Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ പ്രതിരോധം തകർത്ത് ബോക്‌സിന് നടുവിലേക്ക് പറന്നെത്തിയ രണ്ട് ക്രോസുകൾ; ഗോളടിക്കാൻ ഡീപേയ്ക്കും ബ്ലിൻഡിനും വഴിയൊരുക്കി; സ്വന്തം പേരിൽ മൂന്നാം ഗോളും; യുഎസിനെ വീഴ്‌ത്തിയ ഡച്ച് പടയോട്ടത്തിൽ ആയുധം ഒരുക്കിയത് ഡെൻസൽ ഡംഫ്രിസ്

അമേരിക്കൻ പ്രതിരോധം തകർത്ത് ബോക്‌സിന് നടുവിലേക്ക് പറന്നെത്തിയ രണ്ട് ക്രോസുകൾ; ഗോളടിക്കാൻ ഡീപേയ്ക്കും ബ്ലിൻഡിനും വഴിയൊരുക്കി; സ്വന്തം പേരിൽ മൂന്നാം ഗോളും; യുഎസിനെ വീഴ്‌ത്തിയ ഡച്ച് പടയോട്ടത്തിൽ ആയുധം ഒരുക്കിയത് ഡെൻസൽ ഡംഫ്രിസ്

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ ആദ്യാവസാനം പൊരുതിയ യുഎസ്എയെ മറികടന്ന് ലോകകപ്പിന്റെ ക്വാർട്ടർ ബർത്ത് നെതർലാൻഡ്‌സ് ഉറപ്പിച്ചത് മിന്നുന്ന പ്രകടനത്തിലൂടെയായിരുന്നു. അമേരിക്കയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് ലോകകപ്പിൽ ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായും നെതർലൻഡ്സ് മാറി. ഡച്ച് പടയുടെ വിജയം ഒരുക്കിയ ആദ്യ രണ്ട് ഗോളുകൾക്ക് പിന്നിൽ അവരുടെ ഫുൾ ബാക്കായ ഡെൻസൽ ഡംഫ്രിസിന്റെ റോൾ നിർണായകമായിന്നു. ഒപ്പം മൂ്ന്നാം ഗോൾ വലയിലെത്തിച്ച് ഗോൾപട്ടിക പൂർത്തിയാക്കിയതും താരമായിരുന്നു.

ലോക ഫുട്‌ബോളിലെ വമ്പന്മാരായ നെതർലാൻഡ്‌സിനെ അമ്പരിപ്പിക്കുന്ന പ്രകടനത്തോടെയാണ് യുഎസ്എ തുടങ്ങിയത്. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഡച്ച് ഗോൾ മുഖത്ത് യുഎസ്എ അപകടം വിതച്ചു. ഓഫ്‌സൈഡ് കെണിയെ തകർത്ത് ക്രിസ്റ്റ്യൻ പുലിസിച്ച് എടുത്ത ഷോട്ട് ഡച്ച് ഗോൾ കീപ്പർ നൊപ്പാർട്ട് കാല് കൊണ്ട് തടുത്തു. യുഎസ്എയുടെ തുടക്കത്തിലുള്ള ആക്രമണങ്ങൾക്ക് നെതർലാൻഡ്‌സ് മറുപടി നൽകിയത് അധികം വൈകാതെ ആദ്യ ഗോൾ നേട്ടം ആഘോഷിച്ച് കൊണ്ടാണ്.



10-ാം മിനിറ്റിൽ മധ്യനിരയുടെ മനോഹരമായ പാസിംഗിന് ഒടുവിൽ വലതു വിംഗിൽ ഡംഫ്രിസിലേക്ക് പന്ത് എത്തി. താരത്തിന്റെ ക്രോസ് ബോക്‌സിന് നടുവിലേക്ക് എത്തുമ്പോൾ ഓടിയെത്തിയ ഡീപെയെ തടുക്കാനായി യുഎസ്എ പ്രതിരോധ സംഘത്തിലെ ആരും ഉണ്ടായിരുന്നില്ല. താരം അനായാസം പന്ത് ഗോൾ പോസ്റ്റിന്റെ ഇടത് മൂലയിൽ നിക്ഷേപിച്ചു.

പൊസഷൻ ഫുട്‌ബോൾ കളിച്ച് ബിൽഡ് അപ്പിലൂടെ സമനില കണ്ടെത്താനായിരുന്നു യുഎസ്എയുടെ ശ്രമം. പക്ഷേ, പന്ത് നഷ്ടപ്പോഴൊക്കെ കൗണ്ടർ അറ്റാക്കിംഗിലൂടെ ഡച്ച് താരങ്ങൾ എതിർ ബോക്‌സിലേക്ക് കുതിച്ചു. 17-മിനിറ്റിൽ ഗ്യാപ്‌കോ ഒരുക്കിയ നൽകിയ അവസരത്തിൽ ബ്ലൈൻഡിന്റെ ഷോട്ട് ആകാശത്തേക്ക് പറന്നത് യുഎസ്എയ്ക്ക് ആശ്വാസമായി. ഒരു ഗോൾ വഴങ്ങിയെങ്കിലും സർവ്വം മറന്നുള്ള ആക്രമണത്തിലേക്കൊന്നും യുഎസ്എ കടന്നില്ല.

രണ്ട് ടീമുകളും ചില നീക്കങ്ങൾ നടത്തിയെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയമായി. യുഎസ്എയ്ക്ക് ആവശ്യത്തിന് പൊസഷൻ അനുവദിച്ച് കൃത്യം സമയത്ത് പ്രഹരം ഏൽപ്പിക്കാനുള്ള തക്കം പാർത്തിരിക്കുകയാണ് നെതർലാൻഡ്‌സിന്റെ ഗെയിം പ്ലാനെന്ന് അവരുടെ നീക്കങ്ങൾ വ്യക്തമാക്കി. അവസാന നിമിഷങ്ങളിൽ മെച്ചപ്പെട്ട പ്രകടനം യുഎസ്എ പുറത്തെടുത്തെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. തിമോത്തി വിയയുടെ ഒരു തീപ്പൊരി ഷോട്ട് നെതർലാൻഡ്‌സ് ഗോൾ കീപ്പർ ഒരുവിധമാണ് കുത്തിയകറ്റിയത്. കളിയുടെ ഒഴുക്കിന് വിപരീതമായി ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടെ നെതർലാൻഡ് സ്വന്തമാക്കി. ഒന്നാം ഗോളിന് സമാനമായി വലതു ഭാഗത്ത് നിന്ന് വന്ന ഡംഫ്രിസിന്റെ ക്രോസിൽ ബ്ലിൻഡ് ആണ് ഗോൾ നേട്ടം ആഘോഷിച്ചത്.



ഒന്നാം പകുതിയിലേക്കാൾ ആവേശത്തിലാണ് രണ്ടാം പാതി ആരംഭിച്ചത്. ഇരുവശത്ത് നിന്നും ഗോൾ കീപ്പർമാർക്ക് കടുത്ത പരീക്ഷണങ്ങൾ നൽകുന്ന നീക്കങ്ങളുണ്ടായി. 50-ാം മിനിറ്റിൽ യുഎസ്എയ്ക്ക് ലഭിച്ച കോർണറിൽ മക്കൻസിയുടെ ഹെഡർ നൊപ്പാർട്ട് തടഞ്ഞെങ്കിലും പുലിസിച്ചിന്റെ ക്രോസിൽ റീമിന്റെ ശ്രമം, ഗോൾ ലൈനിൽ നിന്ന് ഡച്ച് പ്രതിരോധം രക്ഷപ്പെടുത്തി. തൊട്ട് പിന്നാലെ സിമ്മർമാനിലൂടെ നെതർലാൻഡ്‌സ് മൂന്നാം ഗോളിന് അടുത്ത് വരെ എത്തിയെങ്കിലും ടർണറിന്റെ റിഫ്‌ളക്‌സിന് മുന്നിൽ അത് അവസാനിച്ചു.

നൊപ്പാർട്ടിന് യുഎസ്എ താരങ്ങൾ വീണ്ടും തീരാ തലവേദനകൾ സൃഷ്ടിച്ച് കൊണ്ടേയിരുന്നു. ഇതിനിടെ 61-ാം മിനിറ്റിൽ മെംഫീസ് ഡീപേയുടെ ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ട് ടർണറുടെ ഗോൾ കീപ്പിങ് മികവിന് മുന്നിൽ നിഷ്പ്രഭമായി. ടീമിന് ഗോൾ നേടാൻ സാധിക്കാതെ പോകുമ്പോൾ ഡച്ച് പടയുടെ ആക്രമണങ്ങളെ നേരിട്ട് എന്തെങ്കിലും പ്രതീക്ഷ നിലനിർത്തിയത് ടർണർ തന്നെയായിരുന്നു. 72-ാം മിനിറ്റിൽ കൂപ്പ്‌മെയ്‌നേഴ്‌സിന്റെ ഷോട്ട് തടുത്തിട്ട് ടർണർ റീബൗണ്ടിൽ ഡീപെയുടെ ഹെഡ്ഡറും സേവ് ചെയ്തു.

തൊട്ട് പിന്നാലെയാണ് യുഎസ്എയ്ക്ക് മത്സരത്തിലെ ഏറ്റവും വലിയ സുവർണാവസരം ലഭിച്ചത്. ഡീപെയുടെ ഗോൾ കീപ്പറിലേക്കുള്ള ബാക്ക് പാസ് പിഴച്ചപ്പോൾ റൈറ്റിന്റെ കാലുകളിലേക്കാണ് എത്തിയത്. മുന്നോട്ട് കയറിയ എത്തിയ നൊപ്പാർട്ടിനെ മറികടക്കാനുള്ള റൈറ്റിന്റെ ഫസ്റ്റ് ടച്ച് അൽപ്പം കടന്നുപോപ്പോൾ നഷ്ടമായത് ഉറച്ച ഗോൾ കൂടെയായിരുന്നു. ഇതിന് 76-ാം മിനിറ്റിൽ റൈറ്റ് തന്നെ പ്രായശ്ചിത്തം ചെയ്തു. പുലിസിച്ചിന്റെ വലത് വിംഗിൽ നിന്നുള്ള ലോ ക്രോസിൽ ചെറുതായി മാത്രമേ റൈറ്റിന് ടച്ച് ചെയ്യാൻ സാധിച്ചുള്ളുവെങ്കിലും നൊപ്പാർട്ടിനെ കീഴടക്കാൻ അതുമതിയായിരുന്നു.



കളിയിലേക്ക് തിരികെയെത്തി എന്ന വിശ്വാസത്തിൽ യുഎസ്എ പിടിമുറുക്കുമ്പോഴാണ് നെതർലാൻഡ്‌സിന്റെ വക അടുത്ത പ്രഹരം ഏൽക്കുന്നത്. ഇടതു വിംഗിൽ നിന്ന് ബ്ലിൻഡ് നൽകിയ ക്രോസ് ഫാർ പോസ്റ്റിൽ ആരും മാർക്ക് ചെയ്യാനില്ലാതെ സ്വതന്ത്രനായി നിന്ന ഡംഫ്രിസിലേക്കാണ് വന്നത്. തന്റെ ഇടം കാൽ കൊണ്ട് ടർണറിന്റെ പ്രതിരോധക്കോട്ടയെ ഡംഫ്രിസ് പൊളിച്ചു. 81-ാം മിനിറ്റിൽ ഗോൾ പട്ടികയിൽ കൂടി ഇടം പിടിച്ച് ഡംഫ്രിസ് ഡച്ച് പടയുടെ ഹീറോയായി മാറി. ഈ ലോകകപ്പിൽ ഒരു മത്സരത്തിൽ മൂന്ന് ഗോളുകളിൽ പങ്കാളിയാവുന്ന ആദ്യ താരം കൂടിയാണ് ഡംഫ്രിസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP