Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഴിഞ്ഞത്തേത് 2019 ഡിസംബർ മൂന്നിന് അവസാനിച്ച കരാർ; സമയപരിധി ലംഘിച്ചതിന് നഷ്ടപരിഹാരത്തുക ഇനി കൊടുക്കേണ്ടി വരില്ല; മത്സ്യത്തൊഴിലാളികളുടെ സമരം കാരണമുണ്ടായ 200 കോടിയുടെ നഷ്ടവും നികത്തും; 2023 സെപ്റ്റംബറിൽ കപ്പലെത്തിക്കാൻ വിട്ടുവീഴ്ചകളിലേക്ക് പിണറായി സർക്കാർ; മോദിയുടെ കൂട്ടുകാരന് ഇരട്ട ബമ്പർ അടിക്കും! കോളടിക്കുന്നത് അദാനിക്ക് തന്നെ

വിഴിഞ്ഞത്തേത് 2019 ഡിസംബർ മൂന്നിന് അവസാനിച്ച കരാർ; സമയപരിധി ലംഘിച്ചതിന് നഷ്ടപരിഹാരത്തുക ഇനി കൊടുക്കേണ്ടി വരില്ല; മത്സ്യത്തൊഴിലാളികളുടെ സമരം കാരണമുണ്ടായ 200 കോടിയുടെ നഷ്ടവും നികത്തും; 2023 സെപ്റ്റംബറിൽ കപ്പലെത്തിക്കാൻ വിട്ടുവീഴ്ചകളിലേക്ക് പിണറായി സർക്കാർ; മോദിയുടെ കൂട്ടുകാരന് ഇരട്ട ബമ്പർ അടിക്കും! കോളടിക്കുന്നത് അദാനിക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞം തുറമുഖ കരാർ പുതുക്കാൻ സാധ്യതകൾ ഏറെ. കേരളത്തിലെ ഏറ്റവും വിലയ വികസന പദ്ധതിക്ക് കാലതാമസമുണ്ടാകാതിരിക്കാനാണ് പുതുക്കുക. 2019 ഡിസംബർ മൂന്നിന് വിഴിഞ്ഞത്ത് പണി ചെയ്യാനുള്ള കരാർ കാലാവധി തീർന്നിരുന്നു. അതിന് ശേഷം അത് പുതുക്കി നൽകാൻ അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി. എന്നാൽ പുതുക്കി നൽകിയില്ലെന്നതാണ് വസ്തുത. അനൗദ്യോഗിക ചർച്ചകളുടേയും തീരുമാനങ്ങളുടേയും ഫലമായിരുന്നു നിർമ്മാണം നടന്നു വന്നത്. കോടതിയിലെ തീരുമാനങ്ങളും അദാനി ഉയർത്തിക്കാട്ടി. എന്നാൽ യഥാർത്ഥ അനുമതി ഇല്ലെന്നതാണ് വസ്തുത. ഇത് ഇനി പുതുക്കി നൽകും. ഇതിന്റെ ഭാഗമായി കരാർ തുകയിലും ചെറിയ മാറ്റമുണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനായ വ്യവസായിയാണ് അദാനി. മോദിയുടെ പിന്തുണയിൽ കുതിച്ച വ്യവസായ സാമ്രാജ്യം. 2023ന് മുമ്പ് വിഴിഞ്ഞത്ത് കപ്പലെത്തിക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷം. ഇതിന് വേണ്ടി എന്തു വിട്ടു വീഴ്ചയും സർക്കാർ ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ആവശ്യവും അംഗീകരിക്കും. അതിനൊപ്പം അദാനിയുടേയും.

അതുകൊണ്ട് തന്നെ വിഴിഞ്ഞത്തെ സമരം അദാനിക്കും അനുഗ്രഹമാണ്. കരാർ പുതുക്കാതെ പോയാൽ ഭാവിയിൽ അദാനിയിൽ നിന്ന് കാലതാമസത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം ചോദിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതിനൊപ്പം ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് പാറ കിട്ടാനുള്ള താമസവും അദാനിയെ വലയ്ക്കുന്നുണ്ട്. കേരളത്തിലെ ക്വാറികൾ കൊണ്ടു മാത്രം പാറ ആവശ്യം നിറവേറ്റപ്പെടില്ല. ഇത് മനസ്സിലാക്കി അദാനിക്ക് പാറ നൽകുന്ന പലരും തമിഴ്‌നാട്ടിൽ ക്വാറികൾ സ്വന്തമാക്കി. തിരുന്നൽവേലി അടക്കമുള്ള സ്ഥലങ്ങളിൽ ക്വാറികൾ അവർ നേടി. ഈ ക്വാറികളിൽ നിന്നും പാറ കേരളത്തിലേക്ക് കൊണ്ടു വരാൻ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. അതിർത്തി കടന്ന് ലോറികൾ എത്തുന്നതിലെ പ്രശ്‌നമായിരുന്നു ഇതിന് കാരണം. സമരം കാരണം പദ്ധതി നിലച്ചു. ഫലത്തിൽ പാറകൾ കേരളത്തിലേക്ക് എത്തിക്കാൻ അദാനിക്ക് കൂടുതൽ സമയം കിട്ടുകയും ചെയ്തു.

കരാർ പ്രകാരം ബ്രേക്ക് വാട്ടർ നിർമ്മാണം സംസ്ഥാന സർക്കാരിന് വേണ്ടിയാണ് അദാനി പോർട്ട് ചെയ്യുന്നത്. അതിന്റെ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഈ സാഹചര്യത്തിൽ പാറ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റ് നിർമ്മാണ ചെലവുകളുമെല്ലാം പുതിയ കരാറിൽ പുതുക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം സമരം കാരണമുള്ള നഷ്ടത്തിനും പരിഹാരം നൽകും. അതായത് ചിലപ്പോൾ ഉയർന്ന തുകയ്ക്ക് പോലും കരാർ പുതുക്കാനാണ് സാധ്യത. കേരളത്തിന്റെ വികസനത്തിന് വിഴിഞ്ഞം അനിവാര്യതയെന്ന തോന്നൽ പൊതുസമൂഹത്തിനുണ്ട്. ഇതാണ് സമരത്തിനിടെ തീരമേഖലയ്ക്ക് അപ്പുറമുള്ളവർ ഉയർത്തുന്ന പൊതു വികാരം. തീരമേഖലയിലെ പുനരധിവാസം ഉറപ്പാക്കി തുറമുഖ പദ്ധതി വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. ഇതിന് വേണ്ടി കോടതിയിൽ അദാനി പോർട്ട് ഉയർത്തുന്ന നഷ്ടപരിഹാര ആവശ്യവും സർക്കാരിന് പരിഗണിക്കേണ്ടി വരും.

200 കോടിയുടെ നഷ്ടപരിഹാരം സമരക്കാരിൽ നിന്ന് വാങ്ങുമെന്നതാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്. എന്നാൽ ലത്തീൻ കത്തോലിക്കാ വിഭാഗം നയിക്കുന്ന സമരത്തിന് മാനം ഏറെയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുവയ്ക്കുന്ന രാഷ്ട്രീയക്കാർക്ക് ആർക്കും ലത്തീൻ സഭയെ പിണക്കാനാകില്ല. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം എന്ന ആവശ്യം അദാനി ഗ്രൂപ്പുയർത്തിയാൽ അത് സർക്കാർ തന്നെ നൽകേണ്ടി വരും. സ്വപ്‌ന പദ്ധതിക്ക് കോട്ടമുണ്ടാകാതിരിക്കാൻ അത് പൊതു താൽപ്പര്യാർത്ഥം അംഗീകരിക്കാൻ സർക്കാർ സന്നദ്ധമാകും. അങ്ങനെ ആ തുകയും അദാനിക്ക് കിട്ടും. ഇതിനൊപ്പം കരാർ പുതുക്കുന്നതോടെ നഷ്ടപരിഹാര ഭീഷണിയും തീരും. അങ്ങനെ ഇരട്ട ബമ്പർ അദാനിക്ക് കിട്ടും.

2019ൽ തുറമുഖത്തിന്റെ ഒന്നാംഘട്ടനിർമ്മാണം പൂർത്തിയാക്കേണ്ടതായിരുന്നു. ഓഖി, കോവിഡ് കാരണമാണ് നിർമ്മാണം വൈകിയെന്ന വാദവുമായി വിഴിഞ്ഞം പോർട്സ് ആർബിട്രേഷൻ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. വൈകിയ ഓരോദിവസത്തിനും 12 ലക്ഷം രൂപവീതം സർക്കാരിന് നൽകേണ്ടിവരും. ഇതൊഴിവാക്കി നിർമ്മാണസമയം നീട്ടിക്കിട്ടാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. പ്രഖ്യാപിത തീയതിക്കും നീട്ടിക്കൊടുത്ത കാലയളവിലും ഒന്നാംഘട്ടം പൂർത്തീകരിക്കാനാവാതെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് മധ്യസ്ഥ നിർണയത്തിലേക്ക് (ആർബിട്രേഷൻ) നീങ്ങുന്നത്. സമയപരിധി ലംഘിച്ചാൽ അദാനി പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഈടാക്കേണ്ട നഷ്ടപരിഹാരത്തുകയിലുള്ള തർക്കമാണ് കാരണം.

പദ്ധതിയെ ചൊല്ലി തർക്കമുണ്ടാകുകയും അനുരഞ്ജന ചർച്ച പരാജയപ്പെടുകയും ചെയ്താൽ ആർബിട്രേഷൻ നടപടിയിലേക്ക് കടക്കാമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. അദാനി ഗ്രൂപ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെ ആർബിട്രേറ്ററായി നിർദേശിച്ചതിനെ തുടർന്ന് മന്ത്രിസഭായോഗം ജസ്റ്റിസ് കുര്യൻ ജോസഫിനെ സംസ്ഥാന പ്രതിനിധിയായി നിർദേശിച്ചു. 2015 ആഗസ്റ്റിൽ കരാർ ഒപ്പിടുേമ്പാൾ ആയിരം ദിവസത്തിനുള്ളിൽ 2018 സെപ്റ്റംബർ ഒന്നിന് പൂർത്തീകരിക്കുമെന്നാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് നീട്ടിക്കിട്ടിയ 2019 ഡിസംബർ മൂന്നെന്ന സമയപരിധിയും പാലിക്കാൻ അദാനിക്കായില്ല. കോവിഡ് ലോക്ഡൗണിൽ പണി മുടങ്ങിയത് പരിഗണിച്ച് 34 ദിവസം സർക്കാർ ഒഴിവാക്കി നൽകിയിരുന്നു. ഇതിന് ശേഷമാണ് കരാർ നീട്ടി നൽകാത്തത്.

തുടർന്ന് സമയപരിധി ലംഘിച്ചാൽ ഒരുദിവസം 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നൽകണമെന്ന കരാറിലെ വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടീസ് നൽകി. ഓഖി, വലിയ തിരമാല, ക്വാറി, പാറയുടെ ലഭ്യതയില്ലായ്മ, കോവിഡ് ലോക്ഡൗൺ തുടങ്ങി 21 കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് അംഗീകരിക്കാൻ അദാനി ഗ്രൂപ് തയാറായില്ല. തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അദാനി പോർട്‌സ് ചെയർമാനുമായി നടത്തിയ അനുരജ്ഞന ചർച്ചയിലും സമവായത്തിൽ എത്താനായില്ല. ഈ പ്രശ്‌നങ്ങളിൽ എല്ലാം പരിഹാരമുണ്ടാകുന്ന തരത്തിലേക്ക് വിഴിഞ്ഞത്തെ പ്രതിഷേധവും അനുരജ്ഞനവും മാറും. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളിലെല്ലാം സർക്കാരിന്റെ ഫലപ്രദ നടപടി തുടരുകയാണ്. ഏഴാവശ്യമാണ് സമരക്കാർ ഉന്നയിച്ചത്. ഇതിൽ ആറും സർക്കാർ അംഗീകരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.

തുറമുഖനിർമ്മാണത്തെതുടർന്ന് തീരശോഷണം ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല. എങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്ക പഠിച്ച് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. തുറമുഖം പൂർത്തിയാകുമ്പോൾ തൊഴിലാളികൾക്ക് ബോട്ട് ലാൻഡിങ് സ്റ്റേഷൻ സജ്ജമാക്കാൻ നടപടി തുടങ്ങി. ഇരുന്നൂറ്റമ്പതോളം കുടുംബങ്ങളാണ് ബന്ധുവീട്ടിലും ക്യാമ്പിലുമായി കഴിയുന്നത്. ഇതിൽ 153 കുടുംബം വീട്ടുവാടക ആവശ്യപ്പെട്ടു. ഇവർക്ക് വീട് നിർമ്മിച്ചുനൽകുംവരെ മാസം 5500 രൂപവീതം നൽകുന്നു. പദ്ധതിക്കായി മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല. എന്നിട്ടും പുനരധിവാസം ആവശ്യപ്പെടുന്നവർക്ക് സർക്കാർ മുൻഗണന നൽകുന്നു. പുനരധിവാസത്തിന് 13.87 ഏക്കർ ലഭ്യമാക്കി. ജീവനോപാധിക്ക് നഷ്ടപരിഹാരമായി 99.94 കോടി രൂപ വിതരണം ചെയ്തു. കോട്ടപ്പുറത്തെ 1026 കുടുംബത്തിന് ലൈഫിൽ വീട്. പുനർഗേഹത്തിൽ മുട്ടത്തറ, കാരോട്ട് ബീമാപള്ളി എന്നിവിടങ്ങളിലെ 340 കുടുംബത്തെ ഫ്‌ളാറ്റിലേക്ക് പുനരധിവസിപ്പിച്ചു. വീട് നിർമ്മാണത്തിന് രജിസ്റ്റർ ചെയ്ത 832ൽ 399 വീട് നിർമ്മിച്ചു. ബാക്കി പുരോഗമിക്കുന്നു.

മണ്ണെണ്ണയ്ക്ക് വിലകൂട്ടുന്നത് കേന്ദ്ര സർക്കാരാണ്. എങ്കിലും സർക്കാർ മീൻപിടിത്തത്തിന് ലിറ്ററിന് 25 രൂപ സബ്സിഡി നൽകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കെല്ലാം സാമ്പത്തിക സഹായവും സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും ഉറപ്പാക്കി. ഇത് തുടരുമെന്ന് ഉറപ്പ്. മുതലപ്പൊഴി തുറമുഖത്തിന്റെ വടക്ക് 23 കോടി ചെലവിൽ 1.91 കിലോമീറ്ററിൽ ഗ്രോയിൻ സംരക്ഷണം ഏറ്റെടുത്തു. പൂന്തുറയ്ക്കും വലിയതുറയ്ക്കുമിടയിൽ തീരസംരക്ഷണത്തിന് 150 കോടി രൂപയുടെ പദ്ധതി. തുറമുഖനിർമ്മാണം നിർത്തിവയ്ക്കൽ അസാധ്യമാണ്. ദേശീയ പ്രാധാന്യമുള്ളതും ഏതാണ്ട് അവസാനഘട്ടത്തിലേക്കും എത്തുന്ന പദ്ധതിയിലെ കാലതാമസം സംബന്ധിച്ച ആർബിട്രേഷൻ നടപടി പുരോഗമിക്കുന്നു. നിർമ്മാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദേശവുമുണ്ടെന്ന് സർക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP