Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റേപ്പും മിസൈലാക്രമണവും ഒരുപോലെ ശക്തമാക്കി റഷ്യ! യുക്രെയിൻ വനിതകളെ ബലാത്സംഗം ചെയ്യാൻ അനുമതി നൽകി റഷ്യൻ പട്ടാളക്കാരുടെ ഭാര്യമാർ; താപ സംവിധാനവും ഗ്യാസ് ശൃംഖലകളും തകർന്നു; വൈദ്യുതിയും വെള്ളവും ഫോണുമില്ലാതെ ഒരു കോടിയോളം ജനം; തിരിച്ചുപിടിച്ച പ്രദേശങ്ങൾ നഷ്ടമാവുന്നു; ഈ മഞ്ഞുകാലത്ത് യുക്രെയിനെ കാത്തിരിക്കുന്ന കൂട്ടമരണമോ?

റേപ്പും മിസൈലാക്രമണവും ഒരുപോലെ ശക്തമാക്കി റഷ്യ! യുക്രെയിൻ വനിതകളെ ബലാത്സംഗം ചെയ്യാൻ അനുമതി നൽകി റഷ്യൻ പട്ടാളക്കാരുടെ ഭാര്യമാർ; താപ സംവിധാനവും ഗ്യാസ് ശൃംഖലകളും തകർന്നു; വൈദ്യുതിയും വെള്ളവും ഫോണുമില്ലാതെ ഒരു കോടിയോളം ജനം; തിരിച്ചുപിടിച്ച പ്രദേശങ്ങൾ നഷ്ടമാവുന്നു; ഈ മഞ്ഞുകാലത്ത് യുക്രെയിനെ കാത്തിരിക്കുന്ന കൂട്ടമരണമോ?

എം റിജു

ഴിഞ്ഞമാസം ലോകം ആഘോഷിച്ച വാർത്തയായിരുന്നു, യുക്രൈനിന്റെ പലഭാഗങ്ങളിൽനിന്നുമുള്ള റഷ്യൻ സേനയുടെ പിന്മാറ്റം. അധിനിവേശം നടത്തി റഷ്യ അടിവാങ്ങിയത് എങ്ങനെ എന്ന രീതിയിലുള്ള അവലോകനങ്ങൾ ലോക മാധ്യമങ്ങളിൽ നിറഞ്ഞു. റഷ്യയിലും വ്ളാദിമിർ പുടിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. എന്നാൽ ആഴ്ചകൾ കൊണ്ട് ചിത്രം മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മിസൈൽ, ഡ്രോൺ ആക്രമണങ്ങളും, കൂട്ട ബലാത്സംഗങ്ങളുമായി യുക്രെയിനുനേരെ ആക്രമണം കടുപ്പിക്കുന്ന റഷ്യയെയാണ് പിന്നീട് കണ്ടത്. തിരിച്ചുപിടിച്ച പ്രദേശങ്ങൾ ഇപ്പോൾ യുക്രെയിന്റെ കൈയിൽ നിന്ന് കുറേശ്ശയായി നഷ്ടമാവുകയാണ്. നാറ്റോയുടെ ശക്തമായ സഹായം ഉണ്ടായിട്ടും, സെലൻസ്‌ക്കിക്കും കൂട്ടർക്കും പിടിച്ച് നിൽക്കാൻ ആവുന്നില്ല.

സാധാരണക്കാരെ ലക്ഷ്യമിട്ട് കണ്ണിൽ ചോരയില്ലാത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. താപ നിയന്ത്രണ സംവിധാനവും ഗ്യാസ് ശൃംഖലകളും വൈദ്യുത നിലയങ്ങളും ലക്ഷ്യമിട്ടാണ് റഷ്യ സേന ആക്രമണം നടത്തുന്നത്. വൈദ്യുതിയും വെള്ളവും മൊബൈലുമില്ലാതെ ഒരു കോടിയോളം ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതിനിടയിലാണ് യുക്രെയിനിൽ മഞ്ഞുകാലം എത്തുന്നത്. ഈ മഞ്ഞുകാലത്ത് യുക്രെയിനെ കാത്തിരിക്കുന്ന കൂട്ടമരണമാണെന്നാണ് ഡെയിലി മെയിൽ പോലുള്ള ബ്രിട്ടീഷ് പത്രങ്ങൾ എഴുതുന്നത്.

ബലാൽസംഗവും മിസൈലാക്രമണവും

രാജ്യത്തെ തകർക്കാൻ മിസൈലാക്രമണം. ജനങ്ങളുടെ ആത്മവീര്യം തകർക്കാർ റേപ്പ്. ഈ രണ്ടു കാര്യങ്ങളിലും റഷ്യൻ പട്ടാളം അതീവ ശ്രദ്ധാലുക്കൾ ആണെന്നും, എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ഇവർ ലംഘിക്കുകയുമാണെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. ഏറ്റവും വിചിത്രം പല റഷ്യൻ പട്ടാളക്കാരും വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതാണ്. ഇതിൽ ഇന്ന് എത്ര യുക്രെയിൻ യുവതികളെ ബലാത്സഗം ചെയ്തുവെന്ന്, ഭാര്യമാർ ഭർത്താക്കന്മാരോട് ചോദിക്കയാണ്!

യുക്രെയ്ൻ പ്രഥമ വനിത ഒലേന സെലൻസ്‌ക ഇക്കാര്യം ചൂണ്ടിക്കാട്ടി റഷ്യക്കെതിരെ രംഗത്ത് എത്തി. 'യുക്രെയിൻ കീഴടക്കാൻ റഷ്യൻ പട്ടാളക്കാർ ഉപയോഗിക്കുന്ന പ്രധാന ആയുധം ബലാത്സംഗമാണ്. രാജ്യത്തിലെ വനിതകളെ ലൈംഗികമായി ഉപദ്രവിക്കാൻ ഓരോ റഷ്യൻ പട്ടാളക്കാരനും പ്രചോദനം നൽകുന്നത് അവരുടെ ഭാര്യമാരാണ്''-ഒലേന സെലൻസ്‌ക ആരോപിച്ചു.

സംഘർഷങ്ങൾക്കിടയിൽ അരങ്ങേറുന്ന ലൈംഗിക പീഡനവും അതിനെ അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ലണ്ടനിൽ നടത്തിയ അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. ഒരാൾക്കെതിരെ ആധിപത്യം ശ്രമിക്കാനുള്ള ഏറ്റവും മൃഗീയവും ക്രൂരവുമായ രീതിയാണ് ലൈംഗികാതിക്രമം. യുദ്ധസമയങ്ങളിൽ ഇത്തരം ക്രൂരതകൾക്ക് വിധേയരാകുന്നവർക്ക് അതിജീവനം പ്രയാസമായിരിക്കുമെന്നും അവർ പറഞ്ഞു.

'യുക്രെയിനിലെ ഓരോ സ്ത്രീയെയും ലൈംഗികമായി ഉപദ്രവിക്കുന്നത് കൂടാതെ ഇക്കാര്യം വീട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ആഘോഷത്തോടെ വിളിച്ച് പറയുന്ന റഷ്യൻ പട്ടാളക്കാരെയും കാണാനിടയായി. ഇതുകേൾക്കുന്ന ഭാര്യമാർ ഒരിക്കലും എതിർത്ത് സംസാരിച്ചിട്ടില്ല. ഇവരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്. ലൈംഗികാതിക്രമത്തിലൂടെ രാജ്യത്തെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന റഷ്യൻ പട്ടാളക്കാരുടെ നീക്കം യുദ്ധക്കുറ്റമാണ്. കർശനമായ നിയമ നടപടി നേരിടേണ്ടി വരും'- ഒലേന ചൂണ്ടിക്കാട്ടി.

യുക്രെയിന്റെ പിടി അയയുന്നു

ഹേഴ്സണിൽ നിന്നുള്ള റഷ്യയുടെ പിന്മാറ്റം ആഘോഷിച്ച യുക്രെയ്നിനോടു, റഷ്യയെ വിലകുറച്ചു കാണരുതെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനുപിന്നാലെ, ചരിത്രത്തിലെ ഏറ്റവും വലിയ റഷ്യൻ ആക്രമണത്തിനാണ് യുക്രെയിൻ സാക്ഷ്യം വഹിച്ചത്. ഒറ്റ ദിവസം തന്നെ നൂറിലേറെ മിസൈലുകളാണ് റഷ്യ യുക്രെയ്നിന്റെ മേൽ തീമഴയായി പെയ്യിച്ചത്. ഹേഴ്സണിൽ നിന്നു ഭാഗികമായി പിന്മാറിയ റഷ്യ ഡോൺബാസ് മേഖലയിൽ കനത്ത ആക്രമണം അഴിച്ചുവിടാൻ ആരംഭിച്ചതോടെ യുക്രെയ്ൻ സൈന്യത്തിനു കനത്ത ആൾനാശവും ആയുധ നഷ്ടവും നേരിട്ടു കൊണ്ടിരിക്കുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മിന്നലാക്രമണത്തിലൂടെ റഷ്യയിൽനിന്നു തിരിച്ചു പിടിച്ച കിഴക്കൻ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളുടെ നിയന്ത്രണം പതിയെ യുക്രെയിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഹേഴ്സണിൽ നിന്നു പിൻവലിച്ച 20,000 സൈനികരെ അടക്കം ഉപയോഗിച്ചു തന്ത്രപ്രധാനമായ ബാഖ്മുത് നഗരത്തിന്റെ അടക്കം നിയന്ത്രണം പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കി തുടങ്ങി.

2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നാണ്. ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കം തുടരുമ്പോഴും റഷ്യ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നു. കടുത്ത യുദ്ധത്തിനു തയ്യാറെടുക്കുകയാണ് റഷ്യയെന്ന സൂചന, തണുത്തുറയുന്ന മഞ്ഞുകാലത്തും യൂറോപ്പിനെ വിയർത്തു കുളിപ്പിക്കുകയാണ്. വരുന്ന ഏതാനും ആഴ്ചകൾ യുക്രെയ്നിനു നിർണായകമാണ്. ശീതകാല യുദ്ധത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ റഷ്യ വരുന്ന ആഴ്ചകളിൽ യുക്രെയ്നിനുമേൽ കനത്ത ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് സൈനിക നിരീക്ഷകർ കണക്കുകൂട്ടൽ.

ഇത് മരണത്തിന്റെ മഞ്ഞുകാലമോ?

യുക്രെയിനിൽ മഞ്ഞുകാലത്തിനു തുടക്കം കുറിച്ച് ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായതു കഴിഞ്ഞ ആഴ്ചയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ആദ്യത്തെ മഞ്ഞുവീഴ്ച ഒട്ടേറെ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള സമയമാണ്. എന്നാൽ യുക്രെയ്നിന് ഈ വർഷത്തെ മഞ്ഞുവീഴ്ച ഭയത്തിന്റെയും ആശങ്കയുടേതുമാണ്. ഭാഗിക സൈനിക വിന്യാസത്തിന്റെ ഭാഗമായി റഷ്യൻ സൈന്യത്തിൽ ചേർന്ന മൂന്നു ലക്ഷത്തോളം സൈനികരും റഷ്യയുടെ പുതുതലമുറ ആയുധങ്ങളും വരും നാളുകളിൽ ഈ നാടിന് ഉണ്ടാക്കുക സമാനതകളില്ലാത്തെ ദുരിതമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

കുടിക്കാൻ വെള്ളവും തണുപ്പകറ്റാൻ വൈദ്യുതിയും അവർക്കൊരു വിദൂര സ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രീകൃത താപ നിയന്ത്രണ സംവിധാനവും ഗ്യാസ് ശൃംഖലകളും റഷ്യൻ ആക്രമണത്തെ തുടർന്ന് തകർന്നു കഴിഞ്ഞു. രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ 40 ശതമാനവും ആക്രമണത്തിൽ തകർന്നു. ഒരുകാലത്ത് യൂറോപ്പിലെ വൈദ്യുതി മിച്ച രാജ്യമായിരുന്ന യുക്രെയ്നിൽ ഒരു കോടിയോളം ജനങ്ങൾ വൈദ്യുതിയും വെള്ളവും മൊബൈൽ ഫോൺ സേവനവുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

മഞ്ഞുകാലത്തെ റഷ്യ ആയുധമാക്കുന്നതായി പാശ്ചാത്യമാധ്യമങ്ങൾ കുറ്റപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. വൈദ്യുതിയും കേന്ദ്രീകൃത താപസംവിധാനങ്ങളും പുനഃസ്ഥാപിക്കാനായില്ലെങ്കിൽ ഒട്ടേറെപ്പേർ തണുത്തു മരിക്കുമോയെന്ന ആശങ്കയും യുക്രെയ്നിൽ ഉയർന്നു തുടങ്ങി. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു മാത്രം ആക്രമണങ്ങൾ നടത്തിയിരുന്ന റഷ്യ, ഒക്ടോബർ എട്ടിനു ശേഷമാണ് യുക്രെയ്നിന്റെ അടിസ്ഥാന സൗകര്യങ്ങളെ ഉന്നംവച്ചു തുടങ്ങിയത്.

വൈദ്യുത ശൃംഖലകൾക്കു നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയായതോടെ അറ്റകുറ്റപ്പണി നടത്തി വലയുകയാണ് യുക്രൈൾൻ. ആയിരത്തിലധികം പേരെയാണു തകരുന്ന വൈദ്യുത ശൃംഖലകൾ നന്നാക്കാനായി മാത്രം നിയോഗിച്ചിട്ടുള്ളത്. റഷ്യയിൽ നിന്നു തിരിച്ചുപിടിച്ച ഹേഴ്സണിൽ വെള്ളവും വൈദ്യുതിയുമില്ലാത്തതിനാൽ മറ്റു പ്രദേശങ്ങളിലേക്കു താമസം മാറാൻ ജനങ്ങളോട് യുക്രെയ്ൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ വീടുകളിൽ ഒറ്റപ്പെട്ടു താമസിക്കാതെ സംഘങ്ങളായി ഒരുമിച്ചു താമസിക്കാനും അങ്ങനെ തണുപ്പുകാലത്തെ പ്രതിസന്ധി കുറച്ചെങ്കിലും പരിഹരിക്കാനാണ് അധികൃതരുടെ അഭ്യർത്ഥന. കഠിനമായ മഞ്ഞുകാലം പിന്നിട്ടു മാർച്ച് മാസത്തോടെ മാത്രമേ വൈദ്യുതിയും വെള്ളവും ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനാകൂയെന്ന നിഗമനത്തിലാണ് യുക്രെയിൻ അധികൃതർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇങ്ങനെ വെള്ളവും വൈദ്യുതി ഇല്ലാതാക്കി നരകിപ്പിച്ച് യുക്രൈനെ വെടി നിർത്തൽ ചർച്ചകൾക്കായി നിർബന്ധിതരാക്കുക റഷ്യയുടെ ലക്ഷ്യം. എന്നാൽ യുക്രെയിന്റെ സെനിക നീക്കത്തിന്റെ നട്ടെല്ലായ റെയിൽ റോഡ് സംവിധാനം നിശ്ചലമാക്കുകയെന്ന അജണ്ടയും ഈ നീക്കത്തിന് പിന്നിലുണ്ട്. റെയിൽവേ ലൈനുകൾക്കും പാലങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങൾ വേണ്ടത്ര വിജയം കാണാത്തതുകൊണ്ട് റെയിൽവേയ്ക്ക് ആവശ്യമായ വൈദ്യുതി മുടക്കുന്നതിലേക്ക് റഷ്യ എത്തിയത്. ഇതോടൊപ്പം മിസൈലാക്രമണവും ശക്തമാക്കും. അതോടെ എത്ര യുക്രൈൻ സിവിലിയന്മാർ പിടഞ്ഞു മരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. ഈ മഞ്ഞുകാലം യുക്രൈനിന്റെ ചരിത്രത്തിൽ അതി നിർണ്ണായകമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP