Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാറ്റോ സഖ്യം ഒപ്പമുണ്ടെങ്കിൽ പുടിനുമായി സംഭാഷണത്തിന് തയ്യാറെന്ന് ബൈഡൻ; ഒരു കാരണവശാലും റഷ്യയ്ക്ക് യുക്രെയിനിൽ ജയിക്കാൻ ആവില്ലെന്നും അമേരിക്കൻ പ്രസിഡണ്ട്; യുക്രെയിനെ പിന്തുണക്കുന്ന സ്പാനിഷ് പ്രധാനമന്ത്രിക്ക് നേരെ ലറ്റർ ബോംബ് ആക്രമണ ശ്രമം; യുക്രെയിന് റോക്കറ്റ് ലോഞ്ചറുകൾ നിർമ്മിച്ചു നൽകുന്ന കമ്പനി മേധാവിയേയും ലക്ഷ്യം വച്ചു; റഷ്യ മൗനം തുടരുമ്പോൾ

നാറ്റോ സഖ്യം ഒപ്പമുണ്ടെങ്കിൽ പുടിനുമായി സംഭാഷണത്തിന് തയ്യാറെന്ന് ബൈഡൻ; ഒരു കാരണവശാലും റഷ്യയ്ക്ക് യുക്രെയിനിൽ ജയിക്കാൻ ആവില്ലെന്നും അമേരിക്കൻ പ്രസിഡണ്ട്; യുക്രെയിനെ പിന്തുണക്കുന്ന സ്പാനിഷ് പ്രധാനമന്ത്രിക്ക് നേരെ ലറ്റർ ബോംബ് ആക്രമണ ശ്രമം; യുക്രെയിന് റോക്കറ്റ് ലോഞ്ചറുകൾ നിർമ്മിച്ചു നൽകുന്ന കമ്പനി മേധാവിയേയും ലക്ഷ്യം വച്ചു; റഷ്യ മൗനം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമൊത്തുള്ള ഒരു സംയുക്ത മാധ്യമ സമ്മേളനത്തിനിടയിൽ റഷ്യൻ പ്രസിഡണ്ട് പുടിനുമായി സംഭാഷണത്തിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. എന്നാൽ, താൻ ഒറ്റക്ക് അതിനു മുതിരില്ലെന്നും, നാറ്റോ സഖ്യം കൂടെ വേണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ പുടിൻ സന്നദ്ധത പ്രകടിപ്പിക്കുകയും വേണം.

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ ശ്രദ്ധിച്ചായിരുന്നു ബൈഡൻ ഉത്തരം നൽകിയത്. പുടിനുമായി കൂടിക്കാഴ്‌ച്ചക്ക് താൻ പദ്ധതിയൊന്നും തയ്യാറാക്കിയിട്ടില്ല എന്ന് പറഞ്ഞ അദ്ദേഹം പുടിൻ സംഭാഷണത്തിന് തയ്യാറെങ്കിൽ താനും തയ്യാറാണെന്ന് പറഞ്ഞു. എന്നാൽ, യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ പുടിൻ ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു താത്പര്യം പുടിൻ പ്രകടിപ്പിച്ചാൽ, നാറ്റോ സഖ്യത്തിനൊപ്പം പുടിനുമായി സംഭാഷണം നടത്തുമെന്നും ബൈഡൻ പറഞ്ഞു.

യുക്രെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുക മാത്രമാണ് യുദ്ധം അവസാനിപ്പിക്കാൻ പുടിനു മുൻപിലുള്ള ഏക മാർഗ്ഗം എന്ന് പറഞ്ഞ ബൈഡൻ, ഈ യുദ്ധത്തിൽ യുക്രെയിനു മേൽ വിജയം നേടാൻ റഷ്യക്ക് ഒരു കാരണവശാലും കഴിയില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡണ്ടും യുക്രെയിനുള്ള ശക്തമായ പിന്തുണ അരക്കിട്ടുറപ്പിക്കുന്ന വാക്കുകളായിരുന്നു പറഞ്ഞത്.

യുക്രെയിനിൽ റഷ്യ നടത്തിയ യുദ്ധ കുറ്റങ്ങൾക്ക് റഷ്യ മറുപടി പറയേണ്ടി വരുമെന്ന് അവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യത്തിനായി തങ്ങൾ ഏത് നടപടിയും കൈക്കൊള്ളുമെന്നും അവർ പറഞ്ഞു. യുദ്ധത്തിന്റെ മറവിൽ റഷ്യൻ സൈനികർ കാണിച്ച ക്രൂരകൃത്യങ്ങൾ ലോകത്തിന് അത്ര എളുപ്പം മറക്കാനാവില്ല എന്നും അവർ സൂചിപ്പിച്ചു.

സ്പാനിഷ് പ്രധാനമന്ത്രിയെ ഉന്നം വെച്ച് ലറ്റർ ബോംബ്

സ്പെയിനിലെ ഉന്നതരെ ഉന്നം വച്ച് ആറ് ലറ്റർ ബോംബുകൾ അയച്ചത് കണ്ടുപിടിച്ചതോടെ സ്പെയിനിൽ സുരക്ഷ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. രാജ്യം യുക്രെയിനു പിന്തുണ നൽകുന്നതാണ് ഇത്തരമൊരു ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സ്പാനിഷ് പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവർക്കൊപ്പം, യുക്രെയിന് നൽകുവാനായി റോക്കറ്റ് ലോഞ്ചറുകൾ നിർമ്മിക്കുന്ന കമ്പനിയുടെ മേധാവിക്കും ലറ്റർ ബോംബ് ലഭിച്ചതാണ് ഈ സംശയത്തിനു കാരണം.

ഇവരെ കൂടാതെ സ്പെയിനിലെ അമേരിക്കൻ എംബസി, യുക്രെയിൻ എംബസി ഒരു സൈനിക ആസ്ഥാനം എന്നിവിടങ്ങളിലും ഈ ലറ്റർ ബോംബുകൾ എത്തുകയുണ്ടായി. ഇതുവരെ ആരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഗൺപൗഡർ നിറച്ച കവർ തുറന്ന,ഒരു യുക്രെയിൻ എംബസി ഉദ്യോഗസ്ഥന് പൊള്ളലേറ്റത് ഒഴിച്ചാൽ മറ്റ് അപകടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

യുക്രെയിനു പുറത്തുംയുക്രെയിൻ സ്ഥാപനങ്ങളെ ലക്ഷ്യം വച്ച് റഷ്യൻ ആക്രമണം ഉണ്ടായേക്കാം എന്ന് സ്പാനിഷ് എംബസിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള യുക്രെയിൻ എംബസികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ യുക്രെയിൻ സർക്കാർ തീരുമാനിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഷെസിന് നവംബർ 24 നായിരുന്നു ലറ്റർ ബോംബ് ലഭിച്ചത്. ഈയാഴ്‌ച്ച തന്നെയായിരുന്നു മറ്റ് ലറ്റർ ബോംബുകളും എത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

യുക്രെയിൻ അമ്പാസിഡറുടെ മേൽവിലാസത്തിൽ എത്തിയ കത്ത് പൊട്ടിത്തെറിച്ചതോടെ ബുധനാഴ്‌ച്ച ഉച്ചകഴിഞ്ഞ് എംബസി അടച്ചിട്ടു. അമേരിക്കൻ എംബസിയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. അതുപോലെ യുക്രെയിന് സി 90 റോക്കറ്റ് ലോഞ്ചറുകൾ നിർമ്മിച്ചു നൽകുന്ന ഇൻസ്റ്റാൽസയുടെ ആസ്ഥാനത്തും ലറ്റർ ബോംബെത്തി. മാഡ്രിഡിന് സമീപമുള്ള എയർബേസിലെ യൂറോപ്യൻ യൂണിയൻ സാറ്റലൈറ്റ് സെന്ററിലും സമാനമായ ബോംബ് എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

പാശ്ചാത്യ ശക്തികൾ റഷ്യ- യുക്രെയിൻ യുദ്ധത്തിൽ നേരിട്ട് ഇടപെടുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി ഒലെഗ് നിക്കോളെൻകോ ആരോപിച്ചതിനു ശേഷമാണ് സംഭവം നടന്നതെന്ന് ഇതിൽ റഷ്യയുടെ പങ്കിനെ കുറിച്ചുള്ള സംശയം കൂടുതൽ ബലപ്പെടുത്തുന്നു. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാതെ റഷ്യ മൗനം പൂകുകയാണ്. അതേസമയം, നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുന്നതായി സ്പെയിനിലെ റഷ്യൻ എംബസി വക്താവ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP