Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുട്ടിക്കാലത്ത് അച്ഛൻ മരിച്ചു; രണ്ട് ആങ്ങളമാർക്കുമൊപ്പം തന്റേടിയായി വളർന്ന തേങ്ങാപ്പട്ടണത്തുകാരി; ആണായി പിറക്കേണ്ടവളെന്ന് നാട്ടുകാർ വിളിച്ച റുഖിയ പൂവാറിന്റെ മരുമകളായത് 2003ൽ; ഭർത്താവിന്റെ അവിഹിതം അറിഞ്ഞപ്പോഴും പൊട്ടിത്തെറിച്ചില്ല; ഉപദേശിച്ചത് ഒഴിവാക്കാൻ; ആളില്ലാതുറയിലെ ക്രൂരതയ്ക്ക് പിന്നിൽ മാഹിൻകണ്ണിന്റെ ഭാര്യ

കുട്ടിക്കാലത്ത് അച്ഛൻ മരിച്ചു; രണ്ട് ആങ്ങളമാർക്കുമൊപ്പം തന്റേടിയായി വളർന്ന തേങ്ങാപ്പട്ടണത്തുകാരി; ആണായി പിറക്കേണ്ടവളെന്ന് നാട്ടുകാർ വിളിച്ച റുഖിയ പൂവാറിന്റെ മരുമകളായത് 2003ൽ; ഭർത്താവിന്റെ അവിഹിതം അറിഞ്ഞപ്പോഴും പൊട്ടിത്തെറിച്ചില്ല; ഉപദേശിച്ചത് ഒഴിവാക്കാൻ; ആളില്ലാതുറയിലെ ക്രൂരതയ്ക്ക് പിന്നിൽ മാഹിൻകണ്ണിന്റെ ഭാര്യ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: ഊരൂട്ടമ്പലം സ്വദേശിനി വിദ്യയേയും രണ്ടര വയസുകാരിയായ മകളെയും 11 വർഷം മുൻപ് തേങ്ങാപ്പട്ടണത്തിനടുത്തെ ആളില്ലാതുറൈയിലെത്തിച്ച് വക വരുത്തിയ സംഭവത്തിൽ ഗൂഢാലോചന കേസിലാണ് മുഖ്യ പ്രതി മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയും കുടുങ്ങിയത്. ഇരുവരും റിമാന്റിലാണ്. ഗൂഢാലോചനയ്ക്കുമപ്പുറം കേസിലുടനീളം റുഖിയയുടെ പങ്ക് വ്യക്തമാണ്. 2011 ആഗസ്റ്റിൽ മാഹിൻ കണ്ണിനെ അന്വേഷിച്ച് വീട്ടിലേയ്ക്ക് വരുമെന്ന് രണ്ടാം ഭാര്യയായ വിദ്യ ഫോണിൽ വിളിച്ചു പറയുമ്പോൾ അവളെ എങ്ങനെയും ഒഴിവാക്കിയെ പറ്റുവെന്ന് മാഹിൻ കണ്ണിനോട് ആവശ്യപ്പെടുന്നത് റുഖിയയാണ്.

എങ്ങനെ ഒഴിവാക്കുമെന്ന് ചോദിച്ച മാഹിൻ കണ്ണിനോട് കൊന്നിട്ട് ആയാലും വേണ്ടില്ല എന്ന് പറഞ്ഞതും റുഖിയ തന്നെ. കൊല്ലാനുള്ള തന്ത്രങ്ങളും പറഞ്ഞു കൊടുത്തത് റുഖിയ തന്നെ. പിന്നീട് റുഖിയ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ബൈക്കിൽ മാഹിൻ കണ്ണ് വിദ്യയേയും കുഞ്ഞിനെയും വിളിക്കാൻ മലയിൻകീഴ് എത്തിയത്. ഈ സമയം വിദ്യയുടെ സഹോദരി ആക്സിഡന്റ്ായി മലയിൻകീഴിലെ വീട്ടിൽ കിടക്കുകയായിരുന്നു. അമ്മ അച്ഛന്റെ ജോലി സ്ഥലമായ ചിറയിൻകീഴിൽ പോയിരിക്കുകയായിരുന്നു. വേളാങ്കണ്ണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വിദ്യയേയും മകൾ ഗൗരിയേയും കൂട്ടി പോയ മാഹിൻ കണ്ണ് ബാലരാമപുരത്ത് എത്തിയപ്പോൾ ബോധപൂർവ്വം തന്നെ വിദ്യയുമായി വഴക്കടിച്ചു.

തുടർന്ന് കളിയിക്കാവിള വഴി ആളില്ലാതുറൈയിലെത്തി. വിജനമായ ആ സ്ഥലത്ത് വിദ്യയെ എത്തിച്ചതും റുഖിയയുടെ ബുദ്ധിയായിരുന്നു. അവിടെ വെച്ചും മാഹിൻ കണ്ണ് ബോധപൂർവ്വം വിദ്യയുമായി വഴക്കടിച്ചു. അതിന് ശേഷമാണ് കടലിലേക്ക് പിടിച്ചു തള്ളിയത്. പാറക്കെട്ടും തിട്ടയും നിറഞ്ഞ സ്ഥലത്ത് ഉയരത്തിൽ നിന്നും താഴേക്ക് തള്ളിയപ്പോൾ തന്നെ വിദ്യയും കുഞ്ഞും നിലയില്ലാ കയത്തിലേക്ക് പോയി. കൊലപാതക സ്ഥലം പോലും തെരെഞ്ഞടുത്തത് റുഖിയയുടെ ബുദ്ധിയായിരുന്നു. റുഖിയ ജനിച്ചു വളർന്ന തേങ്ങാപ്പട്ടണത്തിന് വളരെ അടുത്തുള്ള ആളില്ലാത്തുറൈ പേരു പോലെ തന്നെ വിജനമാണ്.

പകൽ പോലും ആരും പോകാൻ മടിക്കുന്ന സ്ഥലം. കൊലപാതകത്തിന് ശേഷം 2011 ഓഗസ്റ്റ് 21 ലെ ദിനമലർ പത്രത്തിൽ വന്ന അജ്ഞാത മൃതദേഹ വാർത്തയും റുഖിയയെ മാഹിൻ കണ്ണ് കൊണ്ട് കാണിച്ചു. കൊലപാതകം നടക്കുമ്പോൾ റുഖിയ പുവ്വാറിലെ വീട്ടിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കോസ്റ്റൽ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. ഈ വാർത്ത അറിയാൻ ദിനവും നാഗർ കോവിലിൽ പോയി മാഹിൻ കണ്ണ് ദിനമലർ പത്രം വാങ്ങിയിരുന്നു. കൂടാതെ വിദ്യയുടെ മൃതദേഹം കണ്ടെടുത്തപ്പോൾ അത് ഉറപ്പിക്കാനായി ബോഡി കണ്ടെത്തിയ സ്ഥലത്തും മാഹിൻ കണ്ണ് എത്തിയിരുന്നു. ഇതെല്ലാം റുഖിയ പറഞ്ഞിട്ടാണ് ചെയ്തതെന്ന് മാഹിൻ കണ്ണ് പൊലീസിന് മൊഴി നല്കി.

രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുള്ള റുഖിയ കുട്ടിക്കാലത്തെ തന്റേടിയായിരുന്നു. ഒന്നിനെയും പേടിക്കാത്ത പ്രകൃതം. കുട്ടിക്കാലത്തെ ബാപ്പ മരിച്ചു.ഉമ്മയുടെ തണലിൽ ആണ് വളർന്നതെങ്കിലും എന്തിനും പോന്ന സ്വഭാവമായിരുന്നു റുഖിയയുടേത്. ആരുടെ മുന്നിലും കൂസാത്ത പ്രകൃതം, ആരയു പേടിയില്ല അന്നേ കുടംബക്കാർ പറയുമായിരുന്നു ഇവൾ ആണായി ജനിക്കേണ്ടവളാണെന്ന്. 2003ലാണ് റുഖിയയെ മാഹിൻ കണ്ണ് വിവാഹം കഴിക്കുന്നത്. അതോടെ റുഖിയയുടെ സഹോദരങ്ങളും കേരളത്തിലേയ്ക്ക് താമസം മാറ്റി. വിഴിഞ്ഞത്ത് സ്ഥിര താമസമാക്കിയ ഇവരുടെ മൊഴിയും ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

മത്സ്യ കച്ചവടത്തിന് പോകുന്ന സ്ത്രീകളുടെ മീൻ കുട്ടയും മറ്റും കാട്ടാക്കട ചന്തയിൽ എത്തിച്ചിരുന്നത് മൂഹമ്മദ് കണ്ണായിരുന്നു. അങ്ങനെയാണ് വിദ്യയെ കാണുന്നതും പ്രണയമാകുന്നതും. യാഥാർത്ഥ പേരു മറച്ചു വെച്ച് മനുവെന്ന പേരിലാണ് മാഹിൻ കണ്ണ് വിദ്യയ്ക്ക് മുന്നിൽ അവതരിച്ചത്. വിദ്യയുമായുള്ള മാഹിൻ കണ്ണിന്റെ ബന്ധം അറിഞ്ഞപ്പോൾ സാധാരണ സ്ത്രീകളെ പോലെ റുഖിയ പൊട്ടിത്തെറിച്ചില്ല. പകരം വിദ്യയെ ഒഴിവാക്കാനാണ് ഭർത്താവിനോട് നിർദ്ദേശിച്ചത്. അതിനായി സൂത്രപ്പണികളും ഭർത്താവിന് പറഞ്ഞു കൊടുത്തിരുന്നു. വിദ്യയുമായുള്ള ബന്ധം ഇവരുടെ ദാമ്പത്യത്തിലും മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല. കാരണം പലതും നിശ്ചയിച്ചുറപ്പിച്ചു തന്നെയാണ് റുഖിയ മുന്നോട്ടു പോയത്.

ഇപ്പോൾ റിമാന്റിലുള്ള മാഹിൻ കണ്ണിനെയും റുഖിയയേയും തിങ്കളാഴ്ച അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. അതിന് ശേഷം ആളില്ലാതുറൈ അടക്കമുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കും. വിദ്യയെയും കുഞ്ഞിനെയും പിറകിൽ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. മാഹിൻകണ്ണിനെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കുള്ളതിനാൽ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്.

2011 ഓഗസ്റ്റ് 22 ന് മാഹിൻകണ്ണ് വിദ്യയുടെ അമ്മയെയും അച്ഛനെയും പൂവാറിലേക്ക് എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും വിവരമുണ്ട്. വിദ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തി നാലാം ദിവസം രാത്രിയാണ് മാഹിൻകണ്ണിന്റെ ഫോണിൽ നിന്ന് വിദ്യയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത്. വിദ്യയുടെ അച്ഛൻ ജയചന്ദ്രൻ പറഞ്ഞതുകൊണ്ട് ഇരുവരും പോയില്ല. അന്നേ ദിവസത്തെ മാഹിൻകണ്ണിന്റെ ഫോൺവിളി വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. വിദ്യയുടെ അമ്മ പറയുന്ന ദിവസം 10 മിനുട്ട് മാഹിൻകണ്ണ് വിദ്യയുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ച് സംസാരിച്ചതായി ഫോൺ രേഖകളിലുമുണ്ട്.

രാധയും ജയചന്ദ്രനും മകളെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാണിച്ച് മാറനെല്ലൂർ പൊലീസിലും പൂവാർ പൊലീസിലും പരാതി നൽകിയ ദിവസമായിരുന്നു മാഹിൻകണ്ണിന്റെ ഈ നീക്കം. കേസിൽ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. അന്നത്തെ എസ് ഐ ബിനു, സി ഐ , ഡി വൈ എസ് പി എന്നിവർക്കും വീഴ്ച പറ്റി. കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാർ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി.

വിദ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാർച്ച് 14 ന് വിദ്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒന്നര വർഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിൻകണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തർക്കമായി. 2011 ഓഗസ്റ്റ് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോയി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും കണ്ടില്ല. വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂർ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു.

പൂവാറിൽ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിൻ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിൻ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.'വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂർ പൊലീസ് അൺനോൺ ആക്കി പൂഴ്‌ത്തി വെക്കുകയായിരുന്നു.മകളെ കാണാതായ ദുഃഖത്തിൽ ജയചന്ദ്രൻ കഴിഞ്ഞ വർഷം തൂങ്ങി മരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം വാർത്തയായതോടെയാണ് ഡി വൈ എസ് പി കെ ജെ ജോൺസൺന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും മാഹീൻ കണ്ണിന അറസ്റ്റ് ചെയ്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP