Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ചുപ്രതികളുടെ സ്വത്ത് കണ്ടുകെട്ടും; പിടിച്ചെടുക്കുന്നത് ബാങ്കിൽ തട്ടിപ്പ് നടന്ന 10 വർഷക്കാലം സമ്പാദിച്ച സ്വത്തുക്കൾ; ഇതിൽ മുഖ്യപ്രതി ബിജു കരീം പീരുമേട്ടിൽ ഹോട്ടലിനായി വാങ്ങിയ ഒമ്പതേക്കറും; വിജിലൻസ് കോടതിയുടെ ഉത്തരവിന് മുന്നോടിയായി ഇഡിയും കണ്ടുകെട്ടലിലേക്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ചുപ്രതികളുടെ സ്വത്ത് കണ്ടുകെട്ടും; പിടിച്ചെടുക്കുന്നത് ബാങ്കിൽ തട്ടിപ്പ് നടന്ന 10 വർഷക്കാലം സമ്പാദിച്ച സ്വത്തുക്കൾ; ഇതിൽ മുഖ്യപ്രതി ബിജു കരീം പീരുമേട്ടിൽ ഹോട്ടലിനായി വാങ്ങിയ ഒമ്പതേക്കറും; വിജിലൻസ് കോടതിയുടെ ഉത്തരവിന് മുന്നോടിയായി ഇഡിയും കണ്ടുകെട്ടലിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. പ്രധാന പ്രതികളായ ബിജു കരീം, ജിൽസ്, ബിജോയ് എന്നിവരുൾപ്പടെയുള്ള പ്രതികളുടെ 52 സർവേ നമ്പരുകളിലുള്ള ഭൂമിയാണ് കണ്ടുകെട്ടുക. അതിനിടെ, കളക്ഷൻ ഏജന്റ് ബിജോയിയുടെ 30 കോടിയുടെ സ്വത്ത് ഇഡിയും കണ്ടുകെട്ടി.

ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് മുഖ്യപ്രതികളുടെ 58 ആർ സി നമ്പരുകളിലുള്ള ഭൂമി കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടത്. ബാങ്കിൽ തട്ടിപ്പ് നടന്ന 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. അതിൽ ബിജോയി പീരുമേട്ടിൽ ഹോട്ടലിനായി വാങ്ങിയ ഒമ്പതേക്കറും ഉൾപെടും.

ബിജു കരീം, ജിൽസ്, ബിജോയ് എന്നിവർ തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിൻകര എന്നിവിടങ്ങളിൽ വാങ്ങിയ വസ്തുവകകളും കണ്ടുകെട്ടിയവയിലുണ്ട്. പ്രതികൾ 117 കോടിയുടെ വ്യാജ വായ്പ തരപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതിൽ 85 കോടിയും ബിജു, ജിൽസ്, ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയ വായ്പകളാണ്. ഒന്നാം പ്രതി സുനിൽ കുമാറിന്റെ പേരിൽ പരാതിക്കാലത്ത് സ്വത്ത് സമ്പാദനം നടന്നിട്ടില്ലാത്തതിനാൽ കണ്ടുകെട്ടൽ നടപടിയിൽ ഉൾപ്പെടുത്തിയില്ല. അതിനിടെ ഇഡിയും കണ്ടുകെട്ടൽ നടപടികളിലേക്ക് കടന്നു.

. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കളക്ഷൻ ഏജന്റ് എ കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നത്. 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ച് ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.

ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അതേസമയം ക്രൈംബ്രാഞ്ച് കേസെടുത്തിട്ടും കാര്യമായി അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. സംഭവത്തിൽ കേസെടുത്ത് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 18 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രതികളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച പരിശോധനക്ക് 2021 ജൂലൈയിൽ സഹകരണ വകുപ്പ് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഉന്നതതല ഇടപെടലോടെ ഇഴഞ്ഞു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും സമാന നീക്കവുമായി ഏറെ മുന്നോട്ടുപോയി. ആസ്തി വിവരങ്ങളറിയാൻ ബാങ്കുകൾക്കും റവന്യൂ, രജിസ്ട്രേഷൻ വിഭാഗങ്ങൾക്കും കത്ത് നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല.

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്ന ബാങ്ക് സെക്രട്ടറി സുനിൽകുമാർ, മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടന്റ് ജിൽസ്, ഇടനിലക്കാരൻ കിരൺ, കമ്മിഷൻ ഏജന്റ് ബിജോയ്, അക്കൗണ്ടന്റ് റെജി അനിൽ എന്നിവരാണ് മുഖ്യപ്രതികൾ. സിപിഎം നേതാക്കൾ കൂടിയായ 12 ഭരണസമിതി അംഗങ്ങളും പ്രതിപ്പട്ടികയിലുണ്ട്.

നൂറുകോടിക്ക് മുകളിലുള്ള ക്രമക്കേട് കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടതാണെന്ന് കോടതിയിൽ ഹരജിയെത്തിയിട്ട് പോലും മൗനത്തിലായിരുന്ന ഇ.ഡി ഹൈക്കോടതി താക്കീത് നൽകിയതോടെയാണ് ഇറങ്ങിയത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ പുലർകാലത്തെത്തി പിറ്റേന്ന് പുലർകാലം വരെ തോക്കേന്തിയ കേന്ദ്ര സേനയുടെ സുരക്ഷയോടെ പരിശോധന നടത്തി ഫയലുകൾ പിടിച്ചെടുത്തുകൊണ്ടുപോയതിലും ഇപ്പോഴെന്താണ് അവസ്ഥയെന്ന് ആർക്കുമറിയില്ല. കേസ് അന്വേഷിക്കുകയാണെന്നാണ് ഇപ്പോഴും ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

ഇതുവരെ കരുവന്നൂർ സർവിസ് സഹകരണ ബാങ്കിൽ 117 കോടി രൂപയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയെന്നാണ് നേത്തെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. വ്യാജവായ്പകളെടുത്ത് പ്രതികൾ നിക്ഷേപകരെയും ബാങ്കിനെയും ചതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP