Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൈപ്രസിങ്ങിലൂടെ കുരുക്കൊരുക്കി; ബോൾ പൊസഷനുമായി കളം പിടിച്ചതും അമേരിക്ക; കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിച്ച് ഓറഞ്ചുപട; വലചലിപ്പിച്ചത് മെംഫിസ് ഡീപേയും ബ്ലിൻഡും; ഹാജി റൈറ്റിലൂടെ അമേരിക്കയുടെ മറുപടി; ജയമുറപ്പിച്ച് ഡെൻസൽ; യുഎസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്‌ത്തി നെതർലൻഡ്‌സ് ക്വാർട്ടറിൽ

ഹൈപ്രസിങ്ങിലൂടെ കുരുക്കൊരുക്കി; ബോൾ പൊസഷനുമായി കളം പിടിച്ചതും അമേരിക്ക; കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിച്ച് ഓറഞ്ചുപട; വലചലിപ്പിച്ചത് മെംഫിസ് ഡീപേയും ബ്ലിൻഡും; ഹാജി റൈറ്റിലൂടെ അമേരിക്കയുടെ മറുപടി; ജയമുറപ്പിച്ച് ഡെൻസൽ; യുഎസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്‌ത്തി നെതർലൻഡ്‌സ് ക്വാർട്ടറിൽ

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി നെതർലൻഡ്‌സ് ക്വാർട്ടറിൽ. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ യുഎസ്എയ്‌ക്കെതിരെ പത്താം മിനുട്ടിലും ആദ്യ പകുതിയുടെ അധിക സമയത്തും 81 ാം മിനുട്ടിലുമാണ് ഓറഞ്ച് പട സ്‌കോർ ചെയ്തത്. സ്ട്രൈക്കർ മെംഫിസ് ഡീപേയാണ് നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചത്. ഇൻജറി ടൈമിൽ, 46ാം മിനുട്ടിൽ മിഡ്ഫീൽഡർ ഡാലെ ബ്ലിൻഡും അമേരിക്കൻസിനെതിരെ നിറയൊഴിച്ചു. മൂന്നാമത്തെ ഗോൾ ഡെൻസൽ ഡംഫ്രിസിന്റെ സംഭവനയായിരുന്നു. 76ാം മിനിറ്റിൽ പകരക്കാരൻ താരം ഹാജി അമീർ റൈറ്റിലൂടെ യുഎസ്എ ആശ്വാസ ഗോൾ കണ്ടെത്തി.



കടുത്ത പോരാട്ടം കാഴ്ചവെച്ച യുഎസിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകർത്താണ് ഡച്ച് ടീമിന്റെ ക്വാർട്ടർ പ്രവേശനം. തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഇരു ടീമിലെയും ഗോൾകീപ്പർമാരുടെ പ്രകടനമാണ് നിർണായകമായത്. ഫിനിഷിങ്ങിൽ യുഎസിനേക്കാൾ മികവ് പുലർത്തിയ നെതർലൻഡ്സ് മത്സരം സ്വന്തമാക്കുകയായിരുന്നു. കളിതുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ആദ്യ അവസരം സൃഷ്ടിച്ചത് യുഎസ്എയായിരുന്നു. നെതർലൻഡ്സ് ടീമിന്റെ ഓഫ്സൈഡ് കുരുക്ക് പൊളിച്ച് പന്ത് സ്വീകരിച്ച ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഡച്ച് ഗോൾകീപ്പർ നൊപ്പേർട്ട് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഡച്ച് ബോക്സിലേക്ക് തുടരെത്തുടരെ യുഎസ്എ ആക്രമണങ്ങളായിരുന്നു. എന്നാൽ ഓറഞ്ച് പ്രതിരോധം ഉറച്ചുനിന്നതോടെ അവർക്ക് ഫൈനൽ തേർഡിൽ കാര്യമായ സമ്മർദം സൃഷ്ടിക്കാനായില്ല.

പിന്നാലെ സ്വന്തം ഹാഫിൽ നിന്നുള്ള മികച്ചൊരു നെതർലൻഡ്സ് മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. 10-ാം മിനിറ്റിൽ വൺടച്ച് ഗെയിമിനൊടുവിൽ ഡെൻസൽ ഡംഫ്രിസ് നൽകിയ ക്രോസ് ഡീപേ പോസ്റ്റിന്റെ ഇടത് മൂലയിൽ കയറ്റുകയായിരുന്നു. ഹൈപ്രസിങ്ങിലൂടെ യുഎസ് താരങ്ങൾ ശ്വാസം മുട്ടിക്കുന്നതിനിടെയാണ് മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ നെതർലൻഡ്‌സ് ലീഡ് നേടിയത്. സ്വന്തം പകുതിയിൽനിന്ന് ആരംഭിച്ച മുന്നേറ്റത്തിനൊടുവിൽ പന്ത് വലതുവിങ്ങിൽ മോറിസ് ഡംഫ്രിസിലേക്ക്. യുഎസ്എ ബോക്‌സിനു പുറത്തുവച്ച് ഡംഫ്രിസ് പോസ്റ്റിന് സമാന്തരമായി നീട്ടി നൽകിയ പന്ത് ബോക്‌സിനു നടുവിൽ മെംഫിസ് ഡിപായിയുടെ കാൽപ്പാകത്തിന്. പന്ത് കാലിൽക്കൊരുത്ത് ഡിപേ തൊടുത്ത ഷോട്ട് യുഎസ് ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക്. സ്‌കോർ 1 - 0.



തുടർന്ന് കളംപിടിച്ച നെതർലൻഡ്സ് കോഡി ഗാക്പോ, ഡംഫ്രിസ്, ഡാലെ ബ്ലിൻഡ് എന്നിവരിലൂടെ മികച്ച അറ്റാക്കിങ് റണ്ണുകൾ നടത്തി. ഇത്തരമൊരു മുന്നേറ്റത്തിനൊടുവിൽ 17-ാം മിനിറ്റിൽ ഗാക്പോ നൽകിയ പന്ത് ബ്ലിൻഡ് പുറത്തേക്കടിച്ച് കളഞ്ഞു.എന്നാൽ ഗോൾ തിരിച്ചടിക്കാൻ ഉറച്ചെന്നപോലെ കളിച്ച യുഎസ്എ പിന്നീട് നിരന്തരം ആക്രമണങ്ങൾ നടത്തി. ഇതിനിടെ 43-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള തിമോത്തി വിയയുടെ ഷോട്ടും നൊപ്പേർട്ട് തട്ടിയകറ്റി.

ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ബ്ലിൻഡിലൂടെ നെതർലൻഡ്സ് രണ്ടാം ഗോളും നേടി. ക്രോസുകൾ ക്ലിയർ ചെയ്യുന്നതിൽ യുഎസ് ടീമിനുള്ള ദൗർബല്യം തെളിയിക്കുന്നതായിരുന്നു രണ്ടാം ഗോളും. ഇത്തവണയും ഡിഫൻഡർമാരെ മറികടന്ന് ഡംഫ്രിസ് നൽകിയ പാസ് ഓടിയെത്തിയ ബ്ലിൻഡ് വലയിലെത്തിക്കുകയായിരുന്നു. ആദ്യ ഗോളിന്റെ തനിപ്പകർപ്പായിരുന്നു രണ്ടാം ഗോളും.



യുഎസ്എ പകുതിയിൽ നെതർലൻഡ്‌സിന് അനുകൂലമായി ലഭിച്ച ത്രോയിൽ നിന്നായിരുന്നു രണ്ടാം ഗോളിൽ കലാശിച്ച മുന്നേറ്റത്തിന്റെ തുടക്കം. മുന്നേറ്റത്തിനിടെ വലതുവിങ്ങിൽ പന്തു ലഭിച്ച മോറിസ് ഡംഫ്രിസ് ഒരിക്കൽക്കൂടി യുഎസ് പ്രതിരോധം പിളർത്തി ബോക്‌സിനു സമീപത്തേക്ക്. വലതുവിങ്ങിൽനിന്ന് ഡംഫ്രിസ് ബോക്‌സിനു നടുവിലേക്ക് നീട്ടിനൽകിയ പന്തിൽ ഇക്കുറി കാലെത്തിച്ചത് ഡാലെ ബ്ലിൻഡ്. താരം പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്കു പായിക്കുമ്പോൾ യുഎസ്എ ഗോൾകീപ്പർ ഒരിക്കൽക്കൂടി കാഴ്ചക്കാരനായി. സ്‌കോർ 2 -0.

രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ യുഎസ് കഠിനമായി പ്രയത്നിച്ചു. 50-ാം മിനിറ്റിൽ പുലിസിച്ചിന്റെ ക്രോസിൽ നിന്നുള്ള വെസ്റ്റൺ മക്കെന്നിയുടെ ഹെഡർ നെപ്പോർട്ട് തട്ടിയകറ്റി. എന്നാൽ റീബൗണ്ട് വന്ന പന്തിൽ നിന്നുള്ള ടിം റീമിന്റെ ഗോൾശ്രമം നെതർലൻഡ്സ് ഡിഫൻഡർ ഗോൾ ലൈനിൽ വെച്ച് രക്ഷപ്പെടുത്തുകയായിരുന്നു. 61-ാം മിനിറ്റിൽ ഡീപേയുടെ ഷോട്ട് യുഎസ് ഗോളി തട്ടിയകറ്റി. പിന്നാലെ 72-ാം മിനിറ്റിൽ ടർണർ ഇരട്ട സേവുമായി തിളങ്ങി. കൂപ്പ്മെയ്നേഴ്സിന്റെ ഷോട്ട് ആദ്യ തടഞ്ഞ ടർണർ, പിന്നാലെ ഡീപേയുടെ ഹെഡറും തടഞ്ഞു.



ഒടുവിൽ 76-ാം മിനിറ്റിൽ പകരക്കാരൻ ഹാജി റൈറ്റിലൂടെ യുഎസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 81-ാം മിനിറ്റിൽ ഡംഫ്രിസിലൂടെ മൂന്നാം ഗോൾ നേടിയ നെതർലൻഡ്സ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. മത്സരത്തിന്റെ ഇരുപകുതികളിലുമായി ചില മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുത്ത യുഎസ്എ ഒടുവിൽ ലക്ഷ്യം കണ്ടത് 76ാം മിനിറ്റിൽ. നെതർലൻഡ്‌സ് ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ദിയാന്ദ്രെ യെഡ്ലിനിൽ നിന്ന് പന്ത് ക്രിസ്റ്റ്യൻ പുലിസിച്ചിലേക്ക്. ബോക്‌സിനു സമീപത്തുനിന്ന് പുലിസിച്ച് പോസ്റ്റിനു സമാന്തരമായി നീട്ടിനൽകിയ പന്തിനു കണക്കാക്കി നെതർലൻഡ്‌സ് ഗോൾകീപ്പർ നോപ്പർട്ട് എത്തിയതാണ്. എന്നാൽ ഇതിനിടെ ഹാജി അമീർ റൈറ്റിന്റെ കാലിൽത്തട്ടി ഉയർന്ന പന്ത് ഗോൾകീപ്പറിനു മുകളിലൂടെ ഉയർന്ന് വലയിൽ പതിച്ചു. സ്‌കോർ 1 -2

യുഎസ്എയുടെ ഗോൾനേട്ടത്തിന്റെ ആരവമടങ്ങും മുൻപേ ക്വാർട്ടർ ഉറപ്പിച്ച് നെതർലൻഡ്‌സ് തിരിച്ചടിച്ചു. ആദ്യ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ മോറിസ് ഡംഫ്രിസിന്റെ വകയായിരുന്നു നെതർലൻഡ്‌സിന്റെ മൂന്നാം ഗോൾ. ഡാലെ ബ്ലിൻഡിന്റെ തകർപ്പൻ ക്രോസിൽ ഡംഫ്രിസ് തൊടുത്ത ബുള്ളറ്റ് വോളി യുഎസ് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ കയറി. സ്‌കോർ 3 -1.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP