Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു; കോൺഗ്രസിന്റെ വിമർശകരായിരുന്നവർ പോലും യാത്രയിൽ അണിചേരുന്നു'; പുതിയ മാറ്റങ്ങളുണ്ടാകുമെന്ന് ആദ്യ സ്റ്റിയറിങ് കമ്മിറ്റിയിൽ വ്യക്തമാക്കി ഖാർഗെ

'ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു; കോൺഗ്രസിന്റെ വിമർശകരായിരുന്നവർ പോലും യാത്രയിൽ അണിചേരുന്നു'; പുതിയ മാറ്റങ്ങളുണ്ടാകുമെന്ന് ആദ്യ സ്റ്റിയറിങ് കമ്മിറ്റിയിൽ വ്യക്തമാക്കി ഖാർഗെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പരിഹരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ ആദ്യ സ്റ്റിയറിങ് കമ്മിറ്റിയിൽ മുന്നോട്ട് വച്ച് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ജനറൽ സെക്രട്ടറിമാർ മുതൽ താഴോട്ടുള്ളവർ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.സംഘടന സംവിധാനം താഴേ തട്ടിൽ ശക്തമല്ലെങ്കിൽ നേതൃത്വത്തിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ സ്റ്റിയറിങ് കമ്മിറ്റിയിൽ സംഘടനാപരമായ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചയാണ് നടന്നത്. സംഘടനാ ദൗർബല്യത്തിനെതിരെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ആഞ്ഞടിച്ച കോൺഗ്രസ് അധ്യക്ഷൻ പുതിയ മാറ്റങ്ങളുണ്ടാകുമെന്നും വ്യക്തമാക്കി.

മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചും ഖാർഗെ ആമുഖ പ്രസംഗത്തിൽ പരാമർശം നടത്താൻ മറന്നില്ല. ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്ന സന്ദേശമാണ് അദ്ദേഹം പകർന്നു നൽകിയത്. ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു എന്ന് പറഞ്ഞ ഖാർഗെ, ഒരു കാലത്ത് കോൺഗ്രസിന്റെ വിമർശകരായിരുന്നവർ പോലും യാത്രക്കൊപ്പം ചേരുന്ന കാര്യവും ചൂണ്ടികാട്ടി. ഭാരത് ജോഡോ യാത്രയെ നോക്കികാണുന്നവർ ഇക്കാര്യങ്ങൾ കാണാതെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ അധ്യക്ഷ സോണിയ ഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് പാർട്ടിക്ക് ഇങ്ങനെ മുൻപോട്ട് പോകാനാവില്ലെന്ന് മല്ലികാർജ്ജുൻ ഖർഗെ വ്യക്തമാക്കിയത്. ഉത്തരവാദിത്തം മുകളിൽ നിന്ന് താഴേ തട്ട് വരെ ഒരു പോലെയാണ്. ചുമതലകളുള്ളവർ അവരുടെ കടമകൾ നിറവേറ്റുന്നുണ്ടോയെന്ന് ആത്മ പരിശോധന നടത്തണം. ചുമതല നൽകിയ പ്രദേശങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ പത്ത് ദിവസമെങ്കിലും നിൽക്കുന്നുണ്ടോയെന്നും ഖർഗെ ചോദിച്ചു.

സംഘടനക്ക് ശക്തിയുണ്ടെങ്കിലേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ എന്നും ഖാർഗെ ചൂണ്ടികാട്ടി. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു തയ്യാറെടുപ്പും താഴേതട്ടിൽ പാർട്ടിയിൽ നടക്കുന്നില്ലെന്ന് കൂടി ഖർഗെ പറഞ്ഞു വച്ചു. പി സി സി, ഡിസിസി തലങ്ങളിൽ പാർട്ടി ശക്തമാകണം. ഉത്തരവാദിത്തം നൽകിയവർ അവരുടെ കടമ നിർവഹിക്കുന്നില്ലെങ്കിൽ പുതിയ ആളുകൾ കടന്ന് വരുമെന്ന് കൂടി ഖർഗെ മുന്നറിയിപ്പ് നൽകി.

സംഘടന ശാക്തീകരണത്തിന് എന്ത് നടപടി സ്വീകരിച്ചു, മുൻപിലുള്ള പദ്ധതികളെന്തെല്ലാം തുടങ്ങിയ വിവരങ്ങൾ ഒരു മാസത്തിനുള്ളിൽ തന്നെ അറിയിക്കണമെന്ന് പി സി സികൾക്ക് ഖർഗെ നിർദ്ദേശം നൽകുകയും ചെയ്തു. ഉദയ്പൂർ ചിന്തൻ ശിബിരം നടന്നിട്ടും പാർട്ടിക്ക് ഉണർവില്ല, പുതിയ അധ്യക്ഷൻ ചുമതലയേറ്റ ശേഷവും കാര്യങ്ങൾ പഴയപടി തന്നെ തുടങ്ങി വിമർശനങ്ങൾ ശക്തമാകുമ്പോഴാണ് ഖർഗെ നിലപാട് കടുപ്പിക്കുന്നത്. അതേസമയം പദവി അലങ്കാരമായി കൊണ്ടുനടക്കേണ്ടെന്നാണ് പാർട്ടി അധ്യക്ഷൻ വ്യക്തമാക്കിയതെന്നാണ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് വിശദീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP