Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഫ്രിക്കൻ ഉരുക്കുകോട്ട തകർത്ത് ആദ്യം ഹെൻഡേഴ്‌സൻ; വെടിയുണ്ട ലക്ഷ്യത്തിലെത്തിച്ച് നായകൻ ഹാരി കെയ്‌നും; വിറപ്പിച്ച സെനഗലിന് ഇംഗ്ലണ്ടിന്റെ മറുപടി; ആദ്യ പകുതിയിൽ സൗത്ത്ഗേറ്റിന്റെ സംഘം രണ്ടടി മുന്നിൽ

ആഫ്രിക്കൻ ഉരുക്കുകോട്ട തകർത്ത് ആദ്യം ഹെൻഡേഴ്‌സൻ; വെടിയുണ്ട ലക്ഷ്യത്തിലെത്തിച്ച് നായകൻ ഹാരി കെയ്‌നും; വിറപ്പിച്ച സെനഗലിന് ഇംഗ്ലണ്ടിന്റെ മറുപടി; ആദ്യ പകുതിയിൽ സൗത്ത്ഗേറ്റിന്റെ സംഘം രണ്ടടി മുന്നിൽ

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ ആഫ്രിക്കൻ പവർ ഗെയിമിനു മുന്നിൽ തുടക്കത്തിൽ പതറിയിട്ടും വീറോടെ പൊരുതിയ സൗത്ത് ഗേറ്റിന്റെ സംഘം സെനഗലിനെതിരെ ആദ്യ പകുതിയിൽ രണ്ടടി മുന്നിൽ. ജോർദാൻ ഹെൻഡേഴ്‌സനാണ് 39ാം മിനിറ്റിന്റെ ആഫ്രിക്കൻ ഉരുക്കുകോട്ട തകർത്ത് ആദ്യ നിറയൊഴിച്ചത്. നായകൻ ഹാരി കെയ്ൻ ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സെനഗലിന്റെ ഗോൾപോസ്റ്റിലേക്ക് വെടിയുണ്ട പായിച്ചു. സെനഗൽ താരങ്ങൾ കടുത്ത പോരാട്ടം കാഴ്ചവച്ച ആദ്യ പകുതിയിൽ, അവർക്ക് ലക്ഷ്യത്തിനു മുന്നിൽ പിഴച്ചതാണ് ഇംഗ്ലണ്ടിന് രക്ഷയായത്. കൗണ്ടർ അറ്റാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റത്തിലാണ് ഇംഗ്ലണ്ട് രണ്ടു ഗോളുകളും നേടിയത്.

ഹാരി കെയ്‌നിൽനിന്ന് ലഭിച്ച പന്തുമായി ഇടതുവിങ്ങിലൂടെ ബെല്ലിങ്ങാം നടത്തിയ മുന്നേറ്റമാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. പ്രതിരോധിക്കാനെത്തിയ സെനഗൽ താരങ്ങളെ ഒന്നൊന്നായി പിന്തള്ളി ബോക്‌സിനു സമീപത്തേക്ക് കുതിച്ചെത്തിയ ബെല്ലിങ്ങാം, പന്തു നേരെ ബോക്‌സിനു നടുവിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ ജോർദാൻ ഹെൻഡേഴ്‌സൻ ഇടംകാലുകൊണ്ട് പന്തിനു വലയിലേക്ക് വഴികാട്ടി. ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്കും ഒന്നും ചെയ്യാനായില്ല. 

സെനഗൽ താരങ്ങൾ രണ്ട് സുവർണാവസരങ്ങൾ പാഴാക്കുന്നതും ആദ്യ പകുതിയിൽ കണ്ടു. 31ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സെനഗൽ മുന്നിലെത്തേണ്ടിയിരുന്നതാണ്. രക്ഷകനായത് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ്. ബുകായോ സാകയിൽനിന്ന് പിടിച്ചെടുത്ത പന്തുമായി ഇസ്മയില സാർ നടത്തിയ കുതിപ്പിനിടെ അദ്ദേഹം അത് ബൗലായേ ദിയയ്ക്കു മറിച്ചു. ഇടതുവിങ്ങിൽനിന്ന് തിയ തൊടുത്ത പൊള്ളുന്ന ഷോട്ട് പോസ്റ്റിനു മുന്നിൽ പിക്‌ഫോർഡിന്റെ ഇടതുകയ്യിൽത്തട്ടി തെറിക്കുന്നത് സെനഗൽ ആരാധകർ അവിശ്വസനീയതയോടെയാണ് കണ്ടത്.



ഇതിനു മുൻപ് 23ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഇസ്മയില സാർ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നതും ആരാധകരെ നിരാശപ്പെടുത്തി.

ഗോൾ വീണതോടെ ഇംഗ്ലണ്ട് ആക്രമണങ്ങൾക്ക് കരുത്തേറി. സാക്കയും കെയ്നും ലൂക്ക് ഷോയുമെല്ലാം ഇതിനിടെ സെനഗൽ ബോക്സിൽ സമ്മർദം സൃഷ്ടിച്ചു. പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്ത് ക്യാപ്റ്റൻ ഹാരി കെയ്നിലൂടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളെത്തി. ബെല്ലിങ്ങാം തുടക്കമിട്ട കൗണ്ടർ അറ്റാക്കാണ് ഗോളിന് വഴിവെച്ചത്. ബെല്ലിങ്ങാമിൽ നിന്ന് പന്ത് ഫിൽ ഫോഡനിലേക്ക്, ഫോഡൻ ഉടൻ തന്നെ പന്ത് കെയ്നിന് മറിച്ച് നൽകി. സെനഗൽ ഗോൾകീപ്പർ മെൻഡിക്ക് യാതൊരു അവസരവും നൽകാതെ കെയ്നിന്റെ ഷോട്ട് വലയിൽ. ഖത്തർ ലോകകപ്പിൽ തന്റെ ആദ്യ ഗോൾ പേരിൽ കുറിച്ച് ഇംഗ്ലണ്ട് നായകൻ



അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയ്ൽസിനെ തോൽപ്പിച്ച ടീമിൽ ഒരേയൊരു മാറ്റം വരുത്തിയാണ് ഇംഗ്ലണ്ട് സെനഗലിനെ നേരിടുന്നത്. വെയ്ൽസിനെതിരെ ഗോൾ നേടിയ മാർക്കസ് റാഷ്ഫഡിനു പകരം ബുകായോ സാക ആദ്യ ഇലവനിലെത്തി. ഇറാനെതിരായ ആദ്യ മത്സരത്തിൽ സാക ഇരട്ടഗോൾ നേടിയിരുന്നു. കുടുംബപരമായ കാരണങ്ങളാൽ റഹിം സ്റ്റെർലിങ് ഇന്ന് ടീമിനൊപ്പമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP