Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തി; ഒന്നാം പ്രതി ഉമേഷിനും ബന്ധുവിനും സുഹൃത്തിനും കുറ്റപത്രം

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തി; ഒന്നാം പ്രതി ഉമേഷിനും ബന്ധുവിനും സുഹൃത്തിനും കുറ്റപത്രം

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: കോവളത്ത് കൂനംതുരുത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ തലസ്ഥാനത്തെ വിചാരണ കോടതിയിൽ നടന്ന വിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ഒന്നാം പ്രതി ഉമേഷിനും ബന്ധുവിനും സുഹൃത്തിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. ഡിസംബർ 6 ന് ഒന്നാം പ്രതി ഉമേഷിനെയും രണ്ടാം പ്രതി ഉദയകുമാറിനെയും മരണം വരെ ഇരട്ട ജീവപര്യന്ത തടവും 1,65,000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ ശിക്ഷിച്ചിരുന്നു. നെയ്യാറ്റിൻകര രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് തിരുവല്ലം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ 2 കേസുകളിലായി 2 കുറ്റപത്രങ്ങൾ സമർപ്പിച്ചത്. മൃതദേഹം ആദ്യം കണ്ടെത്തി പൊലീസിൽ വിവരമറിയിച്ച ഒന്നാം സാക്ഷി തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപിനെ ഭീഷണിപ്പെടുത്തിയതിന് 2022 മെയ് 27 ന് എടുത്ത കേസിലാണ് ഉമേഷിന്റെ ബന്ധു ജയപാലനെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചത്.

ഒന്നാം സാക്ഷിയെ മൊഴി മാറ്റാൻ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തിയതിന് ഒന്നാം പ്രതി ഉമേഷിന്റെ ബന്ധു ജയപാലനെതിരെ തിരുവല്ലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തിരുവല്ലം തിനവിള പുത്തൻ വീട്ടിൽ ജയപാലനെ (54) യാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. ഇയാൾ പ്രതികളുടെ ബന്ധുവാണ്. പ്രദീപിന്റെ സുഹൃത്തുക്കളോട് ജൂൺ 1 ന് കേസ് വിളിക്കുമെന്നും പ്രതികളായവർക്കെതിരെ പൊലീസ് കുറ്റം കെട്ടിച്ചമച്ചതാണെന്ന് പറയണമെന്നും അല്ലാത്തപക്ഷം പ്രതികൾക്ക് ശിക്ഷ ലഭിച്ചാൽ സാക്ഷിയെ കൊല്ലുമെന്നും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെ പരാതിയിലാണ് പൊലീസ് മെയ് 27 ന് കേസെടുത്തത്.

പ്രതികളെ ശിക്ഷിക്കാൻ കാരണമായ നിർണ്ണായക രഹസ്യമൊഴി നൽകിയ മൂന്നാം സാക്ഷി വാഴമുട്ടം സ്വദേശി സൂരജിനെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയതിനും തടഞ്ഞു നിർത്തി മർദ്ദിച്ചതിനും തിരുവല്ലം പൊലീസ് ഉമേഷിനും സുഹൃത്ത് പ്രസാദിനുമെതിരെ 2022 ജൂലൈ 28 ന് എടുത്ത കേസിലാണ് രണ്ടാം കുറ്റപത്രം സമർപ്പിച്ചത്.

തിരുവല്ലം ചെന്തിലാക്കരി കണ്ടൽകാടിനുള്ളിൽ ചീഞ്ഞഴിഞ്ഞ നിലയിൽ ഉടൽ വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടതെന്ന് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ ഒന്നാം സാക്ഷിമൊഴി നൽകി. വിചാരണ തുടങ്ങിയ 2022 ജൂൺ 2 നാണ് പൊതുപ്രവർത്തകനും തിരുവനന്തപുരം യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും വണ്ടിത്തടം ശാന്തിപുരം സ്വദേശിയുമായ പ്രദീപ് സാക്ഷിമൊഴി നൽകിയത്. കോടതി നിർദ്ദേശപ്രകാരം മൃതദേഹം കിടന്ന രീതി സാക്ഷിക്കൂട്ടിനുള്ളിൽ നിന്ന് സാക്ഷി കാണിച്ചു മൊഴി നൽകി. രണ്ടു മരത്തിനിടയിലുള്ള വള്ളിപ്പടർപ്പിലാണ് മൃതശരീരം കണ്ടത്. വള്ളിയിൽ കുടുങ്ങി 3 അടി പൊക്കത്തിൽ വള്ളിയിൽ തൂങ്ങി ലോക്കായാണ് കിടന്നത്. വസ്ത്രങ്ങൾ മണ്ണിനോട് ചേർന്ന് കിടക്കുകയായിരുന്നു. കാലുൾപ്പെടെ വയർ ഭാഗം വരെ നിലത്ത് തൊട്ട നിലയിലായിരുന്നു. കഴുത്തിന് മുകൾഭാഗം വേറിട്ട് നിൽക്കുകയായിരുന്നു. പാന്റും കോട്ടും ആണ് ധരിച്ചിരുന്നതെന്നും പ്രദീപ് മൊഴി നൽകി.

തിരുവല്ലം പൊലീസിൽ താൻ മൊഴി കൊടുത്തിട്ടുണ്ട്. ആ പ്രഥമ വിവര മൊഴിയാണ് തന്നെ ഇപ്പോൾ കാണിച്ചതെന്നും അതിൽ കാണുന്ന ഒപ്പ് തന്റേതാണെന്നും പ്രദീപ് മൊഴി നൽകി. അസ്സൽ മൊഴി വിചാരണ കോടതി മുൻ ജഡ്ജി കെ.കെ. ബാലകൃഷ്ണൻ പ്രോസിക്യൂഷൻ ഭാഗം മൂന്നാം രേഖയായി അക്കമിട്ട് മാർക്ക് ചെയ്ത് തെളിവിൽ സ്വീകരിച്ചു.

വിഷ്ണു എന്ന തന്റെ സംഘടനയിലെ പ്രവർത്തകൻ ചെന്തിലാക്കരിയിൽ ഒരു ശവശരീരം കിടപ്പുണ്ടെന്ന് ഫോണിൽ പറഞ്ഞു. താൻ ഉടൻ പോയി മൃതശരീരം കണ്ട ശേഷം തിരുവല്ലം എസ് ഐയെ ഫോണിൽ വിളിച്ചു പറഞ്ഞു. എസ് ഐ വന്ന ശേഷം താനും അവിടെ ചെന്നു. ചതുപ്പുനിലത്തിൽ വള്ളിപ്പടർപ്പുകളും കാടും നിറഞ്ഞ സ്ഥലത്താണ് മൃതശരീരം കണ്ടത്. വീടുകളില്ലാത്ത ഒറ്റപ്പെട്ട പ്രദേശമാണ്. 50 മീറ്റർ മാറിയാണ് വീടുള്ളതെന്നും മൊഴി നൽകി.

ലാത്വിയൻ യുവതിയുടെ മൃതദേഹം കിടന്ന മീൻ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടിൽ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി , അത് നീർനായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീർനായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് വിചാരണ കോടതിയിൽ 2022 ജൂൺ 2 ന് മൊഴി നൽകിയിരുന്നു. വിചാരണ കോടതിയായ തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടിൽ ചീലാന്തിക്കാട്ടിന് സമീപം മീൻ പിടിക്കാൻ പോയ കാര്യമോ തന്റെ പേരോ പൊലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നൽകി. പ്രതികളുടെ സുഹൃത്തും കാറ്ററിങ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളിൽ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയായ തിരുവല്ലം പാച്ചല്ലൂർ സ്വദേശി സൂരജാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ മുൻ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നൽകിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കേസുണ്ടെന്നും സൂരജ് മൊഴി നൽകി. പ്രതിയെ ഭയന്നാണ് വിവരം പൊലീസിൽ യഥാസമയം അറിയിക്കാത്തതെന്നും സൂരജ് മൊഴി നൽകിയിരുന്നു.

രണ്ടു പ്രതികളും തന്റെ സുഹൃത്തുക്കളാണെന്നും 2018 മാർച്ച് മാസം ബൈപാസ് തടി മില്ലിനടുത്ത് വച്ച് ഒരു മദാമ്മ ഇന്നവിടെ വന്നുവെന്നും ഉമേഷ് മദാമ്മയോട് സിഗരറ്റ് ചോദിച്ചുവെന്നും ഫക്കിങ് ചോദിച്ചുവെന്നും മദാമ്മ ഒരു മറുപടിയും പറയാതെ പോയെന്നും ഉമേഷ് തന്നോട് പറഞ്ഞതായി നാലാം സാക്ഷി ലാലുവും മൊഴി നൽകി.

രണ്ടു സാക്ഷികളും തങ്ങളെ ഇപ്പോൾ കാണിച്ചത് തങ്ങൾ മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യ മൊഴികളാണെന്നും അതിൽ കാണുന്ന ഒപ്പും വിരൽ പതിപ്പും തങ്ങളുടേതാണെന്നും കോടതിയിൽ മൊഴി നൽകി. രഹസ്യമൊഴികൾ പ്രോസിക്യൂഷൻ ഭാഗം നാലും അഞ്ചും രേഖകളാക്കി കോടതി തെളിവിൽ സ്വീകരിച്ചു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇൽസ സ്‌ക്രെമേന യുവതിയുടെ വസ്ത്രങ്ങളടക്കം 5 തൊണ്ടി മുതലുകൾ ജൂൺ 1 ന് ആരംഭിച്ച വിചാരണയിൽ തിരിച്ചറിഞ്ഞു. രണ്ടാം സാക്ഷിയായ ഇൽസയാണ് തൊണ്ടിമുതലുകൾ തിരിച്ചറിഞ്ഞ് മൊഴി നൽകിയത്. മൃതദേഹം കണ്ടെത്തിയ ശേഷം പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ (പ്രേത വിചാരണ) കണ്ടെടുത്ത കൃത്യസമയം ഇര ധരിച്ചിരുന്ന വസ്ത്രങ്ങൾ , മൃതദേഹത്തിനരികിൽ കണ്ടെത്തിയ സിഗരറ്റ് ലൈറ്റർ , സിഗരറ്റ് കവർ എന്നിവ തിരിച്ചറിഞ്ഞ് മൊഴി നൽകി. ഒന്നു മുതൽ അഞ്ചു വരെയുള്ള തൊണ്ടി മുതലുകളായി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു. സഹോദരിയെ കാണാത്തതിനാൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് പൊലീസിൽ സമർപ്പിച്ച എഫ് ഐ ആറും എഫ് ഐ എസും ആണ് കോടതി മുമ്പാകെയുള്ളതെന്നും അതിൽ കാണുന്ന ഒപ്പ് തന്റേതാണെന്നും മൊഴി നൽകി. അവ ഒന്നും രണ്ടും രേഖകളായി കോടതി തെളിവിൽ സ്വീകരിച്ചു. പോത്തൻകോട് ആയുർവ്വേദ ഹോളിസ്റ്റിക് സെന്ററിൽ മാനസിക ചികിത്സക്കായെത്തിയ സഹോദരിയെ 2018 ഫെബ്രുവരി 14 മുതൽ കാണാതായി. പൊലീസിൽ നിന്നും നീതി ലഭിക്കാത്തതിനാൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. തുടർന്നാണ് 37 ദിവസം പിന്നിട്ട് ഏപ്രിൽ 20-ാം തീയതി സഹോദരിയുടെ ചേതനയറ്റ ശരീരം പൊലീസ് വീണ്ടെടുത്തതെന്നും അവർ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP