Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാനലുകളെ വിശ്വസിച്ച് മാണിയുടെ രാജി ആവശ്യവുമായി ഇറങ്ങിയവർക്ക് പിന്നോട്ട് പോകാൻ കഴിയുന്നില്ല; വിധി പകർപ്പ് കിട്ടിയതോടെ രാജി വയ്ക്കില്ലെന്ന് ഉറപ്പിച്ച് മാണിയും; ഇന്ന് രാജി ആവശ്യപ്പെട്ടവർക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തും; യുഡി എഫ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

ചാനലുകളെ വിശ്വസിച്ച് മാണിയുടെ രാജി ആവശ്യവുമായി ഇറങ്ങിയവർക്ക് പിന്നോട്ട് പോകാൻ കഴിയുന്നില്ല; വിധി പകർപ്പ് കിട്ടിയതോടെ രാജി വയ്ക്കില്ലെന്ന് ഉറപ്പിച്ച് മാണിയും; ഇന്ന് രാജി ആവശ്യപ്പെട്ടവർക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തും; യുഡി എഫ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

ബി രഘുരാജ്‌

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മന്ത്രി സഭ ഇപ്പോൾ നേരിടുന്നത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. മന്ത്രി കെഎം മാണി രാജി വയ്ക്കണം എന്ന് പറയാതെ പറയുന്നുവെന്നും വിജിലൻസ് ആവശ്യങ്ങൾ പാടെ നിരാകരിച്ചുമാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് എന്ന തുടർച്ചയായ ചാനൽ റിപ്പോർട്ടുകളെ വിശ്വസിച്ച് രാജി ആവശ്യവുമായി പ്രമുഖ നേതാക്കൾ ഇറങ്ങിയതും രാജി ചർച്ചകൾ എല്ലാം മുൻപോട്ട് പോയതുമാണ് ആശയക്കുഴപ്പത്തിന് കാരണം. കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും വരെ രാജി ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യ മന്ത്രിയും രാജി വയ്ക്കട്ടെ എന്ന നിലപാട് എടുക്കകുകയും ചെയ്തതോടെ ഇന്ന് രാജി വയ്ക്കാൻ മാണി തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത്. ഇതോടെ ഇനി രാജിയില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ വെളിയിൽ കൊണ്ട് വരുമെന്നും മാണി ഉറച്ച നിലപാട് എടുത്തതോടെ യുഡുഎഫ് വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ ധനമന്ത്രി കെ.എം. മാണിയുടെ രാജിയല്ലാതെ മറ്റുവഴിയില്ലെന്ന് ഉമ്മൻ ചാണ്ടി-സുധീരൻ കൂടിയാലോചനയിൽ അഭിപ്രായം ഉയർന്നിരുന്നു. കോൺഗ്രസിൽനിന്നും മറ്റുകക്ഷികളിൽ നിന്നും രാജിയാവശ്യം ഉയർന്ന സാഹചര്യത്തിൽ അത് അനിവാര്യമാണെന്ന് സുധീരൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിച്ചു. മാണി സ്വയം രാജിവയ്ക്കണമെന്നതാണു പൊതുനിലപാട്. അതിന് അദ്ദേഹം സന്നദ്ധനായില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. ഇന്ന് യു.ഡി.എഫ്. യോഗത്തിനു മുമ്പായി രാജിയിൽ തീരുമാനമുണ്ടായില്ലെങ്കിൽ യോഗത്തിൽ മാണിയുടെ രാജി ആവശ്യപ്പെടാനും ഇരുവരും തമ്മിൽ നടന്ന കൂടിയാലോചനയിൽ അഭിപ്രായമുയർന്നു. ഇന്നത്തെ യോഗത്തിനുശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം സുധീരൻ പറഞ്ഞു. ഹൈക്കോടതിവിധിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ചചെയ്തു. ഇക്കാര്യത്തിൽ ഏകപക്ഷീയ തീരുമാനം ശരിയല്ല. ഇന്നു മറ്റു കക്ഷികൾക്കൊപ്പം മാണിയുമായും യു.ഡി.എഫ്. നേതൃത്വം ചർച്ച നടത്തും. ഇക്കാര്യത്തിൽ കോൺഗ്രസിനു വ്യക്തവും കൃത്യവുമായ നിലപാടുണ്ട്. പാർട്ടിയിൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായപ്രകടനങ്ങളെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളാ കോൺഗ്രസ് (എം) ഉന്നതാധികാരസമിതി ഇന്നു രാവിലെ 11നു തിരുവനന്തപുരത്തു ചേരും. രാജിക്കത്ത് കൈമാറിയശേഷമാകും മാണി പാർട്ടി യോഗത്തിൽ പങ്കെടുക്കാനെത്തുക എന്നാണ് അഭ്യൂഹങ്ങൾ പടർന്നത്. ഹൈക്കോടതി വിധി ചർച്ചചെയ്യാൻ രാവിലെ യു.ഡി.എഫ്. യോഗം ചേരുന്നതിനു മുമ്പ് മാണി രാജിവയ്ക്കുന്നതാണു നല്ലതെന്ന പൊതുഅഭിപ്രായമാണു മുന്നണി നേതാക്കൾക്കുള്ളത്. രാജിയല്ലാതെ പോംവഴിയില്ലെന്നാണു കോൺഗ്രസിന്റെയും നിലപാട്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാടും മറിച്ചല്ല. അതേസമയം, ഇതേ കേസിൽ ആരോപണവിധേയനായ മന്ത്രി കെ. ബാബുവിനെ കടന്നാക്രമിച്ച് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കം കേരളാ കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് വിധി പകർപ്പ് മാണിക്ക് കിട്ടിയത്. ഇതോടെ നേരത്തെ തന്നെ ഗൂഡാലോചാനാ തിയറി ഉന്നയിച്ച മാണി ചിലത് ഉറപ്പിച്ചു. വിധി പകർപ്പിൽ ഒന്നുമില്ല, അതുകൊണ്ട് തന്നെ രാജിയുമില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി തന്റെ തലയിൽ കെട്ടിവയ്ക്കാൻ മാത്രമാണ് ചിലർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് യുഡിഎഫ് ഘടകകക്ഷികൾ രാജി ആവശ്യപ്പെടുന്നത്. അവരുടെ പാർട്ടിയിലെ പ്രശ്‌നങ്ങൾ മറയ്ക്കാനാണ് ഇത്. അതിനപ്പുറം ഒന്നിമില്ല. പാല ബിഷപ്പുമായുള്ള ചർച്ചയിലും മാണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടണ്ട്. മാദ്ധ്യമങ്ങളെ ആരോ മനപ്പൂർവ്വം തെറ്റിധരിപ്പിച്ചതാണ്. അതിന് വഴങ്ങേണ്ട ആവശ്യമില്ല. വിധി പകർപ്പ് വളരെ കൃത്യവും വ്യക്തവുമാണ്. അതുകൊണ്ട് തന്നെ രാജി വയ്ക്കില്ലെന്നാണ് മാണി പറയുന്നത്. ഒരിക്കൽ എടുത്ത നിലപാട് മാറ്റാൻ കഴിയാത്തതിനാൽ മാദ്ധ്യമങ്ങൾ ചർച്ചകളുമായി മുന്നോട്ട് പോകുന്നു. അതിന്റെ പേരിൽ മന്ത്രിസ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ യൂഡിഎഫിനേയും കേരളാ കോൺഗ്രസ് അറിയിക്കും.

എന്നാൽ വിധി പകർപ്പ് കിട്ടിയതോടെ മാണി നിലപാട് മാറ്റി. ഇന്നലെ രാത്രിയിൽ കേരള കോൺഗ്രസ്സിലെ എല്ലാ എംഎൽഎമാരും മാണിയുടെ വസതിയിൽ എത്തി പിന്തുണ അറിയിച്ചു. രാജി വയ്‌ക്കേണ്ട എന്ന സന്ദേശമാണ് ജോസഫ് അടക്കമുള്ളവർ നൽകിയത്. ഇതോടെ ഇന്ന് നടത്താനിരുന്ന യുഡുഎഫ് ഉന്നതാധികാര സമിതി മാറ്റി വയ്ക്കുമെന്ന് റിപ്പോർട്ടുണ്ട്. രാജി ആവശ്യം മാണിയെ ബോധ്യപ്പെടുത്താതെ സമ്മർദ്ദം ചെലുത്തിയാൽ മന്ത്രിസഭ വീഴും എന്നതാണ് പ്രശ്‌നം. ഇന്ന് രാവിലെ മാദ്ധ്യമങ്ങളെ കൊണ്ട് ചില സത്യങ്ങൾ തുറന്ന് പറയുമെന്ന് കെഎം മാണി ഇന്നലെ അർദ്ധ രാത്രിയിൽ മറുനാടൻ മലയാളിയോട് സൂചിപ്പിച്ചു. ഇന്നത്തെ പത്ര സമ്മേളനം രാജിക്കായി ആണ് എന്നാണ് മിക്കവാറും കണക്ക് കൂട്ടുന്നതെങ്കിലും രാജിയെക്കുറിച്ച് യാതൊരു സൂചനയും മാണി നൽകിയില്ല. മാണിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് രാജി വയ്ക്കാതെ യുഡിഎഫിനെ പ്രതിസന്ധിയിൽ ആക്കുകയാണ് മാണിയുടെ ലക്ഷ്യം. എങ്ങനെ ഗൂഢാലോചന നടത്തിയെന്ന് പുറത്തു പറയും. ബാർ കോഴ ആരോപണം ഉന്നിക്കപ്പെട്ട സാഹചര്യത്തിലും മാണി ഇത് തീരുമാനിച്ചിരുന്നു. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ പോലും മരവിപ്പിച്ചു. ഇതെല്ലാം പ്രതിസന്ധി കൂട്ടരുതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം മാറ്റി വച്ചു.

അതിന് ശേഷവും ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇന്നലത്തെ കോടതി നടപടികൾ. മാണി ക്യാമ്പ് സംഭവങ്ങളെ കാണുന്നത് ഇങ്ങനെയാണ്. ബാർ കോഴക്കേസിൽ കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലൻസ് നൽകിയ ഹർജിയിൽ രണ്ട് മണിക്കൂറിലധികം നീണ്ട വാദത്തിനു ശേഷം തുറന്ന കോടതിയിൽ വിധി പറയുന്നതിനിടെ നാടകീയ രംഗങ്ങൾ ആണുണ്ടായത്. പുറമെ നിന്ന് നിയമോപദേശം തേടിയതിൽ വിജിലൻസ് ഡയറക്ടറെ കുറ്റപ്പെടുത്താനാവില്ലെന്ന് പറഞ്ഞ ശേഷം കേസിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കോടതി പറഞ്ഞു തുടങ്ങിയപ്പോൾ അഡ്വക്കേറ്റ് ജനറലും കപിൽ സിബലും മറ്റും എണീറ്റ് നിന്ന് എതിർപ്പുന്നയിച്ചു. കോടതി നിർദേശിച്ചതു പ്രകാരം വിജിലൻസ് ഡയറക്ടറുടെ അധികാരത്തെക്കുറിച്ചു മാത്രമേ താൻ വാദിച്ചിട്ടുള്ളൂ എന്ന് കപിൽ സിബൽ പറഞ്ഞു. മറ്റ് കാര്യങ്ങളെക്കുറിച്ചു പറയുകയാണങ്കിൽ അക്കാര്യത്തിലും വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. അതിനിടെ കേസിൽ വിധി പറയുന്നത് നിർത്തിവെയ്ക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ പറഞ്ഞെങ്കിലും കോടതി വഴങ്ങിയില്ല. ഇതോടെ എല്ലാം കൈവിട്ടു പോവുകയായിരുന്നു. കേസിലെ വിധിപകർപ്പിലും ഇതെല്ലാം വ്യക്തമാണ്. വിജിലൻസിന്റെ ആവശ്യങ്ങളെല്ലാം കോടതി അംഗീകരിച്ചു. പുനരന്വേഷണം മാത്രമാണ് തുടരാൻ നിർദ്ദേശിച്ചത്. ഇത് മാണി അംഗീകരിച്ചതുമാണ്.

എന്നാൽ പ്രകോപനത്തിന്റെ ഫലമായി ചില പരാമർശം ങ്ങൾ കോടതി നടത്തി. വിജിലൻസ് എതിർപ്പുന്നയിച്ചതോടെ വിധി പറയുന്നത് നിർത്തിവച്ച് വീണ്ടും അല്പസമയം കോടതി വാദം കേട്ടു. ഏതായാലും തെളിവുകളെക്കുറിച്ച് പറയുന്നില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ വ്യക്തമാക്കി. എന്നാൽ കോഴ ചോദിച്ചതിന് തെളിവില്ലെന്നതു കൊണ്ടു മാത്രം കുറ്റമില്ലാതാവുമോ എന്ന് കോടതി വാക്കാൽ ആരാഞ്ഞു. ഈ ഘട്ടത്തിലാണ് എല്ലാം കൈവിട്ടുപോയത്. ഔദ്യോഗികമായി നിശ്ചിത ചുമതല നിറവേറ്റേണ്ട ഒരു വ്യക്തി അത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയും ഒടുവിൽ പണം നൽകുമ്പോൾ മാത്രം കടമ നിർവഹിക്കുകയും ചെയ്‌തെന്നിരിക്കട്ടെ. പണം ചോദിച്ചില്ല എന്നതിനാൽ മാത്രം അത് കുറ്റമല്ലാതാവുമോ എന്നായിരുന്നു കോടതി വാദത്തിനിടെ ചോദിച്ചത്. എന്നാൽ വിജിലൻസ് കെണിയിൽ പെടുത്തുന്ന കേസുകളിൽ മാത്രമാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതെന്ന് കപിൽ സിബൽ വാദിച്ചു.

തെളിവിനെക്കുറിച്ച് ഉത്തരവിൽ പറയുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ചില പ്രതികൂല പരാമർശങ്ങൾ വിധിന്യായത്തിൽ ഇടം പിടിച്ചത്. പ്രതി മന്ത്രിയായാൽ വിജിലൻസ് നടത്തുന്ന അന്വേഷണത്തെപ്പറ്റി ജനങ്ങൾക്ക് സംശയമുണ്ടാവുന്നത് സ്വാഭാവികമാണെന്നായിരുന്നു ഒരു പരാമർശം. നിയമോപദേശത്തിന് പൊതു പണം ചെലവാക്കിയതിനെക്കുറിച്ചും കോടതിയുടെ പരാമർശമുണ്ടായി. അക്കാര്യം പ്രതിസ്ഥാനത്തുള്ള വ്യക്തിയുടെ മനസ്സാക്ഷിക്ക് വിടുന്നുവെന്നായിരുന്നു കോടതി പറഞ്ഞത്. ഇതെല്ലാം ഗൂഢാലോചനയുടെ ഫലമായി അഭിഭാഷകർ ചോദിച്ച വാങ്ങിച്ചതെന്നാണ് മാണിയുടെ വാദം. റിട്ട് ഹർജി കൊടുത്തതിനേയും ചോദ്യം ചെയ്യും. വിജിലൻസ് ഡയറക്ടർ എതിരായ പരാർശങ്ങൾ നീക്കാൻ റിവിഷൻ ഹർജി നൽകിയിരുന്നുവെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. കേസിന്റെ മെരിറ്റിലേക്ക് കോടതി കടക്കുമായിരുന്നില്ല. ഇങ്ങനെ ചെയ്തത് വലിയ ഗൂഢാലോചനയാണ്. നേരത്തെ പിസി ജോർജുമായി ചേർന്ന് വിഷയം ഉയർത്തികൊണ്ടു വന്നരുടെ ഗൂഢാലോചനയാണ് ഇതെന്നാണ് മാണിയുടെ വിലയിരുത്തൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP