ്ഞ തവണ അതായത് 2017ൽ അത് 1,983 ആയി ഉയർന്നു. ഇപ്പോഴിതാ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ആ സീറ്റും പോയിരിക്കയാണ്. സംസ്ഥാനത്തെ ബിജെപി സർക്കാറിനെതിരെ ഉണ്ടായ ഭരണവിരുദ്ധ വികാരത്തെ തുടർന്ന് സിപിഎമ്മിനെ പിന്തുണച്ച കർഷകരും, ചെറുകിട വ്യാപാരികളും ഇത്തവണ കോൺഗ്രസിനാണ് വോട്ട് ചെയ്തത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP