Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാസങ്ങൾ നീണ്ട പ്രതിസന്ധി പരിഹരിക്കാൻ തീരശോഷണ പഠനവും ജുഡീഷ്യൽ അന്വേഷണവും അടക്കമുള്ള പാക്കേജ് പരിഗണനയിൽ; പഠനസമിതിയിൽ സഭയുടെ പ്രതിനിധിയെ ഉൾപ്പെടുത്തും; മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും ഉറപ്പാക്കും; സമവായത്തിന്റെ വഴിയിലേക്ക് സർക്കാർ; വിഴിഞ്ഞത്ത് അനുനയം വിജയത്തിലേക്ക്; തുറമുഖ നിർമ്മാണം ഉടൻ തുടങ്ങും

മാസങ്ങൾ നീണ്ട പ്രതിസന്ധി പരിഹരിക്കാൻ തീരശോഷണ പഠനവും ജുഡീഷ്യൽ അന്വേഷണവും അടക്കമുള്ള പാക്കേജ് പരിഗണനയിൽ; പഠനസമിതിയിൽ സഭയുടെ പ്രതിനിധിയെ ഉൾപ്പെടുത്തും; മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും ഉറപ്പാക്കും; സമവായത്തിന്റെ വഴിയിലേക്ക് സർക്കാർ; വിഴിഞ്ഞത്ത് അനുനയം വിജയത്തിലേക്ക്; തുറമുഖ നിർമ്മാണം ഉടൻ തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ വിഴിഞ്ഞത്തിൽ സർക്കാരും സിപിഎമ്മും അനുനയ നീക്കത്തിലേക്ക്. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ കണ്ടത് ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണം ഉടൻ ആരംഭിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന.

മാസങ്ങൾ നീണ്ട പ്രതിസന്ധി പരിഹരിക്കാൻ തീരശോഷണ പഠനം, ജുഡീഷ്യൽ അന്വേഷണം എന്നിവയടക്കമുള്ള പാക്കേജ് സർക്കാരിന്റെ പരിഗണനയിലുണ്ട്. സഭയ്ക്കും ഇതു സമ്മതമാണ്. പഠനസമിതിയിൽ സഭയുടെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ വലിയൊരു വിഭാഗത്തെ പിണക്കേണ്ടെന്നാണു സർക്കാർ നിലപാട്. വിഴിഞ്ഞം തുറമുഖ നിർമ്മാണവും മത്സ്യത്തൊഴിലാളി സമരവും നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ചർച്ചയാകും. ഇതു സംബന്ധിച്ചു സഭയുടെ ശ്രദ്ധ ക്ഷണിക്കാനുള്ള നോട്ടിസിന് സിപിഎം എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ അപേക്ഷ നൽകി. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചു തുറമുഖ നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണു സഭയുടെ ശ്രദ്ധ ക്ഷണിക്കുക. മുഖ്യമന്ത്രിയാകും മറുപടി നൽകുക.

ഒത്തുതീർപ്പ് നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്ന സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ, ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ എന്നിവരുമായി ചീഫ് സെക്രട്ടറി വി.പി. ജോയി ആശയവിനിമയം നടത്തുന്നുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമണം അടക്കം നൂറിലധികം കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും സഭാ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഉടൻ തീരൂമാനമുണ്ടാകില്ല. അതേ സമയം, മന്ത്രി അബ്ദുറഹ്‌മാനെ തീവ്രവാദി എന്നു വിളിച്ചതുൾപ്പടെയുള്ള കേസുകൾ ഒത്തുതീർപ്പിലെത്തിയേക്കും.

ഇതിന്റെ ഭാഗമായാണ് ആനാവൂരും ചർച്ചയ്ക്ക് എത്തിയത്. അര മണിക്കൂറോളം ആർച്ച് ബിഷപ് ഹൗസിൽ ആനാവൂർ ചർച്ച നടത്തി. വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെരേരയും പങ്കെടുത്തു. ലത്തീൻ സഭയും നിലപാടിൽ അയവു വരുത്തി. വിഴിഞ്ഞം തുറമുഖ നിർമ്മാണം സ്ഥിരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കുന്ന സർക്കുലർ സഭയുടെ പള്ളികളിൽ വായിച്ചു. സമരസമിതിയെയും അതിരൂപതാ നേതൃത്വത്തെയും പങ്കെടുപ്പിച്ച് സർക്കാർ വിശദമായ ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കും. ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രശ്‌ന പരിഹാരം സർക്കാർ മുന്നിൽ കാണുന്നുണ്ട്.

അതിനിടെ വിഴിഞ്ഞം പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തി ജനങ്ങളെ ഒപ്പം നിർത്തുന്നതിന് സിപിഎം നേരിട്ടു രംഗത്തിറങ്ങും. തിരുവനന്തപുരം ജില്ലയിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ് തീരുമാനിച്ചു. നാളെ മുതൽ 9 വരെ ജാഥ നടക്കും. വർക്കലയിൽ ആരംഭിക്കുന്ന ജാഥ 9 ന് വിഴിഞ്ഞത്ത് സമാപിക്കും. മന്ത്രി പി.രാജീവാണ് വർക്കലയിലെ ഉദ്ഘാടകൻ. 9 ന് വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജാഥ ആർക്കും എതിരല്ലെന്നും, മത്സ്യത്തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ സമരസമിതി വൈകാരികമായി ഇളക്കിവിട്ടതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. വിഴിഞ്ഞത്തെ സംഘർഷത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളെ ക്രൂശിക്കില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവർ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേരയുമായും ചർച്ച നടത്തി.

വിഴിഞ്ഞം പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തി ജനങ്ങളെ ഒപ്പം നിർത്താൻ പ്രചാരണ ജാഥകൾ ഉൾപ്പെടെ നടത്താൻ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണു സഭയിലും വിഷയം അവതരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP