Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌പൈസ് ജെറ്റിന്റെ ആന്റി-സ്‌കിഡ് സംവിധാനത്തിന് തകരാറുണ്ടെന്ന് സൂചിപ്പിച്ച് കോക് പിറ്റിലെ ലൈറ്റ് കത്തി; ഹൈഡ്രോളിക് സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും സൂചന; കോഴിക്കോട്ടെ ടേബിൾ ടോപ്പ് റൺവേയിൽ അപകടം ഉണ്ടായാലോ എന്ന് പൈലറ്റുമാർക്ക് പേടി; വെള്ളിയാഴ്ച യഥാർത്ഥത്തിൽ സംഭവിച്ചത്

സ്‌പൈസ് ജെറ്റിന്റെ ആന്റി-സ്‌കിഡ് സംവിധാനത്തിന് തകരാറുണ്ടെന്ന് സൂചിപ്പിച്ച് കോക് പിറ്റിലെ ലൈറ്റ് കത്തി; ഹൈഡ്രോളിക് സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും സൂചന; കോഴിക്കോട്ടെ ടേബിൾ ടോപ്പ് റൺവേയിൽ അപകടം ഉണ്ടായാലോ എന്ന് പൈലറ്റുമാർക്ക് പേടി; വെള്ളിയാഴ്ച യഥാർത്ഥത്തിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജിദ്ദയിൽ നിന്നും കോഴിക്കോട് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇന്നലെ സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തിയപ്പോൾ ഒഴിവായത് വൻ ദുരന്തമാണ്. കോഴിക്കോട് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം കൊച്ചിയിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ ഇടയാക്കിയത് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലമെന്നാണ് വാർത്ത വന്നത്. മൂന്ന് തവണ ശ്രമിച്ച ശേഷം നാലാമത്തെ തവണയാണ് വിമാനം നെടുമ്പാശ്ശേരിയിലെ റൺവേയിൽ ഇറക്കാൻ സാധിച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇതിൽ ചില തിരുത്തലുകൾ ആവശ്യമെന്ന് കുറിക്കുന്നു, വ്യോമയാന രംഗത്തെ വിഗദ്ധനായ ജേക്കബ് കെ ഫിലിപ്പ്. സംഭവിക്കാത്ത കാര്യങ്ങൾ ഇത്രയുമാണെന്ന് അദ്ദേഹം കുറിച്ചു: 1.വിമാനം ഒരു തവണ കോഴിക്കോട്ട് ഇറക്കാൻ നോക്കിയില്ല.
2. വിമാനം മൂന്നു തവണ കൊച്ചിയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടില്ല.

ജേക്കബ് കെ ഫിലിപ്പിന്റെ വിശദമായ കുറിപ്പ് വായിക്കാം:

സൗദിയിലെ ജിദ്ദയിൽ നിന്ന് ഇന്നലെ കാലത്ത് പത്തരയോടെ ടേക്കോഫ് ചെയ്ത സ്പൈസ്ജെറ്റ് എസ് ജി -036 ബോയിങ്737-800 മാക്സ് വിമാനം കോഴിക്കോട്ട് ഇറങ്ങാതെ കൊച്ചിയിലേക്ക് പറന്ന് കുറേ ചുറ്റിപ്പറക്കലുകൾക്കു ശേഷം കൊച്ചിയിൽ ഇറങ്ങിയതിനെപ്പറ്റി വന്ന വാർത്തകൾക്കും യാഥാർഥ്യത്തിനും തമ്മിൽ പതിവു പോലെ കുറച്ച് അകലമുണ്ട്. ജിദ്ദയിൽ നിന്ന് പറന്നുയർന്ന് അൽപ്പനേരത്തിനു ശേഷം, വിമാനത്തിന്റെ ആന്റി-സ്‌കിഡ് സംവിധാനത്തിന് തകരാറുണ്ട് എന്നറിയിക്കുന്ന കോക്പിറ്റിലെ ലൈറ്റ് കത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വിമാനത്തിന്റെ ചക്രങ്ങളുടെ വേഗം വിമാനത്തിന്റെ വേഗവുമായി പൊരുത്തപ്പെടാതെ, വിമാനം സ്‌കിഡ് ചെയ്യുന്നതു തടയുന്നതിനുള്ള സംവിധാനമാണിത്. ബ്രേക്കുകളുടെ പ്രവർത്തനവുമായും ഇതിന് ബന്ധമുണ്ട്.

എന്തായാലും, അൽപ്പനേരം കഴിഞ്ഞ് ജിദ്ദയിലെ എടിസിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു- ടേക്കോഫ് ചെയ്ത റൺവേയിൽ റബറിന്റെ കഷണങ്ങൾ കാണുന്നുണ്ട്. വിമാനം ജിദ്ദയിൽ നിന്ന് ടേക്കോഫ് ചെയ്യുമ്പോൾ ടയർ റൺവേയിൽ അമിതമായി ഉരഞ്ഞ് പൊഴിഞ്ഞു വീണ കഷണങ്ങൾ. എന്തായാലും കോഴിക്കോട് ലക്ഷ്യമാക്കി 35,000 അടി്പ്പോക്കത്തിൽ പറക്കുന്നതിനിടെ, വിമാനത്തിന്റെ ചിറകിലെയും വാലിലെയും ഇളകുന്ന ഭാഗങ്ങളുടെയുൾപ്പെടെയുള്ള പലതിന്റെയും ചലനം നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സംവിധാനം നേരാംവണ്ണം പ്രവർത്തിക്കുന്നില്ല എന്ന സൂചനയും കിട്ടി. ലാൻഡിങ് കൃത്യമാക്കുന്ന, വീലുകൾ താഴേക്കിറങ്ങുന്നതും ലോക്കു ചെയ്യുന്നതും സാധ്യമാക്കുന്ന, ലാൻഡിങ്ങിൽ വിമാനം ഓടി നിൽക്കുന്ന ദുരം കുറയ്ക്കുന്ന ഈ സംവിധാനത്തിന് തകരാറുണ്ടായേക്കാമെന്ന സൂചനയും വന്നതോടെ, വിമാനം കോഴിക്കോട്ടേക്ക് പോകേണ്ടതില്ല എന്ന് പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു. ഓട്ടം നിയന്ത്രിക്കാനാകാതെ വന്നാൽ അവിടെ റൺവേയിൽ നിന്ന് താഴേക്ക് ഓടിയിറങ്ങി അപകടമുണ്ടായാലോ എന്ന പേടി. കോഴിക്കോടിന് വളരെ മുമ്പു തന്നെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയും അക്കാര്യം കോഴിക്കോടും കൊച്ചിയിലും അറിയിക്കുകയും ചെയ്തു. അങ്ങിനെ വൈകുന്നേരം ആറരയോടെ കൊച്ചിക്കു മീതേ എത്തിയ വിമാനം, സുരക്ഷയ്ക്കായി ഒരു കാര്യം കൂടി ചെയ്തു.

ചക്രങ്ങൾ താഴേക്കിറക്കാനുള്ള സംവിധാനം പ്രവർത്തിപ്പിക്കുകയും ചക്രങ്ങളിറങ്ങി എന്ന സൂചന കൃത്യമായി കോക്പിറ്റിൽ കിട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും ശരിക്കും അതങ്ങിനെ തന്നെ എന്നുറപ്പാക്കാൻ. എടിസിയോട് പറഞ്ഞ് ഏർപ്പാടാക്കി വിമാനം താഴ്ന്നു പറക്കാൻ തീരുമാനിച്ചു. അങ്ങനെ റൺവേയുടെ പടിഞ്ഞാറു നിന്ന് കിഴക്കോട്ടേക്ക് മൂന്നു തവണ അഞ്ഞുറ് അടിയോളം താഴ്ന്നു പറന്ന വിമാനത്തിൻെ ടയറുകൾ-ലാൻഡിങ് ഗിയർ- താഴേക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് കൺട്രോൾ ടവറിലുള്ളവർ നേരിൽ കണ്ട് ബോധ്യമായി അക്കാര്യം പൈലറ്റുമാരെ അറിയിക്കുകയും ചെയ്തു.

അടുത്ത തവണ ചുറ്റിപ്പറന്നെത്തി, കിഴക്കു നിന്ന് പടിഞ്ഞാറേക്ക്- റൺവേ 27 ൽ- വിമാനം സുരക്ഷിതമായി ലാൻഡു ചെയ്യുകയും ചെയ്തു.  കോക്പിറ്റിലെ ആപൽസൂചനാ ലൈറ്റുകൾ സൂചിപ്പിച്ചതു പോലെ ഹൈഡ്രോളിക് സംവിധാനത്തിനും ആന്റി സ്‌കിഡ് സംവിധാനത്തിനും കാര്യമായ കുഴപ്പമൊന്നുമില്ലായിരുന്നു എന്നർഥം.

ഇത്രയുമാണ് സംഭവിച്ച കാര്യങ്ങളുടെ ചുരുക്കം.

സംഭവിക്കാത്ത കാര്യങ്ങൾ ഇത്രയുമാണ്-
വിമാനം ഒരു തവണ കോഴിക്കോട്ട് ഇറക്കാൻ നോക്കിയില്ല.
വിമാനം മൂന്നു തവണ കൊച്ചിയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP