Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെടിയു താൽക്കാലിക വിസി നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സർക്കാർ അപ്പീൽ നൽകും; ഡോ.സിസ തോമസിന്റെ നിയമനത്തെ ചോദ്യം ചെയ്യുക ഡിവിഷൻ ബഞ്ചിൽ; തീരുമാനം ഗവർണറുമായുള്ള പോരിൽ ക്ഷീണം സംഭവിച്ചതോടെ

കെടിയു താൽക്കാലിക വിസി നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സർക്കാർ അപ്പീൽ നൽകും; ഡോ.സിസ തോമസിന്റെ നിയമനത്തെ ചോദ്യം ചെയ്യുക ഡിവിഷൻ ബഞ്ചിൽ; തീരുമാനം ഗവർണറുമായുള്ള പോരിൽ ക്ഷീണം സംഭവിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. ഈ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണു സർക്കാരിന്റെ തീരുമാനം. നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി കോടതി തള്ളിയ കോടതി, സർവകലാശാലയിൽ സ്ഥിരം വിസി നിയമനം ഉടൻ നടത്താനും നിർദ്ദേശിച്ചിരുന്നു.

യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് വിസിയാകാൻ സിസ തോമസിനു യോഗ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. ചെറിയ കാലയളവിലേക്കാണു സിസ തോമസിന്റെ നിയമനമെന്നും അതു വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥിരം വിസിയുടെ നിയമനം എത്രയും വേഗം നടത്തണമെന്നും നിർദ്ദേശിച്ച കോടതി, താൽക്കാലിക വിസി നിയമനത്തിനായി സർക്കാർ സമർപ്പിച്ച പട്ടികയിൽ യോഗ്യതയുള്ളവരില്ലെന്ന ഗവർണറുടെ വാദം അംഗീകരിച്ചു.

നിയമനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി കെടിയു വിസിയുടെ നിയമനം നേരത്തേ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രോ വിസിക്ക് ആ സ്ഥാനത്തിരിക്കാൻ അർഹത ഇല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥനാണെന്നും, അക്കാദമിക് യോഗ്യതയില്ലാത്തതിനാൽ വിസിയാകാൻ യോഗ്യനല്ലെന്നും കോടതി വ്യക്തമാക്കി. കെടിയു വിസി നിയമനത്തിനെതിരായ സർക്കാർ ഹർജി അത്യപൂർവമായ നീക്കമെന്ന പരാമർശത്തോടെയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പ്രസ്താവം തുടങ്ങിയത്.

വിസിയായി നിയമിക്കപ്പെടുന്നയാൾക്കു യുജിസി ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന വാദം പ്രസക്തമാണ്. യോഗ്യതയുള്ളവരുടെ പട്ടികയടക്കം സാധ്യമായ വഴികളൊക്കെ ഗവർണർ തേടിയിരുന്നു. അതുകൊണ്ടു തന്നെ ഗവർണറുടെ നടപടിയിൽ തെറ്റോ പക്ഷപാതിത്വമോ ഉള്ളതായി പറയാനാകില്ല. സർവകലാശാലാ നിയമനങ്ങളിൽ സർക്കാർ ഇടപെടൽ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഡോ.സിസ തോമസിനു താൽക്കാലിക ചുമതല നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പറഞ്ഞത്. 'ചാൻസലർ യുജിസി നിയമങ്ങൾ പാലിച്ച് നിയമപരമായി പ്രവർത്തിക്കണം. ചാൻസലറുടെ ഉത്തരവുകൾ ഗവർണർ എന്ന നിലയിൽ അല്ല'' കോടതി പറഞ്ഞു.

ടെക്നിക്കൽ എഡ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടർ ആയിരുന്ന സിസ തോമസിനെ കെടിയു താൽക്കാലിക വിസിയായി ഗവർണർ നിയമിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സർക്കാരുമായി കൂടിയാലോചിച്ചല്ലെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

ദൗർഭാഗ്യകരമായ വിവാദമാണു നടക്കുന്നതെന്നു കോടതി വാക്കാൽ പറഞ്ഞിരുന്നു. ഒരിക്കൽ കീർത്തി നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു.
ചാൻസലറുടെ നിയമവിരുദ്ധമായ നടപടി ചോദ്യംചെയ്യാൻ വിലക്കില്ലെന്നു സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പും വാദിച്ചിരുന്നു.

സദുദ്ദേശ്യത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്നായിരുന്നു ഗവർണറുടെ അഭിഭാഷകന്റെ വാദം. വിദ്യാർത്ഥികളുടെ ഭാവി മനസിൽ കണ്ടാണ് ഇത്തരമൊരു നിയമനവുമായി മുന്നോട്ടു പോയതെന്നും ഗവർണറുടെ അഭിഭാഷകൻ വാദിച്ചു.സുപ്രീം കോടതിയുടെയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെയും ഉത്തരവുകളുടെയും യുജിസി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണു വൈസ് ചാൻസലറുടെ ചുമതല ഡോ. സിസ തോമസിനു നൽകിയതെന്നു ചാൻസലറുടെ അഭിഭാഷകൻ അഡ്വ. എസ്.ഗോപകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായ ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് സിസി തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചത്. കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകണമെന്നാണ് സർക്കാർആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശം തള്ളിയാണ് ഗവർണർ സിസതോമസിന് ചുമതല നൽകി ഉത്തരവിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP