Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയിൽ നിന്നും അധികാരം തിരികെ പിടിച്ചു ഹിമാചലിൽ ആരാകും മുഖ്യമന്ത്രി? വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങിന് സാധ്യത കൂടുതൽ; പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയും പ്രചാരണ സമിതി ചെയർമാൻ സുഖ്വിന്ദർ സുഖുവും മുഖ്യമന്ത്രി കസേരയിൽ കണ്ണുവെച്ച് രംഗത്ത്; ഭയക്കേണ്ടത് ഓപ്പറേഷൻ താമരയെയും; ഹിമാചൽ കോൺഗ്രസിന് മുന്നിൽ ഇനിയുമേറെ വെല്ലുവിളികൾ

ബിജെപിയിൽ നിന്നും അധികാരം തിരികെ പിടിച്ചു ഹിമാചലിൽ ആരാകും മുഖ്യമന്ത്രി? വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങിന് സാധ്യത കൂടുതൽ; പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയും പ്രചാരണ സമിതി ചെയർമാൻ സുഖ്വിന്ദർ സുഖുവും മുഖ്യമന്ത്രി കസേരയിൽ കണ്ണുവെച്ച് രംഗത്ത്; ഭയക്കേണ്ടത് ഓപ്പറേഷൻ താമരയെയും; ഹിമാചൽ കോൺഗ്രസിന് മുന്നിൽ ഇനിയുമേറെ വെല്ലുവിളികൾ

മറുനാടൻ ഡെസ്‌ക്‌

ഷിംല: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ തട്ടകമായ ഹിമാചലിൽ ബിജെപിക്ക് കോൺഗ്രസിൽ നിന്നും തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് വലിയ തിരിച്ചടിയാ്. മറുവശത്ത് മോദിയുടെയും അമിത്ഷായുടെയും സ്വന്തം തട്ടകമായ ഗുജറാത്തിൽ കോൺഗ്രസിനെ കടപുഴകിയപ്പോളാണ് ബിജെപി ദേശീയ അധ്യക്ഷന്റെ മണ്ഡലത്തിൽ ഈ ദുരവസ്ഥ ഉണ്ടായത്. എന്നാൽ, അഞ്ച് വർഷം കൂടുമ്പോൾ ഭരിക്കുന്ന കക്ഷിയം മാറ്റി പ്രതിഷ്ഠിക്കുന്ന പക്ഷക്കാരാണ് ഹിമാചൽ പ്രദേശുകാർ. ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. അതുകൊണ്ട് തന്നെയാണ് ഹിമാചലിൽ അധികാരത്തിലേക്ക് കോൺഗ്രസ് എത്തിയതും.

അതേസമയം അധികാരം തിരിച്ചുപിടിച്ചെങ്കിലും ഹിമാചലിലെ കോൺഗ്രസിനെ കാത്തിരിക്കുന്നത് വെല്ലുവിളികളാണ്. പ്രധാനമായും ആരാകും മുഖ്യമന്ത്രി എന്ന തർക്കം ഇവിടെയും ഉടലെടുത്തേക്കാം. അതുകൊണ്ട് തന്നെ വിജയ മധുരത്തിനിടയിലും കാര്യങ്ങൾ അത്രയ്ക്ക് സുഖകരമല്ല കോൺഗ്രസിൽ. ബിജെപിയുടെ ഓപ്പറേഷൻ താമരയെ അതിജീവിക്കുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. ഇതിനിടെയാണ് ആരാകും മുഖ്യമന്ത്രി എന്നത് സംബന്ധിച്ചുള്ള തർക്കങ്ങളും പാരർട്ടിക്കുള്ളിലുള്ളത്. ഇത് രമ്യമായി പരിഹരിക്കാൻ സാധിച്ചാൽ അത് കോൺഗ്രസിന്റെ ആദ്യ വിജയമായി മാറും.

ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പ്രതിഭാ സിങ്, നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, പ്രചാരണ സമിതി ചെയർമാൻ സുഖ്വിന്ദർ സുഖു, തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേരയിൽ കണ്ണുള്ളവർ. ഹിമാചലുകാരുടെ പ്രിയങ്കരനായ അന്തരിച്ച നേതാവ് വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. അതുകൊണ്ട് തന്നെ പ്രതിഭയ്ക്കാണ് സാധ്യത കൂടുതൽ. വീരഭദ്ര സിങ്ങിന്റെ ലെഗസി എളുപ്പത്തിൽ തള്ളിക്കളയാൻ കോൺഗ്രസ് ഹൈക്കമാൻഡിനും സാധിക്കുന്നില്ല. ഒരു മകൻ എന്ന നിലയിൽ പ്രതിഭാജിക്ക് വലിയ ഉത്തരവാദിത്വം ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞ് ഫലം വന്നതിന് തൊട്ടുപിന്നാലെ പ്രതിഭയുടെ മകനും ഷിംല റൂറലിൽനിന്ന് വിജയിച്ച സിറ്റിങ് എംഎ‍ൽഎയുമായ വിക്രമാദിത്യ സിങ് പ്രതികരിച്ചിട്ടുണ്ട്.

അതേസമയം പ്രതിഭ സിങ് ഇപ്പോൾ ലോക്‌സഭാ അംഗമാണ് അതുകൊണ്ട് തന്നെനിയമസഭയിലേക്ക് മത്സരിക്കണ്ടി വരുമെന്നതാണ് ഒരു പോരായ്മ്മ. അതേസമയം മുകേഷ് അഗ്‌നിഹോത്രി അടക്കം ശക്തമായി മുഖ്യമന്ത്രി കസേരക്ക് വേണ്ടി വാദിക്കാൻ ഇടയുണ്ട്. ഇതിലൊക്കെ പ്രധാനമായിരിക്കുന്നത് ബിജെപിയുടെ ഓപ്പറേഷൻ താമരയെ അതിജീവിക്കുക എന്നത്. കോൺഗ്രസ് സർക്കാരുകൾ അധികാരത്തിലുള്ള ഛത്തീസ്‌ഗഢിലേക്കോ രാജസ്ഥാനിലേക്കോ ഹിമാചൽ എംഎ‍ൽഎമാരെ മാറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസെന്നാണ് പുറത്തെത്തുന്ന വിവരം. ഏതുവിധത്തിലുള്ള ബിജെപി. ശ്രമങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഇതിലൂടെ കോൺഗ്രസ് ലക്ഷ്യമാക്കുന്നത്. മധ്യപ്രദേശ് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ കോൺഗ്രസിനു മുന്നിലുള്ളതുകൊണ്ട് ഈ നീക്കത്തിന് ചടുതലയേറും.

ഗുജറാത്തിൽ തകർന്നടിഞ്ഞപ്പോഴും കോൺഗ്രസിന് ആശ്വാസം നൽകിയ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. 39 സീറ്റുകളിലെ വിജയത്തോടെയാണ് കോൺഗ്രസ് ഹിമാചലിൽ അധികാരം പിടിച്ത്. ഒരുവട്ടം കോൺഗ്രസിനെങ്കിൽ അടുത്ത തവണ ബിജെപിക്ക് അധികാരം നൽകുന്ന രീതിയാണ് 1985 മുതൽ ഹിമാചൽ പിന്തുടർന്നുവരുന്നത്. ആ രീതിക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. മത്സരത്തിനിറങ്ങിയത്. മുൻതിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ആം ആദ്മി പാർട്ടിയുടെ സാന്നിധ്യവും ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു.

ശക്തമായ ഭരണ വിരുദ്ധ വികാരമാണ് കോൺഗ്രസിന് തുണയായി മാറിയത്. 2021-ൽ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. ഫത്തേപ്പുർ, അർകി, ജുബ്ബൽ- കോട്ഖായി നിയമസഭാ മണ്ഡലങ്ങളിലും മണ്ഡി ലോക്സഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസിന് വിജയിക്കാനായത്. മണ്ഡിയിൽ പ്രതിഭ സിങ് വിജയിച്ചു കയറി. നിരവധി വിഷയങ്ങൾ ആയുധമാക്കാൻ കോൺഗ്രസിന് ഇവിടെ സാധിച്ചു. അഗ്നിവീർ അടക്കം ബിജെപിക്ക് തിരിച്ചടിയായി മാറുകയായിരുന്നു.

സർക്കാർ ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട ന്യൂ പെൻഷൻ സ്‌കീം (എൻ.പി.എസ്.), ഓൾഡ് പെൻഷൻ സ്‌കീം (ഒ.പി.എസ്.) എന്നിവ തമ്മിലുള്ള പോരാട്ടവേദികൂടിയായിരുന്നു ഹിമാചലിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ്. രണ്ടരലക്ഷത്തോളം സർക്കാർ ജീവനക്കാരുള്ള സംസ്ഥാനമാണ് ഹിമാചൽ. രണ്ടുലക്ഷത്തോളം പെൻഷൻകാരുമുണ്ട്. ഒരു വലിയ വോട്ടു ബാങ്കായി തന്നെ ഇവരെ പരിഗണിക്കാവുന്നതാണ്.

അധികാരത്തിലെത്തുന്നപക്ഷം ജീവനക്കാർക്കും പെൻഷൻകാർക്കും കൂടുതൽ ഗുണകരമായ ഒ.പി.എസ്. പുനഃസ്ഥാപിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. അധികാരത്തിലുള്ള രാജസ്ഥാൻ, ചത്തീസ്ഗഢ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഒ.പി.എസ്. നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രഖ്യാപനം നടത്തിയത്. അത് ലക്ഷ്യം കണ്ടുവെന്ന് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നുണ്ട്. അധികാരത്തിലെത്തിയാൽ, ആദ്യത്തെ കാബിനറ്റ് യോഗത്തിൽതന്നെ ഒ.പി.എസ്. നടപ്പാക്കുമെന്നാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സതൗണിൽ സംഘടിപ്പിച്ച പരിവർത്തൻ പ്രതിജ്ഞാ റാലിയിൽ ആവർത്തിച്ച് ഉറപ്പിച്ചത്.

ഭരണമാറ്റം എന്ന ചരിത്രം, ഭരണവിരുദ്ധ വികാരം, ഒ.പി.എസ്. പിന്നെ വിമതശല്യവും. ഇവയെല്ലാം സൃഷ്ടിച്ച വെല്ലുവിളിക്കു മുൻപിൽ ഹിമാചലിലെ ബിജെപിക്ക് മുട്ടുമടക്കേണ്ടി വരികയായിരുന്നു. തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ ഇവയെല്ലാം പിന്നാലെയുമെത്തി. ജനങ്ങളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രചരണമാണ് കോൺഗ്രസിന് വിജയം സമ്മാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP