Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂത്ത് കോൺഗ്രസ് പരിപാടിയിലേക്ക് ക്ഷണിച്ചതു കൊണ്ടാണ് പോകുന്നത്; വരാത്തവർ വരണ്ട, അവർക്ക് യൂട്യൂബിൽ കാണാം; ഡിസിസിയെ അറിയിച്ചാണ് പങ്കെടുക്കുന്നത്; രണ്ട് മാസങ്ങളായി നേതാക്കളുടെ മനോഭാവത്തിൽ എന്തുകൊണ്ടാണ് മാറ്റം വന്നതെന്ന് അറിയില്ല; തനിക്ക് ആരെയും ഭയമില്ല, ആരും തന്നെയും ഭയപ്പെടേണ്ടതില്ല; നേതാക്കളുടെ എതിർപ്പ് തള്ളി തരൂർ

യൂത്ത് കോൺഗ്രസ് പരിപാടിയിലേക്ക് ക്ഷണിച്ചതു കൊണ്ടാണ് പോകുന്നത്; വരാത്തവർ വരണ്ട, അവർക്ക് യൂട്യൂബിൽ കാണാം; ഡിസിസിയെ അറിയിച്ചാണ് പങ്കെടുക്കുന്നത്; രണ്ട് മാസങ്ങളായി നേതാക്കളുടെ മനോഭാവത്തിൽ എന്തുകൊണ്ടാണ് മാറ്റം വന്നതെന്ന് അറിയില്ല; തനിക്ക് ആരെയും ഭയമില്ല, ആരും തന്നെയും ഭയപ്പെടേണ്ടതില്ല; നേതാക്കളുടെ എതിർപ്പ് തള്ളി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്തെ പരിപാടിയിൽ ശശി തരൂരിനെ ക്ഷണിച്ച് ഉദ്ഘാടകനാക്കിയതിനോട് ഉടക്കിലാണ് നേതൃത്വം. കോട്ടയം ഡിസിസി അധ്യക്ഷൻ അടക്കം തരൂരിനെ തള്ളി രംഗത്തുവന്നു. തങ്ങളെ അറിയിച്ചില്ലെന്നുമാണ് നാട്ടകം സുരേഷ് പറയുന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുക്കുന്നത് ഡിസിസിയെ അറിയിച്ചു കൊണ്ട് തന്നെയാണെന്ന് ശശി തരൂർ വ്യക്തമാക്കി. പരിപാടിയിലേക്ക് ക്ഷണിച്ചതുകൊണ്ടാണ് പോകുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി നേതാക്കളുടെ മനോഭാവത്തിൽ എന്തുകൊണ്ടാണ് മാറ്റം വന്നതെന്ന് അറിയില്ല. തനിക്ക് ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയപ്പെടേണ്ടതില്ലെന്നും തരൂർ പറഞ്ഞു. വരാൻ താൽപര്യമില്ലാത്തവർക്ക് യൂട്യൂബിൽ പരിപാടി കാണാം. പരിപാടിയെ കുറിച്ച് തന്നോട് ആരും ആശയ വിനിമയം നടത്തിയിട്ടില്ല. പരിപാടിയിലേക്ക് ക്ഷണിച്ചതുകൊണ്ടാണ് പോകുന്നതെന്നും തരൂർ പറഞ്ഞു.

കോട്ടയം ഡി.സി.സി അധ്യക്ഷനെ തന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നതായാണ് തരൂർ മാധ്യമങ്ങളോട് പറഞ്ഞത്. ജില്ലയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും. പാർട്ടിയിൽ നിന്ന് ആരും പരിപാടിയെ കുറിച്ച് തന്നോട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും തരൂർ വ്യക്തമാക്കി. തന്റെ മനസ് തുറന്ന പുസ്തകമാണെന്നും ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂരിന്റെ കോട്ടയം ജില്ലാ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും വ്യക്തമാക്കിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. പരിപാടിയിൽ പങ്കെടുത്ത് വിവാദങ്ങളുടെ ഭാഗമാകാനില്ലെന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. പരിപാടിയെ കുറിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല, യൂത്ത് കോൺഗ്രസിന്റെ പരിപാടി ജില്ലാ നേതൃത്വം അറിയേണ്ടതായിരുന്നു. വ്യവസ്ഥാപിത ചട്ടക്കൂട് പൊളിച്ച് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തരൂർ സംഘടനാ കീഴ് വഴക്കം പാലിച്ചില്ലെന്നും കെപിസിസിക്ക് പരാതി നൽകുമെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി.

അതേസമയം പത്തനംതിട്ടയിലെ പരിപാടിയും ശശി തരൂർ അറിയിച്ചില്ലെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡിസിസി പ്രസിഡന്റും ജില്ലയിലെ കെപിസിസി അംഗങ്ങളും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ അടൂരിൽ നടക്കുന്ന പരിപാടിയിലാണ് തരൂർ പങ്കെടുക്കുന്നത്.

തരൂരിന് വേദിയൊരുക്കുന്നതിനെ ചൊല്ലി കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഭിന്നത രൂക്ഷമായതിനിടെയാണ് തരൂരിന്റെ സന്ദർശനം. ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. അതേസമയം ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ സന്ദർശിക്കുന്ന തരൂർ തുടർന്ന് കെ എം ചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് പാലാ ബിഷപ്പ്ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. ശേഷമാണ് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം. എ ഗ്രൂപ്പിലെ ഒരു വിഭാഗം തരൂരിനെ അനുകൂലിക്കുന്നുണ്ടെങ്കിലും പരസ്യമായി പരിപാടിയിലേക്ക് എത്തിയേക്കില്ല. ഈ പരിപാടികൾക്ക് പുറമേ അടുത്തമാസം എൻഎസ് എസിന്റെ മന്നം ജയന്തിയിലും ചങ്ങനാശേരി രൂപത യുവദീപ്തിയുടെ പരിപാടിക്കും തരൂരിനെ ക്ഷണിച്ചിട്ടുണ്ട്.

അതേസമയം തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ പരിപാടിയിലാണ് തരൂർ പങ്കെടുക്കുന്നത്. നാളെയാണ് അടൂരിൽ പരിപാടി നടക്കുന്നത്. കെപിസിസി പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷൻ ജെ എസ് അടൂരിന്റെ സംഘടന ആണ് ബോധിഗ്രാം. പരിപാടിയുടെ സംഘാടകർ ക്ഷണിച്ചിട്ടുണ്ടങ്കിലും ഡിസിസി പ്രസിഡന്റ് പങ്കെടുക്കില്ല. നേതാക്കൾക്ക് പങ്കെടുക്കാൻ വിലക്കില്ലെന്നും ഡിസിസി പറഞ്ഞു. ജില്ലാ നേതൃത്വത്തെ അറിയിക്കാതെ ഉള്ള തരൂരിന്റെ സന്ദർശനത്തിൽ ഐ ഗ്രൂപ്പിന് എതിർപ്പുണ്ടെങ്കിലും നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ബോധിഗ്രാം രാഷ്ട്രീയ സംഘടന അല്ല എന്നാണ് സംഘാടകരുടെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP