Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രി വി.അബ്ദുറഹിമാന്റെ രാജ്യദ്രോഹ പരാമർശത്തിൽ പ്രകോപിതരായി വിഴിഞ്ഞം സമര സമിതി; അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി എന്ന് സമരസമിതി കൺവീനർ ഫാ.തിയോ ഡോഷ്യസ് ഡിക്രൂസ്; അബ്ദുറഹിമാൻ എന്ന പേരിൽ എന്താണ് തീവ്രവാദമെന്ന് ഡിവൈഎഫ്ഐ; മാപ്പുപറയണമെന്നും ആവശ്യം

മന്ത്രി വി.അബ്ദുറഹിമാന്റെ രാജ്യദ്രോഹ പരാമർശത്തിൽ പ്രകോപിതരായി വിഴിഞ്ഞം സമര സമിതി; അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി എന്ന് സമരസമിതി കൺവീനർ ഫാ.തിയോ ഡോഷ്യസ് ഡിക്രൂസ്; അബ്ദുറഹിമാൻ എന്ന പേരിൽ എന്താണ് തീവ്രവാദമെന്ന് ഡിവൈഎഫ്ഐ; മാപ്പുപറയണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വിഴിഞ്ഞം സമരം രാജ്യദ്രോഹികൾ നടത്തുന്നതാണെന്ന മന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കൺവീനർ ഫാദർ തിയോ ഡോഷ്യസ് ഡിക്രൂസ്. അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് തിയോഡോഷ്യസ് പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളുടെ മന്ത്രിയെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്. പക്ഷെ തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണ്.

രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അഴിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് നമ്മൾ കണ്ടു. അതു അബ്ദുറഹിമാനും മന്ത്രിയുടെ സിപിഎം ഗുണ്ടകളുമാണ് അവിടെ അഴിഞ്ഞാടിയത്. അതുകൊണ്ട് രാജ്യദ്രോഹികളെന്ന് ഞങ്ങളെ വിളിക്കാൻ മാത്രം തരംതാണുപോയ അബ്ദുറഹിമാനാണ് രാജ്യദ്രോഹി. അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കണം. ദേശീയപതാക നേരാംവണ്ണം ഉയർത്താൻ അറിയാത്തവരാണ് രാജ്യദോഹിയെന്ന് വിളിക്കുന്നത്. ദേശീയഗാനം അച്ചടക്കത്തോടു കൂടി പാടാൻ പഠിച്ചിട്ടുള്ളവരാണ് ഞങ്ങൾ. അബ്ദുറഹിമാനെ കേരള ഗവർണറോ, പ്രധാനമന്ത്രിയോ അടിയന്തരമായി പുറത്താക്കണം.

വലിയ പീരങ്കിപ്പടയെ നേരിട്ടിട്ടുള്ളവരാണ് ഞങ്ങൾ. ഞങ്ങളുടെ ആൾക്കാരെ നിങ്ങൾ തല്ലിച്ചതച്ചല്ലോ. അതെല്ലാം നിരായുധരായി നേരിട്ട മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത്, അബ്ദുറഹിമാന്റെ വിടുവായത്തവുമായി വരിക..നമുക് സമരപ്പന്തലിൽ വെച്ചു കാണാം - സമരസമിതി കൺവീനർ പറഞ്ഞു.

വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. വിഴിഞ്ഞം പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞ മന്ത്രി ഇതിലും വലിയ തടസം നീക്കിയിട്ടുണ്ടെന്നും രാജ്യദ്രോഹികളാണ് നിർമ്മാണം തടയുന്നതെന്നും പറഞ്ഞു. സർക്കാറിനു താഴാവുന്നതിനു പരിധിയുണ്ട്. ഒരിഞ്ച് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് പരിഹാരം നിർദ്ദേശിച്ച് കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഞങ്ങൾക്ക് പദ്ധതി പ്രവർത്തനത്തിൽ സംശയമില്ല. പുറത്തുള്ളവർക്ക് സംശയമുണ്ടാകാം. എന്നാൽ, അതൊക്കെ വെറുതെയാണെന്ന് ബോധ്യപ്പെടും. പ്രത്യേകിച്ച്മത്സ്യത്തൊഴിലാളികളുടെ കണ്ണീർ വീഴില്ല. ഈ പദ്ധതിയിൽ നിന്നും ഒരുകാരണവശാലും പിന്നോട്ട് പോകില്ല. സർക്കാർ പറഞ്ഞ സമയത്ത് പദ്ധതി പൂർത്തീകരിക്കും. പത്ത് പേരും കുറച്ച് ഗുണ്ടകളും ചേർന്ന് വികസനം തടസപ്പെടുത്താൻശ്രമിച്ചാൽ നടക്കില്ല. ദേശീയപാത വികസനം, എയർപോർട്ടുകളുടെ വിപുലീകരണം, ഗെയിൽ പെപ്പ് ലൈൻ ഉൾപ്പെടെ വികസന പ്രവൃത്തിയിൽ സർക്കാർ സ്വീകരിച്ച സമീപനം ഈ നാട് കണ്ടതാണ്. ഹാപ്പിനക്‌സ് ഇൻഡക്‌സിലേക്കാണ് കേരളം പോകുന്നത്. സന്തോഷത്തോടെ ജീവിക്കുന്ന നാടാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ മനസിലാക്കി സമരത്തിൽ നിന്നും പിന്മാറണം. കേരളത്തെ സംബന്ധിച്ച് ഏറ്റവും നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുസ്ലിം വിരുദ്ധ പരാമർശമെന്ന് ഡിവൈഎഫ്‌ഐ

അതേസമയം, അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് തീവ്രവാദമെന്നത് തിയോഡോഷ്യസ് ഡിക്രൂസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മുസ്ലിം വിരുദ്ധമായ പ്രതികരണമാണ് വിഴിഞ്ഞത്ത് കലാപത്തിന് ശ്രമിച്ചവർ നടത്തിയത്. അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതൽ അധിക്ഷേപിക്കുന്ന നിലപാടുകൾ മതപുരോഹിതർ സ്വീകരിക്കുന്നത് അപലപനീയമാണ്. അബ്ദുറഹ്മാനെതിരായ പരാമർശം പിൻവലിച്ച് തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ പ്രസ്താവന: 'വിഴിഞ്ഞത്ത് തുറമുഖം സമരത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷൻ അക്രമണമടക്കമുള്ള കലാപശ്രമം നടത്തിയവർ, ഇപ്പോൾ മുസ്ലിം വിരുദ്ധമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട മന്ത്രി വി. അബ്ദു റഹ്മാന്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്നാണ് സമര സമിതി നേതാവായിട്ടുള്ള ഫാ: തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞിട്ടുള്ളത്. അബ്ദു റഹ്മാൻ എന്ന പേരിൽ എന്താണ് തീവ്രവാദം എന്നത് ഫാദർ വ്യക്തമാക്കണം. മന്ത്രിക്ക് സമരക്കാരോടല്ല അഹമ്മദ് ദേവർ കോവിലിനോടാണ് കൂറെന്ന് പറയുക വഴി എന്ത് സന്ദേശമാണ് ഈ വൈദികനും സമരക്കാരും പൊതു സമൂഹത്തിനു നൽകുന്നത്.

സംഘ പരിവാറിന്റെ ഹിന്ദുത്വ അധീശത്വ കാലത്ത് രാജ്യത്തെ ക്രിസ്ത്യൻ സമുദായം അടക്കമുള്ള ന്യൂന പക്ഷങ്ങൾ ആശങ്കയിലാണ് കഴിഞ്ഞു പോകുന്നത്. അതിൽ തന്നെ നിരന്തരം തീവ്രവാദ മുദ്ര ചാർത്തപ്പെട്ട് ആക്ഷേപിക്കപ്പെടുന്ന ജന സമൂഹമാണ് മുസ്ലീങ്ങൾ. മണിപ്പാലിൽ എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥിയുടെ പേര് കേട്ടപ്പോൾ, തീവ്രവാദിയാണെന്ന നിലയിൽ അയാളോട് പ്രതികരിച്ച അദ്ധ്യാപകന്റെ പെരുമാറ്റം വലിയ വിമർശനത്തിനിടയാക്കി. അദ്ധ്യാപകനെ നടപടി എടുത്ത വാർത്ത പുറത്ത് വന്നതും ഈ ദിവസമാണ്. രാജ്യത്ത് അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതൽ അധിക്ഷേപിക്കുന്ന നിലപാടുകൾ മതപുരോഹിതർ സ്വീകരിക്കുന്നത് അപലപനീയമാണ്. മന്ത്രി അബ്ദു റഹ്മാനെതിരായ വംശീയ പരാമർശം പിൻവലിച്ച് ഫാ: തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP