Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 52 ശതമാനം പോളിങ്; ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; വോട്ട് രേഖപ്പെടുത്താൻ സിലിണ്ടറുമായി കോൺഗ്രസ് നേതാവ്; രണ്ടാം ഘട്ട വോട്ടെടുപ്പ് അഞ്ചിന്; എട്ടിന് ഫലമറിയാം

ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 52 ശതമാനം പോളിങ്; ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; വോട്ട് രേഖപ്പെടുത്താൻ സിലിണ്ടറുമായി കോൺഗ്രസ് നേതാവ്; രണ്ടാം ഘട്ട വോട്ടെടുപ്പ് അഞ്ചിന്; എട്ടിന് ഫലമറിയാം

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 52 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിന് മണിക്കൂറുകൾക്കു മുമ്പ് നവസാരി ജില്ലയിലെ വൻസ്ധ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പീയുഷ് പട്ടേലിന് നേരെ അജ്ഞാത സംഘം ആക്രമണം നടത്തി.

നാടിളക്കി നടത്തിയ പ്രചാരണ പരിപാടികൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിന് പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. കനത്ത പോരാട്ടമാണ് നടക്കുന്നതെങ്കിലും സൗരാഷ്ട്ര കച്ച് മേഖലയിലും തെക്കൻ ഗുജറാത്തിലും മന്ദഗതിയിൽ ആയിരുന്നു തുടക്കം മുതൽ പോളിങ്. ഗുജറാത്തികൾക്കൊപ്പം മലയാളി വോട്ടർമാരും രാവിലെതന്നെ പോളിങ് ബൂത്തിലേക്ക് എത്തി.

സൂറത്തിലെ കദർഗാമിൽ പോളിങ് ബോധപൂർവ്വമായി മന്ദഗതിയിലാക്കി എന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ആംആദ്മി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ മത്സരിക്കുന്ന മണ്ഡലം ആണിത് . കോൺഗ്രസ് നേതാവും അംരേലിയിലെ സ്ഥാനാർത്ഥിയുമായ പരേഷ് ധാനാനി വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സൈക്കിളിൽ ഗ്യാസ് സിലിണ്ടറുമായാണ് പോളിങ് ബൂത്തിലേക്ക് എത്തിയത്.

ഡിസംബർ അഞ്ചിനാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 48 എണ്ണം 2017 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മിന്നും വിജയം നേടിയ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസിന് 40 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിരുന്നു.

സൂറത്തിലെ ബേഗംപുരയിൽ വൈദ്യുതി തടസ്സപ്പെട്ടതോടെ പോളിങ് ഇടയ്ക്ക് വച്ച് നിർത്തിവയ്‌ക്കേണ്ടി വന്നു. കോൺഗ്രസ് നേതാവ് ആസാദ് കല്യാണി ബൂത്തിൽ നിലത്തിരുന്ന് പ്രതിഷേധിച്ചു. അതേസമയം രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അവസാനഘട്ട പ്രചാരണം കൊഴിപ്പിക്കുകയാണ് പാർട്ടികൾ.

പീയൂഷ് പട്ടേൽ മണ്ഡലത്തിലെ ഝരി ഗ്രാമത്തിൽ ആയിരുന്നപ്പോൾ അക്രമികൾ അദ്ദേഹം സഞ്ചരിച്ച കാർ തകർക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ വൻസ്ദ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്. ബിജെപി പ്രവർത്തകർ കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

മൂന്നു മണിക്കൂർ നീളുന്ന റോഡ് ഷോയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് ഇന്ന് നടത്തിയത്. 16 മണ്ഡലങ്ങളിലാണ് ഒരു ദിനം സന്ദർശനം. കോൺഗ്രസിൽ തന്നെ അപമാനിക്കാനായുള്ള മത്സരം നടക്കുകയാണെന്ന് മോദി റാലിയിൽ പ്രസംഗിച്ചു. ഗാർഗെ നടത്തിയ രാവണൻ പരാമർശം ചൂണ്ടിക്കാട്ടിയിരുന്നു പ്രതികരണം. ഗുജറാത്ത് ഗ്രാമഭക്തരുടെ നാടാണെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP