Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതം വേണോ മനുഷ്യന്; ഇസ്ലാമിക പക്ഷത്തുനിന്ന് പങ്കെടുക്കുന്നത് ഷുഹൈബുൽ ഹൈത്തമി; സ്വതന്ത്രചിന്തകരുടെ പ്രതിനിധിയായി ആരിഫ് ഹുസൈൻ തെരുവത്ത്; ഇ എ ജബ്ബാർ- എം എം അക്‌ബർ സംവാദത്തിനുശേഷം മലപ്പുറത്ത് വീണ്ടുമൊരു തീപാറുന്ന സംവാദം; ഇസ്ലാമും സ്വതന്ത്രചിന്തയും വീണ്ടും ഏറ്റുമുട്ടുമ്പോൾ

മതം വേണോ മനുഷ്യന്; ഇസ്ലാമിക പക്ഷത്തുനിന്ന് പങ്കെടുക്കുന്നത് ഷുഹൈബുൽ ഹൈത്തമി; സ്വതന്ത്രചിന്തകരുടെ പ്രതിനിധിയായി ആരിഫ് ഹുസൈൻ തെരുവത്ത്; ഇ എ ജബ്ബാർ- എം എം അക്‌ബർ സംവാദത്തിനുശേഷം മലപ്പുറത്ത് വീണ്ടുമൊരു തീപാറുന്ന സംവാദം; ഇസ്ലാമും സ്വതന്ത്രചിന്തയും വീണ്ടും ഏറ്റുമുട്ടുമ്പോൾ

എം റിജു

തിരുർ: കഴിഞ്ഞവർഷം കേരളം ഏറെ ചർച്ചചെയ്തായിരുന്നു, പ്രശസ്ത സ്വതന്ത്രചിന്തകനായ ഇ എ ജബ്ബാറും, മുജാഹിദ് പണ്ഡിതൻ എം എം അക്‌ബറുമായുള്ള സംവാദം. 'ആഴക്കടൽ സംവാദം' എന്നപേരിൽ പിന്നീട് ചർച്ചയായ ഈ സംവാദം, നവമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. എന്നാൽ അതിനുശേഷം ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടുന്ന മറ്റൊരു സംവാദത്തിന് മലപ്പുറം ജില്ല സാക്ഷിയാവുകയാണ്. പ്രശസ്ത സ്വതന്ത്രചിന്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും പ്രഭാഷകനുമായ ആരിഫ് ഹുസൈൻ തെരുവത്തും, ഇസ്ലാമിക പണ്ഡിതൻ ഷുഹൈബുൽ ഹൈത്തമിയുമാണ് 'മനുഷ്യന് മതം വേണോ' എന്ന വിഷയത്തിൽ സംവദിക്കുന്നത്. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ, ഐസ്സൻഷ്യയിലാണ് സംവാദം നടക്കുന്നത്. ഡിസംബർ 11 തിരൂർ, വാഗൺ ട്രാജഡി ഹാളിലാണ് 'നോക്കൗട്ട്' എന്ന പേരിട്ട പരിപാടി നടക്കുന്നത്.

'മനുഷ്യന് മതം വേണോ' എന്ന വിഷയം പതിറ്റാണ്ടുകളായിത്തന്നെ ലോകത്തിൽ ചർച്ചയായ കാര്യമാണ്. ഷുഹൈബുൽ ഹൈത്തമി എന്തുകൊണ്ട് മതം അനിവാര്യമാവുന്നുവെന്ന് സമർഥിക്കുമ്പോൾ, ഇസ്ലാം എന്തുകൊണ്ട് എതിർക്കപ്പെടണം എന്ന കാര്യമാണ് ആരിഫ് ഹുസൈൻ വിഷയമാക്കുക. ഇറാനിലും മറ്റും നടക്കുന്ന ഹിജാബ് വിരുദ്ധ പോരാട്ടങ്ങളുടെയും, സമസ്ത അടക്കമുള്ള സംഘടനകൾ കേരളത്തിൽ നടത്തുന്ന ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ സമകാലീന വിഷയങ്ങൾകൂടി കൂട്ടിച്ചേർത്തുകൊണ്ടുള്ള തീപാറുന്ന സംവാദമായിരിക്കും, ഇവിടെ നടക്കുക എന്നാണ് സംഘാടകർ പറയുന്നത്.

ആരിഫും ഹൈത്തമിയും നേർക്കുനേർ

കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ സജീവമാണ് ആരിഫ് ഹുസൈൻ തെരുവത്തും, ഷുഹൈബുൽ ഹൈത്തമിയും. ഹോമിയോപ്പതി ഡോക്ടർ ആയിരുന്നു ആരിഫ് ഹുസൈൻ തെരുവത്ത്, ഹോമിയോപ്പതി കപടശാസ്ത്രമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്, ഡോക്ടർ പദവി ഉപക്ഷേിക്കയായിരുന്നു. ഹോമിയോപ്പതിക്കെതിരെ നിരവധി വീഡിയോകളും ആരിഫ് ഹുസൈൻ ചെയ്തിട്ടുണ്ട്. അതുപോലെ ഒരുകാലത്ത് കടുത്ത വിശ്വാസിയായിരുന്നു ആരിഫ് ഇസ്ലാമിലെ പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞ് മതം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് എത്തുകയായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ കെ വിഭാഗത്തിന്റെ വക്താവും, പണ്ഡിതനായ ഷുഹൈബുൽ ഹൈത്തമി, അറിയപ്പെടുന്ന ഇസ്ലാമിക പ്രഭാഷകനാണ്. നന്ദി ദാറുസ്സലാം അറബിക്ക് കോളജിലെ മുദരിസ് ആണ്. ഇ കെ വിഭാഗം വിവിധ ആരോപണങ്ങൾക്ക് മറുപടി പറയാനായി രൂപം കൊടുത്ത സമീക്ഷ കൾച്ചറൽ ഫോറത്തിന്റെ തലവാനാണ്. സമകാലീന വിഷയങ്ങളിൽ ഇസ്ലാമിക മാനം നൽകിക്കൊണ്ടും, ഇസ്ലാമിനെതിരെ ഉയരുന്ന വിവാദ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും സോഷ്യൽ മീഡിയയിലൂടെ വലിയൊരു ഫോളോവേഴ്സിനെ നേടാനും ഹൈത്തമിക്ക് ആയി. കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകരും, ഇസ്ലാമിസ്റ്റുകളും നടത്തുന്ന തുടർച്ചയായ സംവാദത്തിന്റെ ഒടുവിലാണ് ഈ പരസ്യ സംവാദം ഉണ്ടാവുന്നത്.

ഇതുസംബന്ധിച്ച് എഴുത്തുകാരനും സ്വതന്ത്രചിന്തകനും എസ്സെൻസ് ഗ്ലോബലിന്റെ പ്രധാന റിസോഴ്സ്് പേഴ്സണുമായ സി രവിചന്ദ്രൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ഇറാനിൽ മതപൊലീസ് വേണ്ടെന്ന് വെക്കുമെന്ന അറ്റോർണി ജനറലിന്റെ പ്രഖ്യാപന വാർത്ത വന്നിരുന്നു. നാനൂറിലേറെ ജീവനുകൾ പൊലിഞ്ഞത്, ഇരുപതിനായിരത്തിലധികം പേരെ തടവറയിലേക്ക് എറിഞ്ഞ മാസങ്ങൾ നീണ്ട ഈ സമരത്തിന്റെ അവസാന ഘട്ടം വാർത്ത ആശ്വാസകരവും ആഹ്‌ളാദകരവുമാണ്. മതം വരിഞ്ഞുമുറുക്കുന്ന സമൂഹങ്ങൾക്ക് പ്രതികരിക്കാൻ പരിമിതകളുണ്ട്. അറ്റോർണി ജനറൽ പറഞ്ഞതേ ഉള്ളൂ, വേറെ സ്ഥിരീകരമൊന്നുമില്ല എന്ന സാങ്കേതി വാദവുമായി അപോളജിസ്റ്റുകൾ രംഗത്തിറങ്ങാത്തത് അതിശയകരമാണ്. ലിംഗസമത്വവും ലിംഗനീതിയും വിഷംപോലെ അസഹനീയമായി കാണുന്ന സമൂഹമാണോ നമ്മുടേത്?! പരിമിതമായ മതനവീകരണമെങ്കിലും ലക്ഷ്യമിടുന്ന മുന്നേറ്റങ്ങൾ പ്രകാശവേഗതയിലാണ് റദ്ദാക്കപെടുന്നത്. ബാക്കി വരുന്നത് സ്വയം വീർപ്പിലക്കലിന്റെ ഭാഗമായ വേഷം കട്ടലുകൾ മാത്രം. കർഷകർക്ക് പണി കൊടുത്ത 'കർഷകപ്രേമി'കളും ആനകളെ പീഡിച്ച് ഉന്മാദിക്കുന്ന 'ആനപ്രേമി'കളും ലിംഗസമത്വ നീക്കങ്ങളെ തളർത്തുന്ന 'ലിംഗസമത്വപ്രേമി'കളും മൂലം വഴി നടക്കാനാവാത്ത സാഹചര്യമുണ്ട്. അതാത് ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനും ഉൽക്കർഷത്തിനും തടസ്സമായി ഇത്തരം നിലപാടുകൾ മാറുന്നുണ്ട്. മതം സ്ത്രീയുടെ തടവറയാണെന്ന് അടിമയെകൊണ്ട് ചങ്ങലയെ വാഴ്‌ത്താൻ പ്രേരിപ്പിക്കുന്ന സോഫ്റ്റ് വെയറാണെന്നും നിരന്തരം വിളിച്ചുപറയേണ്ടതുണ്ട്. സ്ത്രീ സ്വാതന്ത്ര്യം ഈ സംവാദത്തിന്റെ (നോക്ക് ഔട്ട്) മുഖ്യ പ്രമേയമായി തീരും എന്ന് പ്രതീക്ഷിക്കുന്നു. എസെൻഷ്യ 2022 ന്റെ ഭാഗമായി നടക്കുന്ന റോസ്റ്റിങ് മേളയിലും ഈ നിസംഗത പൊള്ളിക്കപെടട്ടെ. ഇറാൻ മുതൽ കുടുംബശ്രീ വരെയുള്ള കാര്യങ്ങളിൽ നാം പുലർത്തുന്ന നിസംഗത വിസ്തരിക്കപെടേണ്ടതുണ്ട്.''- സി രവിചന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

റോസ്റ്റിങ്ങും ചർച്ചകളുമായി എസ്സെൻഷ്യ

തിരൂർ വാഗൺ ട്രാളഡി ഹാളിൽ ഡിസംബർ 11 രാവിലെ 9 മണിമുതൽ, വൈകീട്ട് 7.30 വരെ നടക്കുന്ന എസ്സ്യൻഷ്യയിൽ ഇത്തവണ വൈവിധ്യങ്ങളായ പരിപാടികളാണ് നടക്കുന്നത്. പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ കാന എം സുരേശന്റെ 'എന്താണ് മരുന്ന് എന്തല്ല, മരുന്ന്?' എന്ന വിഷയത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. തുടർന്ന് ധന്യാഭാസ്‌ക്കരൻ, ഡോ കെ എം ശ്രീകുമാർ എന്നിവർ സംസാരിക്കും. 11 മണിക്ക് ചന്ദ്രശേഖർ രമേഷും, മനൂജാ മൈത്രിയും ചേർന്ന് നടത്തുന്ന ലൈവ് റോസ്റ്റിങ്ങാണ് ഇത്തവണത്തെ എസ്സെൻഷ്യയിലെ പ്രത്യേക വിഭവം. ഡോ അലക്സാണ്ടർ ജേക്കബ് തൊട്ട്, ജേക്കബ് വടക്കേഞ്ചേരി വരെയുള്ള 'വാട്സാപ്പ് കേശവമാമാന്മാർ' ഉയർത്തുന്ന ആശാസ്ത്രീയതക്കും ഭീതി വ്യാപാരത്തിനുമുള്ള മറുപടിയാണ് ഈ സെഷനിൽ നടക്കുക.

ബിജുമോൻ എസ് പി, കൃഷ്ണപ്രസാദ്, ജാഫർ ചളിക്കോട്, മുഹമ്മദ് നസീർ തുടങ്ങിയരാണ് തുടർന്ന് സംസാരിക്കുന്നത്. ഉച്ചക്ക് ശേഷം 2.40 മുതൽ 4.40വരെയുള്ള രണ്ടുമണിക്കുർ സമയത്തിലാണ് ആരിഫ് ഹൂസൈൻ തെരുവത്തും, ഷുഹൈബുൽ ഹൈത്തമിയും തമ്മിലുള്ള സംവാദം നടക്കുന്നത്. തുടർന്ന് വിഷ്ണു അജിത്ത്, ജാമിത ടീച്ചർ, പ്രസാദ് ഹോമോസാപ്പിയൻ എന്നിവർ സംസാരിക്കും. വൈകീട്ട് 6.40ന് സി രവിചന്ദ്രന്റെ സെഷനോടെ പരിപാടികൾക്ക് സമാനമാവും. 'തലയിൽ തേങ്ങ വീണ നാസ്തികർ' എന്ന വിഷയമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കേരളത്തിലെ നാസ്തികതയുടെ ചരിത്രവും, അവർ എന്തുകൊണ്ട് പരിഹസിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി എന്നതും സംഘടിത മതത്തിന്റെ സമ്മർദവുമൊക്കെയാണ് ഇവിടെ ചർച്ചചെയ്യപ്പെടുന്നത്.

എസ്സെൻഷ്യ'22' -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 300 രൂപയാണ്. താഴെ കാണുന്ന ലിങ്കിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/essentia22

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP