Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രൊയേഷ്യയെ ഞെട്ടിച്ച് ജപ്പാൻ!; ഇൻജുറി ടൈമിന് തൊട്ടുമുമ്പ് വലചലിപ്പിച്ച് ഡയ്‌സൻ മയേഡ; ലോകകപ്പ് പ്രീക്വാർട്ടറിന്റെ ആദ്യ പകുതിയിൽ ഏഷ്യൻ വമ്പന്മാർ ഒരു ഗോളിന് മുന്നിൽ; ജർമനിയെയും സ്പെയിനെയും അട്ടിമറിച്ച ജപ്പാൻ മോഡ്രിച്ചിന്റെ സംഘത്തെ വീഴ്‌ത്തുമോ? രണ്ടാം പകുതി ആവേശകരമാകും

ക്രൊയേഷ്യയെ ഞെട്ടിച്ച് ജപ്പാൻ!; ഇൻജുറി ടൈമിന് തൊട്ടുമുമ്പ് വലചലിപ്പിച്ച് ഡയ്‌സൻ മയേഡ; ലോകകപ്പ് പ്രീക്വാർട്ടറിന്റെ ആദ്യ പകുതിയിൽ ഏഷ്യൻ വമ്പന്മാർ ഒരു ഗോളിന് മുന്നിൽ; ജർമനിയെയും സ്പെയിനെയും അട്ടിമറിച്ച ജപ്പാൻ മോഡ്രിച്ചിന്റെ സംഘത്തെ വീഴ്‌ത്തുമോ? രണ്ടാം പകുതി ആവേശകരമാകും

സ്പോർട്സ് ഡെസ്ക്

ദോഹ: ജർമ്മനിയെയും സ്‌പെയിനെയും അട്ടിമറിച്ചെത്തിയ ജപ്പാൻ പടയ്ക്ക് മുന്നിൽ ആദ്യ പകുതിയിൽ അടിതെറ്റി ക്രൊയേഷ്യ. പ്രീക്വാർട്ടറിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ക്രൊയേഷ്യയ്ക്കെതിരെ ജപ്പാൻ നിർണായക ലീഡ് നേടി. 43ാം മിനിറ്റിലാണ് ലീഡ് നേടിയത്. ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിനൊടുവിൽ ഡയ്‌സൻ മയേഡയാണ് ജപ്പാനായി വലചലിപ്പിച്ചത്.

ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് നേരെ ബോക്‌സിലേക്ക് ഉയർത്തിവിടുന്നതിനു പകരം ജപ്പാൻ എടുത്തത് ഷോർട്ട് കോർണർ. പരസ്പരം പന്തു കൈമാറി നടത്തിയ നീക്കത്തിനൊടുവിൽ റിറ്റ്‌സു ഡൊവാന്റെ ക്രോസ് ക്രൊയേഷ്യൻ ബോക്‌സിലേക്ക് പറന്നെത്തി. ഉയർന്നുചാടിയ യോഷിദ പന്ത് നേരെ പോസ്റ്റിനു മുന്നിലേക്കിട്ടു. ഓടിയെത്തിയ മയേഡയുടെ ഷോട്ട് വലയിലേക്ക്.

കളി തുടങ്ങിയത് മുതൽ ക്രൊയേഷ്യയായിരുന്നു കളം നിറഞ്ഞുകളിച്ചത്. പതിയേയാണ് ജപ്പാൻ കളിയിലേക്ക് വന്നത്. ക്രൊയേഷ്യൻ മുന്നേറ്റം ജപ്പാൻ ഗോൾ മുഖത്ത് അപകടം വിതച്ചിരുന്നുവെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ജപ്പാന്റെ മുന്നേറ്റം.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാന് ലീഡു നേടാൻ സുവർണാവസരം ലഭിച്ചതാണ്. ക്ലോസ് റേഞ്ചിൽനിന്നും ഹെഡറിലൂടെ പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള അവസരം തനിഗുച്ചി പാഴാക്കി. പന്തു പോയത് പുറത്തേക്ക്. ഒൻപതാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കും ലഭിച്ചു ഒരു സുവർണാവസരം. ജപ്പാൻ പ്രതിരോധനിര താരം തകേഹിരോ തോമിയാസുവിന്റെ മൈനസ് പാസ് പിടിച്ചെടുത്ത ഇവാൻ പെരിസിച്ചിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.

13ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിന് സമാന്തരമായി എത്തിയ ഉജ്വല ക്രോസിന് കാലുവയ്ക്കാൻ ജപ്പാൻ താരങ്ങൾക്ക് സാധിക്കാതെ പോയി. 3-4-3 ഫോർമേഷനിൽ ജപ്പാൻ ഇറങ്ങിയപ്പോൾ 4-3-3 ഫോർമേഷനിലാണ് ക്രൊയേഷ്യ കളത്തിലിറങ്ങിയത്. ജർമനിയെയും സ്പെയിനെയും അട്ടിമറിച്ചാണ് ജപ്പാൻ എത്തുന്നതെങ്കിൽ കാനഡയെ തോൽപ്പിച്ച് മൊറോക്കയോടും ബെൽജിയത്തോടും സമനില വഴങ്ങിയാണ് ക്രൊയേഷ്യ പ്രീക്വാർട്ടറിലെത്തിയത്.

41ാം മിനിറ്റിൽ ആദ്യ പകുതിയിലെ തന്നെ ഏറ്റവും മികച്ച അവസരം ജപ്പാനു ലഭിച്ചു. കുറിയ പാസുകളുമായി ക്രൊയേഷ്യൻ ബോക്‌സിലേക്ക് ഇരച്ചുകയറിയ ജപ്പാൻ ഗോളിന് തൊട്ടടുത്തെത്തിയതാണ്. എന്നാൽ, മുന്നേറ്റത്തിനൊടുവിൽ ഡയ്ചി കമാഡ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്‌പെയിനെ അട്ടിമറിച്ച ടീമിൽ മൂന്നു മാറ്റങ്ങൾ വരുത്തിയാണ് അൽ ജനൗബ് സ്റ്റേഡിയത്തിൽ ജപ്പാൻ പരിശീലകൻ ടീമിനെ ഇറക്കിയത്. ക്രൊയേഷ്യൻ പരിശീലകനാകട്ടെ, അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെൽജിയവുമായി സമനിലയിൽ പിരിഞ്ഞ ടീമിൽ രണ്ടു മാറ്റങ്ങളും വരുത്തി. ലോകകപ്പ് വേദിയിൽ ജപ്പാന്റെയും ക്രൊയേഷ്യയുടെയും മൂന്നാമത്തെ മുഖാമുഖമാണിത്. രണ്ടു തവണയും ജപ്പാനു ഗോൾ നേടാനോ വിജയിക്കാനോ സാധിച്ചില്ല. 1998ൽ അവർ 1 - 0ന് തോറ്റപ്പോൾ, 2006ൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

വൺ ഡേ വണ്ടർ എന്ന പരിഹാസങ്ങളെ കാറ്റിൽ പറത്തുന്നതായിരുന്നു സ്പെയിനെതിരായ ജയം. ടീം ഗെയിമാണ് ജപ്പാന്റെ കരുത്ത്. കുറിയ പാസുകളിൽ അതിവേഗം മുന്നേറുന്നതാണ് കളിശൈലി. യുറോപ്യൻ ലീഗുകളിൽ കളിക്കുന്ന ഒരുപിടി സൂപ്പർ താരങ്ങൾ ജപ്പാനെ കൂടുതൽ അപകാരികളാക്കുന്നു. എന്നാൽ സ്പെയിനിനെതിരെ രണ്ടാം മഞ്ഞക്കാർഡ് കണ്ട പ്രതിരോധനിര താരം കൗ ഇത്താക്കുറയ്ക്ക് പുറത്തിരിക്കേണ്ടി വരുന്നത് ടീമിന് തിരിച്ചടിയാണ്. ജർമനിയെയും സ്പെയിനിനെയും തളയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഇത്താക്കുറ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP