Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടുറോഡിൽ വലിച്ചിഴച്ചും വയറ്റത്ത് ചവിട്ടിയും ക്രൂരമായി ആക്രമിക്കപ്പെട്ടു; പെൺകുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ അക്രമികളെ തടഞ്ഞില്ല; കോട്ടയം നഗരത്തെ ഞെട്ടിച്ച സദാചാര അക്രമത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ; ക്യാമ്പസിൽ മുടി മുറിച്ച് വിദ്യാർത്ഥിനികൾ

നടുറോഡിൽ വലിച്ചിഴച്ചും വയറ്റത്ത് ചവിട്ടിയും ക്രൂരമായി ആക്രമിക്കപ്പെട്ടു; പെൺകുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ അക്രമികളെ തടഞ്ഞില്ല; കോട്ടയം നഗരത്തെ ഞെട്ടിച്ച സദാചാര അക്രമത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ; ക്യാമ്പസിൽ മുടി മുറിച്ച് വിദ്യാർത്ഥിനികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം നഗരത്തെ ഞെട്ടിച്ച സദാചാര അക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.തിങ്കളാഴ്ച രാത്രി 10.30-നാണ് തിരക്കേറിയ തിരുനക്കരയിൽ അക്ഷരനഗരിയെ ലജ്ജിപ്പിച്ച സംഭവമുണ്ടായത്.പെൺകുട്ടിക്കും സുഹൃത്തിനുമാണ് ക്രൂരമായ മർദ്ദനമേറ്റത്.

സഹപാഠി ജനറൽ ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഹോസ്റ്റലിൽനിന്ന് വസ്ത്രം എടുത്തുകൊടുക്കാൻ പോയതായിരുന്നു ഇരുവരും. തിരുനക്കരയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മൂന്നുപേർ കാറിൽവന്നു. പെൺകുട്ടിയെ രൂക്ഷമായി നോക്കി അശ്ലീലപരാമർശം നടത്തി. മോശമായ ആംഗ്യവും കാണിച്ചു.

ഒപ്പമുള്ള ആൺകുട്ടി ഇതിനെ ചോദ്യംചെയ്തു. ആക്രമണം ഉണ്ടാകുമെന്ന് തോന്നിയതോടെ ഇരുവരും കടയിൽനിന്ന് ഇറങ്ങി.ഹോസ്റ്റലിൽച്ചെന്ന് വസ്ത്രം എടുത്ത് മടങ്ങുമ്പോൾ തിരുനക്കരയിൽ കേരള ബാങ്കിന് സമീപത്ത് അക്രമികൾ ഇവർ സഞ്ചരിച്ച ബൈക്കിനുകുറുകെ കാർ നിർത്തി തടഞ്ഞു. ഇരുവരെയും ബൈക്കിൽനിന്ന് വലിച്ചിറക്കി.

''നിങ്ങളെ നോക്കി നടക്കുകയായിരുന്നു'' എന്ന് ആക്രോശിച്ചായിരുന്നു മർദനം. ആൺകുട്ടിയെ തലയ്ക്കുപിന്നിൽ അടിച്ചുവീഴ്‌ത്തി. പെൺകുട്ടിയെ വയറ്റിൽ ചവിട്ടിവീഴ്‌ത്തി. മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചു.പെൺകുട്ടിയുടെ നിലവിളികേട്ട് ഒട്ടേറെപ്പേർ ഓടിവന്നെങ്കിലും ആരും അക്രമികളെ തടഞ്ഞില്ല.ഇരുവരെയും കാണാഞ്ഞ് സുഹൃത്തുക്കൾ ഇവരുടെ ഫോണിൽ വിളിച്ചപ്പോൾ നിലവിളിയാണ് കേട്ടത്.

ഇതോടെ കൂട്ടുകാർ പാഞ്ഞെത്തി. ഇതിനകം പട്രോൾ പൊലീസ് സംഘമെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സദാചാര ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയും സുഹൃത്തും ആശുപത്രിയിൽ ചികിത്സയിലാണ്. നടുറോഡിൽ വലിച്ചിഴച്ചും വയറ്റത്ത് ചവിട്ടിയും ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ അലറിവിളിച്ചുള്ള കരച്ചിൽകേട്ട് ഒട്ടേറെപ്പേർ ഓടിക്കൂടിയിരുന്നു.എന്നാൽ, ഒരാൾപോലും പ്രതികരിച്ചിരുന്നില്ല.ശരീരത്തിനേറ്റ പരിക്കിനേക്കാൾ വലുത് ഈ മാനസിക നൊമ്പരമാണെന്ന് ആശുപത്രിയിൽവെച്ച് പെൺകുട്ടി പറഞ്ഞിരുന്നു.

സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. താഴത്തങ്ങാടി സ്വദേശികളായ ഷബീർ, മുഹമ്മദ് അസ്ലം, അനസ് അഷ്‌കർ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.സംഭവത്തിൽ പ്രതിഷേധമറിയിച്ചാണ് വിദ്യാർത്ഥികൾ രംഗത്ത് വന്നത്.

ആക്രമണം ഉണ്ടായതിൽ സി.എം.എസ്. കോളേജ് വിദ്യാർത്ഥികൾ മുടി മുറിച്ച് പ്രതിഷേധിച്ചു. കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധച്ചങ്ങലയും തീർത്തു. കോളേജ് അധികൃതരും വിദ്യാർത്ഥികളുടെ പ്രതിഷേധത്തോട് അനുകൂല സമീപനമാണ് സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP