Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായി വിജയന്റെ മകൾ വിവാഹിതയായപ്പോൾ ഐക്യ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കല്യാണ വേദിയായി; യുവമോർച്ചക്കാർ മതിലു ചാടി കെ റെയിൽ കല്ലിട്ടത് ആദ്യ സുരക്ഷാ വീഴ്ച; ഇപ്പോഴിതാ പടക്കം പോലും പൊട്ടാൻ പാടില്ലാത്ത കേരളാ രാഷ്ട്രീയത്തിലെ 'പവർ ഹൗസിൽ' വെടിയും പൊട്ടി; ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷാ ചർച്ചകൾ

പിണറായി വിജയന്റെ മകൾ വിവാഹിതയായപ്പോൾ ഐക്യ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കല്യാണ വേദിയായി; യുവമോർച്ചക്കാർ മതിലു ചാടി കെ റെയിൽ കല്ലിട്ടത് ആദ്യ സുരക്ഷാ വീഴ്ച; ഇപ്പോഴിതാ പടക്കം പോലും പൊട്ടാൻ പാടില്ലാത്ത കേരളാ രാഷ്ട്രീയത്തിലെ 'പവർ ഹൗസിൽ' വെടിയും പൊട്ടി; ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷാ ചർച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ ചരിത്രം തിരുത്തി എഴുതുകയാണ് പിണറായിയുടെ ഭരണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മകളുടെ വിവാഹം ആദ്യമായി നടന്നത് പിണറായി അധികാരത്തിൽ ഇരിക്കുമ്പോഴാണ്. ഈ നല്ല കാര്യത്തിനൊപ്പം രണ്ട് വിവാദങ്ങൾ. സുരക്ഷ വീഴ്ചയിലേക്കാണ് അത് വിരൽ ചൂണ്ടിയത്. നാലു പതിറ്റാണ്ടിലേറെയായി കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ്ഹൗസ്. അതി സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് വളപ്പിലെ കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതി പരിസരത്ത് ബിജെപിക്കാർ അതിക്രമിച്ചു കടന്ന് സിൽവർലൈൻ അതിരടയാളക്കല്ലുകൾ സ്ഥാപിച്ചതോടെ ഗുരുതര സുരക്ഷാ വീഴ്ചയുടെ പേരിൽ ക്ലിഫ് ഹൗസ് വാർത്തകളിൽ നിറഞ്ഞു. പിന്നീട് മതിലും ഉയർത്തി. ഇപ്പോഴിതാ വെടിയുതിരുകയാണ് മുഖ്യമന്ത്രിയുടെ വീട്ടിൽ. അബദ്ധത്തിൽ സുരക്ഷാ ജീവനക്കാരന്റെ തോക്ക് പൊട്ടിയെന്നാണ് വിശദീകരണം. പക്ഷേ അത് സംഭവിക്കാൻ പാടില്ലാത്തതാണെന്നതാണ് വസ്തുത.

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിലെ ഏറ്റവും ശക്തമായ 'പവർഹൗസ് എന്ന വിശേഷണം കൂടിയുണ്ട് ക്ലിഫ്ഹൗസിന്'. 4.2 ഏക്കറുള്ള ക്ലിഫ് ഹൗസ് കോംപൗണ്ടിൽ മുഖ്യമന്ത്രിയുടെ അയൽക്കാരായി മരുമകൻ പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെ 6 മന്ത്രിമാരുമുണ്ട്. ജെ.ചിഞ്ചുറാണി, എം വിഗോവിന്ദൻ, പി.രാജീവ്, റോഷി അഗസ്റ്റിൻ, കെ.എൻ.ബാലഗോപാൽ എന്നിവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ തൊട്ടടുത്താണ്. വിളിപ്പാടകലെയാണ് മന്ത്രി പി.പ്രസാദിന്റെ ഔദ്യോഗിക വസതി അനുവദിച്ചിരിക്കുന്നത്. 9 സ്വകാര്യ വ്യക്തികളുടെ വീടുകളുമുണ്ട്. ഇവിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. ഇക്കാരണത്താൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസും പരിസരവും അതി സുരക്ഷാ മേഖലയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പൊലീസുകാരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് വിശദീകരണം. ക്ലിഫ് ഹൗസിലെ ഗേറ്റിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കിൽനിന്നാണ് വെടിപൊട്ടിയത്. ചൊവ്വാഴ്ച രാവിലെ, മുഖ്യമന്ത്രി നിയസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഒൻപതരയോടെയാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ആർക്കും പരിക്കേറ്റിട്ടില്ല. അതീവസുരക്ഷാ മേഖലയാണ് ക്ലിഫ് ഹൗസ്. അതിനാൽ വിഷയം ഗൗരവതരമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

കല്യാണം നടന്നത് കോൺഫറൻസ് മുറിയിൽ

കേരള ചരിത്രത്തിൽ ആദ്യമായി ക്ലിഫ് ഹൗസ് ഒരു വിവാഹത്തിന് വേദിയായത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. ഐക്യ കേരളം പിറവി കൊണ്ട ശേഷം നിരവധി മുഖ്യമന്ത്രിമാർ താമസിച്ച വസതി എന്ന നിലയിൽ നിർണായകമായ നിരവധി തീരുമാനങ്ങൾ നിശ്ചയിക്കപ്പെട്ട വീടാണ് ക്ലിഫ് ഹൗസ്. ഈ കെട്ടിടം പിണറായി സർക്കാരിന്റെ ആദ്യ വെർഷനിൽ ഒരു വിവാഹ ചടങ്ങിന് സാക്ഷിയായി. ഇടതുപക്ഷ പ്രവർത്തകരുടെ ഭാഷയിൽ പറഞ്ഞാൽ രണ്ട് സഖാക്കൾ പുതുജീവിതത്തിലേക്ക് കാലെടുത്ത് വച്ചു. ഇടത് വിരുദ്ധരുടെ ഭാഷയിൽ, ഒരു ഹിന്ദു സഖാവിനെ ഒരു മുസ്ലിം സഖാവ് വരണമാല്യം ചാർത്തി്. അനുകൂലിക്കുന്നവർ ആശിർവദിക്കുകയും എതിരഭിപ്രായമുള്ളവർ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോഴും ക്ലിഫ് ഹൗസിന് അതൊരു ചരിത്രദിനമായി. പിന്നീട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ വിവാഹം ചെയ്ത മുഹമ്മദ് റിയാസ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയുമായി.

ക്ലിഫ് ഹൗസിനുള്ളിലെ അനൗദ്യോഗിക യോഗങ്ങൾക്കുവേണ്ടിയുള്ള കോൺഫറൻസ് മുറിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെയും ഡിവൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ. മുഹമ്മദ് റിയാസിന്റെയും വിവാഹമണ്ഡപമൊരുങ്ങിയത്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരവളപ്പിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ നന്തൻകോട് ക്ലിഫ് ഹൗസ് വളപ്പിന്റെ ഭാഗമാണ് ക്ലിഫ് ഹൗസ്. ഒരു ചെറിയ ഇടവേളയൊഴിച്ചാൽ ഏതാണ്ട് നാലു പതിറ്റാണ്ടിലേറെയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വകാര്യ ഉപയോഗത്തിനു മാത്രമുള്ളതാണ് ഈ വീട്. നാലരയേക്കറോളം വിസ്തൃതിയുള്ള കോമ്പൗണ്ടിലാണ് ഇത്. പ്രധാന ഭവനമായ ക്ലിഫ് ഹൗസിനു പുറമേ ഉഷസ്, അശോക, നെസ്റ്റ്, പൗർണമി എന്നീ മന്ത്രിമന്ദിരങ്ങളും ക്ലിഫ് ഹൗസ് വളപ്പിലെ പൊതു സൗകര്യങ്ങൾ പങ്കുവയ്ക്കുന്നു.

ഇന്ത്യൻ നിയമത്തിലോ പ്രോട്ടോക്കോളിലോ മന്ത്രിമാർ ഏതെങ്കിലും നിശ്ചിത ഭവനത്തിൽ താമസിക്കണമെന്ന വ്യവസ്ഥയില്ല. മന്ത്രി താമസിക്കുന്ന സ്ഥലം സ്വകാര്യ സ്വത്താണെങ്കിലും പൊതു സ്വത്താണെങ്കിലും അതാണ് ഔദ്യോഗികവസതിയായി നിയമം കണക്കാക്കുന്നത്. 1957-ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ വീടിന്റെ സ്ഥാനത്തിനുള്ള മെച്ചം ചൂണ്ടിക്കാട്ടി തന്റെ ഔദ്യോഗികവസതിയായി അത് തിരഞ്ഞെടുക്കുകയായിരുന്നു. തിരു-കൊച്ചി മുഖ്യമന്ത്രിമാർ ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന റോസ് ഹൗസിനു പകരമായിരുന്നു അത്. 1979-നുശേഷം തുടർച്ചയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു അധികാരകേന്ദ്രം എന്ന നിലയിൽ ഈ വീടിന്റെ പ്രാധാന്യം വർധിച്ചു.

ഉമ്മൻ ചാണ്ടി 2004ൽ താമസിക്കാത്ത ഔദ്യോഗിക വസതി

2004 ൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ സ്വന്തം വസതിയിൽ താമസിച്ച ഉമ്മൻ ചാണ്ടിയാണ് കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഇവിടെ താമസിക്കാതിരുന്ന മുഖ്യമന്ത്രി. ധനകാര്യമന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ് 2004 മുതൽ 2006 വരെ ഇവിടെ താമസിച്ചത്. അക്കാലയളവിൽ ഇത് പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ 2011 മുതൽ 2016 വരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബസമേതം താമസിച്ചത് ഇവിടെയാണ്. രാജഭരണകാലത്ത് തിരുവിതാംകൂറിലെ ദേവസ്വത്തിന്റെ ചുമതലയുള്ള ദിവാൻ പേഷ്‌കാരുടെ (സംസ്ഥാനസെക്രട്ടറി) ഔദ്യോഗികവസതിയായാന് 1942 ൽ ഇത് പണിയിച്ചത്. തിരുവിതാംകൂർ ദേവസ്വം ഓഫീസ് നന്തൻകോട് സ്ഥാപിക്കാൻ തീരുമാനമെടുത്തതിനാൽ പേഷ്‌കാരുടെ ഔദ്യോഗിക വസതി അതിനടുത്താകണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തുവകുപ്പ് ഈ കെട്ടിടവും വളപ്പും ഏറ്റെടുത്ത് ഇത് ഒരു സംസ്ഥാന അതിഥിമന്ദിരമായി മാറ്റി. 1956-ൽ ഇത് മന്ത്രിമന്ദിരമായി.

രണ്ടു നിലകളിൽ പരമ്പരാഗത കേരള വാസ്തുശൈലിയിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ ഇംഗ്ലീഷ് വാസ്തുശില്പരീതിയുടെ സ്വാധീനവും കാണാം. 15,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ ഏഴു ബെഡ് റൂമുകളും ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങളും ഉണ്ട്.വലിയ നാലു വരാന്തകളുള്ളതിൽ കിഴക്കേ വരാന്തയ്ക്കാണ് ഏറ്റവും വലിപ്പം. കിഴക്കേ മുറിയാണ് പ്രധാനമായും ഔപചാരിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുറി. സാധാരണഗതിയിൽ ഇവിടെയാണ് അതിഥികളെ സ്വീകരിക്കുന്നത്. ഔപചാരികാവശ്യങ്ങൾക്കായി രണ്ടു സ്വകാര്യ മുറികൾ കൂടി ഇവിടെയുണ്ട്. ഒരു സ്വകാര്യ ഓഫീസ്, ലൈബ്രറി, കോൺഫറൻസ് മുറി, പ്രൈവറ്റ് സ്റ്റാഫിന്റെ ഓഫീസുകൾ എന്നിവ കിഴക്കേ വശത്താണുള്ളത്. ഒരു സ്വകാര്യ ലിവിങ് റൂമും ഭക്ഷണമുറിയും പടിഞ്ഞാറു മറ്റു മുറികളോടൊപ്പമുണ്ട്. മിക്ക കിടപ്പു മുറികളും രണ്ടാം നിലയിലാണ്. പ്രൈവറ്റ് സെക്രട്ടറിമാർ, അസിസ്റ്റന്റുമാർ, സെക്യൂരിറ്റി സ്റ്റാഫ് മുതലായവരുടെ താമസസൗകര്യം പ്രധാന വീടിനു വെളിയിലാണ്.

1992 ൽ കരുണാകരന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് ഡോക്ടർമാരുടെ ഉപദേശമനുസരിച്ച് നീന്താനായി ക്ലിഫ് ഹൗസ് വളപ്പിൽ ഒരു നീന്തൽക്കുളം നിർമ്മിച്ചു. ഇത് 'നീന്തൽക്കുളം കരുണാകരന്റെ ധൂർത്ത്' എന്ന രാഷ്ട്രീയാരോപണമായി ഉയർന്നു വന്നു. കരുണാകരന്റെ കാലാവധി കഴിഞ്ഞ് 1996 ൽ മുഖ്യമന്ത്രിയായി വന്നത് നായനാരായിരുന്നു. അന്നത്തെ പത്രസമ്മേളനത്തിൽ നീന്തൽക്കുളത്തിന്റെ കാര്യം കടന്നു വന്നു. ' അവിടെ ആർക്കുവേണമെങ്കിലും വന്ന് കുളിക്കാം. കരുണാകരനോടും ഞാൻ പറഞ്ഞിട്ടുണ്ട് വേണേൽ വന്നു കുളിച്ചോളാൻ. ഇനി ആർക്കും വേണ്ടെങ്കിൽ ഞാനെന്റെ പട്ടിയെ കുളിപ്പിക്കും,' നായനാരുടെ തമാശ കലർന്ന ഈ മറുപടി വിവാദമായി. പിന്നീട് ഏറെ നാൾ ഉപയോഗശൂന്യമായി കിടന്നു.

ക്ലിഫ് ഹൗസിൽ അതീവ സുരക്ഷാ മേഖല

ക്ലിഫ് ഹൗസ് ഇന്ന് അതീവ സരുക്ഷാ മേഖലയാണ്. നന്തൻകോട് ബെയിൻസ് കോംപൗണ്ടു വഴിയും, ദേവസ്വംബോർഡ് ജംഗ്ഷൻ വഴിയും മാത്രമേ ക്ലിഫ് ഹൗസിലേക്കു പ്രവേശിക്കാൻ വഴിയുള്ളൂ. 2 വഴികളിലും സുരക്ഷാ വിഭാഗത്തിന്റെ 2 വീതം പോയിന്റുകളുണ്ട്. ദേവസ്വം ബോർഡ് ജംഗ്ഷൻ വഴിയുള്ള 2 പോയിന്റുകൾ കടന്നാൽ മാത്രമേ ക്ലിഫ് ഹൗസിലെ മെയിൻ ഗേറ്റിനു മുന്നിലെത്തുകയുള്ളൂ. ക്ലിഫ് ഹൗസ് പരിസരത്തു താമസിക്കുന്നവർ കടന്നു പോകുന്ന വഴികളും നിരീക്ഷണത്തിലാണ്. കേരള പൊലീസ് ആക്ടിലെ 83(2) വകുപ്പു പ്രകാരം ഈ പ്രദേശത്തേക്ക് ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. ക്ലിഫ് ഹൗസിന് 4 ഗേറ്റുകളാണുള്ളത്.

പ്രദേശത്ത് പടക്കം പൊട്ടിച്ചാലും, ലൈസൻസുള്ള തോക്കു കൈവശം വച്ച് ഇതുവഴി നടന്നാലും അകത്തു കിടക്കും. പൊലീസിനൊഴികെ തോക്കുകളും മാരകായുധങ്ങളും കൈവശം വയ്ക്കാൻ പാടില്ല. ഒത്തു കൂടൽ, വഴിതടയൽ, പ്രതിഷേധങ്ങൾ എന്നിവയും പാടില്ല. സിറ്റി പൊലീസ് കമ്മിഷണർക്കാണ് സുരക്ഷാ ചുമതലയുടെ മേൽനോട്ടം. കേരള പൊലീസിന്റെ റാപ്പിഡ് റസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്‌സും, ഇന്ത്യാ റിസർവ് ബറ്റാലിയനുമാണ് ക്ലിഫ് ഹൗസ് പരിസരത്തെ സുരക്ഷ ഒരുക്കുന്നത്. നന്തൻകോട് ബെയിൻസ് കോംപൗണ്ട് വഴിയുള്ള വൈഎംആർ ഗേറ്റിലും ഇതേ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 60 പേരാണ് മെയിൻ ഗേറ്റിലും, വൈഎംആർ ഗേറ്റിലുമായി ഡ്യൂട്ടിയിലുള്ളത്. ഇതിനു പുറമേ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫിസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരും ഇവിടെ ഡ്യൂട്ടിയിലുണ്ടാകും.

2020 ഒക്ടോബറിൽ എം.ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ ക്ലിഫ് ഹൗസ് മെയിൻ ഗേറ്റ് വരെ സമരക്കാർ എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP