Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടമ്പനാട് പഞ്ചായത്തിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയിൽ വമ്പൻ അഴിമതി; കരാർ തൊഴിലാളികളുടെ കൂലിയിലും കൈയിട്ടു വാരുന്നു; ആനുകൂല്യം ഏതാനും ചില വാർഡുകളിൽ മാത്രം; വിഷയത്തെച്ചൊല്ലി സിപിഎമ്മിന്റെ പഞ്ചായത്തംഗങ്ങൾ ഓഫീസിനുള്ളിൽ തമ്മിലടിച്ചു; എല്ലാത്തിനും കാരണമായത് സിപിഎം അടൂർ ഏരിയാ സെക്രട്ടറിയുടെ പിൻസീറ്റ് ഡ്രൈവിങ്

കടമ്പനാട് പഞ്ചായത്തിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയിൽ വമ്പൻ അഴിമതി; കരാർ തൊഴിലാളികളുടെ കൂലിയിലും കൈയിട്ടു വാരുന്നു; ആനുകൂല്യം ഏതാനും ചില വാർഡുകളിൽ മാത്രം; വിഷയത്തെച്ചൊല്ലി സിപിഎമ്മിന്റെ പഞ്ചായത്തംഗങ്ങൾ ഓഫീസിനുള്ളിൽ തമ്മിലടിച്ചു; എല്ലാത്തിനും കാരണമായത് സിപിഎം അടൂർ ഏരിയാ സെക്രട്ടറിയുടെ പിൻസീറ്റ് ഡ്രൈവിങ്

ശ്രീലാൽ വാസുദേവൻ

അടൂർ: സിപിഎം മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന കടമ്പനാട് ഗ്രാമപഞ്ചായത്തിൽ അഴിമതി മേളം. സിപിഎം ഏരിയാ സെക്രട്ടറിയുടെ പിൻസീറ്റ് ഡ്രൈവിങ് ഭരണം നടക്കുന്ന ഇവിടെ പാർട്ടിയുടെ ഗ്രാമപഞ്ചായത്തംഗങ്ങളും അസ്വസ്ഥരാണ്. ഏരിയാ സെക്രട്ടറിയും വിശ്വസ്തന്മാരും തിരിക്കുന്നതിന് അനുസരിച്ചാണ് ഇവിടെ ഭരണചക്രം തിരിയുന്നത്. ഏതാനും ചില വാർഡുകൾക്ക് മാത്രം ആനുകൂല്യം നൽകുന്നതിനെച്ചൊല്ലി സിപിഎമ്മിന്റെ വാർഡ് മെമ്പർമാർ വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസിനുള്ളിൽ ഏറ്റുമുട്ടി. വാടാ പോടാ വിളികളും അസഭ്യവർഷവും നടന്നു.

തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണി കരാർ നൽകിയതിലെ അഴിമതി സംബന്ധിച്ച തർക്കത്തിനൊടുവിൽ ആറാം വാർഡ് മെമ്പർ ലിന്റോ യോഹന്നാനും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും നാലാം വാർഡ് അംഗവുമായ നെൽസൺ ജോയിസുമാണ് ഏറ്റുമുട്ടിയത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെപ്പോലെ, ചെറുപ്രായത്തിൽ പഞ്ചായത്ത് പ്രസിഡന്റായി ചെറുപ്രായത്തിൽ ഏറ്റവുമധികം അഴിമതി ആരോപണം കേൾക്കേണ്ടി വന്ന പ്രിയങ്ക പ്രതാപിന്റെ സാന്നിധ്യത്തിലായിരുന്നു ഏറ്റുമുട്ടലെന്നും പറയുന്നു. പ്രിയങ്കയെ പഞ്ചായത്ത് പ്രസിഡന്റാക്കിയത് സിപിഎം ഏരിയാ സെക്രട്ടറി മനോജാണ്. അതിനാൽ തന്നെ മനോജ് നിശചയിക്കുന്നതു പോലെയാണ് ഭരണം നടക്കുന്നത്. ഇത് പലപ്പോഴും പ്രസിഡന്റിനെ അഴിമതിക്കുഴിയിൽ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുകയുമാണ്.

പഞ്ചായത്തിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചു ലക്ഷം രൂപയും ലൈറ്റുകൾ വാങ്ങാൻ ആറു ലക്ഷവും അനുവദിച്ചിരുന്നു. അറ്റകുറ്റപ്പണിക്ക് നേരത്തേ കരാർ ഏറ്റെടുത്തവരെ ഒഴിവാക്കി ലിന്റോയുടെ വാർഡിൽ നിന്നുള്ള മനോജിന് പുതുതായി കരാർ നൽകി. സിപിഎം ഏരിയാ നേതാവിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. ഇവരുടെ നിയമനം പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 13 മുതൽ പഞ്ചായത്തിലെത്തി ദിവസവും ഹാജർ രേഖപ്പെടുത്തി പണി തുടങ്ങി. എന്നാൽ, 5,6,7,8 വാർഡുകളിൽ മാത്രമാണ് ഇത്രയും നാൾ ജോലി നടന്നത്.

തന്റെ വാർഡിൽ തെരുവു വിളക്ക് അറ്റകുറ്റപ്പണി നടക്കാതെ വന്നപ്പോൾ നെൽസൺ പാർട്ടി നേതൃത്വത്തോട് പരാതി പറഞ്ഞു. നട്ടെല്ലു നിവർത്തി കാര്യങ്ങൾ ചെയ്യാൻ അവിടെ നിന്ന് നിർദ്ദേശം വന്നു. വ്യാഴാഴ്ച ഒപ്പിടാൻ നെൽസൺ കരാറുകാരനെ അനുവദിച്ചില്ല. ഇയാൾ പുറത്തിറങ്ങി വിവരം ലിന്റോയെ അറിയിച്ചു. പാഞ്ഞു വന്ന ലിന്റോ ഒപ്പിടാൻ ആജ്ഞാപിച്ചു. ഇട്ടു പോകരുതെന്ന് നെൽസണും അന്ത്യശാസനം കൊടുത്തു. ഒടുക്കം ഇരുവരും തമ്മിൽ വാടാപോടാ വിളികളും ഉന്തും തള്ളുമായി. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് മൗനം ഭജിക്കുകയും ചെയ്തു.

അറ്റകുറ്റപ്പണിക്ക് കരാർ കൊടുത്തതിൽ വൻ അഴിമതിയാണ് ആരോപിക്കുന്നത്. രണ്ടു തൊഴിലാൽകൾക്ക് പ്രതിദിനം 1800 രൂപ വീതമാണ് കൂലി. എന്നാൽ, ഇവർക്ക് 1200 രൂപ കൊടുത്തതിന് ശേഷം ബാക്കി 600 ചില നേതാക്കൾ പോക്കറ്റിൽ ഇടുന്നുവെന്നാണ് ആരോപണം. ഏരിയാ നേതാവ് വരെ ഇതിന്റെ പങ്കു പറ്റുന്നുണ്ടെന്നാണ് വിവരം.

നേരത്തേ കരാർ എടുത്തിരുന്നവർ മെമ്പർമാർ അറിയിക്കുന്നത് അനുസരിച്ച് അതാത് വാർഡുകളിൽ എത്തി തെരുവു വിളക്കിന്റെ അറ്റകുറ്റപ്പണി നടത്തി പോവുകയായിരുന്നു പതിവ്. നിലവിലുള്ളവർക്ക് അതാത് മെമ്പർമാർ കോണി ലഭ്യമാക്കിയാൽ പോസ്റ്റിൽ കയറാം എന്നതാണ് സ്ഥിതി. ഇവർ വളരെ വിഐപികളാണ്. കാരണം പാർട്ടി ഏരിയാ സെക്രട്ടറിയുടെ വിശ്വസ്തനാണ് കരാറുകാരൻ. മുൻപ് ചില കേസുകളിൽ പ്രതിയുമായിരുന്നു. ലിറ്റിൽ ലാഡർ കിട്ടിയാൽ മാത്രം പോസ്റ്റിൽ കയറാമെന്നാണ് നിലപാട്. ഇതു കാരണം കരാർ തൊഴിലാളികൾ പണിയെടുക്കാറില്ല. പഞ്ചായത്തിൽ വന്ന് ഒപ്പിട്ട ശേഷം സമീപത്തെ കടകളിൽ വിശ്രമിക്കുകയാണ് ഇവരുടെ പരിപാടി.

കടമ്പനാട് പഞ്ചായത്തിലെ തെരുവു വിളക്ക് അറ്റകുറ്റപ്പണി സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ഏരിയാ കമ്മറ്റിയോഗം ചർച്ച ചെയ്തിരുന്നു. യോഗത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ഏരിയാ സെക്രട്ടറി വിവരം അവതരിപ്പിച്ചത്. നിലാവ് എന്ന പേരിൽ പദ്ധതി ഉള്ളതിനാൽ തെരുവു വിളക്ക് അറ്റകുറ്റപ്പണി നടക്കുന്നില്ല എന്നായിരുന്നു പരാമർശം.

അതേ സമയം തന്നെയാണ് കഴിഞ്ഞ 10 ന് ചേർന്ന പഞ്ചായത്ത് കമ്മറ്റി തെരുവു വിളക്ക് അറ്റകുറ്റപ്പണിക്ക് 5 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതും. പഴയ കരാറുകാർക്ക് തന്നെ അറ്റകുറ്റപ്പണി കൊടുത്താൽ ഫണ്ടിൽ കൈയിട്ടു വാരാൻ കഴിയാത്തതിനാൽ തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് കരാർ കൊടുത്തുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP