Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോണുപയോഗം: കേസന്വേഷണത്തിൽ അട്ടിമറി; കരാട്ടേ ഫാറൂഖിനെയും കൂട്ടുപ്രതിയെയും വെറുതെ വിട്ടു

പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോണുപയോഗം: കേസന്വേഷണത്തിൽ അട്ടിമറി; കരാട്ടേ ഫാറൂഖിനെയും കൂട്ടുപ്രതിയെയും വെറുതെ വിട്ടു

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിനുള്ളിൽ മൊബൈൽ ഫോണുപയോഗിച്ച കേസിൽ പ്രതികളായ കരാട്ടേ ഫാറൂഖിനെയും കൂട്ടുപ്രതി രമേശിനെയും വെറുതെ വിട്ടു. കേസന്വേഷണത്തിൽ പൂജപ്പുര പൊലീസ് അട്ടിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പ്രതികളെ വെറുതെ വിട്ടത്.

പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരായിരുന്ന കുടപ്പനക്കുന്ന് പേരൂർക്കട എൻസിസി റോഡിൽ പനവിളാകത്ത് വീട്ടിൽ കൃഷ്ണൻ മകൻ രമേശ് ( 37 ) , എൽ റ്റി റ്റി ഇ കബീർ വധക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന വള്ളക്കടവ് പ്രിയദർശിനി നഗറിൽ കരാട്ടേ ഫാറൂഖ് ( 42 ) എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികളെ വിട്ടയക്കാൻ കാരണങ്ങളായി വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടുന്ന അടിസ്ഥാന കാരണങ്ങൾ ഇവയാണ്. ഒന്നാം പ്രതി ഒരു മൊബൈൽ ഫോണും സിം കാർഡും രണ്ടാം പ്രതിക്ക് കൈമാറിയെന്നും അവ രണ്ടാം പ്രതി സെല്ല് റൂമിൽ കൈവശം വച്ചിരുന്നത് ജയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തുവെന്നുമാണ് പ്രോസിക്യൂഷന്റെ കൃത്യമായ ആരോപണം. രണ്ടാം പ്രതിയുടെ സെൽ റൂമിൽ നിന്ന് ആരാണോ അവ പിടിച്ചെടുത്തത് ആ വ്യക്തിയെ സാക്ഷിയായി വിസ്തരിച്ചിട്ടില്ലെന്നത് പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ പ്രധാനമായ മറ്റൊരു കാര്യം ഒന്നാം സാക്ഷിയായി വിസ്തരിച്ച ജയിൽ സൂപ്രണ്ട് ബി.പ്രദീപിന്റെ മൊഴിയിൽ രണ്ടാം പ്രതിയെ ഏകാന്ത തടവിൽ ഒരു സെല്ലിൽ പാർപ്പിച്ചിട്ടുള്ളതായും എന്നാൽ സെൽ റൂം നമ്പർ അറിയില്ലെന്നും പറയുന്നു. ആ ദിവസം രണ്ടാം പ്രതിയെ പ്രത്യേക സെല്ലിൽ തനിച്ച് പാർപ്പിച്ചെന്ന് കാണിക്കാനും ആ ദിവസം മറ്റ് അന്തേവാസികൾ ആരും ആ സെല്ലിൽ ഇല്ലായിരുന്നുവെന്ന് കാണിക്കാൻ യാതൊരു തെളിവും കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഒന്നാം പ്രതി മൊബൈൽ ഫോണും സിം കാർഡും രണ്ടാം പ്രതിക്ക് കൈമാറിയതായി കാണിക്കുന്ന യാതൊരു വായ് മൊഴി , രേഖാമൂലമുള്ള തെളിവുമില്ല. ആരുടെ പേരിലാണോ സിം കാർഡ് നൽകിയിട്ടുള്ളതെന്ന കാര്യം പ്രോസിക്യൂഷൻ വെളിപ്പെടുത്തിയിട്ടില്ല. മുഴുവൻ തെളിവുകളിൽ നിന്നും ഒന്നും രണ്ടും പ്രതികൾ കൃത്യം ചെയ്തതായി കാണിക്കുന്ന യാതൊരു മതിയായ തെളിവുകളും ഇല്ല. പ്രതികളുടെ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അങ്ങനെയാണെങ്കിൽ പ്രോസിക്യൂഷൻ ആരോപിക്കും വിധം യാതൊരു കുറ്റങ്ങളും പ്രതികൾ ചെയ്തിട്ടില്ല. പോയിന്റുകൾ പ്രോസിക്യൂഷന് എതിരാണെന്നും വിധിന്യായത്തിൽ കണ്ടെത്തിയാണ് പ്രതികളെ കോടതി നിരുപാധികം വിട്ടയച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 255 ( 1 ) പ്രകാരമാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. തൊണ്ടി വകകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

1894 ലെ പ്രിസണേഴ്‌സ് നിയമത്തിലെ വകുപ്പ് 42 , കേരള ജയിൽ ചട്ടങ്ങളിലെ ചട്ടം 288 എന്നീ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്. 2008 ജൂൺ 15ന് പകൽ 11.30 മണിക്കാണ് ഫോണുപയോഗം ജയിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയത്. എൽ റ്റി റ്റി ഇ കബീർ കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന വള്ളക്കടവ് സ്വദേശി കരാട്ടേ ഫാറൂഖ് , സഹ തടവുകാരനായ പേരൂർക്കട സ്വദേശി രമേശിന് ഫോൺ കൈമാറുന്നത് പരിശോധനയിൽ കണ്ടു പിടിച്ച് ഫോൺ ബന്തവസ്സിലെടുക്കുകയായിരുന്നു

ഫാറൂഖ് 2014 ജയിലിൽ ജീവപര്യന്തം തടവനുഭവിക്കവേയാണ് ഫോൺ ഉപയോഗിച്ച കേസ് വന്നത്. 2021 സെപ്റ്റംബറിൽ ചികിത്സാർത്ഥം പരോളിൽ ബീമാപള്ളിയിലെ വീട്ടിൽ കഴിയവേ ഹൃദയാഘാതം മൂലം ഫാറൂഖ് മരിച്ചു. മാലിക്ക് സിനിമ വന്നപ്പോൾ കരാട്ടേ ഫാറൂഖ്

ജയിലിലെ മൊബൈൽ ഫോണുപയോഗത്തിന് മുൻ സെൻട്രൽ ജയിൽ സൂപ്രണ്ട് ബി. പ്രദീപിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ജെ.സന്തോഷ് കുമാറാണ് കേസ് എടുത്തത്. തുടർന്ന് കൃത്യ സ്ഥല മഹസ്സർ തയ്യാറാക്കുകയും മൊബൈൽ ഫോണും സിംകാർഡുകളും റിക്കവറി മഹസ്സർ പ്രകാരം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സബ്ബ് ഇൻസ്‌പെക്ടർ റ്റി.കെ.രവീന്ദ്രനാഥനാണ് അന്വേഷണം പൂർത്തിയാക്കി 2013 ജൂൺ 26 ന് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP