Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡയാനയുടെ കമ്മൽ ധരിച്ച് അതിസുന്ദരിയായി കെയ്റ്റ് വില്യമിനൊപ്പം അമേരിക്കയിലെത്തിയപ്പോൾ കാത്തിരിക്കുന്നതുകൊട്ടാരത്തിലെ വംശീയ വിവാദം; വില്യമിന്റെ തലതൊട്ടമ്മയുടെ വാക്കുകൾ ഇരുട്ടടിയായി മാറുന്നു; വിവാദ നായികയെ പുറത്താക്കി ബക്കിങ്ഹാം പാലസ്

ഡയാനയുടെ കമ്മൽ ധരിച്ച് അതിസുന്ദരിയായി കെയ്റ്റ് വില്യമിനൊപ്പം അമേരിക്കയിലെത്തിയപ്പോൾ കാത്തിരിക്കുന്നതുകൊട്ടാരത്തിലെ വംശീയ വിവാദം; വില്യമിന്റെ തലതൊട്ടമ്മയുടെ വാക്കുകൾ ഇരുട്ടടിയായി മാറുന്നു; വിവാദ നായികയെ പുറത്താക്കി ബക്കിങ്ഹാം പാലസ്

മറുനാടൻ മലയാളി ബ്യൂറോ

വില്യം രാജകുമാരനൊപ്പം അമേരിക്കയിലെത്തിയ കെയ്റ്റ് രാജകുമാരി ഓർമ്മപ്പെടുത്തുന്നത് മരിച്ചുപോയ തന്റെ ഭർതൃമാതാവിനെ. ഡയാനയുടെ അതിമനോഹരമായ സഫയർ കല്ലു പതിച്ച രത്ന കമ്മലുകളണിഞ്ഞാണ് ബ്രിട്ടന്റെ ആധുനിക സൗന്ദര്യ സങ്കൽപങ്ങളിൽ ഒരാളായ കെയ്റ്റ് രാജകുമാരി അമേരിക്കയിലെത്തിയത്. അമേരിക്കയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ വില്യമും കെയ്റ്റും ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്ന ദൃശ്യം മാധ്യമങ്ങളിൽ വന്നു.

തന്റെ മരണത്തിനു മുൻപ് ഏറെ പൊതു ചടങ്ങുകളിൽ ഡയാന ഈ കമ്മൽ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1996-ൽ ന്യുയോർക്ക് നഗരത്തിൽ നടന്ന മെറ്റ് ഗലായിലും 1991-ലെ കാനഡ സന്ദർശന വേളയിലും അവർ ഈ കമ്മൽ ആണ് അണിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ഈ ആഭരണം എന്നും ഡയാനയ്ക്കൊപ്പം ചേർത്ത് വയ്ക്കുകയായിരുന്നു അവരുടെ ആരാധകർ. പിന്നീട് കെയ്റ്റിന്റെ കൈവശം വന്നു ചേർന്ന ഈ അമൂല്യ ആഭരണം രാജ്ഞിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ട്രൂപ്പിങ് ദി കളർ ചടങ്ങിലും കെയ്റ്റ് ധരിച്ചിരുന്നു.

2014 ന് ശേഷം ഇതാദ്യമായാണ് ദമ്പതിമാർ അമേരിക്ക സന്ദർശിക്കുന്നത്. ഇന്നലെ ബോസ്റ്റൺ സിറ്റി ഹാളിലെത്തിയ അവർ നഗരപിതാവിനെയും സന്ദർശിച്ചു. അമേരിക്കയിൽ എത്തിയ വില്യം ഒരു ട്വീറ്റിലൂടെ തന്റെ മുത്തശ്ശി എലിസബത്ത് രാജ്ഞിയേയും സ്മരിച്ചു. ജീവിതത്തിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ശുഭാപ്തിവിശ്വാസിയായ വ്യക്തികളിൽ ഒരാൾ എന്നായിരുന്നു വില്യം തന്റെ മുത്തശ്ശിയെ വിശേഷിപ്പിച്ചത്.

തലതൊട്ടമ്മയുടെ വംശീയവെറി വില്യമിന് പാരയാകുന്നു

വില്യം ആരംഭിച്ച എർത്ത്ഷോട്ട്സ് അവാർഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്തിയ വില്യമിനും കെയ്റ്റിനും ഇപ്പോൾ പാരയാകുന്നത് സ്വന്തം തലതൊട്ടമ്മയും, എലിസബത്ത് രാജ്ഞിയുടേ അടുത്ത സഹായിയുമായ ലേഡി സൂസ്സൻ ഹസ്സേയുടെ വംശീയ വെറി നിറഞ്ഞ വാക്കുകളാണ്. രാജപ്ത്നി കാമില ആതിഥേയത്വം അരുളിയ ഒരു പരിപാടിയിലായിരുന്നു ലേഡി സൂസൻ ഈ വാക്കുകൾ പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കറുത്ത വർഗ്ഗക്കാരിയായ ഒരു അതിഥി ബ്രിട്ടീഷുകാരിയാണെന്ന് സമ്മതിക്കാൻ വിസമ്മതിച്ച സൂസൻ അവരോട് ആഫ്രിക്കയുടെ ഏത് ഭാഗത്തു നിന്നാണ് എന്ന് ചോദിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ വില്യമിന് ഇത് വലിയൊരു തിരിച്ചടി തന്നെയാണ്. സന്ദർശനം വംശീയ വിവാദത്തിൽ മുങ്ങിപ്പോകുമോ എന്നാണ് ഇപ്പോൾ ആശങ്ക. ഏതായാലും തന്റെ വാക്കുകൾ വിവാദമായതോടെ ലേഡി സൂസൻ രാജകൊട്ടാരത്തിലെ ജോലിയിൽ നിന്നും രാജിവെച്ചിട്ടുണ്ട്.

കാമിലയ്ക്കും തുടക്കത്തിൽ തന്നെ കല്ലുകടിച്ച അനുഭവമാണ് ഇത് നൽകിയിട്ടുള്ളതെങ്കിലും, ചാൾസ് മൂന്നാമൻ രാജാവ് ഇത് തീരെ ഗൗനിച്ചിട്ടില്ല. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം ഇന്നലെ ലണ്ടനിൽ അഭയാർത്ഥികളായി താമസിക്കുന്ന യുക്രെയിൻ വംശജരുടെ ഒരു പള്ളിയിൽ സന്ദർശനം നടത്തുകയും അവിടെയെത്തിയ വിശ്വാസികളുമായി സംസാരിക്കുകയും ചെയ്തു.

വംശീയതയെ തള്ളിപ്പറഞ്ഞ് വില്യമിന്റെ വക്താവ്

സംഭവം വിവാദമായതോടെ കെൻസിങ്ടൺ കൊട്ടാരത്തിലെത്തിയ മാധ്യമ പ്രവർത്തകരോട് വില്യം രാജകുമാരന്റെ വക്താവ് പറഞ്ഞത് വംശീയവെറിക്ക് ബ്രിട്ടീഷ് സമൂഹത്തിലോ രാജകൊട്ടാരത്തിലോ ഒരു സ്ഥാനവും ഇല്ല എന്നായിരുന്നു. അവിടെ പറഞ്ഞ വാക്കുകൾ ഒരിക്കലും കൊട്ടാരത്തിന് സ്വീകാര്യമല്ലെന്നും അത് പറഞ്ഞ വ്യക്തി ഉടനടി രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി. അതിഥിക്ക് ഉണ്ടായ വിഷമത്തിൽ ഖേദിക്കുന്നതായും വക്താവ് അറിയിച്ചു.

അതേസമയം, ഈ വംശീയാധിഷേപത്തിന് വിധേയയായ ഈസ്റ്റ് ലണ്ടൻ ചാരിറ്റി സിസ്റ്റാ സ്പേസ് ഡയറക്ടർ നഗോസി ഫുലാനി പറഞ്ഞത് ആ വാക്കുകൾ തന്നെ സ്തബ്ദയാക്കി എന്നായിരുന്നു. പെട്ടെന്ന് തന്റെ അടുത്ത് എത്തിയ ആ സ്ത്രീ തന്നോട് താൻ എവിടെ നിന്നാണ് എന്ന് ചോദിക്കുകയായിരുന്നു. താൻ ഒന്നിലധികം തവണ അതിനുത്തരം നൽ-കിയെങ്കിലും ആ ഉത്തരമായിരുന്നില്ല അവർക്ക് വേണ്ടിയിരുന്നതെന്നും സഗോസി ഫുലാനി പറഞ്ഞു. വനിതകൾക്ക് നേരെയുള്ള അക്രമത്തിനെതിരെ ഒത്തുകൂടിയ ഒരു സഭയിൽ വെച്ച് ഇത് നടന്നത് തീർത്തും ഖേദകരമാണെന്നും അവർ ദി മിററിനോട് പറഞ്ഞു.

താൻ ലണ്ടനിൽ അല്ലാതെ വേറെയെങ്ങും ജീവിച്ചിട്ടില്ലെന്നും, ആഫ്രിക്കയിൽ എവിടെ നിന്നാണെന്ന ചോദ്യം കേട്ട ഉടൻ താൻ അവിടം വിട്ടുപോകാൻ ആലോചിച്ചു എന്നും അവർ കൂട്ടിച്ചേർത്തു. താൻ ആ സദസ്സിൽ സ്വീകാര്യയല്ല എന്നൊരു തോന്നലാണ് ഉണ്ടായതെന്നും അവർ പറഞ്ഞു. എന്നിരുന്നാലും അവരുടെ ജോലി നഷ്ടപ്പെടണമെന്ന് താൻ ആഗ്രഹിച്ചിരുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഭവത്തിന് സാക്ഷിയായ വിമൻസ് ഈക്വാലിറ്റി പാർട്ടിയിലെ മൻഡു റോൾഡ് പറഞ്ഞത് രാജകൊട്ടാരത്തിലെ ജീവനക്കാർക്ക് സാംസ്‌കാരിക പരിശീലനം നൽകണം എന്നായിരുന്നു.

വളരെ ധിക്കാരംനിറഞ്ഞ സ്വരത്തിലായിരുന്നു ലേഡി സൂസന്റെ ചോദ്യം എന്ന് പറഞ്ഞ അവർ, തങ്ങൾ ചെയ്ത കർമ്മത്തെ ആദരിക്കാൻ ഒത്തുകൂടിയ വേള ഇത്തരത്തിൽ ഒരു വേദന നൽകിയതിൽ സങ്കടമുണ്ടെന്നും അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP