Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകളുടെ തലയറുത്ത് തള്ളിയിട്ടും ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ കുറഞ്ഞില്ല; ലോകകപ്പ് വേദിയിൽ അടക്കം പ്രതിഷേധത്തിന്റെ അലയൊലികൾ എത്തിയതോടെ വിട്ടുവീഴ്‌ച്ചക്ക് ഇറാൻ ഭരണകൂടം; ഇറാനിൽ മതകാര്യ പൊലീസ് നിർത്തലാക്കി; മഹസ അമിനിക്ക് നീതിക്കായി തുടങ്ങിയ ജനകീയ പ്രക്ഷോഭം വിജയം കാണുമ്പോൾ

സ്ത്രീകളുടെ തലയറുത്ത് തള്ളിയിട്ടും ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ കുറഞ്ഞില്ല; ലോകകപ്പ് വേദിയിൽ അടക്കം പ്രതിഷേധത്തിന്റെ അലയൊലികൾ എത്തിയതോടെ വിട്ടുവീഴ്‌ച്ചക്ക് ഇറാൻ ഭരണകൂടം; ഇറാനിൽ മതകാര്യ പൊലീസ് നിർത്തലാക്കി; മഹസ അമിനിക്ക് നീതിക്കായി തുടങ്ങിയ ജനകീയ പ്രക്ഷോഭം വിജയം കാണുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: മഹസ അമിനിയുടെ രക്തസാക്ഷിത്വത്തെ തുടർന്ന് ഇറാനിലുണ്ടായ പ്രക്ഷോഭം വിജയത്തിലേക്ക്. രണ്ട് മാസമായി ഇറാനിൽ ആളിക്കത്തുന്ന പ്രതിഷേധങ്ങൾ നിയന്ത്രണം വിട്ടുപോകുന്നതോടെ ഇറാൻ ഭരണകൂടവും അനുനയ പാതയിലേക്കെത്തി. മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാൻ ഗവൺമെന്റെ സമവായ സാധ്യതകൾ തേടി. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി. ടെഹ്‌റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്.

ഇസ്ലാമിക അടിത്തറയിലൂന്നിയുള്ളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. സെപ്റ്റംബർ 13 നായിരുന്നു മഹ്‌സ അമീനിയെ കസ്റ്റഡിയിൽ എടുത്തത്.

അന്ന് മുതൽ ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളിൽ ഇരുനൂറിലധികം പേരാണ് ഇറാനിൽ കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേർന്ന് എൻജിനിയറിങ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്. ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു.

റഷ്യക്ക് ആയുധം വിറ്റതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഇറാനുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാർത്ഥിനികളും തെരുവിലിറങ്ങിയിരുന്നു.

ലോകകപ്പ് ഫുട്ബോളിൽ ഇറാൻ ടീം തോറ്റതിന് പിന്നാലെ, സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ആഹ്ലാദ പ്രകടനം നടത്തുകയും വെടിവെപ്പുണ്ടാവുകയും ചെയ്തു. ഇതുവരെ 200പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ്, ഇറാനിൽ കടുത്ത നിയമങ്ങൾ നിലവിൽ വന്നത്. 1983ലാണ് എല്ലാ സ്ത്രീകൾക്കും ഹിജാബ് നിർബന്ധമാക്കിയത്.

മഹ്‌സ അമിനി കൊളുത്തിയ ജ്വാല

ഇറാനിൽ പുതിയ പ്രസിഡന്റായി കടുത്ത മതമൗലികവാദിയായ ഇബ്രാഹീം റെയ്‌സി അധികാരമേറ്റതോടെയാണ്, ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് നിർബന്ധിതമായി ശിരോവസ്ത്രം വേണമെന്നും, അത് ലംഘിക്കുന്നവർക്ക് എതിരെ കർശനമായി നടപടി എടുക്കാനും തീരുമാനിച്ചത്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തല മറയ്ക്കുന്നുണ്ടോ, ഹിജാബ് ധരിക്കുന്നുണ്ടോ എന്നൊക്കെ നോക്കാനായി ഗഷ്‌തെ ഇർഷാദ് (ഗൈഡൻസ് പട്രോൾ) എന്ന ഒരു പൊലീസ് വിഭാഗവും ഉണ്ട്. ശരിക്കും ഭരണകൂടം നിയന്ത്രിക്കുന്ന സാദാചാര പൊലീസ് തന്നെയാണിത്. ഒരു ശിരോവസ്ത്രം താഴേപ്പോയാലും, നെരിയാണിക്ക് മുകളിൽ കണ്ടാലും ഇവർ ക്രൂരമായ മർദനമാണ് അഴിച്ചുവിടുക. നമസ്‌ക്കാര സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്ന പുരുഷന്മാർക്കും കിട്ടും ചുട്ടയടി. ഇങ്ങനെ മരുന്ന് വാങ്ങാൻ ഇറങ്ങിയ ഒരു വൃദ്ധനെ ചാട്ടക്ക് അടിച്ചതിന് നേരത്തെ ഗൈഡൻസ് പട്രോളുകാർ വിവാദത്തിൽ ആയിരുന്നു. അതിന് പിന്നാലെയാണ് മഹ്സ അമിനിയുടെ മരണ വാർത്ത പുറത്തുവരുന്നത്.

ടെഹ്റാനിൽ സഹോദരൻ കൈരാഷിനൊപ്പം അവധി ദിനം ചെലവിടാൻ എത്തിയതായിരുന്നു കുർദ് വനിതയായ മഹ്സ അമിനി. സെപ്റ്റംബർ 13ന് ഇരുവരും ഷാഹിദ് ഹഗാനി എക്സ്‌പ്രസ് വേയിൽ എത്തിയപ്പോൾ ഉചിതമായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടഞ്ഞു. ഇത് കേട്ടാൽ തോന്നു ബിക്കിനി ധരിച്ചാണ് മഹ്‌സ എത്തിയത് എന്നാണ്. എന്നാൽ തീർത്തും മാന്യമായ രീതിയിൽ അവർ വസ്ത്രം ധരിച്ചിരുന്നു. എന്നാൽ ഇസ്ലാമിക നിയമപ്രകാരം കണ്ണുകൾവരെ മൂടുന്ന രീതിയിൽ ശിരോവസ്ത്രവും തട്ടവും ധരിച്ചിരുന്നില്ല. ഇതോടെയാണ് അവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനെയിരെ യുവതി ചെറുക്കുന്നതും, പൊലീസ് മർദിക്കുന്നതുമെല്ലാം കൂട്ടുകാർ എടുത്ത വീഡിയോയിൽ വ്യക്തമാണ്.

യുവതിയെ പൊലീസ് നിർബന്ധിച്ച് വാനിൽ വോസാര അവനുവിൽ ഉള്ള സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നു യുവതിയുടെ സഹോദരൻ ആരോപിച്ചു. തടയാൻ ശ്രമിച്ച തനിക്കും മർദനമേറ്റു. പൊലീസ് സ്റ്റേഷനിൽ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ബോധവത്കരണത്തിനു ശേഷം മഹ്‌സയെ വിട്ടയ്ക്കുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും സഹോദരൻ പറയുന്നു. താൻ പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ തട്ടമിടാതെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത പന്ത്രണ്ടോളം യുവതികൾ അവിടെയുണ്ടായിരുന്നു. പലരും ഉച്ചത്തിൽ നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. മഹ്‌സയെ പൊലീസ് വാനിൽ വച്ച് ക്രൂരമായി പൊലീസ് ആക്രമിച്ചുവെന്നും സഹോദരൻ ആരോപിച്ചു.

പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മഹ്സ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. പൊലീസ് മഹ്സയെ ആശുപത്രിയിലാക്കിയ വിവരം അറിഞ്ഞ് തങ്ങൾ അവിടെ ചെല്ലുമ്പോൾ അവൾ ഐസിയുവിലാണ് എന്നാണ് അറിയുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് യുവതിയുടെ മരണവാർത്ത എത്തുകയായിരുന്നു. മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്നാണ് സർക്കാർ പൊലീസ് പറയുന്നത്. എന്നാൽ വെറും 22 വയസ്സുള്ള പൂർണ്ണ ആരോഗ്യവതിയായ യുവതിക്ക് എങ്ങനെയാണ് ഹൃദയാഘാതം വരികയെന്നും, പൊലീസ് മർദനത്തിന്റെ രക്തസാക്ഷിയാണ് മഹ്സ അമിനിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നു. ഇതോടെ തുടങ്ങിയ പ്രക്ഷോഭമാണ് ഇപ്പോൾ ഇസ്ലാം വിരുദ്ധ പ്രേക്ഷോഭമായി അലയടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP