Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്സരം തുടങ്ങുമ്പോൾ മൂന്ന് ടീമുകൾക്കും സാധ്യത; മത്സരത്തിനിടെ മാറിമറിഞ്ഞ പോയിന്റ് ടേബിൽ; ഇരട്ട ഗോൾ വീണതോടെ യുറഗ്വായ് രണ്ടാമത്; പോർച്ചുഗലിനെ വീഴ്‌ത്തിയപ്പോൾ കൊറിയ കയറി; പോയിന്റും ഗോൾ വ്യത്യാസത്തിലും തുല്യത പാലിച്ചിട്ടും യുറഗ്വായ് പുറത്ത്

മത്സരം തുടങ്ങുമ്പോൾ മൂന്ന് ടീമുകൾക്കും സാധ്യത; മത്സരത്തിനിടെ മാറിമറിഞ്ഞ പോയിന്റ് ടേബിൽ; ഇരട്ട ഗോൾ വീണതോടെ യുറഗ്വായ് രണ്ടാമത്; പോർച്ചുഗലിനെ വീഴ്‌ത്തിയപ്പോൾ കൊറിയ കയറി; പോയിന്റും ഗോൾ വ്യത്യാസത്തിലും തുല്യത പാലിച്ചിട്ടും യുറഗ്വായ് പുറത്ത്

സ്പോർട്സ് ഡെസ്ക്

ദോഹ: അട്ടിമറികൾ കൊണ്ടു മാത്രമല്ല, അത്‌ലറ്റിക്‌സ് മത്സരങ്ങളിലേതിന് സമാനമായ ഇഞ്ചോടിഞ്ച് പോരാട്ടവും ഫിനിഷിംഗുമൊക്കെ കണ്ട് ഞെട്ടിത്തരിക്കുകയാണ് ഖത്തർ ലോകകപ്പ് കാണാനെത്തിയ ആരാധകർ. നാടകീയ മുഹൂർത്തങ്ങൾ നെഞ്ചിടിപ്പേറ്റുന്ന ഒട്ടേറെ മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിനങ്ങളിൽ കാണുന്നത്. ഇന്നലെ ജർമ്മനിയായിരുന്നു പോയിന്റ് പട്ടികയിലെ മാജിക്കിൽ പുറത്തായതെങ്കിൽ ഇന്ന് ദുർവിധി കാത്തിരുന്നത് യുറഗ്വയെയായിരുന്നു.

ഓരോ ദിവസം കഴിയുന്തോറും മത്സരം കൂടുതൽ ആവേശത്തിലേക്കുയരുകയാണ്. ഇന്ന് ഗ്രൂപ്പ് എച്ചിലെ അതിനിർണായക പോരാട്ടങ്ങളാണ് ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചത്. ഗ്രൂപ്പ് എച്ചിൽ നിന്ന് പോർച്ചുഗൽ നേരത്തേ പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ ശേഷിച്ച ഒരു സ്ഥാനത്തിനായി യുറഗ്വായും ദക്ഷിണകൊറിയയും ഘാനയും പോരടിക്കുകയായിരുന്നു.മത്സരം തുടങ്ങുമ്പോൾ മൂന്ന് ടീമുകൾക്കും തുല്യ സാധ്യതയുമുണ്ടായിരുന്നു. ഘാനയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുണ്ടായിരുന്നു. എന്നാൽ യുറഗ്വായ്ക്കും കൊറിയയ്ക്കും വെറും ഒരു പോയന്റ് മാത്രം.

എന്നാൽ മൂന്നാം റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കഥയാകെ മാറി. പോർച്ചുഗലിനെ അട്ടിമറിച്ച് കൊറിയയും ഘാനയെ വീഴ്‌ത്തി യുറഗ്വായും കരുത്തുകാട്ടിയെങ്കിലും യുറഗ്വായെ കാത്തിരുന്നത് പുറത്തേക്കുള്ള വഴിയായിരുന്നു. പോയിന്റ് പട്ടിക നോക്കിയാൽ ഏത് ടീം പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കും എന്ന കാര്യത്തിലായി സംശയം ഉയർന്നേക്കാം. ഇരുടീമുകൾക്കും മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയന്റ്. ഗോൾ വ്യത്യാസത്തിലും തുല്യത. പക്ഷേ യുറഗ്വായിയെ മറികടന്ന് ദക്ഷിണ കൊറിയയാണ് അവസാന 16-ലേക്ക് മുന്നേറിയത്.

ഗോൾവ്യത്യാസവും പോയന്റും തുല്യമായതോടെ അടിച്ച ഗോളിന്റെ എണ്ണമാണ് ഇവിടെ അളവുകോലായത്. എതിരാളികളുടെ വലയിലെത്തിച്ച ഗോളുകളുടെ എണ്ണമെടുത്താൽ കൊറിയ നേടിയത് നാല് ഗോളുകൾ. യുറഗ്വായ് വെറും രണ്ട് ഗോളുകൾ മാത്രമാണ് അടിച്ചത്. ഇതോടെ കൊറിയ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനം നേടിക്കൊണ്ട് പ്രീ ക്വാർട്ടറിലെത്തി. കരുത്തരായ പോർച്ചുഗലിനെ ദക്ഷിണ കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയതോടെ യുറഗ്വായും ഘാനയും പ്രീക്വാർട്ടർ കാണാതെ പുറത്താവുകയായിരുന്നു.

ഇന്നലെ ജർമ്മനി കോസ്റ്ററിക്കയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തിട്ടും പുറത്തായിരുന്നു. സമാനമായ വിധിയായിരുന്നു ഇന്ന് യുറഗ്വായെയും കാത്തിരുന്നത്. ഘാനയ്ക്ക് എതിരായ അവസാനഗ്രൂപ്പ് മത്സരം വിജയിച്ചിട്ടും യുറഗ്വായ് പുറത്തായി.

മത്സരത്തിന്റെ 26-ാം മിനിറ്റിലായിരുന്നു യുറഗ്വായുടെ ആദ്യ ഗോൾ പിറന്നത്. പെല്ലിസ്ട്രി ബോക്‌സിലേക്ക് നൽകിയ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോൾകീപ്പർ അതി സിഗി തട്ടിയകറ്റി. എന്നാൽ കീപ്പറുടെ കൈയിൽ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോർജിയൻ ഡി അരാസ്‌കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

32-ാം മിനിറ്റിൽ അരാസ്‌കേറ്റ തന്നെ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നൽകിയ പന്ത് ഡാർവിൻ ന്യൂനെസ് തട്ടി സുവാരസിന് നൽകി. സുവാരസ് നൽകിയ പന്തിൽ നിന്നുള്ള അരാസ്‌കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയിൽ.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി പോരാടിയെങ്കിലും ഫലം കണ്ടില്ല. 66 ാം മിനിറ്റിൽ സുവാരിസിന് പകരം കവാനിയേയും പെലിസ്ട്രിക്ക് പകരം ഡി ലാ ക്രൂസിനേയും ഇറക്കി കളി മാറ്റാൻ യുറഗ്വായ് നീക്കം നടത്തി. 78ാം മിനിറ്റിൽ ഘാനയുടെ വാൽവേഡ് ഗോൾ പോസ്റ്റിലേക്ക് മുന്നേറ്റം നടത്തിയെങ്കിലും കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയി. 81ാം മിനിറ്റിൽ കുഡുസ് മനോഹരമായ ഷോട്ട് യുറുഗ്വായ് പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഗോളി തട്ടിമാറ്റുകയായിരുന്നു.

ദക്ഷിണ കൊറിയ രണ്ട് ഗോൾ നേടിയ വിവരം അറിഞ്ഞതോടെ യുറഗ്വായ് ആരാധകർ ആകാംക്ഷയുടെ മുൾമുനയിലായി. ഇതോടെ ഒരു ഗോൾ കൂടി അടിച്ച് പ്രീക്വാർട്ടറിൽ കയറാനുള്ള പരാക്രമമായിരുന്നു കളത്തിൽ. 90ാം മിനിറ്റിൽ ഘാനയുടെ പോസ്റ്റിലേക്ക് ഗോമസ് പന്ത് അടിച്ചുകയറ്റാൻ ശ്രമിച്ചങ്കിലും ഗോളി തട്ടിമാറ്റി. ഗാനയെ സംബന്ധിച്ചടത്തോളം പ്രീക്വാർട്ടറിൽ നിന്നും പുറത്തായ അവസ്ഥയായിരുന്നു. എന്നാൽ യുറുഗ്വായെ പ്രീക്വാർട്ടറിൽ നിന്നും പുറത്താക്കാനായിരുന്നു പിന്നീട് ഘാനയുടെ ശ്രമം. അവസാനനിമിഷങ്ങളിലെ കളി അതിനായിരുന്നു. അതിൽ അവർ ജയിക്കുകയും ചെയ്തു.

മികച്ച മുന്നേറ്റം നടത്തി ഘാനയ്‌ക്കെതിരെ വിജയിച്ചെങ്കിലും ജർമനിയുടെ വിധിയായിരുന്നു യുറഗ്വായെയും കാത്തിരുന്നത്. ഇന്നലെ നടന്ന കളിയിൽ സ്‌പെയിനെതിരെ ജപ്പാൻ ജയിച്ചതോടെയാണ് കോസ്റ്ററിക്കയെ തോൽപ്പിച്ച ജർമനിയും പ്രീ ക്വാർട്ടറിന് പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP